Image

ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയിലേക്ക്; സൂചന നല്‍കി ശിവസേന

Published on 14 June, 2019
ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയിലേക്ക്; സൂചന നല്‍കി ശിവസേന
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദിത്യ താക്കറയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനുള്ള നീക്കവുമായി ബിജെപി സഖ്യകക്ഷിയായ ശിവസേന. ശവിസേന എംപി സഞ്ജയ് റൗത്താണ് ഇതു സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയത്. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനും ബാല്‍ താക്കറെയുടേ പേരമകനുമാണ് ആദിത്യ. 

താക്കറെ കുടുംബം ഒരിക്കലും ഉപപദവി ഏറ്റെടുക്കില്ല. ആ കുടുംബം എപ്പോഴും നേതൃത്വമാണ് വഹിക്കേണ്ടത്. സംസ്ഥാന- ദേശീയ രാഷ്ട്രീയത്തില്‍ താക്കറെ കുടുംബത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്- സഞ്ജയ് റൗത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിലാണ് ആദിത്യയെന്നും രാഷ്ട്രീയ പ്രവേശം സംബന്ധിച്ച തീരുമാനം പാര്‍ട്ടി അധ്യക്ഷനായ ഉദ്ദവ് താക്കറെയാണ് എടുക്കേണ്ടതെന്ന നിലപാട് ആദിത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരു മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റൗത്ത് പറഞ്ഞു.

പാര്‍ട്ടി ഏതു ചുമതല ഏല്‍പ്പിച്ചാലും താന്‍ അത് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നുമാണ് ആദിത്യയുടെ നിലപാട്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന നിലപാടാണു സേന മുന്നോട്ടുവയ്ക്കുന്നതെന്നാണു സൂചന. യുവനേതാവായ ആദിത്യ താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേക്കുമെന്നും സേന വിലയിരുത്തുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ 135 സീറ്റുകളില്‍ വീതം ശിവസേനയും ബിജെപിയും മത്സരിക്കാനാണു നിലവിലെ ധാരണ. 18 സീറ്റ് സഖ്യകക്ഷികള്‍ക്കായി വീതിച്ചു നല്‍കും. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച ബിജെപി 122 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ബിജെപിയെ പിന്തുണയ്ക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക