Image

ഷംസീർ ഓ‌‌ഫീസിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി നസീർ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Published on 09 June, 2019
ഷംസീർ ഓ‌‌ഫീസിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി നസീർ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: ഓ‌‌ഫീസിൽ വിളിച്ചു വരുത്തി എ.എൻ ഷംസീർ എം.എൽ.എ ഭീഷണിപ്പെടുത്തിയതായി തലശേരി നഗരസഭാ മുൻ കൗൺസിലറും വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന സി.ഒ.ടി നസീർ ആരോപിച്ചു. വധശ്രമം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും, കൊലപാതക രാഷ്ട്രീയത്തിനെതിരെ കൃത്യമായ നടപടികൾ ഉണ്ടാകണമെന്നും നസീർ കൂട്ടിച്ചേർത്തു.

അതേസമയം, സി.ഒ.ടി നസീർ വധശ്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തായി. ദേഹത്ത് ബൈക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത കൊളശേരി സ്വദേശി റോഷൻ, വേറ്റുമ്മൽ സ്വദേശി ശ്രീജൻ എന്നിവർ കഴിഞ്ഞ ദിവസം തലശേരി കോടതിയിൽ കീഴടങ്ങിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐക്കും സംഘത്തിനും സൂചനപോലും ഇല്ലാതിരിക്കെയാണ് റോഷനും ശ്രീജനും കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും പ്രതി സ്ഥാനത്ത് പൊലീസ് ഉൾപ്പെടുത്തുകയോ, പേരുകൾ കോടതിയിൽ നൽകുകയോ ചെയ്തിട്ടില്ല. എന്നാൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന നിലയിലാണ് ഇരുവരും കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടാതെ 14 ദിവസത്തക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.

നസീറിനെതിരെ നടന്ന വധശ്രമം സി.പി.എം സ്വന്തം നിലയ്ക്ക് അന്വേഷിക്കുന്നുണ്ട്. തനിക്കെതിരെ ആക്രമണം നടത്താൻ ഷംസീർ ഗൂഢാലോചന നടത്തിയെന്ന് നസീർ മൊഴി നൽകിയതിൽ സത്യാവസ്ഥയുണ്ടോ എന്നാണ് പാർട്ടി അന്വേഷിക്കുന്നത്. സി.പി.എം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ നസീറിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. തനിക്കെതിരായ വധശ്രമത്തിൽ ജയരാജന് പങ്കില്ലെന്നും നസീർ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം 19ന് രാത്രിയാണ് നസീറിന് നേരെ ആക്രമണമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക