Image

ജാനകിക്കാട്ടിലെ നാണം കുണുങ്ങി വവ്വാലുകള്‍ ? (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 03 June, 2019
ജാനകിക്കാട്ടിലെ നാണം കുണുങ്ങി വവ്വാലുകള്‍ ? (ലേഖനം: ജയന്‍ വര്‍ഗീസ്)
ഹാവൂ! രക്ഷപ്പെട്ടു!  തങ്ങളുടെ വര്‍ഗ്ഗനാശം പ്രതീക്ഷിച് ആധി കൊണ്ട് കഴിഞ്ഞിരുന്ന ജാനകിക്കാട്ടിലെ മാത്രമല്ലാ, ലോകത്താകമാനമുള്ള പഴം തീനി വവ്വാലുകള്‍ ആശ്വാസത്തിന്റെ ചുടു നിശ്വാസമുതിര്‍ക്കുകയാണിപ്പോള്‍ ?

ലോകത്തിന്റെ പല ഭാഗങ്ങളിലും മുന്‍പ് പ്രത്യക്ഷപ്പെടുകയും, ഇപ്പോള്‍ കേരളത്തില്‍  കണ്ടെത്തുകയും, ചെയ്ത " നിപാ ' വൈറസുകളുടെ ഉറവിടം തേടിയുള്ള ' ശാസ്ത്രീയ ' അന്വേഷണത്തില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവരാണ് പാവം പഴം തീനി വവ്വാലുകള്‍. എങ്ങോ, എവിടെയോ രൂപമെടുക്കുന്ന ഈ മസ്തിഷ്ക ജ്വര വൈറസുകളെ സ്വന്തം ശരീരത്തില്‍ വഹിച്ചു കൊണ്ട് പറക്കുന്നതിനിടയില്‍  ഈ കുഞ്ഞന്‍ വവ്വാലുകള്‍ മൃഗങ്ങളെ കടിക്കുകയും, മൃഗപ്പാല് കുടിക്കുന്നവരില്‍ രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു എന്നായിരുന്നു ആദ്യത്തെ ' ശാസ്ത്രീയ കണ്ടെത്തല്‍.

അങ്ങിനെയാണ് ' വവ്വാല്‍പ്പനി ' ബാധിച്ചു മരണമടഞ്ഞ ആളുകളുടെ വീട്ടിലെ കുടിവെള്ളക്കിണര്‍ മൂടിക്കളഞ്ഞതും, , ആ കിണറില്‍ കാലാകാലങ്ങളായി താമസിച്ചിരുന്ന വവ്വാലുകളെ വലയെറിഞ്ഞു പിടിച്ചു അവയെ  പൂനയിലെ കേന്ദ്ര ലബോറട്ടറിയിലയച്ചു പരിശോധിച്ചതും. വവ്വാലുകളില്‍ വൈറസ്സില്ല എന്ന് റിസള്‍ട്ട് വന്നപ്പോള്‍, പല ശാസ്ത്രജ്ഞന്മാരും ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്നു വിയര്‍ത്തു. അടിസ്ഥാനപരമായ അറിവുകളുള്ള പലരും സത്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവരെപ്പിടിച് അകത്തിട്ടു ഗോതന്പുണ്ട തീറ്റിച്ചു. ' തെളിയിക്കപ്പെട്ട സത്യമാണ് ശാസ്ത്രം ' എന്നതിനാല്‍, ശാസ്ത്രഞ്ജന്മാര  വെല്ലുവിളിച്ചവരോട് പൊറുക്കാനാവില്ലെന്നും, " നിങ്ങള്‍ പറയുന്നതിന് ആധാരമായ ലബോറട്ടറി റിസള്‍ട്ടുകളെവിടെ? " എന്നുമായിരുന്നു ഭൗതിക വാദികളായ കമ്യൂണിസ്‌റ് സര്‍ക്കാരിന്റെ ചോദ്യം.

ഇത്തരക്കാരെ നിഷ്ക്കരുണം ജയിലിലടയ്ക്കുക തന്നെ വേണം എന്ന് ഒരു മുതിര്‍ന്ന ഡോക്ടര്‍ ചാനലില്‍ ഇരുന്ന്  ഗര്‍ജ്ജിക്കുന്നു. വവ്വാല്‍ മാറിപ്പോയി എന്നും, പ്രാണികളെ തിന്നുന്ന ഇവന്മാരല്ലാ, പഴങ്ങള്‍ തിന്നുന്ന മറ്റവന്മാരാണ് കുഴപ്പക്കാര്‍ എന്നും ചര്‍ച്ചകളില്‍ ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു. ജാനകിക്കാട്ടില്‍ നിന്നും ശാസ്ത്രീയമായി പിടിച്ചെടുത്ത പഴംതീനികളെ പൂനയിലേക്കയച്ചിട്ടുണ്ട് എന്നും, പൂനയില്‍ നിന്നുള്ള പുത്തന്‍ റിസള്‍ട്ട് വരുന്നതോടെ ജയിലില്‍ കിടക്കുന്നവന്മാരെ പോലീസ് വവ്വാലുകളെ കൊണ്ട് തന്നെ കടിപ്പിച്ചും, മാന്തിപ്പിച്ചും മര്യാദ പഠിപ്പിക്കാം എന്നും, ശാസ്ത്രജ്ഞന്മാര്‍ വീറോടെ വാദിച്ചു.

ഇടി വെട്ടിയവനെ പാന്പ് കടിച്ചു എന്ന് പറഞ്ഞ പോലെ അതാ വരുന്നു റിസള്‍ട്ട് :  " പഴം തീനി വവ്വാലുകളിലും നിപ്പായില്ല.." ഇത്രയൊക്കെ ആയിട്ടും നമ്മുടെ വൈദ്യ ശാസ്ത്ര വിശാരദന്മാര്‍ മസില് പിടിച്ചു നില്‍ക്കുകയാണ്. രണ്ടാമത്തെ ആള് മരിച്ചപ്പോളേക്കും നിപ്പയെ കണ്ടെത്താന്‍ കഴിഞ്ഞത് കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ തലപ്പാവില്‍ ചാര്‍ത്തപ്പെട്ട വര്‍ണ്ണത്തൂവലാണെന്നും, ലോകാരോഗ്യ സംഘടന വരെ നേരിട്ട് വിളിച് അഭിനന്ദനം അറിയിച്ചു എന്നുമാണ് വാദം. എലിമൂത്രം മഴവെള്ളത്തില്‍ കലര്‍ന്ന് വീഴുന്ന കിണര്‍ വെള്ളം കുടിച്ചിട്ടാണ് എലിപ്പനി ഉണ്ടാവുന്നത് എന്ന ' മഹത്തായ ' കണ്ടുപിടുത്തം നടത്തിയ ശാസ്ത്രം ഇന്നല്ലെങ്കില്‍ നാളെ നിപ്പയുടെ ഉറവിടവും കണ്ടെത്തുക തന്നെ ചെയ്യും എന്നും, അതിന് ശകലം കൂടി കാത്തിരിക്കേണം എന്നും, സര്‍ക്കാര്‍ വക്താക്കളായി ഇവര്‍ പൊതു ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ ?

എന്താണ് സംഭവിക്കുന്നത് നമ്മുടെ സമൂഹത്തിന് ? ശാസ്ത്ര  സാങ്കേതിക രംഗങ്ങളിലെ വന്‍ വളര്‍ച്ചയുടെ തണലില്‍ അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചു കൊണ്ട് ജീവിക്കുന്ന ആധുനിക മനുഷ്യന് ശാസ്ത്രം ഒരു പോറ്റമ്മ തന്നെയാണ് എന്ന് വിനയപൂര്‍വം സമ്മതിക്കുന്നു. പക്ഷെ, ഏതൊരു പോറ്റമ്മയും അഥവാ ആയയും ' തങ്ങള്‍ പറയുന്നതാണ് കുട്ടിയെ സംബന്ധിക്കുന്ന അവസാന വാക്ക് ' എന്ന് പറയുന്നത് ധാര്‍മ്മികമായി ശരിയാണോ? മറ്റുള്ളവര്‍ പറയുന്നതില്‍ കഴന്പുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഒരു കേവല ഉത്തരവാദിത്വമെങ്കിലും ഇവര്‍ക്കുണ്ടാകണമല്ലോ ?അതല്ലേ ധര്‍മ്മം? നിന്റെ അപ്പന്‍ ഇന്നിടത്തു ഇന്നാരാണ് എന്ന് നീ പറയുന്നത് ഒരു ലബോറട്ടറിയുടെയും ടെസ്റ്റ് റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്ലല്ലോ? നമുക്ക് മനസിലാക്കാനാവാത്തതും, എത്രയെത്ര യുഗങ്ങളോളം നീണ്ടു നീണ്ടു ചെല്ലാവുന്നതുമായ അനേകായിരം ചോദ്യങ്ങളുടെ സാധ്യതാപരമായ ആകെത്തുകയാണ് പ്രപഞ്ചവും, അതിന്റെ രഹസ്യങ്ങളും എന്ന് സമ്മതിക്കണമെങ്കില്‍ നമുക്കാര്ജ്ജിക്കാനാവുന്ന പുസ്തകപരമായ അറിവ് മാത്രം മതിയാവുകയില്ലാ, അറിവിനേക്കാള്‍ ശ്രേഷ്ഠമായ സ്വയാര്‍ജ്ജിത ജ്ഞാനം തന്നെ ആവശ്യമുണ്ട്. കാലാതിവര്‍ത്തികളായ മനുഷ്യ സ്‌നേഹികള്‍ ഇതിനെയാണ് ' ദര്‍ശനം ' എന്ന് വിളിച്ചാദരിച്ചത് !

നമ്മള്‍ പറഞ്ഞു വരുന്നത് പനിയെപ്പറ്റിയാണ്. ശാരീരികാവസ്ഥയിലെ നൈസര്‍ഗ്ഗികമായ ഒരു പ്രിക്രിയ മാത്രമാണ് പനി. ഇത് വരുന്നത്, അല്ലെങ്കില്‍ വരുത്തുന്നത് ശരീരത്തിന്റെ നില നില്പിനും, അതിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടി തന്നെയാണ്. പനിക്ക് നടത്തുന്ന  ആധുനിക ചികിത്സ എന്നത് കതിരില്‍ വളം വയ്ക്കുന്നതു പോലെയുള്ള ഒരു പ്രവര്‍ത്തി മാത്രമാണ്. ചിന്താ ശേഷിയുള്ള ഒരാള്‍ക്ക് വളരെ ലളിതമായി ഇത് മനസിലാക്കാവുന്നതേയുള്ളു. തെറ്റായ ആഹാര  ജീവിത രീതി മൂലമായി ഒരാളുടെ ശരീരത്തില്‍ വിഷങ്ങളുടെ അഥവാ ടോക്‌സിനുകളുടെ ഒരു വന്‍ ശേഖരം രൂപം കൊള്ളുന്നു. ഇത് പുറം തള്ളുന്നതിനുള്ള ശ്രമങ്ങള്‍ പല തരത്തിലും ശരീരം നടത്തിക്കൊണ്ടേയിരിക്കും. ഛര്‍ദ്ദി, വയറിളക്കം, തലവേദന, ജലദോഷം എന്നിവയെല്ലാം ഇത്തരത്തിലുള്ള ടോക്‌സിന് ഡിസ്ചാര്‍ജ് ഔട്ട് ലെറ്റുകളാണ്. മിക്കവരുടെയും ശരീരം ഈ പ്രിക്രിയകളിലൂടെ വിഷ വിസര്‍ജ്ജനം നടത്തിക്കൊണ്ട് സുഗമമായി നില നില്‍ക്കുന്നു. ഇവരെ നാം ആരോഗ്യവാന്മാര്‍ എന്ന് വിളിക്കുന്നുവെങ്കിലും, വിഷ സ്വീകരണത്തിന്റെ ആദ്യ വാതിലുകള്‍ അടയ്ക്കാന്‍  കഴിയാത്ത ആര്‍ക്കും അധോഗതികള്‍ വന്നു ചേരാനിടയുണ്ട്.

ഒരാളുടെ ശാരീരികാവസ്ഥയിലെ വിഷങ്ങളുടെ അളവ് മേല്‍പ്പറഞ്ഞ നാല് വിസര്‍ജ്ജന വഴികളിലൂടെയും പുറത്തു കളയാനാവാത്ത അത്ര കൂടുതലാണെങ്കില്‍, അത് പുറത്തു കളയുന്നതിനുള്ള മറ്റു വഴികള്‍ ശരീരത്തിന് സ്വീകരിക്കേണ്ടി വരും. ഇത് നടപ്പിലാക്കുന്നത് കൈയും, കാലും, തലയും, വയറും എന്നിങ്ങനെയുള്ള അവയവങ്ങളുടെ ആകെത്തുകയായ ശരീരമെന്ന സ്ഥൂല ഭാവമല്ലെന്നും, ഈ സ്ഥൂലത്തിനകത്ത് സൂഷ്മ ഭാവമായി സ്ഥിതി ചെയ്തുകൊണ്ട് സ്ഥൂലത്തെ നിര്‍മ്മിക്കുകയും, സംരക്ഷിക്കുകയും, നില നിര്‍ത്തുകയും ചെയ്യുന്ന പ്രാണന്‍ അഥവാ ആത്മാവ് അഥവാ വൈറ്റല്‍ പവര്‍ എന്ന ആത്മശക്തിയാണ് എന്നും നാം മനസിലാക്കേണ്ടതുണ്ട്. സാധാരണ നിലയില്‍ പുറം തള്ളാനാവാത്ത കഠിന വിഷങ്ങളെ നിര്‍വീര്യമാക്കുന്നതിന് ശരീരത്തിന്റെ താപ നില ഉയര്‍ത്തി വയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് ഒരാളുടെ ആത്മ ശക്തിക്കു ബോധ്യമുള്ളതു കൊണ്ടാണ് അയാള്‍ക്ക് പനിയുണ്ടാക്കുന്നത്. ഇത് ശരീരത്തെ കൊല്ലുവാനല്ലാ, രക്ഷിക്കുവാനായിട്ടാണ് എന്ന സത്യം ശരീരത്തെ ഒരു മെറ്റീരിയലായി മാത്രം കാണുന്ന ഏതൊരു ശാസ്ത്രത്തിനും പെട്ടന്ന് മനസിലാവുകയുമില്ല.

രോഗാണുവാണ് രോഗത്തിന് കാരണം എന്ന കണ്ടെത്തല്‍ വൈദ്യ ശാസ്ത്ര രംഗത്തെ ഒരു വലിയ മുന്നേറ്റമായിട്ടാണ് കൊട്ടി ഘോഷിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് ശരിയാണോ? എങ്കില്‍ പ്രമേഹത്തിനും, പ്രഷറിനും, ആസ്മക്കും, തലവേദനക്കും, കാന്‍സറിനുമുള്ള രോഗാണുക്കളെ വേര്‍തിരിച്ചിട്ടുണ്ടോ ശാസ്ത്രം? രോഗാണുവാണ് രോഗകാരണമെങ്കില്‍ രോഗത്തിനും മുന്‍പേ ആണു സാന്നിധ്യം തിരിച്ചറിയണമല്ലോ? അത് സംഭവിക്കുന്നില്ല. മറിച്  രോഗ ബാധക്ക് ശേഷമാണല്ലോ രോഗാണുവിനെ കണ്ടെത്തുന്നത്? ഇതേ രോഗാണുക്കളെയും വഹിച്ചു നടക്കുന്ന അനേകരില്‍ രോഗം കാണുന്നുമില്ല.

അമേരിക്കയിലെ ഡാളസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മെഡിക്കല്‍ ഡോക്ടര്‍ ഫിലിപ്പ് മാര്‍ക്കോവിയാച് വളരെക്കാലത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം പനിയുള്ള ശരീരത്തില്‍ രോഗാണുക്കള്‍ നിര്‍വീര്യമാവുകയാണെന്ന് കണ്ടെത്തുകയുണ്ടായി. അവയുടെ പുറം തോടിനു കട്ടി കുറയുന്നത് കൊണ്ട് അവ നശിക്കുന്നതിനാണ് പനി  കാരണമാവുന്നത് എന്നും, നിവര്‍ത്തിയുണ്ടെങ്കില്‍ ആന്റി ബയോട്ടിക്കുകള്‍ കൊടുക്കരുതേ എന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. അലോപ്പതിയുടെ ആദ്യകാലങ്ങളില്‍ തന്നെ ഇത് കണ്ടെത്തിയത് കൊണ്ടാണ്, ' എനിക്ക് പനി  തരൂ, എല്ലാ രോഗങ്ങളും അത് കൊണ്ട് ഞാന്‍ സുഖപ്പെടുത്താം ' എന്ന് മഹാനായ ഹിപ്പോ ക്രാറ്റിസ് ധൈര്യപൂര്‍വം പ്രസ്താവിച്ചത് ?

അപ്പോള്‍പ്പിന്നെ എന്തായിരിക്കും പനി മരണങ്ങള്‍ക്ക് കാരണം? യാതൊരു ലബോറട്ടറികളുടെയും സഹായമില്ലാതെ കോമണ്‍ സെന്‍സ് കൊണ്ട് നമുക്ക് ചിന്തിക്കാം. ഒരാളുടെ ശരീരത്തില്‍ താങ്ങാവുന്നതിലധികം വിഷം കുന്നു കൂടുകയും, പുറം തള്ളിയില്ലങ്കില്‍ നില നില്‍പ്പ് അപകടത്തിലാകും എന്നുമുള്ള അവസ്ഥ സംജാതമാവുന്‌പോളാണ്,  അയാളുടെ പ്രാണന്‍ സ്വന്തം താപനില അമിതമായി ഉയര്‍ത്തിക്കൊണ്ട് അവസാനക്കൈ ആയി പനി ഉണ്ടാക്കുന്നത്. . ഈ ചൂടില്‍ അകത്തെ വിഷങ്ങളെ കുറേശെ നിര്‍വീര്യമാക്കി ശരീരത്തെ വിഷ മുക്തമാക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോളാണ്, ചികിത്സയുടെ ഭാഗമായി കഠിന വിഷങ്ങളായ രാസ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന പുറത്തു നിന്നുള്ള വിഷങ്ങള്‍ കൂടി ശരീരത്തിലെത്തുന്നത്. സാധാരണമായ ഒരു സാഹചര്യത്തില്‍ ആയിരുന്നെങ്കില്‍ പുറത്തു നിന്നുള്ള കഠിന വിഷങ്ങളെ നേരിടാനായി അകത്തു നിന്നുള്ള ചെറു വിഷങ്ങളുടെ വിസര്‍ജ്ജനം താല്‍ക്കാലികമായിട്ടെങ്കിലും പ്രാണന്‍ നിര്‍ത്തി വയ്ക്കുകയും, പനി  മാറിയതായി രോഗിക്ക് അനുഭവപ്പെടുകയും ചെയ്യണ്ടതായിടുന്നു. പക്ഷെ ഇവിടെ അകത്തുള്ളതും, പുറത്തു നിന്ന് എത്തിയതും കൂടിയുള്ള ഒരു വന്‍ ശേഖരം പുറം തള്ളാനുള്ള കഠിന ശ്രമത്തില്‍ ശാരീരികോര്‍ജ്ജം എന്ന പ്രാണശക്തി ചോര്‍ന്നു ചോര്‍ന്ന് അവസാനം മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുന്നത്. സമാന ശാരീരിക സ്ഥിതിയിലുള്ളവക്ക് രോഗിയുമായുള്ള സന്പര്‍ക്കം അവരിലും രോഗം ഉണ്ടാവുന്നതിന് പ്രചോദനമാവുന്നുണ്ടാവും  ഒരേ സാഹചര്യത്തിലുള്ള നീലക്കുറിഞ്ഞികള്‍ ഒരേ കാലത്ത് പൂവിടുന്നത് പോലെ ?

മഹതിയും, മനുഷ്യ സ്‌നേഹിയുമായിരുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ കാലത്തു തന്നെ രോഗപ്പകര്‍ച്ചയെ സംബന്ധിച്ച സംശയങ്ങള്‍ നില നിന്നിരുന്നതായി അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ പരിചരണത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് പെട്ടന്ന് ടൈഫോയിഡ് പിടിപെട്ടു. ഇത് ആരില്‍ നിന്നാണ് പകര്‍ന്നത് എന്ന് അന്വേഷിച്ചു അവരുടെ സംഘം പതിനാറ് കിലോമീറ്റര്‍ പ്രദേശം അന്വേഷിച്ചെങ്കിലും ആരെയും, ഒന്നിനെയും കണ്ടെത്തിയില്ല എന്നവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ തന്നെ പെട്ടന്നുണ്ടായ ഒരു മസൂരി ബാധയുടെ ഉറവിടം തേടി അറുപത്താറ് കിലോമീറ്റര്‍ പ്രദേശം അരിച്ചു പെറുക്കിയിട്ടും ഒന്നും കണ്ടെത്തിയില്ലത്രേ ?

മദനപ്പള്ളി ക്ഷയ രോഗ സാനിറ്റോറിയത്തില്‍ സേവനമര്‍പ്പിച്ചിരുന്ന ഡോക്ടര്‍ ഡേവിഡ് സി. മുത്തു എന്ന ക്ഷയരോഗ വിദഗ്ധന്‍ പറയുന്നത്, തന്റെ സാനിറ്റോറിയത്തില്‍ എല്ലാ ലക്ഷണങ്ങളോടെയും ക്ഷയ രോഗം സ്ഥിരീകരിച്ച രോഗികളില്‍ പോലും രോഗാരംഭത്തിനു ശേഷം  ഒന്നോ, ഒന്നരയോ കൊല്ലത്തിനു ശേഷം മാത്രമേ ക്ഷയ രോഗാണുക്കളെ കണ്ടെത്തിയുള്ളൂ എന്നാണ്. രോഗാണു മൂലമാണ് രോഗം ഉണ്ടാവുന്നത് എന്ന ശാസ്ത്ര സിദ്ധാന്തത്തിനെതിരെയാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍.

രോഗാണുവാണ് രോഗമുണ്ടാക്കുന്നത് എന്ന വാദത്തെ പരസ്യമായി എതിര്‍ത്തിരുന്ന ഒരു ഭിഷഗ്വരനാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന പ്രൊഫസ്സര്‍ പെറ്റന്‍ കോഫര്‍. ഇത് തെളിയിക്കുന്നതിനായി, ഒരു റെജിമെന്റ് പട്ടാളത്തെ ഒന്നോടെ കൊല്ലാന്‍ കെല്‍പ്പുള്ളത്രയും വരുന്ന, അതായത് ഒരു ടെസ്റ്റ് ട്യൂബ് നിറചുമുള്ള  കൊളറായാണുക്കളെ തന്റെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച്  അദ്ദേഹം പരസ്യമായി കുടിച്ചു കാണിച്ചു. വിദ്യാര്‍ത്ഥികള്‍ സ്തംഭിച്ചു നിന്നുപോയി എന്നല്ലാതെ അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല.

അളിഞ്ഞു നാറിയ ഭക്ഷണം കഴിച് അഴുക്ക് ചാലില്‍ ഇഴഞ് ജീവിക്കുന്ന പന്നി പോലെയുള്ള ജീവികള്‍ക്കും, ചീഞ്ഞു നാറിയ മാംസം ആര്‍ത്തിയോടെ ആഹരിക്കുന്ന കഴുതപ്പുലികള്‍ക്കുമെല്ലാം രോഗാണു ബാധ ഉണ്ടാവേണ്ടതല്ലേ? ഒന്നും സംഭവിക്കുന്നില്ലല്ലോ? അത്തരത്തലുള്ള ആഹാരമാണ് അവയ്ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നാണ് വാദമെങ്കില്‍, ( ആര് നിശ്ചയിച്ചു എന്ന ചോദ്യം ഭൗതിക വാദികള്‍ക്ക് വിടുന്നു.) ആരോഗ്യത്തോടെ ജീവിക്കുന്നതിനായി മനുഷ്യനും നിശ്ചയിക്കപ്പെട്ട ആഹാരം സ്വാഭാവികമായും ഉണ്ടാവണമല്ലോ? അത് എന്താണ് എന്ന പ്രസക്തമായ അന്വേഷണത്തിനുള്ള ഉത്തരം അമേരിക്കയില്‍ കാലിഫോര്‍ണിയായിലുള്ള ഹെരേഫോര്‍ഡ് കാറിഗ്ടണ്‍ എന്ന മഹാന്‍ ( ഹെരെഫോര്‍ഡ് കാറിങ്ടണ്‍ ഹെല്‍ത്ത് റിസര്‍ച്, മോക്കലൂംനെ ഹില്‍, കാലിഫോര്‍ണിയ.)  ' മനുഷ്യന്റെ സ്വാഭാവിക ഭക്ഷണം ' ( ദി നാച്വറല്‍ ഫുഡ് ഓഫ് മാന്‍ ) എന്ന സവിശേഷ ഗ്രന്ഥത്തില്‍ക്കൂടി മനുഷ്യരാശിക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്. വൃക്ഷങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും ലഭ്യമാവുന്നതല്ലാതെ മറ്റൊന്നും മനുഷ്യന്റെ ഭക്ഷണമല്ലാ എന്നദ്ദേഹം തുറന്നു പറയുന്‌പോള്‍, രണ്ടായിരം കലോറി ഒപ്പിച്ചെടുക്കാനോടുന്ന ആധുനിക മനുഷ്യന്റെ ശാസ്ത്രം അത് സമ്മതിച്ചു കൊടുക്കും എന്ന് തോന്നുന്നില്ല. എങ്കിലും പഴങ്ങളും, പച്ചക്കറികളും, ഫലങ്ങളും, അണ്ടി വര്‍ഗ്ഗങ്ങളും ( നട്‌സ് ), ഇലവര്‍ഗ്ഗങ്ങളും ഭക്ഷിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് തന്റെ ആയുഷ്ക്കാലത്ത് രോഗഭീതിയില്ലാതെ ആയുസെത്തി മരിക്കാം എന്നദ്ദേഹം നിരീക്ഷിക്കുന്നു.

ഇത് തന്നെയാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണം എന്ന് സമ്മതിക്കുകയാണെങ്കില്‍, പിന്നെ അണുക്കളെക്കൊണ്ടുള്ള ശല്യം പേടിക്കേണ്ടതില്ല. മനുഷ്യന്റെ ആമാശയ വ്യവസ്ഥയില്‍ ഈ ആഹാരം അനായാസം ദഹിക്കുകയും പോഷണങ്ങള്‍ സ്വീകരിക്കപ്പെടുകയും, ആരോഗ്യം നില നിര്‍ത്തപ്പെടുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തില്‍ സ്ഥിരമായി വസിക്കുന്ന നൂറ്റി മുപ്പതു കോടിയോളം  അണുക്കള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ശരിയായ ദഹനം നടക്കുന്ന അവസ്ഥയില്‍ ഇവകള്‍ക്കും സുഖ വാസമാണ്. ശരീരത്തിലെ വ്യവസ്ഥാപിത സംവിധാനങ്ങളില്‍ ഒന്നിലും ഇവ ഇടപെടുന്നേയില്ല. തങ്ങളില്‍ നിക്ഷിപ്തമായ മനുഷ്യ ശരീരത്തിലെ ക്‌ളീനിങ് പരിപാടികളുമായി അവയങ്ങിനെ സമാധാനമായി കഴിഞ്ഞു കൊള്ളും. ഒരു മൊട്ടു സൂചി മൊട്ടിനെക്കാള്‍ ചെറുതായി അമ്മയുടെ ഗര്‍ഭത്തില്‍ രൂപമെടുക്കുന്ന ശിശുവിനെപ്പോലും അവര്‍ തൊടുകയേ ഇല്ലന്ന് മാത്രമല്ല, അതിനു വളര്‍ച്ച  പ്രാപിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു പങ്ക് വഹിക്കുകയും ചെയ്യുന്നു.

മനുഷ്യന്റെ ശാസ്ത്രം അവനെ പഠിപ്പിച്ച കലോറി സിദ്ധാന്തവും, അത് ഒപ്പിച്ചെടുക്കുന്നതിനുള്ള നെട്ടോട്ടവും അവനെ മനുഷ്യന്റെ ആഹാരത്തില്‍ നിന്നും അകറ്റുന്നു. പന്നിയുടെയും, പട്ടിയുടെയും, കടുവയുടെയും, മാത്രമല്ലാ, കഴുതപ്പുലിയെപ്പോലെ അവന്‍ ആഹാരം ചീയിച്ചും ( ഫ്രിഡ്ജില്‍ വച്ച് ) കഴിക്കുന്നു. മനുഷ്യന്റെ ആഹാരം ദഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളേ മനുഷ്യന്റെ ആമാശയത്തില്‍ ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാലും, വയറിലെത്തുന്ന ഏതു വസ്തുവിനെയും ദഹിപ്പിച്ചു പുറം തള്ളേണ്ടത് പ്രാണന്റെ നില നില്‍പ്പിന്റെ ആവശ്യമായതിനാലും, വ്യത്യസ്ത ആഹാര വസ്തുക്കളെ ദഹിപ്പിക്കുന്നതിനുള്ള വ്യത്യസ്ത അമ്ലങ്ങളും (ആസിഡുകള്‍ ) അപ്പപ്പോള്‍ ശരീരം നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ മാംസജന്യ വസ്തുക്കളെ ദഹിപ്പിക്കുന്നതിനായി ശരീരം നിര്‍മ്മിക്കുന്ന യൂറിക്കാസിഡാണ് പില്‍ക്കാലത്ത് ആര്‍െ്രെതറ്റിസിനും, ഗ്രവ്ട്ടിനും, മൈഗ്രെയിനും ഒക്കെ കാരണമായി തീരുന്നതെന്നു പ്രകൃതി ചികിത്സകര്‍ വിലയിരുത്തുന്നു. ഇത് മറ്റൊരു വലിയ വിഷയമാകയാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.

ഇപ്രകാരം ആമാശയം മലിനമായിത്തുടങ്ങുന്നു. നഗരങ്ങളിലെ ഓടകള്‍ പോലെ അത് ദുഷിക്കുന്നു? ഈ ദുഷിച്ച അവസ്ഥയില്‍, സമാധാനമായി ജീവിച്ചും, മനുഷ്യ ശരീരം വൃത്തിയായി സൂക്ഷിച്ചും കഴിഞ്ഞിരുന്ന നമ്മുടെ നൂറ്റി മുപ്പതു കോടി അണുക്കളുടെ ജീവിതം ദുസ്സഹമാവുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി അവ രൂപവും, ഭാവവും, വേഷവും മാറുന്നു. പടച്ചട്ടയണിഞ്ഞ പട്ടാളക്കാരെപ്പോലെ അവര്‍ ഉഗ്ര മൂര്‍ത്തികളാവുന്നു. ഇവരുടെ പ്രവര്‍ത്തന ഫലമായി ധാരാളം വിഷങ്ങള്‍ അഥവാ ടോക്‌സിനുകള്‍ ശരീരത്തിന് ഏറ്റു വാങ്ങേണ്ടി വരുന്നു. ഈ വിഷങ്ങളുടെ അളവ് താങ്ങാവുന്നതിനും അപ്പുറമാവുന്‌പോള്‍ അത് പുറത്ത് കളയുന്നതിനുള്ള വഴികള്‍ ഒന്നൊന്നായി പ്രാണന്‍ കൊണ്ട് വരും. ജലദോഷം, തലവേദന, വയറിളക്കം, ഛര്‍ദ്ദി എന്നീ നിര്‍ദ്ദോഷങ്ങളായ പ്രകട രോഗങ്ങളിലൂടെയും പുറത്തു കളയാനാവും ആദ്യം ശ്രമിക്കുക. ഇവിടെയും പരാജയമാണ് അനുഭമെങ്കില്‍ പിന്നെയാണ് പ്രകട രോഗങ്ങളിലെ അവസാന ഇനമായ ശരീര താപം അമിതമായി ഉയര്‍ത്തി വച്ച് കൊണ്ടുള്ള ' പനി ' കൊണ്ട് വരുന്നത്. വിഷ മരുന്നുകള്‍ കൊണ്ട് ഇതിനെയും തടയാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ കൈ വിട്ടു പോയേക്കാം, മരണം സംഭവിച്ചേക്കാം. അഥവാ, മരിക്കാതെ രക്ഷപ്പെട്ടാല്‍ പോലും അത് ശരിക്കുമുള്ള ഒരു രക്ഷപ്പെടല്‍ ആയിരിക്കുകയില്ല. ഇപ്പോള്‍ വിഷമരുന്നുകളും കൂടിയിട്ടുള്ള ശരീരത്തിലെ ടോക്‌സിന്‍ കൂന്പാരം സാവധാനം പുറത്തു കളയുന്നതിനായി പ്രാണന് ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുന്നു. സാഹചര്യങ്ങള്‍ക്കനുസരിച് അത് ആസ്മയാകാം, സോറിയാസിസ് ആകാം, പ്രമേഹമാകാം, പ്രഷര്‍ ആകാം, മൈഗ്രെയ്ന്‍ ആകാം....?

കൂടുതല്‍ നീട്ടുന്നില്ല. അകത്തെ വിഷക്കൂന്പാരവുമായി ആശുപത്രികളില്‍ എത്തുന്നവരുടെ രക്ത സാംപിളുകള്‍ പരിശോധിക്കുന്ന ലബോറട്ടറികള്‍ക്ക് അതില്‍ പല തരത്തിലുള്ള രോഗാണുക്കളെയും വൈറസുകളെയുമൊക്കെ കണ്ടെത്താന്‍  സാധിച്ചേക്കും. ഒരേ ജീവിത  ശാരീരിക സാഹചര്യങ്ങളിലുള്ളവര്‍ക്ക് ഒരേ തരം രോഗങ്ങളും, ഒരേ തരം രോഗാണുക്കളും ഒരേ തരം വൈറസുകളുമൊക്കെ കണ്ടെത്തിയെന്നും വരാം. അതില്‍ ടൈഫോയിടുണ്ടാവാം, കോളറയുണ്ടാവാം, ജപ്പാന്‍ ജ്വരമുണ്ടാവാം, എലിയുണ്ടാവാം, ഡെങ്കിയുണ്ടാവാം, പക്ഷിയുണ്ടാവാം, തക്കാളിയുണ്ടാവാം, നിപ്പായുണ്ടാവാം.....?

സ്വത്തു സന്പാദനത്തിനുള്ള തൊഴിലിന്റെ ഭാഗമായിട്ടാണെങ്കിലും, ആശുപത്രികളിലെത്തുന്ന അവശന്മാരോടൊപ്പം ജീവിതം ജീവിച്ചു തീര്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കും, നേഴ്‌സുമാര്‍ക്കും,  മറ്റു ജീവനക്കാര്‍ക്കും  മനുഷ്യ രാശിയുടെ പേരിലുള്ള ആദരവുകല്‍ അര്‍പ്പിക്കുന്നു. പ്രത്യേകിച്ചും ചികില്‍സിച്ച രോഗം ഏറ്റുവാങ്ങി ജീവന്‍ വെടിഞ്ഞ പ്രിയ സഹോദരി നേഴ്‌സ് ലിനി എന്ന വെള്ളാപ്പിറാവിന് ! ഫാദര്‍ ഡാമിയന്റെ ആത്മാവ് പുനര്‍ജ്ജനിക്കുന്നു!

ലഭ്യമായ മരുന്നുകള്‍ കൊണ്ടും, മറ്റു സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടും നിസ്സഹായരായ രോഗികളെ ചികില്‍സിക്കുകയും പരിചരിക്കുകയും ചെയ്‌യുന്ന ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനേക ആയിരങ്ങള്‍ക്ക് അഭിവാദനങ്ങള്‍ ! പക്ഷെ, അതിന്റെ പേരില്‍ ഒരു സമൂഹത്തെ മുഴുവനായും ഭയത്തിന്റെ ചങ്ങലയില്‍ കുടുക്കിയിട്ടു കൊണ്ട് തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാധ്യമങ്ങളിലും, ചാനലുകളിലും കയറിയിരുന്നു കൊണ്ട് ' ഇല്ലാത്ത ശാസ്ത്രീയം ' ഛര്‍ദ്ദിക്കുന്ന സാമൂഹ്യ ദ്രോഹികളെ നിലക്ക് നിര്‍ത്തുകയാണ്, മനുഷ്യ സ്‌നേഹത്തില്‍ നിന്നുടലെടുത്ത മാര്‍ക്‌സിസത്തിന്റെ പേരില്‍ അധികാരം കയ്യാളുന്നവര്‍ ചെയ്തു തീര്‍ക്കേണ്ട ആദ്യ കര്‍മ്മം എന്ന് കൂടി അവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

' ശാസ്ത്രീയ' നിഗമനങ്ങള്‍ എന്ന പേരില്‍ ഇല്ലാക്കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും, അത് തെളിയിക്കപ്പെട്ട സത്യങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്തു കൊണ്ട് പൊതു ജനത്തിന്റെ തലച്ചോറുകളില്‍ ഫാള്‍സ് ഇന്‍ഫര്‍മേഷനുകള്‍ അടിച്ചു കയറ്റുന്ന അവതാരങ്ങള്‍ ദുരഭിമാനത്തിന്റെ സിംഹാസനങ്ങളില്‍ നിന്ന് താഴെ ഇറങ്ങി വന്ന് പാവങ്ങളോട് സത്യം തുറന്നു പറയണം. രോഗാണുക്കളും, വൈറസുകളും പുറത്തു നിന്ന് വരുന്നവയല്ലെന്നും, തെറ്റായ ആഹാര  ജീവിത രീതി മൂലം അകത്തു രൂപം കൊള്ളുന്നവയാണെന്നും നിങ്ങള്‍ സ്വയം മനസിലാക്കുകയും, തുറന്നു പറയുകയും വേണം. സാത്വികമായ ഒരു ജീവിത രീതിയിലൂടെ എങ്ങനെ രോഗങ്ങളെ നമ്മുടെ പടിക്കു പുറത്തു നിര്‍ത്താം എന്ന് നിങ്ങള്‍ ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കണം. അതിനായി ആവശ്യമെങ്കില്‍ ഗവേഷണം നടത്തണം. കേന്ദ്ര  സംസ്ഥാന ഗവര്‍മെന്റുകളുടെ  പണവും, പദവിയും എല്ലാം നിങ്ങള്ക്ക് കൈയെത്തുന്ന ദൂരത്തിലാണല്ലോ?

അതല്ലാ ഇനിയും നിങ്ങള്‍ ജാനകിക്കാട്ടിലെ പഴം തീനി വവ്വാലുകളെയും, പറന്പുകളില്‍ മേഞ്ഞു നടക്കുന്ന പാവം മുയലുകളെയും വേട്ടയാടാനാണ് ഭാവമെങ്കില്‍, നിങ്ങളുടെ താളഭ്രംശം കൊണ്ട് നിങ്ങള്‍ക്ക് രോഗമുണ്ടാവുന്നത് മറ്റുള്ള പാവം ജീവികളുടെ തലയില്‍ കെട്ടി വയ്ക്കാനാണ് ഭാവമെങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ കാലം നിങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിക്കും എന്നോര്‍ത്തു കൊള്ളുക. അല്ല, ഞാനും എന്നെപ്പോലുള്ളവരും പറയുന്നതാണ് അസത്യമെങ്കില്‍ ഈ പക്തികളില്‍ ഞങ്ങളെ വിസ്തരിക്കുക. സത്യം പറയുന്നവരെ കല്‍ത്തുറുങ്കിലടച്ചു ഗോതന്പുണ്ട തീറ്റിക്കുന്ന കാടന്‍ നീതി ശാസ്ത്രം ഏതു മാര്‍ക്‌സിസ്റ്റു തത്വ സംഹിതയാണ് മുന്നോട്ടു വയ്ക്കുന്നതെന്നു അറിയാന്‍ അതിയായ താല്‍പ്പര്യമുണ്ട്. മാര്‍ക്‌സിസം മനുഷ്യ സ്‌നേഹമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത് യാഥാര്‍ഥ്യമാണെന്ന് തെളിയിക്കാന്‍ അതിന്റെ പേരില്‍ അധികാരം കൈയാളി ആളായി നടക്കുന്നവര്‍ക്ക് ധാര്‍മ്മികമായ  ചുമതലയുണ്ട്, നിറവേറ്റുമല്ലോ ?

അഭിവന്ദ്യ ഗുരുഭൂതന്‍ യശഃ ശരീരനായ ഡോക്ടര്‍ സി.ആര്‍. ആര്‍. വര്‍മ്മയുടെ പാദപത്മങ്ങളില്‍ പ്രണാമം!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക