Image

പ്രേക്ഷകനെ നിരാശപ്പെടുത്താതെ `തൊട്ടപ്പന്‍'

Published on 10 June, 2019
പ്രേക്ഷകനെ നിരാശപ്പെടുത്താതെ `തൊട്ടപ്പന്‍'


കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെയാകെ ഞെട്ടിച്ച നടനാണ്‌ വിനായകന്‍. കിസ്‌മത്ത്‌ എന്ന ചിത്രത്തിനു ശേഷം ഷാനവാസ്‌ ബാവക്കുട്ടി സംവിധാനം ചെയ്‌ത തൊട്ടപ്പന്‍ എന്ന ചിത്രത്തിലെ നായക കഥാപാത്രമായി വന്ന്‌ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്‌ച വയ്‌ക്കുകയാണ്‌ വിനായകന്‍. വളരെ യഥാര്‍ത്ഥമായ ജീവിതകഥ തികഞ്ഞ സ്വാഭാവികതയോടെ അഭ്രപാലികളില്‍ അവതരിപ്പിക്കുകയാണ്‌ തൊട്ടപ്പനിലൂടെ.

രക്തത്തിന്‌ വെള്ളത്തേക്കാള്‍ കട്ടിയുണ്ട്‌ എന്നു പറയറുണ്ട്‌. എന്നാല്‍ രക്തബന്ധത്തെക്കാള്‍ വലിയ ബന്ധങ്ങളും ഈ ഭൂമിയിലുണ്ട്‌. ജന്‍മം നല്‍കിയതുകൊണ്ടു മാത്രം ആരും രക്ഷകര്‍ത്താവാകുന്നില്ല. നല്ലൊരു രക്ഷകര്‍ത്താവാകാന്‍ ജന്‍മം നല്‍കണമെന്നുമില്ല. ഈ സന്ദേശമാണ്‌ തൊട്ടപ്പന്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ഒരു ദ്വീപിലാണ്‌ കഥ നടക്കുന്നത്‌.

ജോണപ്പനും ഇത്താക്കും ആത്മസുഹൃത്തുക്കളാണ്‌. തൊണ്ണൂറുകളുടെ മധ്യത്തിലാണ്‌ കഥ നടക്കുന്നത്‌. രണ്ടു പേര്‍ക്കും പ്രത്യേകിച്ച്‌ ജോലിയൊന്നുമില്ല. അല്ലര ചില്ലറ മോഷണങ്ങള്‍ നടത്തിയാണ്‌ ജീവിതം. ജോണപ്പന്‌ ഒരു മകളുണ്ട്‌. സാറ. കുഞ്ഞിന്റെ മാമോദീസായുടെ തലേന്ന്‌ ജോണപ്പനെ കാണാതാകുന്നു. തുടര്‍ന്ന്‌ ഇത്താക്കിന്‌ സാറയുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വരുന്നു. തുടര്‍ന്ന്‌ അയാളുടെ ജീവിതം മിക്കവാറും ആ കുഞ്ഞിലേക്ക്‌ ചുരുങ്ങുകയാണ്‌. തന്റെ ജീവിതം അവള്‍ക്കായി ഇത്താക്ക്‌ സമര്‍പ്പിക്കുന്നു.

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനോടും തിരിച്ച്‌ കുഞ്ഞിന്‌ പിതാവിനോടും ഉള്ളതിനേക്കാള്‍ ശക്തമായ ഒരു അച്ഛന്‍ മകള്‍ ആത്മബന്ധം ഇരുവര്‍ക്കുമിടയില്‍ ഉടലടുക്കുന്നു. സാറയുടെ വളര്‍ച്ചയുടെ വഴികളിലെല്ലാം ഒരു പിതാവിനെക്കാള്‍ കരുതലോടെ ഇത്താക്ക്‌ അവളരെ സംരക്ഷിക്കുന്നു. ഇവരുടെ കളിചിരികളും സ്‌നേഹവും വാത്സല്യവും കുറുമ്പുകളും നിറഞ്ഞ ലോകത്തേക്ക്‌ മൂന്നാമതൊരാള്‍ കടന്നു വരുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളാണ്‌ ചിത്രം പറയുന്നത്‌.

വിനായകന്‍ എന്നു പറയുന്ന നടന്റെ അഭിനയമികവിന്റെ ആഴങ്ങള്‍ ഒരിക്കല്‍ കൂടി പ്രേക്ഷകരെ സ്‌തംബ്‌ധരാക്കും. അത്രമാത്രം റിയലിസ്റ്റിക്കായിട്ടാണ്‌ ഈ ചിത്രത്തിലെ ഇത്താക്കിനെ വിനായകന്‍ അവതരിപ്പിച്ചിട്ടുള്ളത്‌. അതിസങ്കീര്‍ണ്ണമായ ഭാവവ്യതിയാനങ്ങളും ആത്മസംഘര്‍ഷങ്ങളും അഭിനയിച്ചു ഫലിപ്പിക്കേണ്ട നിരവധി മുഹൂര്‍ത്തങ്ങളാണ്‌ തൊട്ടപ്പനിലുള്ളത്‌. ആ പരീക്ഷണ സന്ധികളൊക്കെയും ഗംഭീരമായ അഭിനയ പാടവം പുറത്തെടുത്തുകൊണ്ട്‌ വിനായകന്‍ എന്ന നടന്‍ മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ നടന്‍മാരില്‍ ഒരാളായി ഉയര്‍ന്നിരിക്കുന്നു.

സാറയായി എത്തുന്ന പുതുമുഖം പ്രിയംവദ കൃഷ്‌ണന്റെ പ്രകടനവും പ്രേക്ഷരുടെ ഹൃദയം കവരാന്‍ പോന്നതാണ്‌. ഒരു പുതുമുഖത്തിന്റെ യാതൊരു പതര്‍ച്ചകളുമില്ലാതെ സാറയെ പ്രിയംവദ ഗംഭീരമാക്കിയിട്ടുണ്ട്‌. അരക്ഷിതാവസ്ഥ നിറഞ്ഞ.

അമ്മയുടെയും ബന്ധുക്കളുടെയും സ്‌നേഹവാത്സല്യങ്ങള്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ വളരാന്‍ വിധിക്കപ്പെട്ട സാറ നല്ല ധൈര്യമുള്ള പെണ്‍കുട്ടിയുമാണ്‌. അവളുടെ മാനസിക വ്യാപാരങ്ങളും വികാരവിക്ഷോഭങ്ങളുമെല്ലാം സുന്ദരമായി പകര്‍ന്നു വയ്‌ക്കാന്‍ പ്രിയംവദയ്‌ക്ക്‌ കഴിഞ്ഞു. രൂപത്തിലും ഭാവത്തിലും കഥാപരിസരത്തിനു ചേര്‍ന്ന കഥാപാത്രമായി മാറാന്‍ റോഷന്‍ മാത്യുവിനും കഴിഞ്ഞു.

നായകന്‍ ഉള്‍പ്പെടെ എല്ലാ കഥാപാത്രങ്ങള്‍ക്കും അഭിനയ സാധ്യത ഉള്ള ചിത്രമാണിത്‌. ജീവിതത്തിന്റെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ കടന്നു പോകേണ്ടി വരുന്ന, നിസഹായരായ മനുഷ്യരുടെ കഥയാണിത്‌. അവര്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങള്‍, ഭയം, വിദ്വേഷം അങ്ങനെ പലതും ഹൃദയത്തില്‍ അനുഭവിക്കേണ്ടി വരുന്നവര്‍. ഫ്രാന്‍സിസ്‌ നൊറോണയുടെ കഥയ്‌ക്ക്‌ തിരക്കഥയെവുതിയിരിക്കുന്നത്‌ പി.എസ്‌ റഫീഖാണ്‌. നല്ല സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരെ തൊട്ടപ്പന്‍ നിരാശപ്പെടുത്തില്ല.








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക