Image

ചിദംബരത്തിനെതിരെ പുതിയ ആരോപണവുമായി സ്വാമി

Published on 26 April, 2012
ചിദംബരത്തിനെതിരെ പുതിയ ആരോപണവുമായി സ്വാമി
യൂഡല്‍ഹി:  2006-ല്‍ ധനമന്ത്രിയായിരിക്കെ എയര്‍സെല്‍, മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് വില്‍ക്കാന്‍ അനുമതി നല്‍കുന്നതില്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം കാലതാമസം വരുത്തിയെന്ന് ഡോ. സുബ്രഹ്മണ്യന്‍  സ്വാമി ആരോപിച്ചു. ഇതുമൂലം ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കിന് വലിയ സാമ്പത്തിക നേട്ടമുണ്ടായെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് കത്തയച്ചിട്ടുണ്ട്. എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനൊപ്പം ചിദംബരത്തെയും മകനെയും പ്രതിയാക്കണം. ഇരുവരെയും പ്രതിയാക്കിയില്ലെങ്കില്‍ താന്‍ കോടതിയെ സമീപിക്കും-അദ്ദേഹം പറഞ്ഞു.

കാര്‍ത്തിക്കിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയും എയര്‍സെല്ലും തമ്മില്‍ തെറ്റായ ഇടപാടുകളുണ്ടായിരുന്നു. കാര്‍ത്തിക്കിന്റെ കമ്പനിക്ക് എയര്‍സെല്ലില്‍ ഓഹരി കിട്ടിയ ശേഷമേ എയര്‍സെല്‍-മാക്‌സിസ് ഇടപാടിന് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് പ്രൊമോഷന്‍ ബോര്‍ഡ്(എഫ്.ഐ.പി.ബി.) അംഗീകാരം നല്‍കൂവെന്ന് ചിദംബരം ഉറപ്പുവരുത്തി.
മതിയായ തെളിവുണ്ടെങ്കിലും ആഭ്യന്തരമന്ത്രിക്കും മകനുമെതിരെ അന്വേഷണം നടത്താന്‍ സി.ബി.ഐ.ക്കാവില്ല. ചിദംബരം മന്ത്രിയായി തുടരുന്നിടത്തോളം സി.ബി.ഐ.ക്ക് നിഷ്പക്ഷമായ അന്വേഷണം സാധ്യമാകില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക