Image

പാടുന്നു പാഴ്മുളം തണ്ടു പോലെ ...(അനുഭവക്കുറിപ്പുകള്‍ 13: ജയന്‍ വര്‍ഗീസ്)

Published on 18 June, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ ...(അനുഭവക്കുറിപ്പുകള്‍  13: ജയന്‍ വര്‍ഗീസ്)
അങ്ങിനെയിരിക്കുന്‌പോള്‍ എന്റെ കട വാങ്ങിച്ച തോമസ് എന്നെക്കൂടി തന്റെ കടയിലെ തയ്യല്‍ക്കാരനായി ക്ഷണിച്ചു. വളരെ ചെറിയ നിലയില്‍ ഒരു തയ്യല്‍ക്കാരനായി തുടങ്ങിയ തോമസ് ആ നിലയില്‍ നിന്ന് ഉയര്‍ന്നു വന്ന് ഇന്ന് ചെറിയൊരു പണക്കാരനായി അറിയപ്പെടുന്ന ബിസിനസ് കാരനാണ്. ആളുകളോട് നന്നായി ഇടപെടാന്‍ അറിയാവുന്ന തോമസ് ഒരു ബന്ധുവിനെപ്പോലെ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് ബിസിനസ് നടത്തുന്നത്.

തോമസിന്റെ ക്ഷണം സന്തോഷത്തോടെ ഞാന്‍ സ്വീകരിച്ചുവെങ്കിലും അന്ന് എനിക്ക് തയ്യല്‍ മെഷീന്‍ ഉണ്ടായിരുന്നില്ല. പരീക്കണ്ണി അനുഭവങ്ങളില്‍ കുപിതനായിത്തീര്‍ന്ന അപ്പന്‍ ' ഇനി ഈ പണി നിനക്ക് വേണ്ട ' എന്ന് പറഞ്ഞു കൊണ്ട് മെഷീന്‍ നേരത്തെ തന്നെ വിറ്റു കളഞ്ഞിരുന്നു. അമ്മയുടെ വഴിയില്‍ ഞങ്ങളുടെ ബന്ധുവായ കിഴക്കേക്കര ചാച്ചന്‍ എന്നയാളാണ് അദ്ദേഹത്തിന്‍റെ മകള്‍ക്കു വേണ്ടി . മെഷീന്‍ വാങ്ങിയിരുന്നത്.

വിറ്റു കളഞ്ഞ മെഷീന്‍  തന്നെ തിരിച്ചു വാങ്ങണം എന്ന ഒരാഗ്രഹം എന്നെപ്പൊതിഞ്ഞു നിന്നു. ചാച്ചനോട് സംസാരിച്ചപ്പോള്‍ ' മെഷീന്‍ തരാം, പക്ഷെ, കൂടുതല്‍ വില തരണം ' എന്നാണു ഡിമാന്‍ഡ്. വിറ്റ വിലയേക്കാള്‍ കുറേക്കൂടി കൂടുതല്‍ കൊടുത്ത് ആ  മെഷീന്‍ തന്നെ തിരിച്ചു വാങ്ങിച്ചു. കൈയിലുണ്ടായിരുന്നതും, ആരോടൊക്കെയോ കടം വാങ്ങിയതുമായ പണം കൊടുത്താണ് മെഷീന്‍ സ്വന്തമാക്കിയത്.

അങ്ങിനെ കൊച്ചു ചെറുപ്പത്തിലേ സ്വന്തം ഗ്രാമത്തില്‍ ഒരു ജൗളിക്കടക്കാരന്‍ ആയി ബിസിനസ് ആരംഭിച്ച ഞാന്‍, ഞാന്‍ തന്നെ വിറ്റു കളഞ്ഞ കടയില്‍ ഒരു തയ്യല്‍ക്കാരനായി വീണ്ടും തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ എനിക്ക് സ്‌നേഹപൂര്‍വ്വം ' തല്ലിപ്പൊളി ' എന്ന പേര് ചാര്‍ത്തിച്ചു തന്നുവെങ്കിക്കും, അത്യാവശ്യത്തിനുള്ള പൈസയൊക്കെ എന്റെ പോക്കറ്റിലും വീണു തുടങ്ങി. ഒരു തയ്യല്‍ക്കാരന്‍ ആയിരുന്നിട്ടും, കടയില്‍ വരുന്ന ജോലികള്‍ എനിക്ക് കൂടി വീതം വച്ച് തരുന്നതില്‍ തോമസ് കാണിച്ച നിഷ്കര്‍ഷത കാലമിത്ര കഴിഞ്ഞിട്ടും നന്ദിയുടെ നല്ല ഭാവങ്ങളോടെ മാത്രമേ എനിക്കിന്നും അനുസ്മരിക്കുവാന്‍ സാധിക്കുകയുള്ളു.

നല്ലവനും, മനുഷ്യ സ്‌നേഹിയും, കലാകാരനുമായ തോമസ് എന്നോടൊപ്പം ചില നാടകങ്ങളില്‍ അഭിനയിക്കുകയും, സമൂഹത്തിലെ സാധാരണ മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. പില്‍ക്കാലത്ത് മാര്‍ക്‌സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോത്താനിക്കാട് ബ്രാഞ്ച് സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നതിനിടയില്‍ തന്റെ യൗവന പ്രായത്തില്‍ തന്നെ ഹൃദയ സ്തംഭനം മൂലം ആ പ്രിയപ്പെട്ടവന്‍  മരണമടഞ്ഞു.

സിനിമാ അഭിനയത്തില്‍ കന്പം കേറി ഒരു പുത്തന്‍ അംബാസഡര്‍ കാറുമായി മദ്രാസിലേക്ക് പോയ രവിശങ്കര്‍ എന്ന ഞങ്ങളുടെ നാട്ടുകാരനായ യുവാവ് തിരിച്ചു വന്നു. സിനിമയില്‍ ചാന്‍സ് കൊടുക്കാം എന്ന് പ്രലോഭിപ്പിച്ച് കൂടെക്കൂടിയ കുറെ സിനിമാ പരാന്ന ഭുക്കുകളുടെ കെണികളില്‍ അകപ്പെട്ട ഈ യുവാവ് കൈയിലുണ്ടായിരുന്ന പൈസയും, പുത്തന്‍ കാറും നഷ്ടപ്പെട്ട് മടങ്ങി വന്നിരിക്കുകയാണിപ്പോള്‍. തന്നെ മോഹിപ്പിച്ച് തന്റെ സന്പാദ്യം തട്ടിയെടുത്തവരില്‍ നമ്മളറിയുന്ന ചില സിനിമാ ജീനിയസ്സുകളും ഉണ്ടായിരുന്നുവെന്ന് രവിശങ്കര്‍ നേരിട്ട് എന്നോട് പറഞ്ഞിട്ടുള്ളത് കൊണ്ട് അതിവിടെ രേഖപ്പെടുത്തുന്നു. വളരെ പ്രസിദ്ധമായ ഒരു സിനിമയില്‍ തനിക്കു വേണ്ടി പറഞ്ഞു വച്ചിരുന്ന റോള്‍ അന്ന് ഹൈ റെക്കമെന്റേഷനോടെ പുതുമുഖമായി വന്ന ജഗതി ശ്രീകുമാറിന് നല്‍കിയതറിഞ്ഞ നിരാശയിലാണ് കക്ഷി നാട്ടില്‍ എത്തിയിരിക്കുന്നത്. സെറ്റുകളില്‍ നടിമാര്‍ക്ക് ചായ വാങ്ങിക്കൊടുക്കാനും, ആള്‍ക്കൂട്ടങ്ങളില്‍ ആരുമല്ലാതെ അഭിനയിക്കാനും ഇനി വയ്യ എന്ന് പറഞ്ഞു കൊണ്ടാണ് മടങ്ങി വരവ്.

സ്വന്തം പേരിന്റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത്  ആര്‍. എസ്  തീയറ്റേഴ്‌സ് എന്ന പേരില്‍ രവിശങ്കര്‍ നാടക സമിതി രൂപീകരിച്ചു. ഞാനെഴുതിയ ' സംഗമം ' എന്ന നാടകം പേര് മാറ്റി ' ഒരു മനുഷ്യന്റെ കഥ ' എന്ന പേരില്‍ സമിതി അവതരിപ്പിച്ചു തുടങ്ങി. നാടക കൃത്ത് എന്നതിലുപരി ട്രൂപ്പിന്റെ ജീവാത്മാവും, പരമാത്മാവുമായി ഞാന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു. രവിശങ്കറും, അനുജന്‍ ഐസി എന്ന ഐസക്കും കൂടാതെ എന്റെ തോഴില്‍ ദാതാവായ തോമസ് ഉള്‍പ്പടെയുള്ള ഒരു കൂട്ടം കഴിവുറ്റ ചെറുപ്പക്കാരനായിരുന്നു  അഭിനേതാക്കള്‍. മൂവാറ്റു പുഴയില്‍ നിന്നുള്ള ഒരു കൂട്ടം സാങ്കേതിക പ്രവര്‍ത്തകര്‍ ഇവന്റ് മാനേജുമെന്റ് കാരെപ്പോലെ എപ്പോഴും കൂടെയുണ്ടായിരുന്നു. ( അവര്‍ക്ക് നാടക സ്‌നേഹത്തേക്കാളുപരി നാടക രംഗത്ത് ലഭ്യമാവുന്ന ' മാറ്റാനുകൂല്യങ്ങളില്‍ ' ആയിരുന്നു കണ്ണ് എന്നത് ഞാനൊക്കെ മനസിലാക്കിയത് വളരെ വൈകിയിട്ടായിരുന്നു. )

 പൈങ്ങോട്ടൂര്‍ ഉദയാ ടാക്കീസില്‍ വച്ചുണ്ടായ ആദ്യ അവതരണത്തിന്റെ ഉദ്ഘാടനം പ്രമുഖ സിനിമാ താരമായിരുന്ന ശ്രീ അടൂര്‍ ഭാസിയാണ്  നിര്‍വഹിച്ചത്. ഏതോ സിനിമാ സെറ്റില്‍ നിന്ന് മുഖത്ത് ചായവുമായി എത്തിയ അടൂര്‍ ഭാസി എന്ന  സിനിമാ താരത്തിന്റെ സാന്നിധ്യം കൊണ്ട് കൂടിയാവാം, തീയറ്റര്‍ നിറഞ്ഞു കവിഞ്ഞ് വളരെയേറെ ആളുകള്‍ നിന്ന് കൊണ്ടാണ് നാടകം കണ്ടത്.

അനാഥ മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ആഹാരം കൊടുക്കാനില്ലാതെ നട്ടം തിരിയുന്ന  അച്ചന്റെ  മുന്നില്‍ ആവശ്യത്തിനുള്ള പണവുമായി ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. അനാഥ മന്ദിരത്തില്‍ നിന്ന് പഠിച്ചു പുറത്തു പോയി ജോലി നേടിയെന്ന് പറയുന്ന ഇയാള്‍ തന്റെ മാതൃ സ്ഥാപനത്തിന് വേണ്ടി ചെയ്യുന്ന സഹായമായി മാത്രമേ  അച്ചന്‍ ഇതിനെ കാണുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഒരു തോഴില്‍  തെണ്ടിയായി അലയുന്ന അയാള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ തടസ്സമാവുന്നത് അയാളുടെ അനാഥത്വമാണെന്നു അയാള്‍ തിരിച്ചറിയുന്നു. അനാഥമന്ദിരത്തിലെ തന്റെ പിന്മുറക്കാര്‍ വിശന്നു പൊരിയുന്നതറിയുന്‌പോള്‍ അവര്‍ക്ക് വേണ്ടി അയാള്‍ മോഷ്ടിക്കുകയാണ്. ആ മോഷണ മുതലാണ് സഹായമായി തന്റെ   കൈയിലെത്തുന്നത് എന്ന് തിരിച്ചറിയുന്ന അച്ചന്‍ അനാഥ മന്ദിരം അയാളെ ഏല്‍പ്പിച്ചിട്ടു മോഷണക്കുറ്റം സ്വയം ഏറ്റെടുത്ത് ജയിലിലേക്ക്  പോവുകയാണ്. അതി തീവ്രമായ മാനസിക സംഘട്ടനങ്ങള്‍ നിറഞ്ഞ ഈ നാടകം അന്ന് തന്നെ ഉന്നതമായ ഒരു നിലവാരം പുലര്‍ത്തിയിരുന്നു.

നാടകത്തിന് കുറച്ചൊക്കെ ബുക്കിങ്ങുകള്‍ കിട്ടി. അവതരിപ്പിച്ച സ്ഥലങ്ങളിലൊക്കെ ' ഹവ്‌സ് ഫുള്‍ ' ആയിട്ടാണ് നാടകം നടന്നിരുന്നത്. എങ്കിലും, അതിന്റെ യഥാര്‍ത്ഥ പ്രയോജനം അനുഭവിച്ചിരുന്നത് മൂവാറ്റുപുഴക്കാര്‍ ആയിരുന്നു എന്നതാണ് സത്യം. നാടക രംഗത്തിന് സമാന്തരമായി ഒരു അഴുക്കു ചാല്‍ കൂടി ഒഴുകുന്നുണ്ടെന്നും, അതില്‍ കളിച്ചു പുളക്കണമെങ്കില്‍ കുറെ പ്രൊഫഷണലിസം കൂടി ആവശ്യമുണ്ടെന്നും നേരത്തെ മനസിലാക്കിയിരുന്നത് കൊണ്ടാവാം, മൂവാറ്റുപുഴക്കാര്‍ക്കും, രവിശങ്കറിനും ഒക്കെ എന്തൊക്കെയോ കിട്ടി. ഞങ്ങള്‍ മറ്റുള്ളവര്‍ നാട്ടും പുറത്തുകാര്‍ രാപകലില്ലാതെ കുറേക്കാലം അദ്ധ്വാനിച്ചതു മിച്ചം. ശരിക്കും തെളിച്ചു പറഞ്ഞാല്‍, ധന നഷ്ടവും, മാനഹാനിയും ഫലം.

 നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന കാലത്താണ് എനിക്ക് വിവാഹാലോചനകള്‍ വരുന്നത്. കുടുംബപ്പേരിന്റെ ഒറ്റ മഹത്വമല്ലാതെ യാതൊരു യോഗ്യതയും എനിക്ക് അവകാശപ്പെടാന്‍ ഉണ്ടായിരുന്നില്ല. ഒരു പെണ്ണിനെ പുലര്‍ത്തുന്നതിനുള്ള വരുമാനം എന്റെ തൊഴിലില്‍ നിന്ന് എനിക്ക് ലഭിച്ചിരുന്നുമില്ല. സല്‍പ്പേരുള്ള അപ്പനമ്മമാരുടെ മകന്‍ എന്ന നിലയിലാണ് എന്നെ തങ്ങളുടെ മകളുടെ ഭര്‍ത്താവാക്കാന്‍  പലരും ശ്രമിച്ചത്. എന്റെ സാഹചര്യങ്ങള്‍ എനിക്കറിയാമായിരുന്നു എന്നത്  കൊണ്ട് പല ആലോചനകളെയും ഞാന്‍ ഒഴിവാക്കി വിട്ടു. എങ്കിലും വീട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം പൂര്‍ണ്ണമായും എനിക്ക് ഒഴിവാക്കാനായില്ല. ഒരു പെണ്ണ് കെട്ടിച്ചാല്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്വം വരുമെന്നും, അതിലൂടെ നാടകം, ' എഴുത്ത്  മുതലായ തരികിടകളില്‍ നിന്നും എന്നെ രക്ഷപ്പെടുത്താമെന്നുമാണ് കുടുംബത്തിന്റെ കണക്കു കൂട്ടല്‍.

എന്റെ നേരെ ഇളയ പെങ്ങള്‍ ലീലാമ്മയെ അടിമാലിയിലുള്ള കാണിയാടന്‍ മത്തായിച്ചേട്ടന്‍റെ ഇളയ മകന്‍ ഗീവറുഗീസ് ആണ് വിവാഹം ചെയ്തിരുന്നത്. അവള്‍ക്ക് ഇരുപതു വയസ്സ് ആയപ്പൊളേക്കും ആ വിവാഹം  നടന്നിരുന്നു. വല്യാമ്മയുടെ വലിയൊരു ആഗ്രഹമായിരുന്നു ഞാനുള്‍പ്പെടെയുള്ള പേരക്കുട്ടികളുടെ  വിവാഹം നടന്നു കാണണം എന്നുള്ളത്. ലീലാമ്മയുടെ വിവാഹം നടന്ന്  ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി വല്യാമ്മ മരിച്ചു പോയി.

' കാണിയാട്ടു വെല്ലുപ്പന്‍ ' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഗീവറുഗീസിന്റെ പിതാവ് അശ്രാന്ത പരിശ്രമ ശാലിയായ ഒരു കര്‍ഷകനായിരുന്നു. മലകളെ വിറപ്പിച്ച മനുഷ്യന്‍ എന്നാണു എനിക്ക് അദ്ദേഹത്തെപ്പറ്റി തോന്നിയിരുന്നത്. അടിമാലിയിലെ തെക്കന്‍ മലകളുടെ താഴ്‌വാരത്തിലുള്ള കുറെ ഭൂമി സ്വന്തമാക്കിയ അദ്ദേഹം, മലയില്‍ നിന്നുള്ള കാട്ടരുവികളില്‍ ഒന്ന് തന്റെ പുരയിടത്തിലൂടെ തിരിച്ചു വിട്ട് മണ്ണില്‍ ജലസേചനം സുസാധ്യമാക്കി. ഇതേ ജലം ഉപയോഗപ്പെടുത്തി കരസ്ഥലം തട്ട് തട്ടുകളാക്കി തിരിച്ചു നെല്‍ വയലുകളാക്കി നെല്‍കൃഷി നടത്തി. കാര്‍ഷിക സമൃദ്ധിയുടെ കതിര്‍ക്കുലകള്‍ വിളഞ്ഞു നിന്ന ഒരു പറുദീസാ ആയിരുന്നു അദ്ദേഹത്തിന്‍റെ കൃഷി സ്ഥലം.

എന്നോട് പുത്ര നിര്‍വിശേഷമായ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന ഈ മനുഷ്യനായിരുന്നു എനിക്ക് വേണ്ടിയുള്ള വിവാഹാലോചനകളില്‍  മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ചത്. തന്റെ അയല്‍ക്കാരനും, സുഹൃത്തുമായ ഒരാളുടെ മകളെ എനിക്ക് വേണ്ടി അദ്ദേഹം ആലോചിച്ചു. വെല്ലുപ്പനോടൊപ്പം പോയി പെണ്ണിനെ കണ്ടു. ഹൈറേഞ്ചസിന്റെ ശാലീനത വഴിഞ്ഞൊഴുകുന്ന ഒരു പെണ്‍കുട്ടി. എനിക്കിഷ്ടപ്പെട്ടു. കുടുംബങ്ങള്‍ തമ്മില്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച് വിവാഹ തീയതി വരെ നിശ്ചയിച്ചു. ആ പെണ്‍കുട്ടിയെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് കുറെ സ്വപ്‌നങ്ങള്‍ ഞാനും നെയ്‌തെടുത്തു. അപ്പോളാണ് അപ്രതീക്ഷിതമായ ഒരറിയിപ്പു വരുന്നത്, അവര്‍ പിന്മാറുന്നു എന്ന്. എന്നെപ്പറ്റി എന്തോ അരുതാത്തത് അവര്‍ കേട്ടുവെന്നും, അത് കൊണ്ട് പെണ്ണിന്റെ വല്യാപ്പന് ഈ വിവാഹത്തിനു സമ്മതമല്ല എന്നുമാണ് അറിയിപ്പ്.

അപ്പന്‍  വിശദമായി  കാര്യങ്ങള്‍ അന്വേഷിച്ചു. പെണ്ണിന്റെ വല്യാപ്പന്റെയും, ഞങ്ങളുടെയും ഒരകന്ന ബന്ധു ഞങ്ങളുടെ നാട്ടിലുണ്ടെന്നും, അയാളോട് എന്നെക്കുറിച്ച് അന്വേഷിച്ചുവെന്നും, " നാടകം കളിച്ചു നാട് തെണ്ടി നടക്കുന്ന ഇവനെക്കൊണ്ട് കെട്ടിച്ചാല്‍ പെണ്ണ് പട്ടിണി കിടന്നു ചാവും " എന്ന് റിപ്പോര്‍ട്ട് കിട്ടിയെന്നും, പണ്ടേ നാടകക്കാരോടും, അവരുടെ സ്വഭാവ ദൂഷ്യങ്ങളോടും വെറുപ്പായിരുന്ന വല്യാപ്പന് തന്റെ പേരക്കുട്ടിയെ ഒരു ഒരു നാടകക്കാരന് എറിഞ്ഞു കൊടുക്കാന്‍ മനസ്സില്ല എന്നുമാണ് വിശദീകരണം.

ഞാന്‍ നാടകം എഴുതുന്ന ഒരാള്‍ മാത്രമാണെന്നും, എന്റെ നാടകങ്ങളില്‍ ചിലപ്പോഴൊക്കെ അഭിനയിച്ചിട്ടുണ്ട് എന്നതൊഴിച്ചാല്‍ നാട് ചുറ്റി നാടകം കളിക്കുന്ന ഒരാളല്ലെന്നും, അതിന്റെ പേരില്‍ ഒരു സ്വഭാവ ദൂഷ്യം എനിക്കുണ്ടായിട്ടില്ലെന്നും ഒക്കെ പെണ്ണിന്റെ വല്യാപ്പനോട്  നേരിട്ട് പറയാന്‍ ചുമതലപ്പെടുത്തി കാണിയാട്ടു വെല്ലുപ്പന്‍ എന്നെ പെണ്ണിന്റെ വീട്ടിലേക്കയച്ചു.

ചെന്നായയുടെ മുന്നില്‍പ്പെട്ട ആട്ടിന്‍ കുട്ടിയെപ്പോലെ ഞാന്‍ വല്യാപ്പന്റെ മുന്നില്‍ നിന്നു. ' ഞാന്‍ വെള്ളം കലക്കിയിട്ടില്ല ' എന്ന് ഞാന്‍ പറഞ്ഞു നോക്കി. ' നീയല്ലെങ്കില്‍ നിന്റെ 'അമ്മ കലക്കി ' എന്നാണ് വല്യാപ്പന്റെ ഉറച്ച നിലപാട്. " ഒരു നാടകക്കാരനു തരാന്‍ എന്റെ കുടുംബത്തില്‍ പെണ്ണില്ല, പൊക്കോ " എന്ന വല്യാപ്പന്റെ ആട്ടും കേട്ടുകൊണ്ട് ഞാന്‍ തിരിച്ചു പോരുന്‌പോള്‍ അര്‍ദ്ധ നിമീലിത നേത്രങ്ങളോടെ ആ ഹൈറേഞ്ചു പുത്രി അടുക്കളപ്പുറത്ത് എന്നെത്തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. നാടക രംഗത്തെ മുന്‍കാല പ്രവര്‍ത്തകര്‍ വരുത്തി വച്ച പേര് ദോഷത്തിന്റെ പ്രേതം എന്നെയും കീഴടക്കുന്നത് തിരിച്ചറിഞ്ഞു കൊണ്ട് ഞാന്‍ മടങ്ങി.

( കോതമംഗലത്തുള്ള ഒരു ബസ് കണ്ടക്ടര്‍ക്ക് ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുത്തു എന്ന് അന്ന് കേട്ടിരുന്നു. അമേരിക്കയില്‍ വന്ന ശേഷം ഒരു വെക്കേഷന് ചെന്നപ്പോള്‍ കോതമംഗലം ബസ്സേലിയോസ് ഹോസ്പിറ്റലില്‍ വച്ച് ആ പെണ്‍കുട്ടിയെ ( ഇന്നവര്‍ മുതിര്‍ന്ന ഒരു സ്ത്രീയാണ്. ) ഞാന്‍ കണ്ടു. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തോട് അനുബന്ധിച്ചുണ്ടായ ഏതോ രോഗത്തിന് ചികിത്സ തേടി എത്തിയതായിരുന്നു അവര്‍. )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക