Image

നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Published on 12 June, 2019
നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് കടന്ന രത്‌ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി.

ലണ്ടനിലെ അപ്പീല്‍ കോടതിയാണ് ജാമ്യം തള്ളിയത്. നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിരുന്നു. ഇത് അഞ്ചാം തവണയാണ് ലണ്ടനിലെ കോടതി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്.

ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് 48-കാരനായ നീരവ് മോദി ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞദിവസം നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ലണ്ടന്‍ കോടതി ജൂണ്‍ 27 വരെ നീട്ടിയിരുന്നു.

ഇന്ത്യക്ക് വിട്ടുനല്‍കിയാല്‍ ഏതുജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് ജാമ്യം പരിഗണിക്കുന്നതിനിടെ ജഡ്ജി ചോദിച്ചിരുന്നു.

മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡിന്റെ അറസ്റ്റിലായത്. നീരവ് മോദിക്കെതിരേ എന്‍ഫാഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജയില്‍ ലണ്ടന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക