Image

സമുദായത്തിന്റെ പൊതുവികാരം ഉള്‍ക്കൊണ്ടുവേണം രാഷ്ട്രീയ ഇടപെടലുകള്‍

കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 25 April, 2012
സമുദായത്തിന്റെ പൊതുവികാരം ഉള്‍ക്കൊണ്ടുവേണം രാഷ്ട്രീയ ഇടപെടലുകള്‍
പരുമല മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ രാഷ്ട്രീയ ഇടപെടലുകള്‍ അനിവാര്യമാകുന്ന സാഹചര്യങ്ങളില്‍, അത്‌ സമുദായത്തിന്റെ പൊതുവികാരങ്ങള്‍ മാനിച്ചുകൊണ്ടുവേണമെന്ന്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ ശ്രീ. കോരസണ്‍ വര്‍ഗീസ്‌(ന്യൂയോര്‍ക്ക്‌), ശ്രീ. തോമസ്‌ രാജന്‍(ഡാലസ്‌), ഡോ. ജോര്‍ജ്‌ തോമസ്‌(സൗത്ത്‌ ആഫ്രിക്ക) എന്നിവര്‍ പ്രസ്‌താവിച്ചു. നീതി ന്യായങ്ങള്‍ക്ക്‌ പുറം തിരിഞ്ഞു നില്‍ക്കുകയും, സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കു കീഴ്‌പ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ മുന്നണികള്‍, കേരളത്തില്‍ ദുര്‍ബലമായ രാഷ്ട്രീയ സാഹചര്യമാണ്‌ സൃഷ്ടിക്കുന്നത്‌. സമൂഹത്തിനു മുഴുവന്‍ പുഴുക്കുത്തു വീഴ്‌ത്തുന്ന ഇടതു-വലതു മുന്നണി രാഷ്ട്രീയ നാടകങ്ങള്‍ സംസ്‌ക്കാരത്തിനു തന്നെ അപമാനമായിത്തീരുന്ന അവസ്ഥക്കെതിരെ, സംഘടിത ജനശബ്ദമാണ്‌ ഉയരേണ്ടത്‌. അതിനു മനുഷ്യസ്‌നേഹികളും ദേശസ്‌നേഹികളുടേതുമായ ഒരു ജനമുന്നേറ്റത്തിനു വേണ്ടിയാണ്‌ മലങ്കരസഭ മുറവിളികൂട്ടുന്നത്‌. കേവലം വ്യക്തി വിരോധമോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായോ, ചില്ലറ പള്ളി വഴക്കുകളായോ ആരും ഇത്‌ തെറ്റിദ്ധരിക്കരുതെന്നും ഇവര്‍ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷനായ പരി. കാതോലിക്കാബാവ, കേരളത്തിലെ മറ്റ്‌ സഭാ നേതാക്കളെപ്പോലെ പരിമിത അധികാരങ്ങള്‍ ഉള്ള വിദേശസഭയുടെ പ്രാദേശിക മേല്‍നോട്ടക്കാരനല്ല. മാര്‍ത്തോമ്മന്‍ അപ്പോസ്‌തോലിക പിന്‍തുടര്‍ച്ചയുള്ളതും, സ്വയശീര്‍ഷകത്വവും ഉള്ള ഭാരതത്തിന്റെ സ്വതന്ത്രസഭാ തലവനാണെന്നും ഇവര്‍ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തിലെ വിഷലിപ്‌തമായ കിടമത്സരങ്ങളും, ഗോത്രതര്‍ക്കങ്ങളിലും കുടുങ്ങിപ്പോകാതെ, സമസ്‌ത ലോകത്തിനും, ഭാരത്തിന്റെ തനതായ സമാധാന ദൂത്‌ സംവേദിപ്പിക്കുവാനുള്ള പ്രവാചകശബ്ദമായി തീരണം തിളക്കമുള്ള പൗരസ്‌ത്യ കാതോലിക്ക സ്ഥാനമെന്നും ഇവര്‍ അടിവരയിട്ടു.

മലങ്കരസഭയുടെ പരമാദ്ധ്യക്ഷനായ പരി. ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ കാതോലിക്കബാവയുമായി പരുമല സെമിനാരിയില്‍ വച്ച്‌ നടത്തപ്പെട്ട ചര്‍ച്ചകള്‍ക്കുശേഷം, സഭ അഭിമുഖീകരിക്കുന്ന കാലിക പ്രശ്‌നങ്ങള്‍ക്ക്‌ പത്തു പ്രായോഗീക നിര്‍ദ്ദേശങ്ങള്‍ സഭയുടെ ഉന്നത നിര്‍വ്വഹണ സമിതിയുടെ ചര്‍ച്ചകള്‍ക്കും പരിഗണനകള്‍ക്കുമായി നല്‍കി.

മലങ്കര സഭ കേവല ഒരു പ്രാദേശിക സഭയല്ല എന്നും, പാശ്ചാത്യ പ്രവാസി സമൂഹവും, മലങ്കരസഭയുടെ ഭാഗമായ പാശ്ചാത്യ സമൂഹങ്ങളും ചേര്‍ന്ന ഒരു വലിയ സമൂഹം കേരളത്തിനു പുറത്ത്‌ വര്‍ദ്ധിച്ചു വരുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട്‌, സഭാ നേതൃത്വം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും ഇവര്‍ നേതൃത്വത്തോടു അഭ്യര്‍ത്ഥിച്ചു. പ്രവാസി സംബന്ധമായ പഠനത്തിനു നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമായി, വര്‍ക്കിംഗ്‌ കമ്മിറ്റിയുടെ ഒരു സബ്‌കമ്മിറ്റി ആയി പ്രവാസി വകുപ്പ്‌ ക്രമീകരിക്കുക, മലങ്കര അസോസിയേഷന്‍, മാനേജിംഗ്‌ കമ്മിറ്റി യോഗങ്ങള്‍ എന്നിവ അന്തര്‍ദേശീയ സമ്മേളനങ്ങളുടെ നിലവാരത്തിലേക്ക്‌ ക്രമീകരിക്കുക, പോസ്റ്റല്‍ വോട്ടിംഗ്‌ നടപ്പാക്കുക, ചട്ടങ്ങളും ക്രമങ്ങളും മറ്റു ഭാഷകളിലും ലഭ്യമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ അടിയന്തര പരിഗണനക്കായി നല്‍കിയിരിക്കുന്നത്‌.

മാര്‍ച്ച്‌ 28-ന്‌ തീയതി കോട്ടയം പഴയ സെമിനാരിയില്‍ വച്ച്‌ നടക്കപ്പെട്ട സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. പരി. കാതോലിക്ക ബാവയും, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും, സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും നിര്‍ദ്ദേശങ്ങളെ അനുഭാവപൂര്‍വ്വം സ്വാഗതം ചെയ്‌തു. കുടിയേറ്റ ഭൂമിയിലെ പ്രവാസി ശബ്ദത്തിനു അര്‍ഹമായ പരിഗണന ലഭിക്കുന്നതിനായി അമേരിക്ക, കാനഡ, യൂറോപ്പ്‌, ആഫ്രിക്ക എന്നീ പ്രദേശത്തു ജീവിക്കുന്ന സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ, റവ. ഫാ. ദാനിയേല്‍ പുല്ലേലില്‍, ശ്രീ കോരസണ്‍ വര്‍ഗീസ്‌, ശ്രീ പോള്‍ കറുകപ്പള്ളില്‍(നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്ക), റവ.ഫാ.രാജു. എം. ദാനിയേല്‍, ശ്രീ. തോമസ്‌ രാജന്‍, ശ്രീ. പുലിക്കോട്ടില്‍ ജോയി(സൗത്ത്‌ വെസ്റ്റ്‌ അമേരിക്ക), റവ.ഫാ.ഡോ.എം.ഒ. ജോണ്‍, ഡോ. ജോര്‍ജ്‌ തോമസ്‌, ശ്രീ.പാപ്പച്ചന്‍ പാലക്കല്‍, ശ്രീ. വി.എം. ജോസ്‌(യൂറോപ്പ്‌-ആഫ്രിക്ക)എന്നിവര്‍ പ്രവാസി ഐക്യനിരയില്‍ നേതൃത്വം നല്‍കുന്നു.
സമുദായത്തിന്റെ പൊതുവികാരം ഉള്‍ക്കൊണ്ടുവേണം രാഷ്ട്രീയ ഇടപെടലുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക