Image

ഇതു നല്ല തമാശ, ഇരുത്തി ചിന്തിപ്പിക്കും

Published on 12 June, 2019
ഇതു നല്ല തമാശ,  ഇരുത്തി ചിന്തിപ്പിക്കും
"നിലവിളക്കിന്റെ അടുത്ത് ഒര കരിവിളക്ക് ഇരിക്കുന്നതുപോലെയുണ്ട്.'' ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത വടക്കുനോക്കി യന്ത്രം എന്ന സിനിമയില്‍ ശ്രീനിവാസന്റെയും പാര്‍വതിയുടെയും വിവാഹ ഫോട്ടോ നോക്കി സുഹൃത്തായ ഇന്നസെന്റ് പറയുന്ന ഡയലോഗാണിത്. അന്നതു കേട്ട് തിയേറ്ററിലിരുന്ന് പ്രേക്ഷകര്‍ തല കുത്തി ചിരിച്ചു. ബോഡി ഷെയ്മിങ്ങ് എന്ന വാക്കു പോലും അന്നൊക്കെ അപരിചിതമായിരുന്നു. ഇപ്പോള്‍ പോലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിലരുടെ ഫോട്ടോയ്ക്കു താഴെ  വന്ന് ഈ പ്രശസ്ത വരികള്‍ കുറിച്ചിട്ട് പോകുന്നതു കാണാം. അഷ്‌റഫ് ഹംസ സംവിധായകന്‍ അണിയിച്ചൊരുക്കിയ തമാശയെന്ന ചിത്രം പേരില്‍ മാത്രമല്ല, അതിലെ പ്രമേയത്തിന്റെ പുതുമയും അവതരണത്തിന്റെ മികവ് കൊണ്ടും തിയേറ്ററുകളില്‍ വിജയം നേടുകയാണ്. അധികമാരും ശ്രദ്ധിക്കാത്ത, ഇന്നോളം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ലളിതമായ ഒരു പ്രമേയത്തെ തികഞ്ഞ കൈയ്യടക്കത്തോടെ അവതരിപ്പിച്ചപ്പോള്‍ ഏറെ ചര്‍ച്ചപ്പെടേണ്ടതും വളരെ പ്രസകതവുമായ ഒരു വിഷയമായിരുന്നല്ലോ ഇതെന്ന് പ്രേക്ഷകര്‍ ചിന്തിക്കുകയും ചെയ്തു. അതിന്റെ കൂടി അംഗീകാരമാണ് ഇപ്പോള്‍ ചിത്രം നേടുന്ന വിഷയം.

തലയില്‍ മുടിയില്ലാത്തവര്‍, നല്ല കറുപ്പു നിറമുള്ളവര്‍, പല്ലുന്തിയവര്‍, പൊക്കമില്ലാത്തവര്‍, കുടവയറുള്ളവര്‍, തീരെ മെലിഞ്ഞവര്‍, തടി കൂടുതലുള്ളവര്‍ അങ്ങനെ നിരവധി ആളുകളെയാണ് നാം കാണുന്നത്. ഇതെല്ലാം ആണുങ്ങളിലും പെണ്ണുങ്ങളിലും വലിയ തോതിലുള്ള മനോവിഷമങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്തിന് നല്ല വെളുത്ത നിറമുള്ള പെണ്‍കുട്ടിയ്ക്ക് കണ്ണിനു താഴെ അല്‍പം കറുപ്പു നിറം കൂടുതലായാല്‍ പിന്നെ അതു പോലും മനസമാധാനം കളയുന്ന ഒരു പ്രശ്‌നമായി വളരുകയാണ്. ഈ വിധ പ്രശ്‌നങ്ങള്‍ കൊണ്ട് മറ്റുള്ളവുടെ കളിയാക്കലുകള്‍ ഏറ്റു വിഷമിക്കുന്നവരും ധാരാളമാണ്.
 
ശ്രീനിവാസന്‍ കോളേജ് അധ്യാപകനാണ്. പൊന്നാനിക്കാരന്‍. കുറേയെല്ലാം തന്നിലേക്ക് ഒതുങ്ങിക്കൂടി ജീവിക്കുന്നയാള്‍. മറ്റുള്ളവരുടെ കാര്യങ്ങളിലൊന്നും അയാള്‍ ഇടപെടാന്‍ പോവില്ല. തലയില്‍ മുടിയില്ലാത്തതു കാരണം അയാള്‍ വളരെ വിഷമത്തിലാണ്. നന്നായി കഷണ്ടി തെളിഞ്ഞിട്ടുണ്ട്. പ്രായം കുറവാണ് എന്നു പറഞ്ഞിട്ടെന്തു കാര്യം. ഇതു കാരണം വരുന്ന കല്യാണാലോചനകള്‍ പോലും മുടങ്ങി പോവുകയാണ്. പല പെണ്‍കുട്ടികളെയും കാണുന്നുണ്ടെങ്കിലും അതൊന്നും ശരിയാകുന്നില്ല. അതുകാരണം അയാള്‍ വളരെ വിഷമത്തിലാണ്. ശ്രീനിവാസന്റെ ഈ സങ്കടം മറ്റുള്ളവര്‍ക്ക് ഒരു തമാശയാണ്. എന്നാല്‍ അയാള്‍ക്ക് അങ്ങനെയല്ല. എന്നാല്‍ സിനിമ മുന്നോട്ടു പോകുന്തോറും ശ്രീനിവാസന്റെ മാനസിക സംഘര്‍ഷങ്ങളും അയാള്‍ അനുഭവിക്കുന്ന ചെറിയ  സങ്കടങ്ങളും പ്രേക്ഷകന്റേതു കൂടിയാവുന്നു. നമുക്കിടയില്‍ തന്നെ എവിടെയൊക്കെയോ കാണുന്ന ഒരു ചെറുപ്പക്കാരനാണല്ലോ ഇയാള്‍ എന്ന് നമുക്ക് തോന്നിപ്പോകും.

തമാശയെന്ന ടൈറ്റില്‍ കാണുമ്പോള്‍ തമാശപ്പടമാണിത് എന്നു കരുതുന്ന പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിച്ച ശേഷം മാത്രം തിയേറ്റര്‍ വിട്ടു പോകാന്‍ അനുവദിക്കുന്ന ചിത്രമാണിത്.  അത്ര മാത്രം ഗൗരവമേറിയ ഒരു വിഷയമാണിതെന്ന് ഒടുവില്‍ ചിത്രം കണ്ടിറങ്ങി കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്കു ബോധ്യപ്പെടും. ബോഡി ഷെയ്മിങ്ങ് എന്ന കളിയാക്കലിന് ഒരു വട്ടമെങ്കിലും നേരിടേണ്ടി വന്നവര്‍ക്കറിയാം അവരനുഭവിച്ച വിഷമം. അപകര്‍ഷതാ ബോധത്തിന്റെ പാരമ്യതയിലേക്ക് ഒരു വ്യക്തിയെ കൊണ്ടെത്തിക്കാന്‍ കഴിയുന്ന ക്രൂരമായ തമാശയാണ് ബോഡി ഷെയ്മിങ്ങ്. ഈ ചിത്രത്തിലൂടെ അത് വ്യക്തമാകുന്നു.

പൊന്നാനിക്കാരന്‍ അധ്യാപകനായി വിനയ് ഫോര്‍ട്ട് ഈ ചിത്രത്തില്‍ ശരിക്കും നിറഞ്ഞു നില്‍ക്കുകയാണ്.   വിനയ് തന്റെ മുന്‍കാല ചിത്രങ്ങളെക്കാള്‍ വളരെ മികച്ച രീതിയില്‍ ഇതിലെ കേന്ദ്ര കഥാപാത്രമായ ശ്രീനിവാസനെ അവതരിപ്പിച്ചിട്ടുണ്ട്. കഥ കൈയ്യില്‍ നിന്നും പാളിപ്പോകാതെ തികഞ്ഞ ശ്രദ്ധയോടെയും കൈയ്യടക്കത്തോടെയും അവതരിപ്പിച്ച സംവിധായകന്‍ അഷ്‌റഫ് ഹംസ കൈയ്യടി അര്‍ഹിക്കുന്നു. വിനയും നവാസും ചേര്‍ന്നൊരുക്കുന്ന കോമഡി സീനുകള്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ പോന്നതാണ്. നായികമാരയി എത്തിയ ഗ്രേസ് ആന്റണി, ദിവ്യപ്രഭ, പുതുമുഖം ചിന്നു എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീതം ചിത്രത്തിനു മുതല്‍ക്കൂട്ടായി. സമീര്‍ താങിറിന്റെ ഛായാഗ്രഹണവും മികച്ചതായി.

ഇതു നല്ല തമാശ,  ഇരുത്തി ചിന്തിപ്പിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക