Image

ദൈവം പരിണാമങ്ങളിലൂടെ

ജി. പുത്തന്‍കുരിശ്‌ Published on 26 April, 2012
ദൈവം പരിണാമങ്ങളിലൂടെ
റയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റുഫോമില്‍ ഇരുന്നു കരയുമ്പോള്‍ ആരോ തോളില്‍ തട്ടി ചോദിച്ചു, `കുട്ടി നീ എന്തിനാണ്‌ കരയുന്നത്‌?' വിങ്ങി കരഞ്ഞുകൊണ്ടവന്‍ മറുപടി പറഞ്ഞു. `എനിക്ക്‌ വീട്ടിലേക്ക്‌ തിരികെ പോകാന്‍ കാശില്ല.' `നിന്റെ വീട്‌ എവിടെയാണ്‌? നീ എന്തിനാണ്‌ ഇവിടെ വന്നത്‌?' അദ്ദേഹം ചോദിച്ചു. `എന്റെ അപ്പച്ചന്‍ മരിച്ചു പോയി. വീട്ടിലേക്ക്‌ കൊണ്ടു പോകാന്‍ കാശില്ലാത്തതു കൊണ്ട്‌ ചിലരുടെ സഹായത്തോടെ ഇവിടെതന്നെ അടക്കി.' `നിന്റെ വീട്‌ എവിടെയാണ്‌? വീട്ടില്‍ ആരൊക്കെയുണ്ട്‌?' അദ്ദേഹം തിരക്കി. ആ മുഖത്ത്‌ ആകാംക്ഷയും ആര്‍ദ്രതയും നിഴലിക്കുന്നുത്‌ അവന്‍ കണ്ടു. `എന്റെ വീട്‌ കേരളത്തിലാണ്‌. അമ്മയും സഹോദരങ്ങളും സഹോദരിയും ഉണ്ട്‌. ഞാനാണ്‌ മൂത്തത്‌.' നിനക്ക്‌ ഏത്ര വയസ്സുണ്ട്‌? `പതിനാല്‌ വയസ്സ്‌.' നിശ്വാസത്തിന്റെ ശബ്‌ദം അദ്ദേഹത്തില്‍ നിന്ന്‌ ഉയരുന്നത്‌ അവന്‍ കേട്ടു. കാഴ്‌ചയില്‍ ഒരു ഡോക്‌ടറെ പോലെയുണ്ട്‌. കരുണയുടെ നനവ്‌ ആ കണ്ണുകളില്‍ കാണാമായിരുന്നു. അദ്ദേഹം ഇരുപത്തിഅഞ്ചു രൂപ കൈയില്‍ വച്ചു കൊടുത്തു സമാധാനത്തിന്റെ വാക്കുകളും പറഞ്ഞ്‌ നടന്നകന്നു. ദൈവം പറഞ്ഞയച്ച മനുഷ്യന്‍. അല്ല ദൈവം തന്നെ. അവന്റെ മനസ്സില്‍ ഇരുന്ന്‌ ആരോ പറഞ്ഞു. പിന്നീട്‌ ജീവിതത്തില്‍, പരീക്ഷകളുടെ നെരിപ്പോടുകളില്‍ നില്‍ക്കുമ്പോള്‍, അവന്‌ ദൈവത്തെ കാണുവാനും അനുഭവിക്കുവാനും, ശബ്‌ദം കേള്‍ക്കുവാനും കഴിഞ്ഞിട്ടുണ്ട്‌. പക്ഷെ ആ അനുഭവങ്ങള്‍ അവന്‌ സ്വന്തമായിരുന്നു.

വര്‍ഷങ്ങള്‍ എത്ര വേഗം പിന്നിട്ടു. മനുഷ്യനും ദൈവവുമായുള്ള അകലം വര്‍ദ്ധിച്ചു. ദൈവം ആകാശങ്ങള്‍ക്കപ്പുറത്ത്‌ കാണാമറയത്ത്‌ ഇരിക്കുന്ന ഒരു മൂപ്പനായി. ചിലര്‍ക്ക്‌ അവന്‍ ശിക്ഷിക്കുന്ന ദൈവമായി. ചൂരല്‍ വടിയുമായി ശിക്ഷിക്കാനിരിക്കുന്ന ദൈവം. മറ്റു ചിലര്‍ക്ക്‌ പ്രതിഫലം നല്‍കുന്ന ദൈവമായി. മനുഷ്യന്റെ ഭാവനയ്‌ക്കൊത്ത്‌ ദൈവത്തിന്റെ രൂപഭാവങ്ങള്‍ക്ക്‌ മാറ്റം വന്നുകൊണ്ടിരുന്നു. രാത്രിയുടെ യാമങ്ങളില്‍ മനുഷ്യന്‍ ഏകനായിരുന്നു ദൈവത്തെ നിര്‍വചിച്ചു. ആ ദൈവത്തെ കുറിച്ച്‌ അവര്‍ വാ തോരാതെ സംസാരിച്ചു. വരാന്‍ പോകുന്ന വിപത്തുകളെ കുറിച്ച അവര്‍ പ്രവചിച്ചു. ജനം അവരെ പ്രവാചകര്‍ എന്നു വിളിച്ചു. അങ്ങനെ ദൈവത്തിനും മനുഷ്യനും ഇടക്ക്‌ നികത്താനാവാത്ത വിടവ്‌ സൃഷ്‌ടിക്കപ്പെട്ടു. ഒുരു കാലത്ത്‌ ജനങ്ങളുടെ ഇടയില്‍ അവരെ സ്‌നേഹിച്ച്‌, അവരുടെ വേദനകള്‍ പങ്കുവച്ച്‌, അവരുടെ കണ്ണിര്‌ ഒപ്പി അവരോടപ്പം ഉലാത്തിയിരുന്ന ദൈവം പുറത്തായിരി
ക്കുന്നു. അന്നുവരെ അവര്‍ ദൈവത്തിനു നല്‍കിയുരുന്ന മാന്യതയും, ബഹുമാനങ്ങളും, അധികാരങ്ങളും സ്വന്തമാക്കി, ദൈവത്തെ ദേവാലയത്തില്‍ ബന്ധിതനാക്കി, അവര്‍ അവിടെ കാവല്‍ ഇരുന്ന്‌, അരണ്ട വെളിച്ചത്തില്‍., അവര്‍ തങ്ങളുടെ സാങ്കല്‌പിക ദൈവത്തെകുറിച്ച വീണ്ടും വീണ്ടും ചുരുളുകളില്‍ ആലേഖനം ചെയ്യുതുകൊണ്ടിരുന്നു.

കാലത്തിന്റെ രഥചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. ബേദലഹേമില്‍ യേശു എന്നു പേരുള്ള ഒരു ബാലന്‍ വളര്‍ന്നു വലുതായി. അവന്‍ സഹജീവികളെ സ്‌നേഹിക്കുകയും അവരുടെ വേദനകളില്‍ പങ്കു ചേരുകയും ചെയ്യുതിരുന്നു. അവന്റെ വാക്കുകളില്‍ ആദ്ധ്യാത്‌മിക വശ്യയത ഉണ്ടായിരുന്നു, പ്രത്യാശ ഉണ്ടായിരുന്നു. സാമൂഹ്യ ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക്‌ അവന്‍ ഉണര്‍വ്വായി, ഉ?േഷമായി. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അവന്‍ ആശ്വാസത്തിന്റെ അത്താണിയായി.. സ്വര്‍ഗ്ഗരാജ്യം മനുഷ്യരുടെ ഇടയില്‍തന്നെയുണ്ടെന്നും, അത്‌ മറ്റൊരിടത്ത്‌ തിരയണ്ട ആവശ്യമില്ലെന്നും അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. തങ്ങളില്‍ തന്നെ കുടികൊള്ളുന്ന ശക്‌തി വിശേഷത്തെ തിരിച്ചറിയുവാന്‍ അവന്‍ അവരോട്‌ ആവശ്യപ്പെട്ടു. സൈമണ്‍ ഏന്നു പേരുള്ളതും വളരെ ഇളക്കമുള്ള പരുക്കനായ മുക്കവന്റെ ഹൃദയത്തെ, കഠിനവും സംഘര്‍ഷവും ത്യാഗനിബിഡമായ കനല്‍ചൂളക്കുള്ളിലിട്ട്‌ ഊതികഴിച്ച്‌ മനഷ്യനെ സ്‌നേഹിക്കുന്ന, ജീവന്റെ ജലം പൊട്ടിയൊഴുകുന്ന പാറയാക്കി മാറ്റി. അലസരായ പലരെയും അവന്‍ ഏഴുന്നേല്‍പ്പിച്ച്‌ നടത്തുകയും, രോഗചിന്തകളില്‍ നിന്ന്‌ വിടുതല്‍ നല്‍കുകയും ചെയ്യുതു. യാഥാസ്ഥിതിക വിശ്വാസത്തിന്റെ പിടിയില്‍പ്പെട്ട്‌ അന്ധരായ പലര്‍ക്കും അവന്‍ ഉള്‍ക്കാഴ്‌ച നല്‍കി. കുറ്റവാളികഉോട്‌്‌ കുറ്റബോധത്തില്‍ കുടുങ്ങികിടക്കാതെ പുറത്തു വരുവാനും പുതിയ ജീവിതപാന്ഥാവിലൂടെ യാത്രചെയ്യുവാനുമായി ക്ഷണിച്ചു. സ്‌നേഹം എന്ന ചുഴികുറ്റിയിലാണ്‌ മനുഷ്യരാശിയുടെ ഭ്രമണം എന്നും, നാം അന്വേക്ഷിക്കുന്ന ദൈവം സ്‌നേഹമായി ശുദ്ധമായ ഹൃദയങ്ങളില്‍ വസിക്കുന്നു എന്നും, ആ സത്യത്തെ തിരിച്ചറിയുന്നതോടെ നാം എല്ലാവിധ ബന്ധനങ്ങളില്‍ നിന്നും മുക്‌തരാണന്നും, പരമമായ സ്വതന്ത്ര്യത്തിന്റ ഉടമാകളായി തീരുന്നുവെന്നും അദ്ദഹം ഉദ്‌ബോധിപ്പിച്ചു. തന്നെപോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുവാന്‍ അദ്ദേഹം ചുറ്റിലും നിന്നവരെ പഠിപ്പിച്ചു. തനിക്ക്‌ മറ്റുള്ളവര്‍ ചെയ്യണം എന്ന്‌ താന്‍ ആഗ്രഹിക്കുന്നത്‌ താന്‍ മറ്റുള്ളവര്‍ക്ക്‌ ചെയ്യുവാന്‍ അദ്ദേഹം അഹ്വാനം ചെയ്യുതു. മരണാനന്തര ജീവിതത്തെക്കാളും, പുനരുദ്ധാനത്തെക്കാളും, സ്‌നേഹത്തിലധിഷ്‌ടിതമായ ഭുമിയിലെ മനുഷ്യജീവിതമാണ്‌ ഏറ്റവും ധന്യം എന്ന്‌ അദ്ദേഹം സ്വന്ത ജീവിതത്തിലൂടെ, പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുത്തു. തെറ്റ്‌ ചെയ്യുന്നതിലുപരി അത്‌ തിരുത്തി ജീവിക്കുന്നതും അങ്ങനെയുള്ളവരെ ഉള്‍കൊണ്ടു ജീവിക്കുന്നതുമാണ്‌ സ്വര്‍ഗ്ഗത്തിന്റ പ്രമാണം എന്നതിന്‌ അദ്ദേഹത്തിന്റെ സുഹൃദ്‌ ബന്ധങ്ങള്‍ സാക്ഷിയായിരുന്നു. ക്ഷമയുടയും, സ്‌നേഹത്തിന്റേയും, കരുണയുടെയും സഹിഷണതയുടേയും ഉദാത്താമായ ഭാവങ്ങളെ മനുഷ്യരാശിയ്‌ക്കായി അദ്ദേഹം ക്രൂശില്‍ അനാവരണം ചെയ്യുത്‌.

ദേവാലയത്തിന്റെ കാവല്‍ക്കാര്‍ കയ്യാഫസിന്റെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ ആരംഭിച്ചു. `യേശുവിനെ ഇങ്ങനെ വിട്ടാല്‍, നാം ഇന്നുവരെ പടുത്തുയര്‍ത്തിയ പാരമ്പര്യങ്ങളും, ദൈവ ചിന്തകളും വേദങ്ങളും, ശിഥിലമാക്കപ്പെടുകയും, വിശേഷാധികാരങ്ങള്‍ നഷ്‌ടമാകുകയും ചെയ്യും.. ഉടനെ എന്തെങ്കിലും ചെയ്യതെപറ്റ്‌.' അവര്‍ തമ്മില്‍ പറഞ്ഞു. അസ്വസ്ഥരായി ദേവാലയത്തിന്റെ അങ്കണത്തില്‍ അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി. പെട്ടന്ന്‌ കയ്യാഫസ്‌ മുന്നിലേക്കു വന്നു. `എനിക്ക്‌ ഒരു ആശയം തോന്നുന്നു'. യേശുവിനെ കൊല്ലുക തന്നെ. ചുറ്റും നിന്നവര്‍ ഒന്നു ഞെട്ടി എങ്കിലും നിലനില്‌പിന്റെ പ്രശ്‌നമായതുകൊണ്ട്‌ ചെവി കൂര്‍പ്പിച്ച്‌ കയ്യാഫസിനെ ശ്രദ്ധിച്ചു. `അതെ ലോകത്തില്‍ ആര്‍ക്കും നമ്മളെ കുറിച്ച സംശയം തോന്നാത്ത വിധത്തില്‍, ഹെരോദ്ധാവിന്റേയും, പീലാത്തോസിന്റേയും രോക്ഷം യേശുവിന്‌ നേരെ തിരിച്ചു വിടുക. യേശു പ്രസംഗിക്കുന്ന സ്വര്‍ഗ്ഗ രാജ്യം അവരുടെ ഭരണത്തിന്‌ ഒരു ഭീക്ഷണിയാണെന്നും, ഉടനെ എന്തിങ്കിലും ചെയ്യ്‌തില്ലങ്കില്‍ യേശുവും കൂട്ടരും, ഒരു അപ്രതീക്ഷിത വിപ്ലവത്തിലൂടെ അധീകാരം കയ്യാളുമെന്നും തെറ്റു ധരിപ്പിക്കുക.' ചുറ്റും നിന്നവര്‍ പരസ്‌പരം നോക്കുകയും കയ്യാഫസിന്റെ അസൂയവാഹമായ കൂര്‍മ്മബുദ്ധിയില്‍ അഭിമാനം കൊള്ളുകയും ചെയ്യുതു. അവര്‍ ഒത്ത്‌ ഒരുമിച്ചു വിളിച്ചു പറഞ്ഞു, `യേശുവിനെ ക്രൂശിക്കുക.'

തന്റെ സങ്കടം ആരോട്‌ പറയാന്‍. അവന്‍ വളരെനേരം ഇരുന്നു കരഞ്ഞു. അന്ന്‌ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട മനുഷ്യന്‌ യേശുവിന്റെ കരുണയുണ്ടായിരുന്നു. കണ്ടിട്ടും കാണാത്തപോലെ നടിച്ചില്ല. മുഷിഞ്ഞ വസ്‌ത്രങ്ങളും, തകര്‍ന്ന ഹൃദയവുംമുള്ള തന്റെ അരികില്‍ വന്ന്‌ സ്‌നേഹ സ്‌പര്‍ശങ്ങളാല്‍ സ്വാന്തനപ്പെടുത്തിയ ആ വ്യക്‌തി യേശു തന്നെയായിരുന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞു. സത്യത്തിന്‌ നേരെ എന്തുകൊണ്ട്‌ എല്ലാവരും മുഖുംതിരിക്കുന്നു? എന്തുകൊണ്ട്‌ സത്യം എന്നും ക്രുശിക്കപ്പെടുന്നു? എന്തുകൊണ്ട്‌ മുഖംമൂടി ധരിച്ചുകൊണ്ട്‌ സത്യത്തെ നേരിടുന്നു? എന്തിനാണ്‌ സത്യത്തെ ഭയപ്പെടുന്നത്‌? കള്ളന്മാരേയും, വേശ്യയേയും, സമൂഹം പുറതള്ളിയവരെയും തന്റെ മാറോട്‌ ചേര്‍ത്തു പിടിച്ച്‌ പുനരധിവാസത്തിന്റെ ദിവ്യമന്ത്രങ്ങള്‍ അവരുടെ കാതുകളില്‍ ഓതികൊടുത്ത യേശു ക്രൂശുമരണത്തിന്‌ യോഗ്യനോ? അന്തമില്ലാത്ത ചോദ്യങ്ങളുടെ പ്രവാഹം അവന്റെ മനസ്സിനെ അന്തര്‍മുഖതയിലേക്കു നയിച്ചു. കഴിഞ്ഞകാലങ്ങളുടെ, ചരല്‍പാതകളിലൂടെ യാത്രചെയ്യ്‌തു ആ മനസ്സ്‌ ക്രൂശില്‍ മരിച്ചുകിടക്കുന്ന സ്‌നേഹമുര്‍ത്തിയായ യേശുവില്‍ ചെന്നു നിന്നു.

പരിവര്‍ത്തനങ്ങളിലൂടെ കാലം മുന്നോട്ട്‌ കുതിച്ചു. കയ്യാഫസും, ഹെരോദ്ധാവും,
പീലാത്തോസും, യേശുവിനെ ക്രൂശിക്കാന്‍ കൂട്ടു നിന്നവരും കാലയവനികക്കുള്ളില്‍ മറഞ്ഞു. അസ്ഥികള്‍ പുത്തു. പുതിയ വേദാന്ത ചിന്തകളും, പുതിയ തന്ത്രങ്ങളുംമായി പുതുതലമുറകള്‍ വന്നു. പഴയതിനേയും പുതിയതിനേയും കൂട്ടി ഇണക്കി അത്യന്താധുനിക ആശയങ്ങള്‍ക്ക്‌ അവര്‍ രൂപം നല്‍കി. യേശുവിന്റെ ക്രൂശിലെ രാഷ്‌ട്രീയ കൊലപാതകം മനുഷ്യരാശിയുടെ രക്ഷയ്‌ക്കായുള്ള ക്രൂശുമരണമായി ചിത്രികരിച്ചു. സങ്കല്‌പങ്ങളുടെ തേരില്‍ ഇരുന്നു വേദ പണ്ഡിതന്മാര്‍ അവരുടെ വ്യഖ്യാനങ്ങള്‍ തുടര്‍ന്നു കൊണ്ടെ ഇരുന്നു. സ്‌നേഹം ഇല്ലാത്ത കരുണയില്ലാത്ത, മനുഷ്യ മുഖങ്ങളില്ലാത്ത ഒരു പ്രസ്ഥാനം വളര്‍ന്ന്‌, വിഘടിച്ചു, ശാഖകളും ഉപശാഖകളുമുള്ള വ്യവസായം ആയി മാറി. വെള്ളികാശുകളുടെ കിലുക്കം സ്വാന്തനത്തിന്റെ സംഗീതമായി. ഭൗതികതയുടെ തിളക്കത്തെ ദൈവാനുഗ്രഹത്തിന്റെ മാനദണ്ഡങ്ങളാക്കി തെറ്റുധരിപ്പിച്ച അവര്‍ ജനത്തെ അവരോടൊപ്പം പിടിച്ചു നിറുത്തുകയും, തങ്ങളുടെ സുരക്ഷിതത്ത്വം ഉറപ്പു വരുത്തുകയും ചെയ്യുതു. യേശുവിന്റെ ജന്മനാട്ടിലേക്കുള്ള തീര്‍ത്താടകരുടെ പ്രവാഹത്തില്‍ `ദാവിദ്‌ പുത്രാ എന്നോട്‌ കരുണയുണ്ടാകണെ' എന്ന നിരാശ്രയരുടെ നിലവിളികള്‍ ആഴ്‌ന്ന്‌ ഒലിച്ചുപോയി.

ഇന്ന്‌, ഈ തിരക്കുപിടിച്ച പട്ടണത്തിന്റെ തെരുവിലൂടെ സഞ്ചരിക്കുമ്പോള്‍, തന്റെ നേരെ നോക്കി യാചിക്കുന്നവരെ കാണുമ്പോള്‍, ആരെയും ശ്രദ്ധിക്കാതെ, ജടപിടിച്ച മുടിയും, മുഷിഞ്ഞ വസ്ര്‌തവുമായി പിറുപിറുത്തിരിക്കുന്ന അര്‍ദ്ധപ്രഞ്‌ജരായ മനഷ്യകോലങ്ങളെ കാണുമ്പോള്‍, മനസ്സു മന്ത്രിച്ചു.`എനിക്കു വിശന്നു നീ എനിക്ക്‌ ആഹാരം തന്നു. എനിക്കു ദാഹിച്ചു നീ എനിക്ക്‌ കുടിപ്പാന്‍ തന്നു. ഞാന്‍ നിനക്ക്‌ അപരിചിതനെങ്കിലും നീ എന്നെ നിന്റെ ഭവനത്തിലേക്ക്‌ ക്ഷണിച്ചു. ഞാന്‍ രോഗി ആയിരുന്നു നീ എന്നെ ശുശ്രൂഷിച്ചു. ഞാന്‍ തടവിലായിരുന്നു നീ എന്നെ സന്ദര്‍ശിച്ചു.' അതെ നാം അനേഷിക്കുന്ന ദൈവം നമ്മില്‍ ജീവിക്കുന്നു, നമ്മിലൂടെ കാണുന്നു, നമുക്കു ചുറ്റും ജീവിക്കുന്നു സ്‌നേഹമായി, കരുണയായി, കരുതലായി.


സ്വയ പരിശോധന

1. ദൈവത്തെകുറിച്ചുള്ള താങ്കളുടെ സങ്കല്‌പങ്ങള്‍ എന്താണ്‌? ദൈവം മനുഷ്യ മനസ്സിലോ? അതോ ഒരു പിടികിട്ടാ പുള്ളിയോ?

2. നമ്മളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ ദൈവത്തിന്റെ ശിക്ഷയോ അതോ പുതിയ അറിവുകളിലേക്കും അനുഭവങ്ങളിലേക്കുമുള്ള വഴിതാരകളോ?

3.യേശു ദൈവമോ അതോ ദൈവത്തിലേക്കുള്ള മാര്‍ഗ്ഗമോ?

4. സ്വതന്ത്രമാക്കുന്ന സത്യം എന്താണ്‌?

5.മതത്തിന്റെ വലിപ്പവും അംഗബാഹുല്യവും നിങ്ങളുടെ സത്യബോധത്തിന്‌ ഒരു ഭീക്ഷണിയോ?

6.നിങ്ങളുടെ ആശയഗതികളോട്‌ യോജിക്കുന്നവരെ അപുര്‍വ്വമായെങ്കിലും നിങ്ങള്‍ കണ്ടെത്താറുണ്ടോ?

7.സമൂഹവുമായി ചേര്‍ന്നു നിന്നില്ലങ്കില്‍ നിങ്ങള്‍ ഒറ്റപ്പെട്ടുപോകുമെന്നുള്ള ഭയം നിങ്ങളെ അലട്ടാറുണ്ടോ?

8.നിങ്ങളുടെ ജീവിത അനുഭവങ്ങള്‍ നിങ്ങളെ കരുത്തനാക്കിയോ? അതോ ദുര്‍ബലനാക്കിയോ?

9.നിങ്ങളിലെ ദൈവത്തെ കൂടുതല്‍ അറിയാനുള്ള അവസരം നിങ്ങള്‍ പരിഗണിക്കുമോ അതോ അവഗണിക്കുമോ?

10.സ്വസ്ഥതയുടെ നടുവിലോ അസ്വസ്ഥയുടെ നടുവിലോ ദൈവ സാമ്യപ്യം എറ്റവും കൂടുതല്‍ നിങ്ങള്‍ അനുഭവപ്പെട്ടിട്ടുള്ളത്‌?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക