Image

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ശ്രീധരന്‍ പറയുന്നതൊന്നും നടക്കുന്ന കാര്യമല്ലെന്ന്‌ മുന്‍ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌

Published on 13 June, 2019
പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ശ്രീധരന്‍ പറയുന്നതൊന്നും നടക്കുന്ന കാര്യമല്ലെന്ന്‌ മുന്‍ പൊതുമരാമത്ത്‌ മന്ത്രി  ഇബ്രാഹിം കുഞ്ഞ്‌


മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭരണാനുമതി മാത്രമാണു മന്ത്രിയെന്ന നിലയില്‍ നല്‍കാനാവൂ, സിമന്റിന്റെയും കമ്പിയുടെയും അളവ്‌ പരിശോധിക്കേണ്ടത്‌ ഉദ്യോഗസ്ഥരാണെന്ന്‌ മുന്‍ പൊതുമരാമത്ത്‌ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ്‌. മേല്‍പ്പാലത്തിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അത്‌ ഇന്ത്യന്‍ പൗരന്റെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ്‌ എത്രയിട്ടെന്നും കമ്പി എത്രയിട്ടെന്നും മന്ത്രിക്കു നോക്കാനാകുമോ, അതൊക്കെ ഉദ്യോഗസ്ഥരല്ലേ ചെയ്യേണ്ടതെന്നാണ്‌ മുന്‍ മന്ത്രിയുടെ ചോദ്യം . സാമാന്യ ബോധം വെച്ചു നോക്കിയാല്‍ മനസ്സിലാകില്ലേ എന്നും ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞു.

പാലം മാറ്റിപ്പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്‌തു. `ശ്രീധരന്‍ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ല. ശ്രീധരനെ മെട്രോയില്‍ നിന്ന്‌ ഈ സര്‍ക്കാര്‍ ഒഴിവാക്കിയത്‌ എന്തിനാണ്‌ ? ശ്രീധരനെ ഞങ്ങള്‍ കൊണ്ടു നടന്നതാണ്‌. അദ്ദേഹത്തെ ഈ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു എന്നും ഇബ്രാഹിം കുഞ്ഞ്‌ പറഞ്ഞു.

ഗണേഷ്‌ കുമാര്‍ പരാതിപ്പെട്ടെന്ന്‌ പറയുന്നത്‌ വെറുതെയാണ്‌. അങ്ങിനെ ഒരു പരാതി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ലഭിച്ചിട്ടില്ല. പരാതിയുണ്ടായിരുന്നെങ്കില്‍ അന്വേഷിക്കുമായിരുന്നില്ലേ.

`ഗണേഷ്‌ കുമാര്‍ മാത്രമല്ല, മറ്റു പല കുമാരന്മാരും പലതും പറയുന്നുണ്ട്‌. നായനാര്‍ സര്‍ക്കാരിന്റെ കാലത്തു പണിത ഏനാത്ത്‌ പാലം പിണറായി സര്‍ക്കാരിന്റെ കാലത്തു തകര്‍ന്നു. അതു പുനര്‍നിര്‍മ്മാണത്തിന്‌ അടച്ചിട്ടില്ലേ. എല്ലാവര്‍ക്കും ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്‌.

 അഴിമതിയുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ 36 വകുപ്പുകളെ കുറിച്ച്‌ സര്‍വേ റിപ്പോര്‍ട്ടാണ്‌ 2015-ല്‍ നല്‍കിയത്‌, നടപടിയെടുത്തതിന്റെ റിപ്പോര്‍ട്ടല്ല.'- അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക