Image

തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിയുടെ തലയില്‍ വച്ചു കൈകഴുകരുത്: വെള്ളാപ്പള്ളി.

Published on 13 June, 2019
തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിയുടെ തലയില്‍ വച്ചു കൈകഴുകരുത്: വെള്ളാപ്പള്ളി.


കൊല്ലം : ശബരിമല വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു അങ്ങേയറ്റം കെടുകാര്യസ്ഥതയുണ്ടായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിന്റെ പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ വച്ചുകെട്ടി കൈകഴുകാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ ശ്രമിക്കരുത്. പരാജയത്തിന് ഉത്തരവാദിത്തം എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ട്– എസ്എന്‍ഡിപി യോഗം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. 

ശബരിമല വിധി നടപ്പാക്കുന്നതില്‍ എടുത്തുചാട്ടം കാണിക്കാതെ ജനവികാരം കണക്കിലെടുത്തു സംയമനം പാലിക്കണമായിരുന്നു. വികാരത്തെ വികാരപൂര്‍വം നേരിടാന്‍ പാടില്ലായിരുന്നു. അതിന്റെ ഫലമാണു തിരഞ്ഞെടുപ്പില്‍ കണ്ടത്. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായിയുടെ തലയില്‍ വച്ചു തടിയൂരാനാണു ഘടകകക്ഷികളുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെയും ശ്രമം. തിരഞ്ഞെടുപ്പിനു മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ എത്ര യോഗങ്ങള്‍ കൂടിയപ്പോഴൊന്നും ശബരിമല വിധി നടപ്പാക്കുന്നതിനെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു.

ശബരിമലയുടെ പേരില്‍ സമുദായം തെരുവിലിറങ്ങരുതെന്നു താന്‍ അപേക്ഷിച്ചതു പുന്നപ്ര വയലാര്‍ സമരത്തിന്റെ അനുഭവം വച്ചായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ കൊല്ലപ്പെട്ടവരില്‍ 90 ശതമാനവും ഈഴവരും പട്ടികജാതിക്കാരുമായിരുന്നു. ഇതു മുന്നില്‍ക്കണ്ട്, അന്ന് ആര്‍.ശങ്കര്‍ ചേര്‍ത്തലയില്‍ യോഗം നേതാക്കളെ വിളിച്ചുകൂട്ടി അവിവേകം കാണിക്കരുതെന്നും പറഞ്ഞു. പട്ടാളക്കാരുടെ തോക്കില്‍ മുതിരയോ ഉപ്പോ അല്ലെന്നും വെടിയുണ്ടയാണെന്നും വാരിക്കുന്തവുമായി ചെന്നാല്‍ പിടഞ്ഞു മരിക്കുമെന്നും ശങ്കര്‍ ഓര്‍മ്മിപ്പിച്ചു- വെള്ളാപ്പള്ളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക