Image

മികച്ച ട്രാക്ക് റിക്കോര്‍ഡ്; വ്യക്തമായ കാഴ്ചപ്പാട്: വിനോദ് കോണ്ടൂര്‍ ഫോമാ സെക്രട്ടറിയായി മല്‍സരിക്കുമ്പോള്‍

Published on 12 June, 2019
മികച്ച ട്രാക്ക് റിക്കോര്‍ഡ്; വ്യക്തമായ കാഴ്ചപ്പാട്: വിനോദ് കോണ്ടൂര്‍ ഫോമാ സെക്രട്ടറിയായി മല്‍സരിക്കുമ്പോള്‍
ഏതാനും വര്‍ഷമായി ഫോമയുടെ ജനറല്‍സെക്രട്ടറി പദം യുവാക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്നതു പോലെയാണ് - ഷാജി എഡ്വേര്‍ഡ്, ജിബി തോമസ്, ജോസ് ഏബ്രഹാം എന്നിവരുടെ നിരയിലേക്ക് അടുത്ത ജനറല്‍ സെക്രട്ടറിയായി വിനോദ് കൊണ്ടൂര്‍ ഡേവിഡും മല്‍സരിക്കുന്നു.

തങ്ങളുടെ ടീമിന്റെ പ്രവര്‍ത്തനമികവിന്റെ 50 ശതമാനത്തിന്റെ ക്രെഡിറ്റ് വിനോദിനാണെന്നാണ് മുന്‍ പ്രസിഡന്റ് ബന്നി വാച്ചാച്ചിറ സാക്ഷ്യപ്പെടുത്തിയത്. ടീമില്‍ ജോയിന്റ് സെക്രട്ടറി എന്ന താരതമ്യേന അപ്രധാന സ്ഥാനമായിട്ടും അത് എത്രകണ്ട് വിജയകരമാക്കാമെന്നു തെളിയിച്ച അപൂര്‍വ്വ സിദ്ധിയുടെ ഉടമയാണ് വിനോദ്.

വിനോദിനെപ്പോലെ അര്‍പ്പണ ബുദ്ധിയും ദീര്‍ഘവീക്ഷണവും ഉള്ളവരാണ് നേതൃത്വത്തില്‍ വരേണ്ടതെന്ന് ബന്നി ചൂണ്ടിക്കാട്ടുന്നു. ജോയിന്റ് സെക്രട്ടറിയെ ഏല്‍പ്പിക്കുന്നതിലും നാലു മടങ്ങ് ജോലിയാണ് വിനോദിനെ ഏല്‍പിച്ചത്. അദ്ദേഹം നിശ്ചിത സമയത്ത് ചെയ്തു തീര്‍ത്തു-ബന്നി പറഞ്ഞു.

സെക്രട്ടറിയായിരുന്ന ജിബി തോമസിനും ഇതേ അഭിപ്രായം തന്നെ. വിനോദിന്റെ പ്രവര്‍ത്തനം ഏവരേയും അതിശയപ്പെടുത്തി. ന്യൂസ് ടീം കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചു. 'സാധ്യമല്ല' എന്നൊരു വാക്ക് വിനോദില്‍ നിന്നു ഉണ്ടായിട്ടില്ല- ജിബി തോമസ് പറഞ്ഞു.

ചുരുക്കത്തില്‍ സഹപ്രവര്‍ത്തകരില്‍ നിന്നു ഇത്രയും നല്ല സര്‍ട്ടിഫിക്കറ്റ് ലഭിച്ച മറ്റൊരു സംഘടനാ പ്രവര്‍ത്തകന്‍ ഉണ്ടോ എന്നു സംശയം.

അടുത്ത പ്രസിഡന്റായി അനിയന്‍ ജോര്‍ജ് എതിരില്ലാതെ വിജയിക്കുമെന്നാണ് കരുതുന്നത്. എതിര് ആരുമില്ല. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായിട്ടും വിനോദ് മുന്‍നിരയില്‍ തന്നെ.

എന്നും സംഘടയ്ക്കൊപ്പം നിന്ന ചരിത്രമുള്ള വിനോദ് മിഷിഗണ്‍ മലയാളി അസോസിയേഷനിലൂടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. പിന്നാട് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഭാഗമായി.

പത്രപ്രവര്‍ത്തന പാരമ്പര്യമൊന്നുമില്ലെങ്കിലും വാര്‍ത്തകള്‍ എഴുതിയാണ് വിനോദ് ശ്രദ്ധേയനാകുന്നത്. ഡി.എം.എയുടെ വാര്‍ത്തകള്‍ കണ്ട് ഷാജി എഡ്വേര്‍ഡ് ഫോമ ന്യൂസിന്റെ ചുമതലയേല്‍പിച്ചു. അതു മികച്ച രീതിയില്‍ ചെയ്തപ്പോഴാണ് അടുത്ത ടീമില്‍ ജോയിന്റ് സെക്രട്ടറിയായത്. ഇവിടെയും ന്യൂസിന്റെ ചുമതല വന്നുചേര്‍ന്നു.

മനോരമയുടെ ഭാഗമായ എം.എം പബ്ലിക്കേഷനിലെ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. അതിനാല്‍ ചെറുപ്പത്തിലേ പത്രവും വാര്‍ത്തകളുമൊക്കെ ഇഷ്ടപ്പെട്ട കാര്യങ്ങളായി. പഠിച്ചത് പക്ഷെ ഫിസിക്കല്‍ തെറാപ്പി. മംഗലാപുരത്തുനിന്നു ബാച്ചിലേഴ്സും മാസ്റ്റേഴ്സും. കഴിഞ്ഞവര്‍ഷം യൂട്ടിക്ക യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റും നേടി.

ആഴ്ചയില്‍ രണ്ട് ന്യൂസെങ്കിലും ഔദ്യോഗികമായി റിലീസ് ചെയ്യാന്‍ സാധിച്ചത് അഭിമാനകരമായി വിനോദ് കാണുന്നു. സംഘടനയിലെ തലമുതിര്‍ന്നവരും ജോസ് മണക്കാട്ടിനെ പോലുള്ളവരും നല്‍കിയ സഹകരണവും മറക്കുന്നില്ല.

ബന്നി-ജിബി ടീബി ടീം തുടങ്ങിവെച്ച ജനാഭിമുഖ്യയജ്ഞം മികച്ച പരിപാടിയായി വിനോദ് വിലയിരുത്തുന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പദ്ധതിയാണിത്.

സംഘടനാകാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയെന്നത് സുപ്രധാനമാണ്. ഇപ്പോള്‍ 40 വീട് നല്‍കാന്‍ ഫോമയ്ക്ക് കഴിഞ്ഞിരിക്കുന്നു. അതുപോലെ മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുന്നു. ഇതൊക്കെ എത്രയോ വലിയ കാര്യങ്ങളാണ്. പക്ഷെ കാര്യങ്ങളറിയാത്ത ചിലര്‍ ഫോമ ഒന്നും ചെയ്യുന്നില്ലേയെന്നു ചോദിക്കുന്നു.

കമ്യൂണിക്കേഷനിലെ ഒരു കുറവാണ് ഇതു കാണിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ഫോമയ്ക്ക് സ്വന്തമായി ഒരു ന്യൂസ് പോര്‍ട്ടല്‍ ഉണ്ടാകണമെന്നാഗ്രഹിക്കുന്നുണ്ട്. തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.

കുറെക്കാലമായി യുവജനത ഫോമയിലേക്ക് കൂടുതലായി വരുന്നതില്‍ സന്തോഷമുണ്ട്. കണ്‍വന്‍ഷനില്‍ പോലും യുവജനതയുടെ പങ്കാളിത്തം കൂടുതലായിരുന്നു. അത് ഇനിയും കൂടേണ്ടിയിരിക്കുന്നു.

യുവാക്കള്‍ക്കും വനിതള്‍ക്കും പ്രാധാന്യം നല്‍കുക എന്നതാണ് സെക്രട്ടറിയായാല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മറ്റൊരു കാര്യം. തുല്യമായ അവസരങ്ങള്‍ അവര്‍ക്ക് നല്‍കണം. കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യണം. ഭാരവാഹികള്‍ ഇടങ്കോലിടാന്‍ പോകരുത്. യുവജനതയ്ക്ക് പറ്റിയ ഒരു പ്ലാറ്റ്ഫോം സജ്ജമാക്കിയാല്‍ മാത്രമേ അവര്‍ വരൂ. യുവജനതയ്ക്കും വനിതള്‍ക്കുമൊക്കെ ജോലി കഴിഞ്ഞ് കുറച്ചു സമയമാണ് സംഘടനാ പ്രവര്‍ത്തനത്തിനുള്ളത്. അതുവേണ്ടപോലെ പ്രയോജനപ്പെടുത്തണം. വനിതാ ഫോറം എങ്ങനെ മികച്ചതാക്കാമെന്നു ഡോ. സാറാ ഈശോയും രേഖാ നായരുമൊക്കെ കാണിച്ചു തന്നതാണ്.

ബന്നി വാച്ചാച്ചിറ പറയുന്നതുപോലെ സമയവും സൗകര്യവുമൊന്നുമില്ലാത്തവര്‍ സംഘടനാ പ്രവര്‍ത്തനത്തിനു പോകരുത്. അര്‍പ്പണബോധം വേണം. നഷ്ടം വന്നാല്‍ പ്രസിഡന്റിനും സെക്രട്ടറിക്കും ട്രഷറര്‍ക്കുമൊക്കെ ഒരുപോലെയാണ് ഉത്തരവാദിത്വം. സംഘടനയെ മുന്നോട്ട് നയിക്കുന്നത് സെക്രട്ടറിയുടെ ചുമതലയാണ്. അതിനാല്‍ കാര്യക്ഷമതയുള്ള വ്യക്തിതന്നെ സെക്രട്ടറിയാകണം.

പാനലും മത്സരവുമൊക്കെ സംഘടനയില്‍ കല്ലുകടി ഉണ്ടാക്കുമെന്നാണ് അനുഭവം. ബേബി ഊരാളില്‍ പ്രസിഡന്റായിരിക്കുമ്പോള്‍ രണ്ടു പാനലിലുള്ളവരും വിജയിച്ചെങ്കിലും അസ്വാരസ്യമില്ലാതെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാനായി. ആ മാതൃക പിന്തുടരണം.

പാനല്‍ വന്നാലും ഇല്ലെങ്കിലും ആരെയും ഉപദ്രവിക്കാനോ വഴക്കിനോ തനിക്ക് താത്പര്യമില്ല. സൗഹൃദപൂര്‍വ്വമായ ബന്ധമാണ് തന്റെ ലക്ഷ്യം.

ഫോമ വില്ലേജ് പദ്ധതി പ്രളയാനന്തരം പെട്ടെന്നുണ്ടായ പ്രോജക്ടാണ്. അറ്റ് വന്‍ വിജയമായി. അതേ മാതൃകയില്‍ നാട്ടില്‍ സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹമുണ്ട്. താത്പര്യമുള്ളവര്‍ക്ക് സ്പോണ്‍സര്‍മാരാകാം. ഒരുപാട് കുടുംബങ്ങളെ രക്ഷപെടുത്താന്‍ നമുക്കാകും.

ഇവിടെ ഓര്‍ഗന്‍ ഡൊണേഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇത്തരമൊരു നെറ്റ് വര്‍ക്ക് നമുക്കില്ല. ബോണ്‍മാരോയ്ക്കുള്ള നെറ്റ് വര്‍ക്കില്‍ പോലും ആവശ്യത്തിന് അംഗങ്ങളില്ല.

നമ്മുടെ യുവതലമുറയിലെ നല്ലൊരു പങ്ക് ഹൈപ്പര്‍ ടെന്‍ഷനും മറ്റും ബാധിച്ചവരാണ്. മെഡിക്കല്‍ രംഗത്ത് ബോധവത്കരണവും കൂട്ടായ്മയും ശക്തിപ്പെടേണ്ടതുണ്ടെന്നാണു അതിനര്‍ഥം.

സീനിയേഴ്സ് ഫോറം രൂപംകൊടുത്തെങ്കിലും അത് ഉദ്ദേശിച്ചപോലെ വിജയം കണ്ടില്ല. പ്രധാന കാരണം മിക്കവര്‍ക്കും പ്രായമായി എന്ന് അംഗീകരിക്കാനുള്ള മനസ്സ് ഇല്ലെന്നതാണ്. എങ്കിലും ഇന്‍ഷ്വറന്‍സ് തുടങ്ങിയുള്ള സേവനങ്ങളെപ്പറ്റി ബോധവത്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം വലുതാണ്.

കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കോട്ടയം എം.ടി സെമിനാരി സ്‌കൂള്‍, സി.എം.എസ് കോളജ് എന്നിവടങ്ങളില്‍ പഠിച്ച ശേഷമാണ് മംഗലാപുരത്തേക്ക് പോകുന്നത്. ഭാര്യ എലിസബത്ത് കരുവാറ്റ സ്വദേശി.
മികച്ച ട്രാക്ക് റിക്കോര്‍ഡ്; വ്യക്തമായ കാഴ്ചപ്പാട്: വിനോദ് കോണ്ടൂര്‍ ഫോമാ സെക്രട്ടറിയായി മല്‍സരിക്കുമ്പോള്‍
Join WhatsApp News
Vinod 2019-06-12 20:42:16
പുതിയ ആൾക്കാർക്ക് വേണ്ടി ഒന്ന് മാറി കൊടുക്കലോ കഴിഞ്ഞവർഷം നിന്ന് പ്രവർത്തിച്ച ഇല്ലേ പുതിയ ആൾക്കാരെ വരട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക