Image

രാജ്യത്ത്‌ കടുത്ത ഉഷ്‌ണ തരംഗം; രാജ്യത്തെ 10 ഇടങ്ങള്‍ ലോകത്തെ ഏറ്റവും ചൂടു കൂടിയ പ്രദേശങ്ങളുടെ പട്ടികയില്‍

Published on 05 June, 2019
രാജ്യത്ത്‌ കടുത്ത ഉഷ്‌ണ തരംഗം; രാജ്യത്തെ 10 ഇടങ്ങള്‍ ലോകത്തെ ഏറ്റവും ചൂടു കൂടിയ പ്രദേശങ്ങളുടെ പട്ടികയില്‍


ന്യൂഡല്‍ഹി: രാജ്യത്തെ ഉത്തര സമതല പ്രദേശങ്ങള്‍കടുത്ത ഉഷ്‌ണ തരംഗത്തിന്റെ പിടിയില്‍. മേഖലയിലെ 10 പ്രദേശങ്ങള്‍ ലോകത്തെ ഏറ്റവും ചൂടു കൂടിയ 15 പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌.

48.9-48.6 ഡിഗ്രി സെല്‍ഷ്യസ്‌ രേഖപ്പെടുത്തിയ രാജസ്ഥാനിലെ ചുരു, ശ്രീ ഗംഗാനഗര്‍ പ്രദേശങ്ങള്‍ പാക്കിസ്ഥാനിലെ ജകോബാബാദിന്‌ (48 ഡിഗ്രി) തൊട്ടു മുന്നില്‍ നില്‍ക്കുകയാണെന്ന്‌ അന്തരീക്ഷ താപം രേഖപ്പെടുത്തുന്ന എല്‍ ദോറോദോ വെബ്‌ സൈറ്റ്‌ വ്യക്തമാക്കുന്നു.


യഥാക്രമം 47.4, 47.2 ഡിഗ്രി രേഖപ്പെടുത്തിയ ഉത്തര്‍ പ്രദേശിലെ ബന്ദ, ഹരിയാനയിലെ നര്‍നോല്‍ എന്നിവിടങ്ങളും പട്ടികയിലുണ്ട്‌. ഇന്ത്യയില്‍ ഉഷ്‌ണ തരംഗ ബാധിതമായ 15ല്‍ അഞ്ചും പാക്കിസ്ഥാന്റെ അയല്‍ പ്രദേശങ്ങളാണ്‌.

ഞായറാഴ്‌ച ഇന്ത്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഉഷ്‌ണ തരംഗത്തിന്റെ പിടിയിലായിരുന്നു. ഡല്‍ഹി, ജയ്‌പൂര്‍, കോത്ത, ഹൈദരാബാദ്‌, ലക്‌നൗ എന്നിവിടങ്ങള്‍ 45 ഡിഗ്രി സെല്‍ഷ്യസിന്റെ പരിധി കടന്നു.

അതേസമയം, മേഖലയിലെ ഷിംല, നൈനിത്താള്‍, ശ്രീനഗര്‍, ഹിമാലയന്‍ താഴ്‌വരകള്‍ എന്നിവിടങ്ങളില്‍ ചൂട്‌ സാധാരണ നിലയിലാണ്‌. ത്രിപുരയിലെ അഗര്‍ത്തലയിലാണെങ്കില്‍ ശനിയാഴ്‌ച മുതല്‍ കനത്ത മഴ പെയ്യുന്നുമുണ്ട്‌. ഷിംലയില്‍ ഞായറാഴ്‌ച പരമാവധി ചൂട്‌ 32 ഡിഗ്രി സെല്‍ഷ്യസും നൈനിത്താളില്‍ 33 ഡിഗ്രിയുമാണ്‌ രേഖപ്പെടുത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക