Image

അവരെ തൂക്കിലേറ്റുമ്പോള്‍ മാത്രമേ എന്റെ മകള്‍ക്ക്‌ നീതി ലഭിക്കൂ; കത്‌വ പെണ്‍കുട്ടിയുടെ അമ്മ

Published on 11 June, 2019
അവരെ തൂക്കിലേറ്റുമ്പോള്‍ മാത്രമേ എന്റെ മകള്‍ക്ക്‌ നീതി ലഭിക്കൂ; കത്‌വ പെണ്‍കുട്ടിയുടെ അമ്മ


പത്താന്‍കോട്ട്‌: കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച്‌ കൊന്ന കേസില്‍ ആറ്‌ പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ്‌ മുഹമ്മദ്‌ അക്തര്‍. മുഴുവന്‍ പ്രതികളേയും വധശിക്ഷയ്‌ക്ക്‌ വിധിച്ചാല്‍ മാത്രമേ തന്റെ മകള്‍ക്ക്‌ നീതി ലഭിക്കുവെന്ന്‌ പെണ്‍കുട്ടിയുടെ അമ്മയും പ്രതികരിച്ചു.

വിധിയെ സ്വാഗതം ചെയ്യുന്നു. അവര്‍ എന്റെ മകളോട്‌ ചെയ്‌ത്‌ കണ്ണില്ലാത്ത ക്രൂരതയ്‌ക്ക്‌ അവര്‍ക്ക്‌ മരണശിക്ഷ വിധിക്കണമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. - അക്തര്‍ പറഞ്ഞു. കേസില്‍ പ്രധാനകുറ്റവാളിയായ വ്യക്തിയെ വെറുതെവിട്ട കോടതി വിധി അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരാളെ വെറുതെ വിട്ട നടപടിയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. - അദ്ദേഹം പറഞ്ഞു.

`എന്റെ മകളുടെ കാര്യത്തില്‍ നീതി ലഭിക്കണം. എല്ലാ പ്രതികളും തൂക്കിലേറ്റപ്പെടുമ്പോള്‍ മാത്രമേ ആ നീതി ലഭ്യമാകൂ'- പെണ്‍കുട്ടിയുടെ അമ്മ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട്‌ പറഞ്ഞു.

സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക്‌ ജീവപര്യന്തവും മറ്റു 3 പ്രതികള്‍ക്ക്‌ 5 കഠിന തടവുമായിരുന്നു പത്താന്‍കോട്ട്‌ സെഷന്‍സ്‌ കോടതി ശിക്ഷയായി വിധിച്ചത്‌.

പര്‍വേശ്‌ കുമാര്‍, ദീപക്‌ ഖജൂരിയ എന്നിവര്‍ക്കാണ്‌ ജീവപര്യന്തം. ആനന്ദ്‌ ദത്ത, സുരേന്ദര്‍ വര്‍മ്മ, തിലക്‌ രാജ്‌ എന്നീ പ്രതികള്‍ക്കാണ്‌ കോടതി അഞ്ച്‌ വര്‍ഷം തടവ്‌ വിധിച്ചത്‌.

സഞ്‌ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത്‌ താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ്‌ ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന്‌ വിശാല്‍ വാദിച്ചിരുന്നു. ഇതിന്‌ തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിശാലിനെ വെറുതെ വിട്ടത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക