Image

അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക്, പ്രഖ്യാപനം ഉടനുണ്ടാകും: കർണാടകത്തിലോ കേരളത്തിലോ പ്രവർത്തിക്കാം

Published on 04 June, 2019
അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക്, പ്രഖ്യാപനം ഉടനുണ്ടാകും: കർണാടകത്തിലോ കേരളത്തിലോ പ്രവർത്തിക്കാം

കണ്ണൂര്‍: നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരില്‍ 2009ല്‍ സി.പി.എമ്മില്‍നിന്ന് പുറത്തുവന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടി മോദിയെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്നും പുറത്തായതോടെയുണ്ടായ രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യങ്ങള്‍ക്ക് വിരാമമാകുന്നു. താന്‍ പൊതുജീവിതത്തില്‍നിന്ന് ഒളിച്ചോടില്ലെന്നും സജീവമായി രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടിപറഞ്ഞു. താന്‍ എപ്പോഴും വികസന കാഴ്ചപ്പാടോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചയാളാണെന്നും, അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസന മുരടിപ്പിന് കൂട്ടുനില്‍ക്കുന്നവരെ കാലം ചവറ്റ്‌കൊട്ടയിലേക്ക് തള്ളുമെന്നും താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദിയുടെ വികസന നയവും കാഴ്ചപ്പാടും ഉയര്‍ത്തിപിടിക്കുന്ന അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് പോകുമെന്ന് ഇതോടെ ഉറപ്പായി. അബ്ദുള്ളക്കുട്ടിയെപോലുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ ബി.ജെ.പിയിലെത്തിയാല്‍ അര്‍ഹിക്കുന്ന സ്ഥാനംതന്നെ ലഭിക്കുകയും ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. ബി.ജെ.പിയില്‍ ചേരുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹവുമായി അടുത്ത് ബന്ധമുള്ളവര്‍ പറഞ്ഞു.ബി.ജെ.പിയില്‍ എത്തിക്കഴിഞ്ഞാല്‍ അബ്ദുള്ളകുട്ടി കര്‍ണാടകത്തില്‍ പ്രവര്‍ത്തിക്കണോ, അതല്ല കേരളത്തില്‍ സജീവമാകണോ എന്നുള്ള കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളാണ് അബ്ദുള്ളക്കുട്ടി ഉയര്‍ത്തുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതില്‍ എടുത്ത് നില്‍ക്കുന്നത് ഗാന്ധിജിയാണ്, മോദിയല്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗാന്ധിജിയുടെ ആശയമാണ് മോദി പ്രാവര്‍ത്തികമാക്കിയതെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വിശദമാക്കുന്നത്.കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണം മനസിലാക്കുന്നതിനോടൊപ്പം മുല്ലപ്പള്ളി ബി.ജെ.പിയുടെ വിജയത്തിന്റെ ഉയരം കൂടി പഠിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നത് സീറ്റ് മോഹിച്ചല്ല. പോസറ്റീവ് രാഷ്ട്രീയത്തിന്റെ ആളാണ് താന്‍. തിരുത്തല്‍ നടപടികള്‍ ഉണ്ടാവാന്‍ വേണ്ടിയാണ് വിമര്‍ശനമുയര്‍ത്തിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയ്ക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ അന്തസ്സ് കെടുത്തരുത്. കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്താക്കല്‍ മുന്‍വിധിയോടുള്ള സമീപനമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി ടിക്കറ്റില്‍ അബ്ദുള്ളക്കുട്ടി ഉപതിരഞ്ഞെടുപ്പില്‍ എവിടേയെങ്കിലും മത്സരിക്കുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മറ്റൊരു കാര്യമാണ്. അബ്ദുള്ളക്കുട്ടിയിലൂടെ ബി.ജെ.പി മഞ്ചേശ്വരത്ത് താമര വിരിയിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക