Image

പി.ജെ കരുത്ത് നേടുന്നു;പിന്നില്‍ സി എഫ് തോമസ്,ജോയി ഏബ്രഹാം, മോന്‍സ് ജോസഫ്, ഉണ്ണിയാടന്‍ തുടങ്ങി ജില്ലാ നേതാക്കളും

അനില്‍ കുമാര്‍ Published on 15 June, 2019
പി.ജെ കരുത്ത് നേടുന്നു;പിന്നില്‍  സി എഫ് തോമസ്,ജോയി ഏബ്രഹാം, മോന്‍സ് ജോസഫ്, ഉണ്ണിയാടന്‍  തുടങ്ങി  ജില്ലാ നേതാക്കളും
കേരളാ കോണ്‍ഗ്രസില്‍ അധികാരവടംവലി കൊടുമ്പിരികൊള്‍കെ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് കരുത്ത് നേടുന്നു .സി എഫ്‌തോ മസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ പി ജെയ്ക്കുണ്ട് .ജോസ് കെ മാണി പാര്‍ട്ടിയെ കൈവശത്താക്കുവാന്‍ മുതിര്‍ന്ന നേതാക്കള്‍ ഒരു കാരണവശാലും സമ്മതിക്കില്ല എന്നാണ് അറിയുന്നത് .അച്ഛന്റെ വാത്സല്യവും, ജനങ്ങള്‍ക്ക് അച്ഛനോടുള്ള വിശ്വാസo കൊണ്ടോ നേതാവായ വ്യക്തിത്വമല്ല പി ജെ ജോസഫ്. കൂലി എഴുത്തുകാരുടെ മഹിമ കൊണ്ടോ, സൈബര്‍ പോരാളികളുടെ ശക്തികൊണ്ടോ നേടിയതല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസ്യത. കെ എം ജോര്‍ജും, കെ എം മാണിയും കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍, ജനമനസ്സില്‍/കര്‍ഷക മനസ്സില്‍ ഇത്രയധികം സ്ഥാനം നേടിയ മറ്റൊരു നേതാവില്ല.
കൃഷിക്കാരോട് ഉള്ള ആഭിമുഖ്യവും കര്‍ഷക പിന്തുണയുമാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനകീയ അടിത്തറ. കര്‍ഷകരക്ഷ എന്ന അപ്രഖ്യാപിത പ്രത്യയശാസ്ത്രമാണ് കേരള കോണ്‍ഗ്രസിന് മുന്നോട്ട് നയിക്കുന്ന രാഷ്ട്രീയം. 

ഈ നിലകളിലെല്ലാം നോക്കുമ്പോള്‍ ഭരണത്തില്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കര്‍ഷകരുടെ ശബ്ദം പ്രതിഫലിപ്പിക്കുന്ന പി ജെ ജോസഫിന്റെ നേതൃത്വം കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മുന്‍പോട്ടുള്ള പ്രയാണത്തിനു അത്യന്താപേക്ഷിതമാണ്. മറുവശത്ത് നില്‍ക്കുന്ന ജോസ് കെ മാണിയോട് കാലവും പ്രായവും ആവശ്യപ്പെടുന്നത് ക്ഷമയാണ്. താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റ് മണ്ഡലത്തിലെ പഞ്ചായത്ത് മെമ്പര്‍ മുതല്‍ എം എംഎല്‍എമാരുടെ വരെ വികസനനേട്ടങ്ങള്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ആക്കി സ്വന്തം ചിത്രവും ചേര്‍ത്ത് പ്രദര്‍ശിപ്പിച്ചത് കൊണ്ട് വികസന നായകന്‍ ആവില്ല, ജനമനസ്സുകളില്‍ സ്ഥാനം നേടില്ല എന്ന രാഷ്ട്രീയ യാഥാര്‍ഥ്യം അദ്ദേഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

മാണി സാറിന്റെ രാഷ്ട്രീയ പാരമ്പര്യം ഇത്തരം കുറുക്കുവഴികളിലൂടെ കരസ്ഥമാക്കാന്‍ കഴിയുകയില്ല എന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് പിജെ ജോസഫ് , സി എഫ് തോമസ്,ജോയി എബ്രഹാം മുതല്‍ ഏറ്റവും ചെറുപ്പക്കാരനായ റോഷി അഗസ്റ്റിന്‍ വരെ ഉള്ളവരോട് ചേര്‍ന്ന് നിന്നുകൊണ്ട് സഹകരിച്ച് ഒരു ജനകീയ മുഖം സൃഷ്ടിച് കെഎം മാണി സാറിന്റെ അഭിലാഷം പോലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമി ആകുവാന്‍ ക്ഷമാപൂര്‍വമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തില്‍നിന്ന് ഉണ്ടാകേണ്ടത്. ഒരുപക്ഷേ അദ്ദേഹത്തെക്കാള്‍ വിദഗ്ധമായി കരുക്കള്‍ നീക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ ആവാം. 

രാജ്യസഭാ സീറ്റിലേക്ക് പോയിരുന്നില്ല എങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും മത്സരിച്ച് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാനും,മുന്നോട്ടു നീങ്ങാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. എന്നാല്‍ സമര്‍ത്ഥമായി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചു ആസന്നമായ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തി എടുക്കുവാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും വലിയ ശത്രുക്കള്‍ എന്ന് അദ്ദേഹത്തിന് ഇന്നും തിരിച്ചറിയാന്‍ സാധിക്കുന്നില്ല, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും അതിനെതിരെ നീങ്ങുവാന്‍ സാധിക്കുന്നില്ല കാരണം, പാളയത്തില്‍ തന്നെയാണ് പട . ജോസ് കെ മാണിക്ക് ചുറ്റും ഉപഗ്രഹങ്ങളെ പോലെ ചുറ്റിക്കറങ്ങുന്ന ഉപജാപകരുടെ ജനപിന്തുണ എന്തെന്നറിയാതെ അവര്‍ പറയുന്നതാണ് ജനഹിതം എന്ന ഒരു മൂഢ സ്വര്‍ഗ്ഗത്തിലെത്തി കേരളകോണ്‍ഗ്രസ് പിടിച്ചെടുക്കുവാന്‍ ജോസ് കെ മാണിക്ക് ഓതി കിട്ടുന്ന തലയണ മന്ത്രങ്ങള്‍ അദ്ദേഹത്തിന് സര്‍വ്വനാശത്തിലേക്ക് നയിക്കുവാന്‍ പ്രാപ്തമായവയാണ്.

കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ അടിക്കുമ്പോള്‍ ,കത്തോലിക്കാസഭയുടെ മധ്യസ്ഥതയ്ക്ക് വഴങ്ങാതെ വരുമ്പോള്‍ അതില്‍ ഒരു വിഭാഗം മുന്‍പോട്ടു വെയ്ക്കുന്ന ഒരു കാഴ്ചപ്പാടുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം കെഎം മാണി പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിന്റെ നേതൃത്വത്തിലേക്ക് അദ്ദേഹത്തിന്റെ മകനെ അല്ലാതെ മറ്റാരെയും അണികള്‍ അംഗീകരിക്കില്ല. കെഎം മാണിയുടെ ഒപ്പം നിന്ന് കേരളകോണ്‍ഗ്രസ് പടുത്തുയര്‍ത്തിവരില്‍ പ്രമുഖരാണ് സി എഫ് തോമസ്, ജോയി എബ്രഹാം എന്നീ നേതാക്കള്‍. അവരെ പൊതുസ്ഥലത്ത് പോലും അസഭ്യം പറയുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന തലത്തിലേക്ക് ജോസ് കെ മാണിയുടെ ഗുണ്ടാ സംഘം വളര്‍ന്നിരിക്കുന്നു.

മറ്റൊരു വസ്തുത ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. പി ജെ ജോസഫ് എന്ന നേതാവിന് ഇടതുപക്ഷത്തിനുണ്ടായിരുന്നു മന്ത്രിസ്ഥാനം പോലും ഉപേക്ഷിച്ചാണ് അദ്ദേഹം മാണി ഗ്രൂപ്പില്‍ ലയിച്ചത്. ലേലത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാന നിയമസഭയിലേക്ക് വെറും രണ്ടു സീറ്റ് ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് വിജയിച്ച ഭരണത്തില്‍ എത്തിയത്. പിജെ ജോസഫ് വിഭാഗത്തില്‍ നിന്നും മത്സരിച്ച ജോസഫും ,മോന്‍സ് എന്നിവരുടെ പിന്തുണയിലാണ് അത്തരത്തില്‍ നോക്കിയാല്‍ യുഡിഎഫിന് ഭരണം ഉറപ്പിക്കാന്‍ തന്നെ സാധിച്ചത്. 

ഇക്കാര്യം വളരെ വിജയകരമായി തന്നെ ചൂണ്ടിക്കാണിച്ചാണ് കെഎം മാണി സമ്മര്‍ദംചെലുത്തി യുഡിഎഫില്‍ നിന്ന് ധനകാര്യ മന്ത്രി സ്ഥാനവും പിടിച്ചത്. മാണി സാറിന്റെ എല്ലാ സീനിയോറിറ്റിയും അംഗീകരിച്ചു കൊണ്ട് പ്രമുഖ വകുപ്പുകള്‍ അദ്ദേഹത്തിനു തന്നെ വിട്ടു നല്‍കുവാനും ജോസഫ് തയ്യാറായി. വിലപേശല്‍ ശക്തി ഉണ്ടായിട്ടും രാഷ്ട്രീയം മാന്യത പുലര്‍ത്തുകയാണ് പിജെ ജോസഫ് ചെയ്തത്. അത്തരത്തില്‍ മാന്യമായ സമീപനം സ്വീകരിച്ച ഒരാളെ മാണിസാര്‍ തന്റെ മകനെയും വിശ്വാസത്തോടുകൂടി ഏല്‍പ്പിച്ചു കൊടുത്തു. പക്ഷേ മാണിസാര്‍ മരിച്ച അടുത്ത നിമിഷം മുതല്‍ മകന്‍ രാഷ്ട്രീയക്കാരന് ഏറ്റവും അപകടകരമായ അക്ഷമയുടെ പര്യായമായി മാറി. കൂലി പട്ടാളത്തെ വെച്ച് പാര്‍ട്ടി പിടിക്കാന്‍ ഇറങ്ങുമ്പോള്‍ ഒന്നോര്‍ക്കണം ആയിരുന്നു സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അല്ല ജനമനസ്സുകളില്‍ ഭൂരിപക്ഷമാണ് രാഷ്ട്രീയ നേതാവിനെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആവശ്യമെന്ന്. ഈ തിരിച്ചറിവില്ലായ്മയാണ് ഇന്ന് കേരള കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് എത്തി ചേര്‍ത്തത്.

ഏറ്റവും ദുഃഖകരമായ മറ്റൊരു വസ്തുത ജോസ് കെ മാണിയുടെ ആളുകള്‍ പറയുന്നത് സി എഫ് തോമസ് ഗുരുതരമായ രോഗത്തിന് പിടിയിലാണ് എന്നാണ്. അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ്. ഇക്കാര്യങ്ങള്‍ അദ്ദേഹത്തെ പാര്‍ട്ടിയെ നയിക്കുന്നതില്‍ അയോഗ്യന്‍ ആക്കുന്നു എന്നാണ്. ഇങ്ങനെ പറയുമ്പോള്‍ ഒരു കാര്യം മറക്കരുത് മാണിസാറും ദീര്‍ഘമായി ഗുരുതരമായ അസുഖത്തിന് പിടിയിലായിരുന്നു. അദ്ദേഹത്തിനു പിന്നില്‍ അടിയുറച്ച് നിന്ന് ആരും അദ്ദേഹത്തെ ആ സമയത്തൊന്നും അനാരോഗ്യം പറഞ്ഞു സ്ഥാനമാനങ്ങളില്‍ നിന്നും മാറി നില്‍ക്കുവാന്‍ നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടില്ല. 

അനാരോഗ്യവും, മരണവും ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നതാണ്. ജീവിതവും രാഷ്ട്രീയവും പ്രവചനത്തിന് അതീതവുമാണ്. കെഎം മാണി സാറിന്റെ കരുതലും വാത്സല്യവും അണികളോട് ഇല്ലാത്ത, ജനകീയ പ്രശ്‌നങ്ങളെ കുറിച്ച് അവബോധമില്ലാത്ത, ഭാര്യ നേതൃത്വം നല്‍കുന്ന കിച്ചന്‍ ക്യാബിനറ്റ് തീരുമാനങ്ങള്‍ക്ക് മുമ്പില്‍ ദുര്‍ബലമാകുന്ന ഒരു നേതൃത്വത്തെകാള്‍ ഇന്ന് കേരള കോണ്‍ഗ്രസിന് ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുന്ന ജനമനസ്സുകളില്‍ സ്വാധീനമുള്ള കര്‍ഷക രാഷ്ട്രീയം സംസാരിക്കുന്ന പി ജെ ജോസഫും, മാണി ഗ്രൂപ്പിലെ ഏറ്റവും സീനിയര്‍ ആയ സി എഫ് തോമസ് , കെഎം മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഏറ്റവും വിശ്വസ്തനും ആയിരുന്നു ജോയി എബ്രഹാം ,അഡ്വ.മോന്‍സ് ജോസഫ്എന്നിവര്‍ ജോസ് കെ മാണിയെ കൂടെ നിര്‍ത്തിക്കൊണ്ട് നയിക്കുന്ന ഒരു കേരള കോണ്‍ഗ്രസ്, അതിനു മാത്രമേ കേരള കോണ്‍ഗ്രസിന്റെ പ്രസക്തി പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. 

കെഎം.മാണി വിഭാഗം ഡെപ്യുട്ടി ചെയര്‍മാന്‍ സി.എഫ് .തോമസ് ,ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാം ,മുന്‍ മന്ത്രിയും എം.എല്‍ എയുമായ അഡ്വ.മോന്‍സ് ജോസഫ് ,, ചീഫ് വിപ്പ് അഡ്വ .തോമസ് ഉണ്ണിയാടന്‍ ,ജില്ലാ പ്രസിഡന്റുമാരായ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള (കൊല്ലം )അഡ്വ .കൊട്ടാരക്കര പൊന്നച്ചന്‍ (തിരുവനന്തപുരം )മധ്യതിരുവിതാംകൂറില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാര്‍ത്തോമാ സഭാ മുന്‍ ട്രസ്റ്റിയുമായ അഡ്വ .വര്‍ഗീസ് മാമന്‍ തുടങ്ങിയവരുള്‍പ്പെടുന്ന മാണിവിഭാഗത്തിന്റെ പിന്തുണയാണ് പി ജെ ജോസഫിന്റെ ഇപ്പോഴത്തെ കരുത്ത്.യു ഡി എഫില്‍ ഉറച്ചു നിന്നുകൊണ്ട് പുതിയ യു ഡി എഫ് ഭരണം കേരളത്തില്‍ കൊണ്ടുവരാന്‍ പി ജെ ജോസഫ് നേതൃത്വനിരയില്‍ ഉണ്ടാകണം എന്ന് ചിന്തിക്കുന്ന നേതാക്കന്മാരാണ് കൂടുതലും .യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ ഭാര്യയ്ക്ക് പാലാ സീറ്റ് ,തനിക്ക് ചെയര്‍മാന്‍ സീറ്റ് എന്ന മനക്കോട്ട കാണുന്ന രാഷ്ട്രീയം കേരള കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഒന്നാണ്. ഇത് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും ജോസ് കെ മാണി കാണിക്കണം . അങ്ങനെ കെ.എം മാണി ഉണ്ടാക്കിയ പാര്‍ട്ടിയെ മകന്‍ നാശത്തിലേക്ക് തള്ളിവിടാതെ ഇരിക്കട്ടെ.

പി.ജെ കരുത്ത് നേടുന്നു;പിന്നില്‍  സി എഫ് തോമസ്,ജോയി ഏബ്രഹാം, മോന്‍സ് ജോസഫ്, ഉണ്ണിയാടന്‍  തുടങ്ങി  ജില്ലാ നേതാക്കളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക