Image

രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നാട്ടുകാർ ആത്മവിശ്വാസത്തിൽ

Published on 06 June, 2019
രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നാട്ടുകാർ ആത്മവിശ്വാസത്തിൽ

കൊച്ചി: നിപ്പയെ ചെറുത്ത് തോല്‍പ്പിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ നാടായ വടക്കേക്കര പഞ്ചായത്ത് നിവാസികള്‍. ബോധവല്‍ക്കരണ, പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഒറ്റക്കെട്ടായി ആരോഗ്യപ്രവർത്തകർക്കൊപ്പം നില്‍ക്കുകയാണ് ഈ നാട്ടുകാർ.

സംസ്ഥാനം മുഴുവന്‍ നിപ്പയെന്ന മഹാമാരിയെകുറിച്ചുള്ള ചർച്ചകളിലാണ്. പക്ഷേ ഇതൊന്നുംകേട്ട് പേടിച്ച് വീട്ടിലിരിക്കാന്‍ വടക്കേക്കര പഞ്ചായത്ത് നിവാസിളെ കിട്ടില്ല. ഉറവിടം വവ്വാലോ വവ്വാല്‍കടിച്ച പഴമോ എന്തുമാകട്ടെ വടക്കേക്കര പഞ്ചായത്തില്‍ കാര്യങ്ങളെല്ലാം പഴയതുപോലെ തന്നെയാണ്. 

കടകളെല്ലാം തുറന്നു. ആളുകള്‍ ജോലിക്കും പോയി, വേനലവധിയുടെ അവസാന ദിവസങ്ങള്‍ കുട്ടികള്‍ ആഘോഷമാക്കി. ഒറ്റപ്പെടുത്തലും കുത്തുവാക്കുമില്ല, തികഞ്ഞ ജാഗ്രതയിലും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നാണ് നാട്ടുകാർ ഒരേ സ്വരത്തില്‍ പറയുന്നത്.

രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ തുരുത്തിക്കരയിലെ വീട്ടില്‍ പഞ്ചായത്തധികൃതരും ആരോഗ്യ പ്രവർത്തകരും ദിവസവും പോകുന്നുണ്ട്. അവർ ഒരിക്കലും ഒറ്റയ്ക്കാവില്ല. പ്രതിരോധവും പരിചരണവും ഒറ്റക്കെട്ടായെന്ന് ഉറപ്പിക്കുകയാണ് ഈ ഗ്രാമം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക