Image

കോഴിക്കോട് എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണും: പി.കെ. കുഞ്ഞാലിക്കുട്ടി

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 June, 2019
കോഴിക്കോട് എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണും: പി.കെ. കുഞ്ഞാലിക്കുട്ടി
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും നിയുക്ത എം.പിയും കോഴിക്കോട് എയര്‍പോര്‍ട്ട് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ നേരിടുന്ന വിവിധ പ്രായസങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെ നേത്രത്വത്തിലുള്ള നിവേദക സംഘവുമായി സംസാരിക്കയായിരുന്നു അദ്ദേഹം.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായാലും ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരുടെ കുറവ്മൂലം ലഗേജുകള്‍ കിട്ടാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഒന്നിലധികം വിമാനങ്ങള്‍ ഇറങ്ങുന്ന സമയത്ത് ഈ കാത്തിരിപ്പിന്റെ സമയം കൂടുകയും ചെയ്യുന്നു. എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് മൂലം പ്രയാസപ്പെടുന്നത് യാത്രക്കാരാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരോട് കാണിക്കുന്ന പീഡന മനോഭാവം അവസാനിപ്പിക്കുക, മറ്റ് എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് കോഴിക്കോട് സെക്ടറില്‍ നിന്നും അധിക ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നതിന് ശാശ്വത പരിഹാരം കാണുക, കോഴിക്കോട് സെക്ടറില്‍ സര്‍വ്വീസ് നടത്തിയിരുന്ന ഹെദരാബാദ് സര്‍വ്വീസ് പുനരാരംഭിക്കുക, സിംഗപ്പൂര്‍, ഹോങ്കോംഗ്, ഹുബ്ലി, ലക്ഷദ്വീപ് സര്‍വ്വീസുകള്‍ ആരംഭിക്കുക, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം പൂര്‍ണ്ണ തോതില്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് നല്‍കിയത്.

കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ സമഗ്രവികസനത്തിനായി പ്രവാസികളുടെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘടനയാണ് കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ (സി.എ.പി.സി.).

യു.എ. നസീര്‍, ന്യൂയോര്‍ക്ക് (ചെയര്‍മാന്‍), ടി.പി.എം. ഹാഷിര്‍ അലി (ജന. കണ്‍വീനര്‍), എ.പി. ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, ദുബായ് (ട്രഷറര്‍), മുസഫര്‍ അബ്‌റാര്‍ കെ., ജിദ്ദ (ചീഫ് കോ ഓര്‍ഡിനേറ്റര്‍ ) എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.

ചര്‍ച്ചയില്‍ ജന. കണ്‍വീനര്‍ ടി.പി.എം. ഹാഷിര്‍ അലി, ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുസഫര്‍ അബ്‌റാര്‍, ഭാരവാഹികളായ അഷ്‌റഫ് കളത്തിങ്ങല്‍പാറ, സി.കെ. ഷാക്കിര്‍, ജിന്‍ഷാന്‍ ചാലാരി, നൗഷാദ് ഓമശ്ശേരി, ഉബെദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

നേരത്തെ ദുബായില്‍ വെച്ച് ചെയര്‍മാന്‍ യു.എ. നസീര്‍, ട്രഷറര്‍ എ.പി. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഭാരവാഹികളായ അന്‍സാരി കണ്ണൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, എന്നിവര്‍ എമിറേറ്റ്‌സ് അധികൃതരുമായി കോഴിക്കോട് സര്‍വ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ടി.പി.എം ഹാഷിര്‍ അലി
കണ്‍വീനര്‍
കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍
ഫോണ്‍: 9349112844

കോഴിക്കോട് എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണും: പി.കെ. കുഞ്ഞാലിക്കുട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക