Image

രാഷ്ട്രീയത്തിന്‌ അതീതമായി വോട്ടര്‍മാര്‍ക്കൊപ്പമുണ്ടാകും,: രാഹുല്‍ ഗാന്ധി

Published on 08 June, 2019
രാഷ്ട്രീയത്തിന്‌ അതീതമായി വോട്ടര്‍മാര്‍ക്കൊപ്പമുണ്ടാകും,: രാഹുല്‍ ഗാന്ധി


കല്‍പ്പറ്റ: രാഷ്ട്രീയത്തിന്‌ അതീതമായി വോട്ടര്‍മാര്‍ക്കൊപ്പമുണ്ടാകുമെന്ന്‌ വയനാട്ടിലെ എം.പിയും കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിന്റെ പ്രശ്‌നങ്ങളും കേരളത്തിന്റെ പ്രശ്‌നങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപരമായതും കള്ളപ്രചാരണങ്ങള്‍ക്കെതിരായും സ്‌നേഹംകൊണ്ട്‌ പോരാടാനാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. വയനാട്‌ ജില്ലയിലെ പര്യടനത്തിനിടെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.

പകയും ,വിദ്വേഷവും, അരക്ഷിതാവസ്ഥയുമാണ്‌ മോദി പ്രതിനിധാനം ചെയ്യുന്നത്‌. ജനങ്ങളോടൊപ്പം താന്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുതരുന്നു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുമെന്നും പാര്‍ലമെന്റില്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണ്‌ ഞാന്‍, പക്ഷേ വയനാട്ടിലെ ഏത്‌ പൗരന്‍മാര്‍ക്കും ഏത്‌ പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കും എന്റെ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കുമെന്ന്‌ റോഡ്‌ ഷോയില്‍ രാഹുല്‍ പറഞ്ഞു.

ഇന്നലെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്‌ക്ക്‌ 2.30 നാണ്‌ രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്‌. യു.ഡി.എഫ്‌ നേതാക്കള്‍ ചേര്‍ന്നാണ്‌ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ കാളികാവിലായിരുന്നു ആദ്യ സ്വീകരണം. മഴയും മിന്നലും അവഗണിച്ച്‌ പതിനായിരങ്ങള്‍ ആവേശത്തോടെ രാഹുലിനെ കാണാനെത്തി.

പിന്നീട്‌ നിലമ്‌ബൂര്‍, എടവണ്ണ, അരിക്കോട്‌ എന്നിവിടങ്ങളില്‍ രാഹുല്‍ എത്തി. തുടര്‍ന്ന്‌ റോഡ്‌ മാര്‍ഗ്ഗം രാത്രിയോടെയാണ്‌ രാഹുല്‍ ഗാന്ധി കല്‍പ്പറ്റയിലെത്തിയത്‌. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ്‌ ഹൗസിലാണ്‌ താമസിച്ചത്‌. ഇന്ന്‌ രാവിലെ 10 മണിക്ക്‌ കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു.

ഇവിടെവച്ച്‌ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി. കര്‍ഷക പ്രതിനിധികള്‍, ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ ,റെയില്‍വേ ആക്ഷന്‍ കമ്മിറ്റി, ആദിവാസി പ്രതിനിധികള്‍ തുടങ്ങിയവരാണ്‌ കൂടിക്കാഴ്‌ച നടത്തിയത്‌. തുടര്‍ന്ന്‌ റോഡ്‌ഷോ ആരംഭിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസ്‌ പരിസരത്തു നിന്നാണ്‌ റോഡ്‌ ഷോയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. കമ്‌ബളക്കാട്‌, പനമരം, മാനന്തവാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, എന്നിവിടങ്ങളില്‍ ഇന്ന്‌ പര്യടനം നടത്തുന്നുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക