Image

തൃശൂരിൽ നിന്നുള്ള ബാലഭാസ്‌കറിന്റെ യാത്ര ക്രൈംബ്രാഞ്ച് പുനരാവിഷ്‌ക്കരിക്കുന്നു

Published on 06 June, 2019
തൃശൂരിൽ നിന്നുള്ള ബാലഭാസ്‌കറിന്റെ യാത്ര ക്രൈംബ്രാഞ്ച് പുനരാവിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ കാറപകടവുമായി ബന്ധപ്പെട്ട അന്വേഷണം ആദ്യംമുതല്‍ തുടങ്ങാന്‍ ക്രൈംബ്രാഞ്ച്. അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കണ്ടെത്താനായിരുന്നില്ല. അതുമുതല്‍ അന്വേഷണം തുടങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം ഒന്നൊന്നായി ചുരുള്‍ നിവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ബാലഭാസ്‌കറിന്റെ പിതാവ് ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.
അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌കറാണെന്ന് ആദ്യം തിരിച്ചറിഞ്ഞ സമീപവാസിയായ യുവതിയില്‍ നിന്ന് ബാലുവിനെ കാറില്‍ എവിടെയാണ് കണ്ടതെന്ന് സ്ഥിരീകരിക്കാന്‍ ശ്രമിക്കും. കേസില്‍ ലോക്കല്‍ പൊലീസ് കണ്ടെത്തിയ മുഴുവന്‍ സാക്ഷികളുടെയും മൊഴി പരിശോധിക്കും. ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കും. കൂടുതല്‍ സാക്ഷികളുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. ബാലഭാസ്‌കറിന്റെ കുടുംബം സംശയിക്കുന്ന സാമ്പത്തിക ഇടപാടുകളുള്ള പാലക്കാട്ടെ ഡോക്ടര്‍, സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് തമ്പി, ഡ്രൈവറായിരുന്ന അര്‍ജുന്‍ എന്നിവരെ വീണ്ടും കാണും. പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി എറണാകുളം സി.ജെ.എം കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. ബാലഭാസ്‌കറുമായി ഇവര്‍ പരിചയപ്പെട്ടത് മുതലുള്ള എല്ലാ കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും ഒന്നിച്ച് നടത്തിയ മറ്ര് യാത്രകളും മൊബൈല്‍ ഫോണുകള്‍, വാട്ട്‌സ് ആപ്പ് വഴിയും അല്ലാതെയും പരസ്പരം കൈമാറിയ സന്ദേശങ്ങള്‍, പണം ഇടപാടുകള്‍ തുടങ്ങിയവയെല്ലാം തെളിവ് സഹിതം ശേഖരിക്കും. പാലക്കാട്ടെ ആശുപത്രി, മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ബാലുവും കുടുംബവും സന്ദര്‍ശിച്ച സ്ഥലങ്ങള്‍, ക്ഷേത്രം, തൃശൂരില്‍ താമസിച്ച ഹോട്ടല്‍, വരുന്ന വഴിയ്ക്ക് ആഹാരം കഴിക്കാനും വിശ്രമിക്കാനുമായി ഇറങ്ങിയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടും. കാമറ തെളിവുകളുണ്ടെങ്കില്‍ അതും ശേഖരിക്കും. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍, പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍, വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് സന്ദേശങ്ങള്‍ എന്നിവ വീണ്ടെടുത്ത് പരിശോധിക്കും. യാത്രയ്ക്കിടെ ബാലഭാസ്‌കര്‍ താനുമായി വാട്ട്‌സ് ആപ്പ് വഴി ചാറ്റ് ചെയ്തിരുന്നുവെന്ന പ്രകാശ്തമ്പിയുടെ വെളിപ്പെടുത്തലും അപകടശേഷം ബാലുവിന്റെ ഫോണില്‍ നിന്ന് ലഭിച്ച പാലക്കാട്ടെ ഡോക്ടറുടെ ഫോണില്‍ അപകടവിവരം വിളിച്ചറിയിച്ചപ്പോള്‍ അവര്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിക്കാതെ ഫോണ്‍ കട്ട് ചെയ്തുവെന്ന ആരോപണത്തിന്റെയും നിജസ്ഥിതി പരിശോധിക്കും. തൃശൂരില്‍ റൂമെടുത്ത് തങ്ങിയ ബാലുവും കുടുംബവും പെട്ടെന്ന് തീരുമാനം മാറ്റി രാത്രിതന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാന്‍ തീരുമാനിച്ചതിന് പ്രേരിപ്പിച്ച കാരണവും ചികയും. അപകടത്തില്‍പ്പെട്ട വാഹനം ഫോറന്‍സിക് പരിശോധന നടത്തിയതിന്റെ ഫലം ഉടന്‍ ആവശ്യപ്പെടും. അത് പരിശോധിച്ചശേഷം മംഗലപുരം സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള കാര്‍ കൂടുതലായി പരിശോധിക്കും. അപകട സമയത്ത് വാഹനത്തില്‍ കണ്ടെത്തിയ രേഖകളും പഴ്‌സും ബാഗുകളുമുള്‍പ്പെടെയുള്ള രേഖകളുടെ വിവരങ്ങളും ശേഖരിക്കും. വാഹനത്തിന് എന്തെങ്കിലും വിധത്തിലുള്ള സാങ്കേതിക തകരാറുകള്‍ അപകടത്തിന് മുമ്പുണ്ടായിരുന്നോയെന്ന് അറിയാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടും. 

റോഡ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഫോറന്‍സിക് സംഘത്തിന്റെയും സഹായത്തോടെ അപകട സ്ഥലത്തെത്തി സ്വാഭാവിക അപകടത്തിന്റെ സാദ്ധ്യതകള്‍ ആരായും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, മറ്ര് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരിക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാദ്ധ്യതകളും പുന:പരിശോധിക്കും. ബാലഭാസ്‌കറിന്റെ അവസാനയാത്ര പുനരാവിഷ്‌കരിക്കാനുള്ള ശ്രമവും നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക