Image

ഡോക്‌ടർമാരുടെ പണിമുടക്ക് സംസ്ഥാനത്ത് പൂർണം, രോഗികൾ വലഞ്ഞു

Published on 17 June, 2019
ഡോക്‌ടർമാരുടെ പണിമുടക്ക് സംസ്ഥാനത്ത് പൂർണം, രോഗികൾ വലഞ്ഞു
തിരുവനന്തപുരം: പശ്ചിമബംഗാളിൽ സമരംചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തിൽ ഇന്ന് നടത്തുന്ന സൂചനാ പണിമുടക്ക് പൂർണം. കെ.ജി.എസ്.ഡി.എയുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഡോക്ടർമാരും ഒ.പി.യിൽനിന്നു വിട്ടുനിന്നു.

തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാവിലെ പത്തുമുതൽ പതിനൊന്നുവരെയും ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ പത്തുവരെയും നടന്ന പണിമുടക്കിൽ രോഗികൾ വലഞ്ഞു. സാധാരണയായി ഒ.പികളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് തിങ്കളാഴ്ച. പണിമുടക്ക് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ആശുപത്രികളിലെ തിരക്കിന് കുറവുണ്ടായില്ല. രാവിലെ എട്ടുമണിക്ക് മുമ്പ് ഒ.പിയിലെത്തിയവർക്ക് രണ്ടുമണിക്കൂറിന് ശേഷമാണ് ഡോക്ടർമാരെ കാണാനായത്. രാവിലെ തന്നെ ദൂര സ്ഥലങ്ങളിൽ നിന്നുപോലും നിരവധി പേർ ഡോക്ടർമാരെ കാണാനെത്തി.

അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസം കൂടാതെ നടക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും ജൂനിയർ ‌ഡോക്ടർമാരാണ് കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഐ.സിയൂണിറ്റുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. എന്നാൽ എമർജൻസി തിയേറ്ററൊഴികെയുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തനം പണിമുടക്കിൽ തടസപ്പെട്ടു. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾ പലതും വൈകി. പണിമുടക്ക് അവസാനിക്കുന്നതോടെ തിയേറ്ററുകളുടെ പ്രവർത്തനം സാധാരണനിലയിലാകുമെന്ന് ആശുപത്രി അധികൃതർ രോഗികളെ അറിയിച്ചിട്ടുണ്ട്., മെഡിക്കൽ വിദ്യാർത്ഥികളും ജൂനിയർ ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചാണ് എല്ലാവരും രാവിലെ ജോലിക്കെത്തിയത്. സ്വകാര്യ പ്രാക്ടീസ് പൂർണമായും ഒഴിവാക്കി.

വാർഡുകളിൽ കിടത്തി ചികിത്സയിൽ തുടരുന്ന രോഗികളുടെ പരിശോധനയും നടന്നിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കാളികളായതോടെ ആരോഗ്യമേഖലയുടെ പ്രവർത്തനം രാവിലെ പൂർണമായും നിശ്ചലമായി. ഡെന്റൽ ക്ലിനിക്കുകളും അടച്ചിട്ടിരിക്കുകയാണ്.

രാവിലെ ആറുമുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതെങ്കിലും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മാത്രമാണ് സൂചനാ സമരത്തിലൊതുങ്ങിയത്. ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ആശുപത്രികൾക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാൻ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാവശ്യപ്പെട്ടും പശ്ചിമബംഗാൾ സംഭവത്തിൽ പ്രതിഷേധിച്ചും ഡോക്ടർമാർ തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിൽ ധർണ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ഡോക്ടർമാർ ധർണയിൽ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക