Image

ഷംന മടങ്ങിവരുന്നു

Published on 26 April, 2012
ഷംന മടങ്ങിവരുന്നു
മലയാളത്തിലേക്ക്‌ മടങ്ങി വരുകയാണ്‌ ഷംനാ കാസിം. മലയാളത്തില്‍ നിന്നും തുടങ്ങി പിന്നീട്‌ അന്യഭാഷയിലേക്ക്‌ ചേക്കേറിയ നിരവധി നായികമാര്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്‌തയായിരുന്നു ഷംനാ കാസിം. ഷംനയ്‌ക്ക്‌ മലയാളം വിട്ടു പോകാന്‍ ആഗ്രഹമേയുണ്ടായിരുന്നില്ല. എന്നിട്ടും ഷംനയ്‌ക്ക്‌ മലയാളത്തില്‍ ആഗ്രഹിച്ച ഇടം ലഭ്യമായില്ല. പിന്നീട്‌ അത്‌ നേടിക്കൊടുത്തത്‌ തമിഴ്‌ സിനിമയാണ്‌. തമിഴ്‌ സിനിമയില്‍ ഷംന സ്വന്തമായ മേല്‍വിലാസം നേടി. അതുവരെ കാത്തിരിക്കേണ്ടി വന്നു മലയാളത്തിന്‌ ഷംനയെ അംഗീകരിക്കാന്‍. ഇടയ്‌ക്ക്‌ `പൂര്‍ണ്ണ' എന്നു പേരുമാറ്റിയിരുന്നു ഷംനാ കാസിം. തമിഴില്‍ പൂര്‍ണ്ണ എന്നു തന്നെയാണ്‌ ഈ നായിക അറിയപ്പെടുന്നത്‌.

ഇപ്പോഴിതാ ചട്ടക്കാരി എന്ന റീമേക്കിലൂടെ ഷംനയെ മടക്കിവിളിച്ചിരിക്കുകയാണ്‌ മലയാള സിനിമ. ചട്ടക്കാരിയാവാന്‍ മലയാളത്തിലെ മറ്റുചില താരങ്ങളെയാണ്‌ ആദ്യം പരിഗണിച്ചത്‌. എന്നാല്‍ ചട്ടക്കാരിയിലെ ജൂലിയാവാന്‍ അവസാനം നറുക്ക്‌ വീണത്‌ ഷംനാ കാസിമിനും. രതിനിര്‍വേദം എന്ന സിനിമയിലൂടെ ശ്വേതാമേനോന്‍ മലയാള സിനിമയിലെ മുന്‍നിരതാരമായത്‌ പോലെ കരിയറില്‍ ഒരു ഹൈജംപ്‌ തന്നെയാണ്‌ ജൂലിയിലൂടെ ഷംനാ പ്രതീക്ഷിക്കുന്നത്‌.

അതിന്‌ കാരണവുമുണ്ട്‌ ഒരുകാലത്ത്‌ ഇന്ത്യന്‍ സിനിമയില്‍ തന്നെ ട്രെന്‍ഡുകള്‍ സൃഷ്‌ടിച്ച ചിത്രമാണ്‌ ചട്ടക്കാരി. പമ്മന്റെ ചട്ടക്കാരി എന്ന പ്രസിദ്ധമായ നോവലിനെ ആസ്‌പദമാക്കിയാണ്‌ തോപ്പില്‍ ഭാസി ചട്ടക്കാരി എന്ന ചലച്ചിത്രതിരക്കഥ തയാറാക്കിയത്‌. കെ.എസ്‌ സേതുമാധവന്‍ ചിത്രം സംവിധാനം ചെയ്‌തു. കൊമേഴ്‌സ്യല്‍ വിജയത്തിനൊപ്പം നിരൂപകരില്‍ നിന്നും ചിത്രം ഏറെ അഭിപ്രായം നേടി. ലക്ഷമിയായിരുന്നു ചട്ടക്കാരിയിലെ നായിക. ചട്ടക്കാരി മലയാളത്തില്‍ ചരിത്രമെഴുതിയപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറങ്ങി. ലക്ഷമി തന്നെ നായികയായ ഈ ചിത്രത്തിന്റെ പേര്‌ ജൂലി എന്നായിരുന്നു. ഹിന്ദി സിനിമയില്‍ ജൂലി ഒരു തരംഗം തന്നെയായിരുന്നു. പിന്നീട്‌ തെലുങ്കിലേക്കും കന്നഡയിലേക്കും ചിത്രം റീമേക്ക്‌ ചെയ്യപ്പെട്ടു. എല്ലാ ഭാഷകളിലും ചിത്രം വന്‍ വിജയം. ഇങ്ങനെ വിജയത്തിന്റെയും മികവിന്റെയും കഥ പറയുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്‌ ഇപ്പോള്‍ ഷംനയുടെ കൈയ്യിലെത്തിയിരിക്കുന്നത്‌.

ചിത്രത്തെക്കുറിച്ച്‌ ഷംന സംസാരിക്കുന്നു.

ഒരുകാലത്ത്‌ ഇന്ത്യന്‍ സിനിമയെ തന്നെ ഇളക്കി മറിച്ച കഥാപാത്രമാണ്‌ ജൂലി. ജൂലിയെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ എന്തു തോന്നുന്നു?

എനിക്ക്‌ ഏറെ പ്രീയപ്പെട്ട നായികയായിരുന്നു ലക്ഷമി. ബോളിവുഡില്‍ പോലും ഈ കഥാപാത്രം അവതരിപ്പിച്ച്‌ ലക്ഷമി മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. അങ്ങനെ ആലോചിക്കുമ്പോള്‍ എനിക്ക്‌ ശരിക്കും ടെന്‍ഷനുണ്ട്‌. പക്ഷെ അതിലുപരി ഇത്രയും ശ്രദ്ധേയമായ റോള്‍ എനിക്ക്‌ ലഭിക്കുന്നു എന്നതില്‍ അഭിമാനവുമുണ്ട്‌.

ഗ്ലാമറിന്റെ അതിപ്രസരം ഉണ്ടാവുമെന്ന്‌ കരുതി മലയാളത്തില്‍ പലരും വേണ്ടെന്ന്‌ വെച്ച കഥാപാത്രമാണിത്‌?

അത്‌ ഞാന്‍ പിന്നീടാണ്‌ അറിഞ്ഞത്‌. പക്ഷെ ഈ കഥാപാത്രത്തിലേക്ക്‌ വിളിച്ചപ്പോള്‍ എനിക്ക്‌ അസ്വഭാവികതയൊന്നും തോന്നിയില്ല. എന്റെ വീട്ടുകാര്‍ പോലും എന്നെ പ്രോല്‍സാഹിപ്പിച്ചു. മലയാളത്തില്‍ വീണ്ടും ലഭിക്കുന്ന നല്ല അവസരമാണെന്നാണ്‌ എല്ലാവരും പറഞ്ഞത്‌. ഗ്ലാമറിന്റെ അതിപ്രസരം ഈ സിനിമയിലുണ്ടെന്ന്‌ പറയുന്നത്‌ എനിക്ക്‌ മനസിലാകുന്നില്ല. മനോഹരമായ കഥയാണ്‌ ചട്ടക്കാരിയിലേത്‌. ഒരു സ്‌ത്രീകഥാപാത്രത്തിന്റെ ഇമോഷന്‍സിലൂടെയാണ്‌ കഥ സഞ്ചരിക്കുന്നത്‌. അതില്‍ ഗ്ലാമര്‍ കണ്ടെത്തുന്നത്‌ മോശമാണ്‌. അല്ലാതെ വേണം ഈ സിനിമ ആസ്വദിക്കാന്‍. ചട്ടക്കാരി മുമ്പ്‌ കണ്ടിട്ടുള്ള പലരും എന്നെ വിളിച്ചു പറഞ്ഞത്‌ ഇപ്പോഴത്തെ കാലത്തും പ്രസക്തമാണ്‌ ഈ സിനിമ എന്നാണ്‌.

എങ്കിലും ഗ്ലാമര്‍ റോളില്‍ പ്രത്യക്ഷപ്പെടേണ്ടി വരുമെന്നത്‌ ഒരു പ്രശ്‌നമാകില്ലേ?

ഞങ്ങളിപ്പോള്‍ ഷൂട്ടിംഗ്‌ ഏതാണ്ട്‌ പൂര്‍ത്തിയാക്കി കഴിഞ്ഞു. സാധാരണ സിനിമകളിലേതില്‍ നിന്നും കൂടുതലായി ഒരു രംഗവും ഇതിലില്ല. ഗ്ലാമര്‍ രംഗങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ആംഗ്ലോ ഇന്ത്യന്‍ ശൈലിയിലുള്ള വസ്‌ത്രധാരണവും പ്രണയരംഗങ്ങളുമുണ്ട്‌ എന്നത്‌ ഗ്ലാമറായി വ്യാഖ്യാനിക്കാന്‍ പാടില്ല.

എന്തായിരുന്നു മലയാളത്തില്‍ നിന്നും ഏറെക്കാലം മാറി നില്‍ക്കാന്‍ കാരണം?

അതിന്‌ എനിക്കും വ്യക്തമായി ഉത്തരം അറിയില്ല. ഞാന്‍ മലയാളത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ല. മലയാളത്തില്‍ എനിക്ക്‌ തുടക്കത്തില്‍ ലഭിച്ചത്‌ അനിയത്തി വേഷങ്ങളും മറ്റുമായിരുന്നു. പിന്നീട്‌ തമിഴില്‍ നിന്നും നായിക വേഷങ്ങള്‍ ലഭിച്ചപ്പോള്‍ അവിടേക്ക്‌ പോയി. പിന്നീട്‌ മലയാളത്തില്‍ നിന്നും ആരും സിനിമയിലേക്ക്‌ വിളിച്ചതുമില്ല. ഒരു വലിയ ഗ്യാപ്പിന്‌ ശേഷമാണ്‌ മലയാളത്തില്‍ നിന്നും ഒരു ഓഫര്‍ വരുന്നത്‌.

നടന്‍ നകുലുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നല്ലോ?

അതെല്ലാം വെറുതെ കെട്ടിച്ചമച്ചതാണ്‌. ഞാനും നകുലും ഒരുമിച്ച്‌ അഭിനയിച്ച സിനിമയുടെ പബ്ലിസിറ്റിക്ക്‌ വേണ്ടി ആരോ മനപ്പൂര്‍വ്വം ഒരുക്കിയ കഥയാണ്‌. ആദ്യം ഞാനും അങ്ങനെയൊക്കെ കേട്ടപ്പോള്‍ കുറെയൊക്കെ വിഷമിച്ചു. പിന്നീട്‌ അവിടെയുള്ള സുഹൃത്തുക്കളാണ്‌ പറഞ്ഞത്‌ തമിഴിലും തെലുങ്കിലുമൊക്കെ ഇത്തരം പബ്ലിസിറ്റി ട്രീക്കുകള്‍ ഒരു പതിവാണെന്ന്‌.

തമിഴില്‍ നിന്നും അസീന്‍ ബോളിവുഡിലേക്ക്‌ പോയപ്പോള്‍ വിജയ്‌ പോലും പറഞ്ഞത്‌ ഷംന അസിന്‌ പകരക്കാരിയായി മാറുമെന്നാണ്‌. `കുട്ടി അസീന്‍' എന്നു വരെ പലരും വിശേഷിപ്പിച്ചു?

അതുകേള്‍ക്കുമ്പോള്‍ എനിക്കും സന്തോഷമുണ്ട്‌. പക്ഷെ ആരുടെയും പകരക്കാരി ആവാന്‍ എനിക്ക്‌ താത്‌പര്യമില്ല. എനിക്ക്‌ എന്റേതായ ഐഡന്റിറ്റി ഉണ്ടാവണം എന്നാണ്‌ എനിക്ക്‌ താത്‌പര്യം. പിന്നെ തമിഴില്‍ ആരാധകര്‍ പല പേരുകളും നല്‍കും. താമര എന്നാണ്‌ ഇപ്പോള്‍ അവിടെ എല്ലാവരും എന്നെ വിളിക്കുന്നത്‌.

തമിഴില്‍ പുതിയ പ്രോജക്‌ടുകള്‍?

അഞ്ചു പുതിയ ചിത്രങ്ങളില്‍ കരാര്‍ ചെയ്‌തിട്ടുണ്ട്‌. അതിനിടയിലാണ്‌ ചട്ടക്കാരിയുടെ ഓഫര്‍ വന്നത്‌. എന്തായാലും ഈ ചിത്രം മിസ്‌ ചെയ്യാന്‍ തോന്നിയില്ല. അതുകൊണ്ട്‌ തിരക്കിനിടയിലും ഈ സിനിമക്കായി സമയം കണ്ടെത്തി.

`ജൂലി' മലയാളത്തില്‍ ഒരു ഭാഗ്യം നല്‍കുമെന്ന്‌ കരുതുന്നുണ്ടോ?

ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക്‌ തെളിയിക്കാനുള്ള ഒരു അവസരമായിരിക്കും ജൂലി എന്നാണ്‌ ഞാന്‍ കരുതുന്നത്‌. ഇതിലെ പല രംഗങ്ങളും ചിത്രീകരിക്കുമ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായി പോയിരുന്നു. അത്രക്ക്‌ ശക്തമായ പശ്ചാത്തലങ്ങളിലൂടെയാണ്‌ ജൂലിയെ വീണ്ടും ഒരുക്കിയിരിക്കുന്നത്‌.
ഷംന മടങ്ങിവരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക