Image

ജ്യോതിഷത്തിന്റെ വഴികള്‍ (പ്രഭാവര്‍മ്മ)

Published on 04 June, 2019
ജ്യോതിഷത്തിന്റെ വഴികള്‍ (പ്രഭാവര്‍മ്മ)
ചില ജ്യോതിഷ ഫലിതങ്ങള്‍ കവി പ്രഭാവര്‍മയുടെ ദലമര്‍മരങ്ങളില്‍  നിന്ന്

'ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും; ബാക്കി പത്തൊമ്പതു സീറ്റുകളിലും യുഡിഎഫ് ജയിക്കും'. ഇങ്ങനെ ഇക്കഴിഞ്ഞ ഏപ്രില്‍ നാലിനുതന്നെ ഒരാള്‍ ഫെയ്‌സ് ബുക്കില്‍ എഴുതിയുരുന്നുവത്രെ. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരികയും ഇത് ശരിയാവുകയും ചെയ്തപ്പോള്‍ ഈ വ്യക്തിയെ തേടി വിധിവിശ്വാസികള്‍ ഓടിത്തുടങ്ങി. താന്‍ ജ്യോതിഷിയല്ല എന്നു പറഞ്ഞ് അയാള്‍ ഒഴിയാന്‍ ശ്രമിച്ചിട്ടും വിടുന്നില്ലത്രെ. എംഎല്‍എ ആവാന്‍ പറ്റുമോ? മന്ത്രിയാവാന്‍ പറ്റുമോ? ഇങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങള്‍ അറിയാനായി പല പ്രമുഖരും അയാളെ തിരഞ്ഞുപോയിരിക്കുകയാണ്.

ഡോ. ഡി ബാബുപോള്‍, ഏതോ ജ്യോതിഷി പറഞ്ഞതുപ്രകാരം മരണമടുത്തു എന്നു വിശ്വസിച്ചതായും ഒറ്റയ്ക്കു താമസിക്കുന്നിടത്തു മരണപ്പെട്ടാല്‍ കാലുകള്‍ അകന്നുപോയാലോ എന്നു കരുതി ഇരു കാലുകളുടെയും തള്ളവിരലുകള്‍ കൂട്ടിക്കെട്ടി മരണത്തെ കാത്ത് പല രാത്രികളില്‍ കിടന്നതായും അറിയാം. അദ്ദേഹം തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നൂറുകണക്കിനു ദിവസങ്ങളില്‍ പുലര്‍ച്ചെ ആദ്യ പരിപാടി ഈ കെട്ട് അഴിച്ചെടുക്കലായിരുന്നു.

രണ്ടായിരത്തില്‍ ലോകാവസാനമാണെന്നു വിശ്വസിച്ച് ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ചെലവുകുറഞ്ഞ വീടേ വേണ്ടൂ എന്നു പറഞ്ഞ് പ്രത്യേകതരം വീടുകള്‍ ഉണ്ടാക്കിയ ഒരു കോണ്‍ട്രാക്ടറെ എനിക്കറിയാം. രണ്ടായിരം കടന്നു കാലം മുമ്പോട്ടുപോയി. വീടുകള്‍ പലതും ചോര്‍ന്നൊലിച്ച് താഴത്തു വീഴാറായി. അഞ്ചാറു കൊല്ലത്തേക്കു മാത്രം മതിയല്ലോ വീട് എന്നതായിരുന്നുവത്രെ കോണ്‍ട്രാക്ടറുടെ ചിന്ത.

പല പതിറ്റാണ്ട് സ്വസ്ഥമായും സുഖമായും കഴിഞ്ഞിരുന്ന ഒരു കുടുംബത്തില്‍ ഒരിക്കല്‍ ഒരു വാസ്തുവിദഗ്ധന്‍ ചെന്നു: 'അല്ല; അടുക്കള കന്നിമൂലയിലാണോ' എന്ന് അന്ധാളിച്ചു ചോദിച്ച ആ വാസ്തുവിദഗ്ധന്‍റെ വാക്കുകേട്ട് വീടിന്‍റെ അലകും പിടിയും മാറ്റി ആ കുടുംബം. ഒരു കുഴപ്പവുമില്ലാതെ കഴിഞ്ഞിരുന്ന ആ കുടുംബത്തില്‍ പിന്നീട് ദുരന്തങ്ങളുടെ ഘോഷയാത്രയാണുണ്ടായത് എന്നതു എനിക്കു നേരിട്ടറിയാം. വീട് അഴിച്ചുപണിതതുകൊണ്ട് ദോഷമുണ്ടായി എന്നല്ല പറയുന്നത്. വാസ്തു ശരിയാക്കിയശേഷം ദോഷമുണ്ടായി എന്നാണ്. എങ്കിലും കൂട്ടിച്ചേര്‍ക്കട്ടെ; വീട് പഴയപടി നിന്നതുകൊണ്ടോ, അഴിച്ചുപണിതതു കൊണ്ടോ ഗുണമോ ദോഷമോ ഉണ്ടായി എന്ന് ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടില്ല.

അതിസമ്പന്നനായ ഒരാളുടെ സമ്പത്തില്‍ എക്കാലവും അസൂയാലുവായിരുന്ന ഒരു ജ്യോതിഷി, മരിക്കുമ്പോള്‍ സമ്പത്താകെ വിറ്റ് സ്വന്തം ശവപ്പെട്ടിക്കുള്ളില്‍ വെയ്ക്കാന്‍ നിഷ്കര്‍ഷിക്കണമെന്ന് അയാളോട് പറഞ്ഞു. പണവുമായി ചെന്നില്ലെങ്കില്‍ അടുത്ത ജ?ത്തില്‍ അതിദരിദ്രനാവുമെന്നും ജീവിതം ദുരിതപൂര്‍ണമാവുമെന്നു കൂട്ടിച്ചേര്‍ക്കുക കൂടി ചെയ്തുവത്രെ. അയാളെ ജീവനെപ്പോലെ സ്‌നേഹിച്ചിരുന്ന ഭാര്യ കൃത്യമായും സമ്പന്നനായ ഭര്‍ത്താവിന്‍റെ അന്ത്യാഭിലാഷ പ്രകാരം തന്നെ പ്രവര്‍ത്തിച്ചു. എല്ലാം വിറ്റുനേടിയ കോടിക്കണക്കിനു ഡോളര്‍ ശവപ്പെട്ടിക്കുള്ളില്‍ നിക്ഷേപിച്ചുതന്നെ അയാളെ സെമിത്തേരിയിലേക്കു യാത്രയാക്കി. അന്ത്യ ശുശ്രൂഷകള്‍ നടക്കുന്നതിനിടെ, ഭാര്യയുടെ സഹോദരന്‍ ചെന്ന് ഈ പണമൊക്കെ അടുക്കിയെടുത്തു. എന്താ ഈ കാട്ടുന്നത് എന്നായി മരിച്ചയാളുടെ ഭാര്യ. സഹോദരന്‍ പറഞ്ഞു: 'ഈ നോട്ടുകെട്ടുകളുമായി അടുത്ത ജ?ത്തില്‍ സഞ്ചരിക്കുന്നത് അദ്ദേഹത്തിന് അസൗകര്യമാവില്ലേ? അതുകൊണ്ട് ഈ നോട്ടാകെ ഞാന്‍ സൂക്ഷിക്കാം. പകരമായി, അത്രയും തുകയ്ക്കുള്ള എന്‍റെ ബാങ്ക് ചെക്ക് ലീഫ് ഒപ്പിട്ട് ഞാന്‍ ശവപ്പെട്ടിക്കുള്ളില്‍ വെച്ചേക്കാം. എപ്പോള്‍ വേണമെങ്കിലും ക്യാഷ് ചെയ്‌തോട്ടേ'. ഓ; അതു ശരിയാണല്ലോ എന്ന് ഓര്‍ത്ത് ഭാര്യ സമ്മതിച്ചു. അതുകൊണ്ട്, അതുകൊണ്ടുമാത്രം ആ പണവും ആ വിധവയും രക്ഷപ്പെട്ടു.

എന്‍റെ വിവാഹ ഘട്ടമായപ്പോള്‍ ചിലര്‍ ജാതകം നോക്കണമെന്നു പറഞ്ഞു. വരനും വധുവും മുന്നാളുകാരാണ്. അതുകൊണ്ട് പ്രത്യേകിച്ചും ജാതകം നോക്കിയേ പറ്റൂ; ചില ബന്ധുക്കള്‍ ശഠിച്ചു. ഏതായാലും ജാതകം നോക്കാതെ തന്നെ ഞങ്ങള്‍ വിവാഹം കഴിച്ചു. ദാമ്പത്യം മൂന്നു പതിറ്റാണ്ടു കടന്ന വേളയില്‍ ജ്യോതിഷി കൂടിയായ ഒരു കവി നാളും നക്ഷത്രവുമൊക്കെ നോക്കിയിട്ട്, ഒരിക്കലും ചേരാത്തതും വിവാഹം നടത്തിക്കൂടാത്തതുമായ ജാതകക്കാരാണല്ലൊ നിങ്ങള്‍ എന്ന് ഒട്ടൊരു അമ്പരപ്പോടെ പറഞ്ഞു. ഏതായാലും വിവാഹം കഴിഞ്ഞിട്ട് നാലു പതിറ്റാണ്ടാവാറായി. ഞങ്ങള്‍ ഇങ്ങനെയൊക്കെ 'തട്ടീം മുട്ടീം' ഇവിടെ വലിയ കുഴപ്പങ്ങളൊന്നും കൂടാതെ മകളും പേരക്കുട്ടിയും ഒക്കെയായി ഇങ്ങനെ കഴിയുന്നു.

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി കോളേജില്‍ പതിമൂന്നാം നമ്പറുകാരനായി പ്രവേശിച്ചപ്പോള്‍ ഒരു പ്രൊഫസര്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു: 'പതിമൂന്ന് വിനാശകരമാണ്'. 'ആ നാശത്തെ ഞാന്‍ മറികടന്നോളാം സാര്‍!' എന്നായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രതികരണം. അദ്ദേഹം മറികടക്കുകയും ചെയ്തു. ഹൈക്കോടതികളില്‍ പലതിലും പോലും പതിമൂന്നാം നമ്പര്‍ മുറി ഇല്ല. പല ആശുപത്രികളിലും ഇല്ല. പന്ത്രണ്ടു കഴിഞ്ഞാല്‍ പതിനാലേയുള്ളു. സംസ്ഥാന മന്ത്രിമാര്‍ക്ക് പതിമൂന്നാം നമ്പര്‍ കാര്‍ ഇല്ലായിരുന്നു. ഇതിന് ആദ്യമായി മാറ്റംവരുത്തിയത് എം എ ബേബിയാണ്. അദ്ദേഹം മന്ത്രിയായപ്പോള്‍ പറഞ്ഞു: 'എനിക്ക് പതിമൂന്നാം നമ്പര്‍ തന്നെ വേണം'. ഇപ്പോള്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍റെ കാറിന്‍റെ നമ്പറും 13 തന്നെ. നിര്‍ബന്ധിച്ചു വാങ്ങിയതാണ് ധനമന്ത്രിയും ഈ '13'.

ഫ്രാന്‍സിലെ ലൂയി പതിനൊന്നാമന്‍ രാജാവ് വലിയ ജ്യോതിഷ വിശ്വാസിയായിരുന്നു. കൊട്ടാരത്തിലെ ഒരു പരിചാരികയുടെ മരണം കൃത്യമായി ഒരു ജ്യോതിഷി പ്രവചിച്ചപ്പോള്‍ ആകെ അന്ധാളിപ്പിലായി രാജാവ്. തന്‍റെ അന്ത്യദിനവും ഇയാള്‍ പ്രവചിച്ചാലോ; അതുപോലെ സംഭവിച്ചാലോ? ഇങ്ങനെയായി ഉല്‍ക്കണ്ഠ. ആശങ്കാകുലനായ രാജാവ് ജ്യോതിഷിയെ കൊല്ലാന്‍ ഏര്‍പ്പാടാക്കി. കൊട്ടാരത്തിനു മുകളില്‍നിന്ന് താഴേക്ക് എറിഞ്ഞുകൊല്ലാന്‍ അനുചര?ാരെ ചട്ടംകെട്ടി. എന്നിട്ട്, ജ്യോതിഷിയെ വിളിച്ചുവരുത്തി. നിങ്ങള്‍ മറ്റുള്ളവരുടെ അന്ത്യം കൃത്യമായി പ്രവചിക്കുന്നു. സ്വന്തം അന്ത്യം ഒന്നു പ്രവചിക്കാമോ? രാജാവിന്‍റെ അന്ത്യത്തിനു മൂന്നുനാള്‍ മാത്രം മുമ്പ് എന്നതായിരുന്നു ജ്യോതിഷിയുടെ മറുപടി. ഭയവിഹ്വലനായ രാജാവ് ജ്യോതിഷിയെ കൊല്ലരുത് എന്നു കല്‍പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക