Image

സ്റ്റീവനേജില്‍ വിദ്യാരംഭം നടത്തി

Published on 18 June, 2019
സ്റ്റീവനേജില്‍ വിദ്യാരംഭം നടത്തി

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ നിര്‍ദ്ദിഷ്ഠ മിഷനായ സ്റ്റീവനേജില്‍ പെന്തകോസ്ത തിരുനാളിനോടനുബന്ധിച്ചു വിദ്യാരംഭം നടത്തി. പ്രീസ്റ്റ് ഇന്‍ ചാര്‍ജും സീറോ മലബാര്‍ സഭ ലണ്ടന്‍ റീജണല്‍ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയാണ് വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ കുരുന്നുകളെ എഴുത്തിനിരുത്തിയത്. 

ജ്ഞാനത്തിന്റേയും അറിവിന്റേയും ഉറവിടമായ പരിശുദ്ധാത്മാവിന്റെ ശ്ലീഹന്മാരിലേയ്ക്കുള്ള കടന്നുവരവിനെയും അതുവഴി ക്രിസ്തു ശിഷ്യര്‍ക്ക് ലഭിച്ച ബഹുഭാഷാ വരവും കത്തോലിക്കാ സഭയുടെ ആരംഭവും തിരുസഭ ധ്യാനിക്കുന്ന പെന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചുള്ള ദിനങ്ങളിലാണ് കത്തോലിക്കാ ദേവാലയങ്ങളില്‍ വിദ്യാരംഭം കുറിക്കല്‍ കര്‍മ്മം നടത്തുന്നത്.

അറിവിന്റെ അക്ഷര ലോകത്തേക്ക് കുരുന്നുകളെ ആദ്യാക്ഷരം കുറിച്ച് കൈപിടിച്ച് പ്രവേശിപ്പിക്കുന്നതിന്റെ ആരംഭ ആഹ്‌ളാദവും അപരിചിത്വത്തിന്റെ ആശങ്കകളും കുട്ടികളുടെ മുഖ ഭാവങ്ങളില്‍ നിഴലിച്ചപ്പോള്‍ കണ്ടു നിന്നവരില്‍ ചിരിപടര്‍ത്തി.

കുട്ടികളെ മാതാപിതാക്കള്‍ വൈദികരുടെ അടുത്തു കൊണ്ടു വരുകയും പേര് പറഞ്ഞു ശിഷ്യരായി സമര്‍പ്പിക്കുകയും തുടര്‍ന്നു വൈദികന്‍, ഗുരു ശിഷ്യ സ്‌നേഹബന്ധത്തിന്റെ പ്രകടനമായി മടിയില്‍ പിടിച്ചിരുത്തി വിജ്ഞാനത്തിന്റെയും വിവേകത്തിന്റേയും ബുദ്ധിയുടെയും വരദാനമായ പരിശുദ്ധാല്മ അഭിഷേകത്തിനായി പ്രാര്‍ഥിച്ച ശേഷം, പാത്രത്തില്‍ നിരത്തിയിരിക്കുന്ന ഉണക്ക കുത്തരിയില്‍ കുരിശു വരച്ചുകൊണ്ടു അക്ഷര ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുന്ന കുട്ടികള്‍ക്ക്, തുടര്‍ന്ന് ദൈവത്തിനു സ്തുതി എന്ന് പറയിപ്പിച്ച് ആദ്യാക്ഷരങ്ങളായ ഇംഗ്ലീഷിലെ 'എ' മലയാളത്തില്‍ 'അ' യും കുറിച്ച് ഗുരുവിന് സ്തുതിയും ചൊല്ലിപ്പിച്ചാണ് വിദ്യാരംഭം കുറിക്കല്‍ ചടങ്ങ് നടത്തിയത്. 

പള്ളിയിലെ നേര്‍ച്ചകാണിക്കയില്‍ തുട്ട് നിക്ഷേപിച്ചു പ്രാര്‍ഥിച്ചും നന്ദിയും വിശ്വാസവും പ്രഖ്യാപിച്ചുമാണ് കുട്ടികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്.

റിപ്പോര്‍ട്ട്:അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക