Image

കര്‍ണ്ണൻ്റെ പേരില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ചമഞ്ഞ് തട്ടിപ്പ് : പരാതി നൽകി ആര്‍ എസ് വിമല്‍

Published on 11 June, 2019
കര്‍ണ്ണൻ്റെ പേരില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ചമഞ്ഞ് തട്ടിപ്പ് : പരാതി നൽകി ആര്‍ എസ് വിമല്‍

ചിയാന്‍ വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന കര്‍ണയിലേക്ക് അഭിനേതാക്കളെ തേടുന്നെന്ന പേരില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ രംഗത്ത് വന്നിരിക്കുന്നു. ഓണ്‍ലൈന്‍ വഴി നടക്കുന്ന ഇത്തരം തട്ടിപ്പില്‍ തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ആര്‍.എസ് വിമല്‍ പറയുന്നു. ഇതിനെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് പരാതിയും ആര്‍.എസ് വിമല്‍ നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി നടക്കുന്ന തട്ടിപ്പില്‍ ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ കമ്പനിയുടെയും ലോഗോയും മറ്റ് വിവരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. വിവിധ വെബ് സൈറ്റുകളില്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നല്‍കുകയും ചെയ്തിട്ടുണ്ട്. പുതുമുഖ താരങ്ങളെ നേരിട്ട് ബന്ധപ്പെട്ടിട്ടുമുണ്ട്. മിതേഷ് നൊയ്ഡു, അനിത രാജ് എന്നീ പേരുകളിലുള്ളവരാണ് തട്ടിപ്പിന് പിന്നില്‍. 76 ദിവസത്തെ ഷൂട്ടിങ്ങിനായി 200000 രൂപ വരെയുണ്ടാകുന്ന ചെലവ് അഭിനേതാക്കള്‍ തന്നെ വഹിക്കണമെന്നും സന്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ചിത്രത്തിലേക്ക് തെരഞ്ഞെടുത്താല്‍ 8500 രൂപ ഓണ്‍ലൈനായി അടക്കണമെന്നും കരാര്‍ ഒപ്പിടമെന്നും സന്ദേശത്തില്‍ പറയുന്നു. പരസ്യം കണ്ട് പ്രതികരിച്ച ഒരു യുവതിയ്ക്ക് റോള്‍ ലഭിച്ചിരുന്നുവെന്നത് ഉറപ്പാക്കാന്‍ ഉടന്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ യുവതിയുടെ വീട്ടുകാര്‍ സ്വമേധേയ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് അറിഞ്ഞത്. തട്ടിപ്പുകാര്‍ ഇതിനകം തന്നെ നിര്‍മാതാക്കളാണെന്ന് അവകാശപ്പെട്ട് പലരുടെയും കയ്യില്‍ നിന്ന് പണം തട്ടിയതായി സംശയിക്കുന്നതായും ആര്‍എസ് വിമല്‍ പരാതിയില്‍ വ്യക്തമാക്കി. സിനിമാമോഹികളായ ചെറുപ്പക്കാരെ കബളിപ്പിച്ച് നടത്തുന്ന സ്‌ക്രീന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ തുടങ്ങിയവയുമായി ബന്ധമില്ലെന്ന് സംവിധായകന്‍ ആര്‍എസ് വിമല്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക