Image

പാടുന്നു പാഴ്മുളം തണ്ടു പോലെ ...(അനുഭവക്കുറിപ്പുകള്‍ 10:ജയന്‍ വര്‍ഗീസ്)

Published on 04 June, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ ...(അനുഭവക്കുറിപ്പുകള്‍ 10:ജയന്‍ വര്‍ഗീസ്)

ആശാന്റെ കൂടെയുള്ള തയ്യല്‍ ക്രമേണ മടുത്തു. തരാമെന്ന് പറഞ്ഞിരുന്ന ഒരു രൂപ തരാന്‍ ഭയങ്കര മടി. വന്നുവന്ന് അവസാനം ഒന്നും കിട്ടാതെയായി. മാത്രമല്ലാ,  വിത്സണ്‍ എന്ന മറ്റൊരു തയ്യല്‍ക്കാരനെ  ആശാന്‍  ഹയര്‍ ചെയ്തുവെന്നും, ഞാന്‍  പോന്നു കഴിഞ്ഞിട്ട് എന്റെ മിഷ്യനിലാണ് അയാളുടെ തയ്യല്‍ എന്നും, തീരെ ശ്രദ്ധയില്ലാതെ മിഷ്യന്‍ ഉപയോഗിക്കുന്നത് കൊണ്ട് ' പട, പട, പട ശബ്ദത്തോടെയാണു മിഷ്യന്‍ പ്രവര്‍ത്തിക്കുന്നത് എന്നും ഞാനറിഞ്ഞു. വിവരം അറിഞ്ഞപ്പോള്‍ അപ്പന് ദേഷ്യം വന്നു. " അവിടുത്തെ തയ്യല്‍ മതി " എന്നും പറഞ്ഞു കൊണ്ട് പരീക്കണ്ണിയിലുള്ള ഒരു ചുമട്ടുകാരനെക്കൊണ്ട് മിഷ്യന്‍ വീട്ടില്‍ തിരിച്ചെത്തിച്ചു.

വീണ്ടും വീട്ടില്‍ കുത്തിയിരിപ്പ്. ' സോവിയറ്റു ലാന്‍ഡ് ' വരുന്നുണ്ട്. അത് വായിക്കും. പറ്റുന്നത് പോലെ മറ്റു പുസ്തകങ്ങള്‍ വായിക്കുകയും, എഴുതുകയും ഒക്കെ ചെയ്തു കൊണ്ട് അങ്ങിനെ കഴിഞ്ഞു.

ഞങ്ങളുടെ വീട്ടില്‍ നിന്നും രണ്ടു മൈല്‍ കഴിഞ്ഞാല്‍ വനം തുടങ്ങുകയായി. തൊഴില്‍ ഇല്ലാത്തവരൊക്കെ വനത്തില്‍ നിന്ന് ചില്ലറ മോഷണമൊക്കെ നടത്തിയിട്ടാണ് വട്ടചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്. അക്കാലത്ത് വനപാലകര്‍ പോലും ഇത് അനുവദിച്ചിരുന്നു. വനത്തില്‍ ഉണങ്ങിക്കിടക്കുന്ന ചെറു തടികള്‍ ചെറുതായി മുറിച്ച് തോട്ടിലെ വെള്ളത്തില്‍ കൂടി ഒഴുക്കിക്കൊണ്ടു വന്ന് ചായക്കടക്കാര്‍ക്ക് വിറകിനായി കൊടുത്താല്‍ അവര്‍ കുറച്ചു ചില്ലറയൊക്കെ തരും. കാട്ടിലെ കുടം പുളികള്‍ വിളഞ്ഞു വീഴുന്‌പോള്‍ അത് പെറുക്കിക്കൊണ്ടു വന്നാല്‍ വില്‍ക്കുകയോ, വീട്ടില്‍ മീന്‍ കറിക്ക് ചേര്‍ക്കുകയോ ചെയ്യാം. ധാരാളം തേന്‍ കൂടുകള്‍ കാട്ടില്‍ ഉണ്ടാവും അത് കണ്ടെത്തി തേനീച്ചക്കൂത്തു കൊള്ളാതെ എടുത്ത് കൊണ്ട് വന്നാല്‍ അക്കാലത്തും കുപ്പിക്ക് പന്ത്രണ്ടു രൂപാ വില കിട്ടും.

കാട്ടിലെ ഖനികള്‍ തേടി ഞാനും ഇറങ്ങി. എന്റെ അയല്‍ക്കാരനായ പുതിയിടത്ത് മത്തായി ആയിരുന്നു കൂട്ട്. എന്നേക്കാള്‍ മൂന്നു വയസു മൂത്തതാണ്. പ്രധാനമായും തേന്‍ അന്വേഷിച്ചാണ് ഞങ്ങളുടെ നടപ്പ്. പല തവണകളിലായി ഒരാള്‍ക്ക് അന്‍പതു രൂപയൊക്കെ കിട്ടുന്നതിനുള്ള തേന്‍ ഞങ്ങള്‍ വിറ്റിരുന്നു. തേന്‍ സംഭരണത്തിനിടയില്‍ ഒരിക്കല്‍ അന്‍പതടി ഉയരത്തില്‍ നിന്ന് ഞാന്‍ താഴേക്കു വീണു. ഒരു മരുത് മരത്തിന്റെ അന്‍പതടി പൊക്കത്തിലായിരുന്നു ആ തേന്‍ കൂട്. തേന്‍ പൊത്തിലൂടെ പലപ്പോഴും കൈ കടക്കുകയില്ല. അപ്പോള്‍ ' കൈക്കോടാലി ' എന്ന ചെറു മഴു കൊണ്ട് വെട്ടി പൊത്ത് വലുതാക്കണം. ആദ്യം കയറിയത് ഞാനായിരുന്നു. മുകളിലെ ശിഖരത്തില്‍ തേന്‍പാളയുമായി ( തേന്‍ സംഭരിക്കുന്നതിനുള്ള പാത്രം.) ഞാന്‍ ഇരുന്നു. പിന്നാലേ കയറി വന്ന മത്തായി  പൊത്ത് വെട്ടി വലുതാക്കി. പൊത്തിലൂടെ കയ്യിട്ട് തേനടകള്‍ എടുത്ത് എന്റെ പാളയിലേക്കിട്ടു.. ഇടക്ക് ഒന്നുരണ്ട് കുത്തുകളൊക്കെ കിട്ടി. സാമാന്യം വലിയ തേന്‍ കൂടായിരുന്നു അത്. ഒരു നാല് കുപ്പിയെങ്കിലും കിട്ടും. തേനെടുത്തു കഴിഞ്ഞിട്ട് തേന്‍ പാളയും  വാങ്ങി മത്തായി താഴെയിറങ്ങി. ഞാന്‍ ഇറങ്ങുകയാണ്. അപ്പോഴാണ് മത്തായി പറയുന്നത് " കൈക്കോടാലി എടുക്കാന്‍ മറന്നു ; പൊത്തില്‍ കൊത്തിവച്ചിരിക്കുകയാണ് " എന്ന്.

ഇറങ്ങിക്കൊണ്ടിരുന്ന ഞാന്‍ തിരിച്ചു കയറി. കുറച്ചു തേനൊക്കെ ഇതിനകം മരത്തില്‍ പറ്റിയിട്ടുണ്ടാവും. അത് കൊണ്ട് തന്നെ ആ ഭാഗത്തുണ്ടാവുന്ന വഴുക്കല്‍ മൂലം  പിടി മുറുകുകയില്ല. ഏന്തി വലിഞ്ഞു ഞാന്‍ കൈക്കോടാലി എടുത്തതും, എന്റെ കൈ വിട്ടു  പോയതും ഒരുമിച്ചു കഴിഞ്ഞു. വലിയ മരമാണ്. കൈകള്‍ കോര്‍ത്തു പിടിക്കാന്‍ പറ്റാത്തത്ര വലിപ്പം. മരത്തിന്റെ രണ്ടു വശങ്ങളിലുമായി കൈവെള്ളകള്‍ അമര്‍ത്തി പിടിച്ചത് ഓര്‍മ്മയുണ്ട്. എനിക്ക് മുന്‍പേ താഴോട്ടു പോകുന്ന കൈക്കോടാലിക്കു പിന്‍പേ അറ്റന്‍ഷനായി ഞാനും താഴെ എത്തി കാല്‍ ചവിട്ടി നിന്നിട്ടു ആയത്തില്‍ ഒരിരുപ്പ്. മത്തായി ഓടി വന്ന് പിടിച്ചെഴുന്നേല്പിച്ചു. നടുവിന് ഒരു വല്ലാത്ത വേദന. എന്നെ കമിഴ്ത്തി കിടത്തിയിട്ട് കുറച്ചു തേന്‍ പുരട്ടി നടുവ് തിരുമ്മിത്തന്നു മത്തായി. ഒരു പത്തു മിനിറ്റ്. വേദനയൊക്കെ എങ്ങോ പോയി. ചുറ്റും നോക്കുന്‌പോള്‍ എന്നെക്കാള്‍ അത്ഭുതപ്പെട്ടത് മത്തായിയായിരുന്നു. ഞാന്‍ വന്നുനിന്ന് ഇരുന്ന മൂന്നടി സ്ഥലം ഒഴിച്ച് ചുറ്റുമുള്ള മുഴുവന്‍ പ്രദേശവും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു കിടന്ന പ്രദേശമായിരുന്നു അത്. ദൈവസ്‌നേഹത്തിന്റെ മറ്റൊരെപ്പിസോട് എന്റെ മനസ്സില്‍ ഞാന്‍ കണ്ടു.

തികച്ചും അഹങ്കാരം എന്ന് വിലയിരുത്താവുന്ന ഒരു പ്രവര്‍ത്തിയും അന്ന് എന്നില്‍ നിന്ന് ഉണ്ടായി. വീഴ്ചയൊക്കെ കഴിഞ്ഞു ഞങ്ങള്‍ തേനുമായി മടങ്ങുകയാണ്.  വഴിയില്‍ മറ്റൊരു മരത്തില്‍ ഒരു തേന്‍കൂട് കാണുന്നു. എന്നെ താഴെ നിര്‍ത്തിയിട്ട് മത്തായി മരത്തില്‍ കയറുന്നു. താഴെ നിന്ന എനിക്ക് അതൊരു തോല്‍വിയാണ് എന്ന തോന്നല്‍. എനിക്ക് പിന്നില്‍ എന്റെ ദൈവമുള്ളപ്പോള്‍ ഞാനെന്തിന് ഭയപ്പെടണം എന്നൊരു ആത്മ വിമര്‍ശനം. പിന്നെ മടിച്ചില്ല. മത്തായിയുടെ വിലക്കുകളെ അവഗണിച്ചു കൊണ്ട് ആ മരത്തിലും ഞാന്‍ വലിഞ്ഞു കയറി. ഭാഗ്യത്തിന് അതൊരു പുതിയ കൂടാണെന്നും, അതില്‍ തേനില്ലെന്നും മനസിലാക്കി ഞങ്ങള്‍ തിരിച്ചിറങ്ങി

പ്രത്യേക ജോലിയൊന്നുമില്ലാതെ കുറേക്കാലം കൂടി  ഞാനലഞ്ഞു. എന്റെ തയ്യല്‍ മിഷ്യന്‍ അപ്പന്‍ നേരത്തേ വിറ്റിരുന്നു.  കിഴക്കേക്കര ചാച്ചന്‍ എന്ന ഞങ്ങളുടെ ഒരകന്ന ബന്ധുവാണ് അദ്ദേഹത്തിന്‍റെ മകള്‍ക്കു വേണ്ടി അത് വാങ്ങിയിരുന്നത്. പാറത്തോട്ടില്‍ എന്റെ ചാച്ചന്റെ ( അമ്മാവന്‍ ) അയല്‍ക്കാരനായ പൂവരണി കുഞ്ഞു ചേട്ടന്‍ എന്നയാളുടെ ജൗളിക്കടയില്‍ ചാച്ചന്‍ കൊണ്ട് പോയി. അവിടെയും മിഷ്യന്‍ ഇല്ലാ എന്നതാണ് പ്രശ്‌നം. അക്കാലത്തെ മിക്ക തുണിക്കടകളിലും ഒന്നോ, രണ്ടോ തയ്യല്‍ക്കാര്‍ ഉണ്ടാവും. നിവര്‍ത്തിയുണ്ടെങ്കില്‍ അവര്‍ മറ്റൊരാള്‍ക്ക് അവസരം കൊടുക്കുകയില്ല. അത് അവരുടെ നില നില്‍പ്പിനെ ബാധിക്കുമല്ലോ ?

യാതൊരു തൊഴിലും വരുമാനവും ഇല്ലാതിരുന്ന സമയത്ത് അപ്പന്‍ എന്നെ ഒരു ദിവസം ഉഴവ് പഠിപ്പിക്കാന്‍ .കൊണ്ടുപോയി. ഒന്നാം പൊളിയില്‍ നിന്ന് രണ്ടാം പൊളിയും, രണ്ടാം പൊളിയില്‍ നിന്ന് മൂന്നാം പോളിയും എടുക്കുന്നത് എങ്ങനെയെന്നൊക്കെ അപ്പന്‍ എന്നെ വിശദമായി പഠിപ്പിച്ചു. അന്ന് ഉച്ചവരെ അപ്പനോടൊപ്പം ഞാന്‍ നിലമുഴുതു. അന്ന് എന്റെ വലത്തെ കാല്‍ വണ്ണയില്‍ ഒരു ചെറിയ വ്രണമുണ്ടായിരുന്നു. അടുത്തുള്ള വനത്തില്‍ ഞങ്ങള്‍ കുടം പുളി  പെറുക്കാന്‍ പോകുമായിരുന്നു എന്ന് പറഞ്ഞല്ലോ ? അപ്പോള്‍ തോട്ടപ്പുഴു എന്നറിയപ്പെടുന്ന ചോര കുടിയന്‍ അട്ട കടിച്ചുണ്ടായ വൃണമായിരുന്നു അത്. ഒത്തിരി അട്ടകളുടെ കടിയേറ്റിരുന്നുവെങ്കിലും, ഈ ഒരു കടി മാത്രം പൊറുക്കാതെ വൃണമാവുകയായിരുന്നു. ഉച്ച വരെ ഈ വൃണം ചെളിയുമായി ശരിക്കും ഉരസ്സി. അന്ന് വൈകുന്നേരത്തോടെ വൃണം നീര് വച്ച് പഴുത്തു വീര്‍ക്കാന്‍ തുടങ്ങി. പാടത്ത് ഒരു സഹായിയെ കിട്ടും എന്ന അപ്പന്റെ പ്രതീക്ഷ അതോടെ അവസാനിച്ചു. " ഇവനെക്കൊണ്ട് ഇതിനൊന്നിനും കൊള്ളത്തില്ല. നാഴി അരിയും ഒരയലയും വാങ്ങാനുള്ള മാര്‍ഗ്ഗം നോക്കണം " എന്ന സ്വയം തീരുമാനവും പുറത്തു വന്നു.

അപ്പന്റെ കൂടെ ഉഴവിനു പോയപ്പോള്‍ മുതല്‍ പഴുത്തു വീര്‍ത്തു വലുതായ വൃണം കുറേക്കാലം മാറാതെ നിന്നു. ഒരു പഴയ വെള്ളിരൂപയുടെ വട്ടത്തിലുള്ള വൃണം. എന്നും രാവിലെ പഴുത്തിരിക്കുന്ന വൃണം ചലമൊക്കെ ഞെക്കിക്കളഞ്ഞു കുളിക്കുന്‌പോള്‍ ഒത്തിരി കുറഞ്ഞതായി തോന്നും. അല്‍പ്പം വെളിച്ചെണ്ണയോക്കെ  പുരട്ടികൊണ്ടു നടന്നാല്‍ വലിയ വൃത്തികേടില്ല. പിറ്റേന്ന് പുലരുന്‌പോളും  പഴയ പടി  വൃണം പഴുത്തിരിക്കും. കുറച്ചു നാടന്‍ ചികിത്സയൊക്കെ നടത്തിയെങ്കിലും പറയത്തക്ക യാതൊരു ശമനവും വൃണത്തിനുണ്ടായില്ല.

അപ്പോളാണ് തൊടുപുഴക്കും അപ്പുറത്ത് ' കുറിഞ്ഞി ' എന്ന സ്ഥലത്ത് ത്വക് രോഗങ്ങള്‍ക്ക് ഒറ്റമൂലി മരുന്ന് കൊണ്ട് ചികില്‍സിക്കുന്ന ഒരു വൈദ്യന്‍ ഉണ്ടെന്നറിഞ്ഞത്. തൊടുപുഴയില്‍ നിന്നും നെല്ലാപ്പാറ മലയിലേക്ക് വളഞ്ഞും, പുളഞ്ഞും ഉള്ള ബസ് യാത്ര എനിക്കൊരു അത്ഭുതമായിരുന്നു. മലമുകളിലെത്തിയിട്ട് തെക്കോട്ടിറങ്ങി ചെല്ലുന്ന താഴ്‌വാരത്തിലാണ് കുറിഞ്ഞി ഗ്രാമം. അവിടെ കുന്പളത്ത് ജോസപ്പ് എന്ന നാല്‍പ്പതു കാരനാണ്  വൈദ്യന്‍. കുടുംബവും, കുട്ടികളുമൊക്കെയായി തികഞ്ഞ കൃഷിക്കാരനായി ജീവിക്കുന്ന അദ്ദേഹത്തിന് ചികിത്സ ഒരു സേവന മാര്‍ഗ്ഗമാണ്. അനേകായിരങ്ങളെ ചികില്‍സിച്ചിട്ടുള്ള ഇദ്ദേഹം ഒരു പൈസ പോലും പ്രതിഫലം സ്വീകരിച്ചിട്ടില്ല. പ്രതിഫലം സ്വീകരിച്ചാല്‍ സിദ്ധി നശിച്ചുപോകുമെന്ന അദ്ദേഹത്തിന്‍റെ ഗുരു വചനം അക്ഷരം പ്രതി പാലിച്ചു കൊണ്ടാണ് അദ്ദേഹം ചികിത്സ തുടരുന്നത്. മാറാരോഗങ്ങള്‍ സുഖപ്പെടുന്ന ചിലര്‍ വൈദ്യനറിയാതെ ഒരു കിലോ പഞ്ചസാരയൊക്കെ വൈദ്യ പത്‌നിയെ കെട്ടിയേല്‍പ്പിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.

വൈദ്യനെ കണ്ടു വിവരം പറഞ്ഞു. പതിനൊന്നു ദിവസം താമസിച്ചു മരുന്ന് കുടിക്കണം എന്ന് നിര്‍ദ്ദേശിച്ചു. പിന്നെ വരാം എന്ന് പറഞ്ഞു പോന്നു. പതിനൊന്ന് ദിവസം താമസിച്ചു ചികില്‍സിക്കണമെങ്കില്‍ അല്‍പ്പം പണചിലവൊക്കെ ഉണ്ട്. കുറച്ചു രൂപയൊക്കെ കയ്യിലുണ്ട്. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഒക്കെയായി ഒരു എയര്‍ ബാഗ് വാങ്ങി. ഞാന്‍ പോകുന്ന വിവരം അറിഞ്ഞപ്പോള്‍, ഇതേപോലെ രോഗമുള്ള ' കല്ലടയില്‍ ചാക്കോ ' എന്ന് പേരുള്ള തറവാട്ടു കാരണവരും എന്റെയൊപ്പം കൂടി. ചാത്തമറ്റത്തെ പണക്കാരില്‍ ഒരാളാണ് അദ്ദേഹം. എന്റെ അമ്മയുടെ അപ്പനും കുടുംബവും വിറ്റു  കളഞ്ഞ പതിനെട്ടേക്കര്‍ പുരയിടം വാങ്ങിയത് ഈ ചാക്കോച്ചേട്ടനും സഹോദരന്മാരുമാണ്. ചാക്കോച്ചേട്ടന്റെ മൂത്ത മകന്‍ കുഞ്ഞുമാത്തു എന്നെക്കാള്‍ പത്തു വയസിന് മൂത്തതാണ്. പില്‍ക്കാലത്ത് പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായിത്തീര്‍ന്ന കുഞ്ഞുമാത്തു ചേട്ടനുമൊത്ത് കുറച്ചു സാമൂഹ്യ  രാഷ്ട്രീയ കളികള്‍ കളിക്കുന്നതിനുള്ള അവസരങ്ങളും എനിക്കുണ്ടായിട്ടുണ്ട്; അത് വഴിയേ പറയാം.

എയര്‍ ബാഗും തൂക്കി ദൂര ദേശത്ത് ജോലിക്ക് പോകുന്നയാളെപ്പോലെ ഞാന്‍ കുറിഞ്ഞിയിലേക്ക് പോയി. ചാക്കോച്ചേട്ടനെ പിറ്റേദിവസം കുഞ്ഞുമാത്തു ചേട്ടന്‍ കുറിഞ്ഞിയില്‍ കൊണ്ട് വന്ന്  എന്നെ ഏല്‍പ്പിച്ചു. ഇങ്ങനെ ചികില്‍സിക്കാന്‍ വരുന്നവര്‍ക്ക് താമസിക്കാനായി അവിടുത്തുകാര്‍ വീടുകള്‍ വാടകക്ക് നല്‍കിയിരുന്നു. ഒരു ടേമില്‍  ഒരാള്‍ താമസിക്കുന്നതിന് മൂന്നു രൂപയാണ് വാടക. പത്തും, പതിനഞ്ചും ആളുകള്‍ ഒരേ സമയം ഇത്തരം ചെറു വീടുകളില്‍ താമസിച്ചിരുന്നു.' ഉപ്പുമാക്കല്‍ കൊച്ച് ' എന്ന മനുഷ്യസ്‌നേഹിയുടെ വീട്ടിലാണ് ഞങ്ങള്‍ക്ക് ഇടം കിട്ടിയത്. വന്നുപെടുന്ന വിവിധ ദേശക്കാരായ നൂറു കണക്കിന് രോഗികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും, സഹായവും ചെയ്തു  കൊടുത്ത് കൊണ്ട് കൊച്ചുചേട്ടന്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നു. എനിക്ക് എഴുതാന്‍ കഴിവുണ്ട് എന്ന് മനസിലാക്കിയതിന് ശേഷം എന്റെ കഥകള്‍ വായിച്ചു കേള്‍ക്കുകയും, എന്നെ സ്വന്തം വീട്ടില്‍ വിളിച്ചുകൊണ്ടു പോവുകയും ചെയ്തു ഈ വലിയ മനുഷ്യന്‍. വെട്ടൂര്‍ രാമന്‍ നായര്‍ തന്റെ സുഹൃത്ത് ആണെന്നും, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താമെന്നും കൊച്ചു ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നെങ്കിലും, എന്റെ ഉത്സാഹക്കുറവ് മൂലം അതൊന്നും നടന്നില്ല. നാട്ടുകാരായ മറ്റുള്ളവര്‍ അവിടെയെത്തുന്ന ത്വക് രോഗികളെ അറപ്പോടെ വീക്ഷിച്ചിരുന്നപ്പോള്‍ പോലും, രോഗികളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്ന ഉപ്പുമാക്കല്‍ കൊച്ചു ചേട്ടനെ മനുഷ്യ സ്‌നേഹി എന്നല്ലാതെ പിന്നെ എന്താണ് ഞാന്‍ വിളിക്കേണ്ടത് ?

കിടക്കാന്‍ തഴപ്പായയും, വച്ചുകുടിക്കാന്‍ അത്യാവശ്യം പാത്രങ്ങളും അടുത്തുള്ള കടയില്‍ നിന്ന് വാങ്ങി. മരുന്ന് കുടിക്കുന്ന കാലത്ത് കഠിനമായ പഥ്യം ഉണ്ട്. കഞ്ഞിയും, വാട്ടുകപ്പയും മോരും പച്ചക്കറികളും കഴിക്കാം. മല്‍സ്യ മാംസാദികളും എണ്ണകളും ഉപയോഗിക്കാന്‍ പാടില്ല. സോപ്പ് പാടില്ല, ഇഞ്ചയാവാം. പാല്‍ച്ചായ പഞ്ചസാര ചേര്‍ക്കാതെ കഴിക്കാം. ചാക്കോച്ചേട്ടന്‍ അല്‍പ്പം കുടവയര്‍ ഒക്കെയുള്ള അറുപതു കാരനാണ്. കുനിയാനും, നിവരാനും ഒക്കെ വിഷമം ഉള്ളയാള്‍. ഏതു കാര്യത്തിനും എന്റെ സഹായം ആവശ്യമുള്ളത് കൊണ്ടാണ് മകന്‍ കുഞ്ഞുമാത്തു ചേട്ടന്‍ ആളെ എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്.

വെളുപ്പിന് അതിരാവിലെ ഒരു ചില്ലുഗ്ലാസ്സും, ഈര്‍ക്കിലി കഷണവുമായി വൈദ്യരുടെ വീട്ടുമുറ്റത്ത് രോഗികള്‍ ചെല്ലണം. ഒരു പാല്‍ക്കാരന്‍ പാലുമായി വന്ന് ഓരോതുടം പാല്‍ വീതം എല്ലാവരുടെയും ഗ്ലാസ്സില്‍ അളന്നൊഴിച്ചു തരും. ഇതിനും ഒരു ടേമിലേക്കു മൂന്നു രൂപയാണ് നിരക്ക്. അന്‍പതും, അറുപതുമൊക്കെ ആളുകള്‍ പാലുമായി മുറ്റത്തു നിരന്നു നില്‍ക്കുന്‌പോള്‍ ഏതോ പച്ചില മരുന്ന് അരച്ചുരുട്ടിയതും, നെല്ലിക്കയോളം വലിപ്പമുള്ളതുമായ ഗുളികകളുമായി വൈദ്യന്‍ അകത്തു നിന്നും വരും. ഓരോരുത്തരുടെയും ഗ്ലാസ്സിലെ പാലിലേക്ക് അതിലൊന്ന് ഇട്ടു തരും. നമ്മുടെ കൈയിലുള്ള ഈര്‍ക്കിലി കൊണ്ട് ഇളക്കി അത്  കുടിക്കണം. അന്നത്തെ ചികിത്സ തീര്‍ന്നു. പിന്നെ ആളുകള്‍ക്ക് താമസ സ്ഥലത്തേക്ക് മടങ്ങാം. ( രോഗത്തിന്റെ തീവ്രത അനുസരിച്ച് ഏഴു മുതല്‍ ഇരുപത്തി ഒന്ന് ദിവസം വരെയാണ് ഒരു ടേമിലെ ചികിത്സ.)  ഓരോരുത്തര്‍ക്കും നിശ്ചയിച്ചിട്ടുള്ള അത്രയും ദിവസങ്ങളില്‍ ഇതാവര്‍ത്തിക്കണം. അസുഖം മാറിയാലും, ഇല്ലെങ്കിലും മൂന്നു മാസം ഇടവിട്ട് മൂന്നു തവണ ഇതാവര്‍ത്തിക്കണം.

കൂടുതല്‍ നടക്കരുതെന്നും, വെയില്‍ കൊള്ളരുതെന്നും നിര്‍ദ്ദേശമുണ്ട്. രോഗികള്‍ സ്വയം കഞ്ഞി വച്ച് കുടിക്കുകയാണ്. വാട്ട് കപ്പ വേവിച്ചു മുളക് ചമ്മന്തിയും കൂട്ടി തിന്നും. പാല്‍ വാങ്ങി മോരുണ്ടാക്കി അതില്‍ ഉള്ളിയും, മുളകും തക്കാളിയുമൊക്കെ അരിഞ്ഞിട്ടു വേവിച്ചും, വേവിക്കാതെയും തയ്യാറാക്കുന്നതാണ് മിക്കവാറും കറി. കടയില്‍ നിന്ന് വാങ്ങുന്ന നാരങ്ങാ അച്ചാറും കൂട്ടാനായി ഉണ്ടാവും?

ഇതുകൊണ്ടൊന്നും ചാക്കോച്ചേട്ടന് വിശപ്പ് മാറുകയില്ല. അടുത്തുള്ള ചായക്കടയില്‍ നിന്ന് ചായയും പുട്ടും, കടലക്കറിയും പുള്ളിക്കാരന്‍  വാങ്ങിക്കഴിക്കും. എന്നെ നിര്‍ബ്ബന്ധിച്ചു വിളിച്ചു കൊണ്ട് പോകും. എന്റെ കയ്യില്‍ എണ്ണിച്ചുട്ട അപ്പം പോലെയുള്ള പണം കൊണ്ട് ഇതിനൊന്നും തികയില്ലെന്ന്  എനിക്കറിയാം. അത് കൊണ്ട് തന്നെ എനിക്ക് പോകാന്‍ മടിയാണ്. " പൈസയുടെ കാര്യം നീയറിയണ്ടാ " എന്നാണ് ചാക്കോച്ചേട്ടന്റെ നിലപാട്. ഞാന്‍ വരണമെങ്കില്‍ ഒന്നിരാടം പൈസ കൊടുക്കാന്‍ എന്നെ അനുവദിക്കണം എന്ന എന്റെ  കണ്ടീഷന്‍ നിവര്‍ത്തിയില്ലാതെ അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. കയ്യിലുള്ളത് കൊണ്ട് കൃത്യമായി ഞാന്‍ എന്റെ വീതം കൊടുത്തു കൊണ്ടേയിരുന്നു.

കുനിഞ്ഞിരിക്കാനും, കഞ്ഞി വയ്ക്കാനുമൊന്നും അദ്ദേഹത്തിന്‍റെ ശരീരം വഴങ്ങുകയില്ല. തുണി കഴുകാനും അലക്കാനുമൊന്നും അറിയില്ലാ എന്ന് മാത്രമല്ലാ, അതിനുള്ള ശേഷിയുമില്ല. എല്ലാ കാര്യങ്ങളും ഞാനാണ് ചെയ്തിരുന്നത്. മരുന്നുകൂടി കഴിഞ്ഞുള്ള വെറുതേയിരിക്കുന്ന നേരത്ത് നാട് കാണാനായി അധികം വെയിലില്ലാത്ത പ്രദേശങ്ങളില്‍ ഞങ്ങള്‍ പതിവായി ചുറ്റി നടക്കുമായിരുന്നു.

ഒന്‍പതു ദിവസത്തെ ചികിത്സ കൊണ്ട് തന്നെ എന്റെ വൃണം തൊണ്ണൂറു ശതമാനവും ഉണങ്ങി. പഴുപ്പ് വരുന്നത്  നിന്നു. ചാക്കോച്ചേട്ടനും ആശ്വാസം കിട്ടിത്തുടങ്ങി. അവിടെ ചികില്‍സിച്ചവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം പേരും അസുഖം ഭേദപ്പെട്ടാണ് മടങ്ങിയിരുന്നത്. എന്റെ കയ്യിലെ പൈസ തീരുകയാണ്. മടങ്ങിപ്പോകാനും മറ്റു ചിലവുകള്‍ക്കുമായി കുറച്ചു പൈസ കൂടി വേണം. ചാക്കോചേട്ടനോട് ഞാന്‍ പത്തു രൂപാ വായ്പ ചോദിച്ചു, ഒരു മടിയും കൂടാതെ അദ്ദേഹം എനിക്കത് തരികയും ചെയ്തു.

രോഗം  ഭേദപ്പെട്ട നിലയില്‍ ഞങ്ങള്‍ മടങ്ങിയെത്തി. വൈദ്യര്‍ തന്ന എണ്ണ  തേച്ചു കുളിച്ചപ്പോള്‍  ഒരു പാട്  മാത്രം അവിടെ അവശേഷിപ്പിച്ചു കൊണ്ട് വൃണത്തില്‍  നിന്ന് പൊറ്റ അടര്‍ന്നു പോയി. ചാക്കോചേട്ടനോട് വാങ്ങിയ രൂപാ കൊടുക്കാന്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല. അപ്പന്റെ  മേശയില്‍ ഉണ്ടാവും എന്ന പ്രതീക്ഷയില്‍ തുറന്നു നോക്കി. ഭാഗ്യം! കുറച്ചു രൂപയുണ്ട്. അതില്‍ നിന്ന് പത്തു രൂപയെടുത്ത് ചാക്കോച്ചേട്ടന് കൊടുത്തപ്പോള്‍ അത് വാങ്ങാതിരിക്കാന്‍ അദ്ദേഹം ഏറെ പണിപ്പെട്ടെങ്കിലും ഞാന്‍ സമ്മതിച്ചില്ല

പിറ്റേ ദിവസം തന്നെ അപ്പന്‍ പൈസയെവിടെ എന്ന് ചോദിച്ചു. അമ്മയോട് പറഞ്ഞിട്ടാണ് ഞാന്‍ രൂപാ എടുത്തതെന്നും, ചാക്കോച്ചേട്ടന് കടം വീട്ടാനാണെന്നും 'അമ്മ പറഞ്ഞു. ബേബിയോട് പറഞ്ഞ അതേ വാക്കു പോലെ ഒന്ന്  അപ്പന്‍ എന്നോടും പറഞ്ഞു : " ഇനി ഞാന്‍ മേശ തുറക്കുന്‌പോള്‍ എന്റെ രൂപാ അവിടെ  കണ്ടിരിക്കണം. " എന്ന്.

ചെഞ്ചേരില്‍ ചാക്കോച്ചന്‍ ചേട്ടന്‍ കൊട്ടടക്കാ വ്യാപാരിയാണ്. അദ്ദേഹത്തിന്‍റെ കളത്തില്‍ രാത്രി കാലങ്ങളില്‍ ഞങ്ങള്‍ പിള്ളേര്‍ അടക്കാ വെട്ടിക്കൊടുക്കാറുണ്ട്. ആ ബന്ധത്തില്‍ അദ്ദേഹത്തില്‍ നിന്ന് കടം വാങ്ങിയ പത്തു രൂപ ഞാന്‍ അപ്പന്റെ മേശയില്‍ വച്ച് കൊടുത്തു. പിന്നീട് കൊട്ടടക്കാ വെട്ടിക്കൊടുത്ത് ആ കടവും വീട്ടിയെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക