Image

മമത മാപ്പ്‌ പറയണം'; കൊല്‍ക്കത്തയില്‍ ഇന്നു രാജിവെച്ചത്‌ 71 ഡോക്ടര്‍മാര്‍

Published on 14 June, 2019
മമത മാപ്പ്‌ പറയണം'; കൊല്‍ക്കത്തയില്‍ ഇന്നു രാജിവെച്ചത്‌ 71 ഡോക്ടര്‍മാര്‍


കൊല്‍ക്കത്ത: ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല്‍ക്കത്തയിലെ രണ്ട്‌ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 71 ഡോക്ടര്‍മാരാണ്‌ ഇന്നുമാത്രം രാജിവെച്ചത്‌.

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ 69 ഡോക്ടര്‍മാരും നോര്‍ത്ത്‌ ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ രണ്ട്‌ ഡോക്ടര്‍മാരുമാണു രാജിവെച്ചത്‌. ഡോക്ടര്‍മാര്‍ക്കെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പു പറയണമെന്നാണ്‌ അവരുടെ ആവശ്യം.

സമരം നടത്തുന്ന ഡോക്ടര്‍മാരോടു നാലു മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച്‌ ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടിവരുമെന്നും മമത പറഞ്ഞതാണ്‌ അവരെ രോഷാകുലരാക്കിയത്‌.

ബംഗാളില്‍ ഡോക്ടര്‍മാര്‍ക്കു പിന്തുണയര്‍പ്പിച്ച്‌ ദല്‍ഹി എയിംസ്‌, മുംബൈ, ഹൈദരാബാദ്‌ തുടങ്ങിയ സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ ഒരുദിവസത്തേക്കു ജോലിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

തിങ്കളാഴ്‌ച രാത്രിയാണ്‌ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ആര്‍എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോട്ടിക്കു പൊട്ടലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌.

മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ്‌ ഡോക്ടര്‍മാരുടെ നിലപാട്‌. ഇതവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്‌.

അതേസമയം സമരത്തിനു പിന്നില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്നും അവര്‍ ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമത പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക