Image

പ്രോട്ടോക്കോൾ പ്രകാരം രാജ്‌നാഥ് സിംഗ്, പക്ഷേ മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെ

Published on 06 June, 2019
പ്രോട്ടോക്കോൾ പ്രകാരം രാജ്‌നാഥ് സിംഗ്, പക്ഷേ മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമൂഴം ഏറ്റെടുത്തതിന് പിന്നാലെ എട്ട് മന്ത്രിസഭാ ഉപസമിതികൾ പുനസംഘടിപ്പിച്ച് കേന്ദ്രസർക്കാർ. നരേന്ദ്ര മോദി ആറ് സമിതികളിൽ ഇടംപിടിച്ചപ്പോൾ ആഭ്യന്തര മന്ത്രി എല്ലാ സമിതികളിലും അംഗമായി. പ്രോട്ടോക്കോൾ പ്രകാരം മന്ത്രിസഭയിൽ രണ്ടാമനായ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ രണ്ട് സമിതികളിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. മോദി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണെന്ന വ്യക്തമായ സന്ദേശമാണ് ഇത് നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയകാര്യം, നിക്ഷേപം, വളർച്ച തുടങ്ങി എട്ട് മന്ത്രിസഭാ സമിതികളാണ് പുനസംഘടിപ്പിച്ചത്‌

ധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരാണ് അംഗങ്ങൾ. ഇതിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല കേന്ദ്രസക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്ന രാഷ്ട്രീയ കാര്യ സമിതിയിലും രാജ്‌നാഥ് സിംഗില്ല. അമിത് ഷാ, നിതിൻ ഗഡ്‌കരി, നിർമലാ സീതാരാമൻ, നരേന്ദ്ര തൊമാർ, രവി ശങ്കർ പ്രസാദ്, ഹർഷ് വർദ്ധൻ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, രാം വിലാസ് പാസ്വാൻ, ഹർസിംറാത്ത് കൗർ ബാദൽ, അരവിന്ദ് സാവൽ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. സാധാരണ പ്രധാനമന്ത്രിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യുന്നയാളെയാണ് മന്ത്രിസഭയിലെ രണ്ടാമനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തിൽ രാഷ്ട്രീയ കാര്യ സമിതിയെ നയിക്കുന്നത് മന്ത്രിസഭയിലെ ഈ രണ്ടാമനാണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി അമിത് ഷായെ ഉൾപ്പെടുത്തിയത് മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാണെന്നും ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മാത്രവുമല്ല പ്രധാന നിയമങ്ങൾ നടത്തുന്ന സമിതിയിൽ അമിത് ഷായും മോദിയും മാത്രമാണുള്ളത്.

നിക്ഷേപം തൊഴിൽ സുരക്ഷാ കാര്യങ്ങൾ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികൾ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സ‍ർക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളായി നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയർമാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളർച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക