Image

ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം തേടി ജോസ് കെ മാണി

Published on 07 June, 2019
ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായം തേടി ജോസ് കെ മാണി

കോട്ടയം: വളരും തോറും പിളരും, പിളരും തോറും വളരുമെന്ന ഖ്യാതി നേടിയ കേരളാ കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പിനു കൂടി സാധ്യത തെളിയുന്നു. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി പിടിവലികള്‍ നടക്കുന്നതിനിടെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനു കത്ത് നല്‍കിയതാണ് ഏറ്റവും പുതിയ വിവാദം.

എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍, എം.എല്‍.എ.മാരായ റോഷി അഗസ്റ്റിന്‍, കെ.എന്‍ ജയരാജ് എന്നിവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്ത യോഗത്തിലും ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാനില്ലെന്നും അതിനുവേണ്ടി പിരിയേണ്ടിവന്നാല്‍ അങ്ങനെ ചെയ്യുമെന്നും ജോസ് കെ. മാണി വിഭാഗം നിലപാടെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കമ്മീഷനു നല്‍കിയിരിക്കുന്ന കത്ത്.

നേരത്തേതന്നെ ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ പി.ജെ ജോസഫ് വിഭാഗം നിലപാടെടുത്തിരുന്നു.

പാര്‍ട്ടിയില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫിന് ചെയര്‍മാന്റെ അധികാരങ്ങളില്ലെന്നും കത്തില്‍ പറയുന്നു. പി.ജെ ജോസഫ് ആക്ടിങ് ചെയര്‍മാന്‍ പോലുമല്ല വര്‍ക്കിങ്് ചെയര്‍മാന്‍ മാത്രമാണെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ വാദം. വര്‍ക്കിങ് ചെയര്‍മാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് ഒഴിഞ്ഞുകിടക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാക്കുക എന്നതാണ്. അതിന് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും അതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നുമാണ് കത്തിലെ ആവശ്യം.

സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ജോയ് എബ്രഹാം പി.ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ 25 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രമാണ് ജോയ് എബ്രഹാമെന്നും പി.ജെ ജോസഫ് വര്‍ക്കിങ് ചെയര്‍മാനാണ് എന്നുകാണിച്ച് കത്തുനല്‍കാന്‍ ജോയ് എബ്രഹാമിന് അധികാരമില്ലെന്നും ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നു.

നേരത്തേ 127 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റി വിളിക്കണം എന്നാവശ്യപ്പെട്ട് പി.ജെ ജോസഫിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സമവായം ഉണ്ടാക്കിയതിന് ശേഷമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്ന നിലപാടില്‍ പി.ജെ ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ജോസ് കെ മാണിയുടെ രാജ്യസഭാ എം.പി സ്ഥാനത്തിനും തോമസ് ചാഴിക്കാടന് ലോക്സഭാ എം.പി സ്ഥാനത്തിനും വിട്ടുവീഴ്ച ചെയ്ത നിലയ്ക്ക് ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാനാകില്ലെന്ന് പി.ജെ ജോസഫും ഉറപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക