Image

ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ല; ക്രൈംബ്രാഞ്ച് അത് തെളിയിച്ചിരിക്കും, കലാഭവന്‍ സോബി

Published on 05 June, 2019
ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ല; ക്രൈംബ്രാഞ്ച് അത് തെളിയിച്ചിരിക്കും, കലാഭവന്‍ സോബി

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി. അതിന് പിന്നിലെ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തുമെന്നും കേസ് ക്രൈംബ്രാഞ്ച് തെളിയിച്ചിരിക്കുമെന്നും സോബി പറഞ്ഞു. ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയത്. അപകട സ്ഥലത്ത് നിന്ന് രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ ദുരൂഹതയുണ്ടെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും അതെല്ലാം നേരിടാന്‍ തയ്യാറായാണ് നില്‍ക്കുന്നതെന്നും സോബി പറഞ്ഞു.”അവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയും. അസ്വാഭാവികമായി തോന്നിയതുകൊണ്ടാണല്ലോ നമ്മള്‍ അത് ഓര്‍ത്തിരിക്കുന്നത്. അല്ലാതെ വഴിയാത്രക്കാരനായ നമ്മളെ പേടിപ്പിക്കേണ്ട കാര്യമില്ലല്ലോ. ഇക്കാര്യം ഞാന്‍ അന്നേ പറഞ്ഞിരുന്നു. എന്നാല്‍ ആരും മുഖവിലയ്‌ക്കെടുത്തില്ല. എന്റെ മുന്‍പില്‍ പത്തോളം വണ്ടികള്‍ ഉണ്ടായിരുന്നു. പിറകില്‍ വണ്ടികളൊന്നും ഉണ്ടായിരുന്നില്ല. വണ്ടി നിര്‍ത്താന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. വണ്ടികള്‍ എല്ലാം സ്ലോ ചെയ്യുന്നുണ്ടായിരുന്നു. അന്ന് ആ വഴി പോയ ആരെങ്കിലും അവിടെ നടന്ന സാഹചര്യം പറയാന്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നെങ്കില്‍ അത് ഗുണം ചെയ്‌തേനെ.

ബാലുവിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് തമ്പിയായിരുന്നു. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ തമ്പിയുടെ അടുത്ത് വിവരം പറയണമെന്നാണ് എല്ലാവരും പറഞ്ഞത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് അദ്ദേഹം തന്നെ ആറ്റിങ്ങല്‍ സി.ഐയുടെ അടുത്ത് കാര്യം പറഞ്ഞിട്ടുണ്ടെന്നും സി.ഐ എന്നെ വിളിക്കുമെന്നുമാണ്. സി.ഐ വിളിക്കാതായതോടെ ഞാന്‍ കരുതിയത് അദ്ദേഹം അന്വേഷിച്ചിട്ടുണ്ടാകുമെന്നും ലോക്കല്‍ ലെവലില്‍ ആരെയെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടാകുമെന്നാണ്. അതോടെ ഞാനും അത് വിട്ടു.

തമ്പിയെ അറസ്റ്റ് ചെയ്യുന്നതുവരെ അദ്ദേഹത്തെ സംശയമുണ്ടെന്ന് ഒരു മാധ്യമങ്ങളും പറഞ്ഞില്ല. ബാലുവിന്റെ അച്ഛന്‍ സംശയം പറഞ്ഞശേഷമാണ് അദ്ദേഹത്തെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. ബാലുവിനെ അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടില്ല. ഞാന്‍ ആ സ്ഥലം പിന്നിട്ട് രണ്ട് കിലോമീറ്റര്‍ മുന്നോട്ട് പോയ ശേഷം മാത്രമാണ് ആംബുലന്‍സും ഫയര്‍ എഞ്ചിനും മറ്റും വരുന്നത് കണ്ടത്.

ആ സമയത്ത് അപകടം നടന്ന വണ്ടിയോട് ചേര്‍ന്ന് ആരും ഉണ്ടായിരുന്നില്ല. പക്ഷേ വണ്ടികള്‍ നിയന്ത്രിച്ച് വിടാന്‍ ആളുകള്‍ റോട്ടില്‍ ഉണ്ടായിരുന്നു. പൊലീസും ആരും വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നില്ല. അവര്‍ മാത്രമേ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നുള്ളൂ. വണ്ടിയുടെ മറ്റേ ഭാഗത്ത് ആളുകള്‍ ഉണ്ടോ എന്നറിയില്ല. പുകമറയായിരുന്നു ഉണ്ടായിരുന്നത്. അപകടമരണമല്ല ഇത്. അത് ക്രൈംബ്രാഞ്ച് തെളിയിച്ചിരിക്കും. ആ വാര്‍ത്ത നമ്മള്‍ കേള്‍ക്കും. ” സോബി പറഞ്ഞു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരുന്നതിനിടയിലാണ് ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കള്‍ തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ് ദേശീയപാത വഴി പോകുമ്പോള്‍ അപകട സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടുവെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്. ഇതിനെത്തുടര്‍ന്നാണ് സോബിയോട് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക