Image

കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു; ജോസ് കെ. മാണി പുതിയ ചെയര്‍മാന്‍; എംഎല്‍എമാര്‍ ജോസഫ് പക്ഷത്തേക്ക്

Published on 16 June, 2019
കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു; ജോസ് കെ. മാണി പുതിയ ചെയര്‍മാന്‍; എംഎല്‍എമാര്‍ ജോസഫ് പക്ഷത്തേക്ക്

കോട്ടയം : ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് പിളരുന്നു. കെ. എം. മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് ആര്‍ക്കെന്ന് ആഴ്ചകള്‍ നീണ്ട ചര്‍ച്ചകളും പൊട്ടിത്തെറികളും നടന്നു വരികയായിരുന്നു. അതിനിടെ ഇന്ന് ചേര്‍ന്ന് കേരള കോണ്‍ഗ്രസ് ബദല്‍ സംസ്ഥാന സമിതി ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. 

പാര്‍ട്ടി ചെയര്‍മാനായ പിജെ ജോസഫിന്റെ അംഗീകരമില്ലാതെ  ജോസ് കെ.മാണി സംസ്ഥാന സമിതിയോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. 220 സംസ്ഥാന സമിതിയംഗങ്ങള്‍ യോഗത്തിന് എത്തിയെന്നാണ് ജോസ് കെ. മാണി വിഭാഗം അറിയിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ഒന്നടങ്കം ജോസ് കെ. മാണിയെ ചെയര്‍മാനായി നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം സി.എഫ്.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു. സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ്സിന് അഞ്ച് എംഎല്‍എമാര്‍ ഉള്ളതില്‍ 2 പേര്‍ മാത്രമാണ് പങ്കെടുത്തത്. 

സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ. മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. പി.ജെ. ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ്, സി.എഫ്. തോമസ്, സി. തോമസ് എന്നീ എംഎല്‍എമാരും, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം, ജോസഫ് വിഭാഗത്തോട് ഒപ്പമാണ്. എന്നാല്‍ എന്നാല്‍ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു.

കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പങ്കെടുത്തു. 5 ജില്ലാ അധ്യക്ഷന്‍മാര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നത്. 

അതിനിടെ ബദല്‍ കമ്മിറ്റി വിളിക്കുന്നതില്‍ പിജെ ജോസഫ് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംങ് ചെയര്‍മാന് തന്നെയാണ് ഉത്തരവാദിത്വം എന്നും ആ നിലയ്ക്ക് കമ്മിറ്റി വിളിക്കാന്‍ അധികാരപ്പെട്ടയാള്‍ താനാണെന്നും പറഞ്ഞ പി ജെ ജോസഫ് അങ്ങനെയല്ലാതെ മറ്റാരെങ്കിലും യോഗം വിളിച്ചിട്ടുണ്ടെങ്കില്‍ അത് അനധികൃതമാണെന്നാണ് പിജെ ജോസഫ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക