Image

300 യൂണീറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ യൂണീറ്റിന്‌ 10 രൂപ

Published on 26 April, 2012
300 യൂണീറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ യൂണീറ്റിന്‌ 10 രൂപ
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ മാസം 300 യൂണീറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക്‌ യൂണീറ്റിന്‌ 10 രൂപ ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. മുന്നൂറ്‌ യൂണീറ്റിനു മുകളില്‍ ഉപയോഗിക്കുന്ന ഓരോ യൂണീറ്റിനും പത്തുരൂപ നിരക്കില്‍ നല്‍കണം. ഏപ്രില്‍ 26 മുതല്‍ മെയ്‌ 31 വരെ അധികം ഉപയോഗിക്കുന്ന വൈദ്യുതിക്കാണ്‌ ഈ വില നല്‍കേണ്ടത്‌.

എന്നാല്‍ കടകള്‍,ചെറുകിട വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാവിഭാഗം ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക്‌ 10 ശതമാനം പവര്‍കട്ട്‌ ഏര്‍പ്പെടുത്താനുള്ള ബോര്‍ഡിന്റെ നിര്‍ദേശം കമ്മീഷന്‍ അതേപടി അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപയോഗിച്ച ശരാശരിയുടെ 90 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ അധികമുള്ള യൂണിറ്റിന്‌ പത്തുരൂപ ഇവരും നല്‍കണം. എന്നാല്‍ അധിക ഉപഭോഗത്തിന്‌ സര്‍ച്ചാര്‍ജ്‌ നല്‍കേണ്ടതില്ല. കൃഷിക്കുള്ള വൈദ്യുതിക്കും തെരുവുവിളക്കുകള്‍ക്കും നിയന്ത്രണമില്ല.

മാസം 150 യൂണിറ്റില്‍ കൂടുതലുള്ളതിന്‌ അധികനിരക്ക്‌ ചുമത്തിയാല്‍ ബില്‍ത്തുകയില്‍ 40 മുതല്‍ 97 ശതമാനംവരെ വര്‍ധനയുണ്ടാകുമെന്ന്‌ കമ്മീഷന്‍ വിലയിരുത്തി. ഇത്‌ 'താരിഫ്‌ ഷോക്ക്‌' ആവും. അതുകൊണ്ട്‌ കമ്മീഷന്‍ നിയന്ത്രണ പരിധി ഉദാരമാക്കി. ബോര്‍ഡിന്റെ നിര്‍ദേശം സാധാരണക്കാരെയടക്കം 10 ലക്ഷത്തോളം ഉപയോക്താക്കളെ ബാധിക്കുമായിരുന്നു. എന്നാല്‍ ഒരുലക്ഷംപേരെ മാത്രം ബാധിക്കുന്ന തരത്തിലാണ്‌ തങ്ങളുടെ തീരുമാനമെന്ന്‌ കമ്മീഷന്‍ അറിയിച്ചു.

ദിവസം അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ്‌ തുടരും. മാസം 150 യൂണിറ്റിന്‌ മുകളില്‍ 10 രൂപ ഈടാക്കാനുള്ള ബോര്‍ഡിന്റെ ശുപാര്‍ശ കമ്മീഷന്‍ തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക