Image

വീണ്ടും വരുമോ ഒരു ഗള്‍ഫ് യുദ്ധം! (പകല്‍ക്കിനാവ് 153: ജോര്‍ജ് തുമ്പയില്‍)

Published on 20 June, 2019
വീണ്ടും വരുമോ ഒരു ഗള്‍ഫ് യുദ്ധം! (പകല്‍ക്കിനാവ് 153: ജോര്‍ജ് തുമ്പയില്‍)
ഗള്‍ഫില്‍ യുദ്ധമുണ്ടായാല്‍ അമേരിക്കയിലിരിക്കുന്നവര്‍ക്ക് എന്തു പേടിക്കാനാണ് എന്ന ഭാവമാണ് പലര്‍ക്കും. എന്നാല്‍ ഇങ്ങനെയൊരു യുദ്ധം ഒരിക്കല്‍ കൂടി സംഭവിച്ചാല്‍ പിന്നെ ആഗോളസാമ്പത്തിക സ്ഥിതിക്ക് സംഭവിക്കുന്ന പരിണാമത്തെക്കുറിച്ച് രണ്ടു തവണ ചിന്തിക്കേണ്ടി വരും. ഡോളറിനു വിലകൂടുമോ കുറയുമോ എന്നതല്ല, അത് ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന മാറ്റത്തെക്കുറിച്ചാണ് നാം ഭയപ്പെടേണ്ടത്. ഇപ്പോള്‍ ഗള്‍ഫില്‍ ഒരു സംഘര്‍ഷ സ്ഥിതി നിലനില്‍ക്കുന്നുണ്ടെന്നത് വാസ്തവമാണ്. കുവൈറ്റ് യുദ്ധകാലത്ത് സംഭവിച്ചതിലും അല്‍പ്പം കൂടി തീവ്രമാണ് ഈ സ്ഥിതി. അന്ന്, ഇറാഖായിരുന്നു പ്രശ്‌നത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നതെങ്കില്‍ ഇന്ന് ഇറാനാണ് എന്നതു മാത്രമാണ് വ്യത്യാസം.

ഇറാനുമായി അമേരിക്ക ശീതസമരം ആരംഭിച്ചിട്ട് കാലം കുറേയായി. ഉത്തര കൊറിയയുമായി ഉള്ളതിനേക്കാള്‍ ഒരുപക്ഷേ തീവ്രമാണ് ഈ സമരമെന്ന് വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു. അമേരിക്കയെ ഭയപ്പെടുത്താന്‍ ആണവയുദ്ധമെന്ന ഭീഷണിയാണ് ഇറാന്‍ പുറത്തെടുക്കുന്നത്. ഇറാന്റെ വന്‍ എണ്ണനിക്ഷേപമാണ് ഈ ഭയപ്പെടുത്തലിനു പിന്നിലെന്ന് അമേരിക്കയ്ക്ക് അറിയാം. അതു കൊണ്ടു തന്നെ എണ്ണ ഉപരോധം ശക്തിപ്പെടുത്തിയാണ് ട്രംപ് ഭരണകൂടം തിരിച്ചടിച്ചത്. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതി പൂജ്യത്തിലെത്തിക്കാന്‍ പൂര്‍ണ ഉപരോധമാണ് കഴിഞ്ഞ മാസം മുതല്‍ അമേരിക്ക നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ചിരുന്ന 180 ദിവസത്തെ ഇളവും അവസാനിച്ചു. ഇറാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം എണ്ണയുടെ കാര്യത്തില്‍ ശക്തമാണെങ്കിലും അമേരിക്കയെ പിണക്കാന്‍ ഇന്ത്യയ്ക്കു കഴിയില്ല. എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിച്ചു കൊണ്ട് ഇതിനെ നേരിടാനാണ് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി തയ്യാറെടുക്കുന്നത്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. അതു കൊണ്ടു തന്നെ ഗള്‍ഫ് യുദ്ധമെന്ന ആശങ്ക ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നതും ഇന്ത്യയെയാണ്.

മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള എണ്ണ കയറ്റുമതിയില്‍ ആശങ്ക നിറഞ്ഞതോടെ ഇന്ധനവില വര്‍ധിക്കുകയാണ്. ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ദിവസേന 1.7 കോടി ബാരല്‍ എണ്ണ നീക്കമുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലും അറബിക്കടലുമായി യോജിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ഹോര്‍മുസിന്റെ വടക്കു തീരമായ ഇറാന്‍ വിചാരിച്ചാല്‍ കപ്പല്‍ ഗതാഗതം തടയാമെന്നതിനാല്‍ സംഘര്‍ഷം രൂക്ഷമാകുന്നത് എണ്ണവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നു ലോകരാജ്യങ്ങള്‍ ഭയക്കുന്നു. ഇതിന്റെ ചുവടുപിടിച്ചാണു എണ്ണവില കുതിക്കുന്നതും. യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും സൗദിയുടെ തിരിച്ചടിയും, യുഎസ്  ഇറാന്‍ തര്‍ക്കം എന്നീ സംഭവങ്ങളാല്‍ പ്രക്ഷുബ്ധമാണു മധ്യപൂര്‍വദേശം. യുഎസില്‍ ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇറാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാണ്. കഴിഞ്ഞമാസം ഇറാനെതിരെയുള്ള ഉപരോധം യുഎസ് ശക്തമാക്കിയിരുന്നു. ഇപ്പോള്‍ എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിലും ഇറാനെ പ്രതിസ്ഥാനത്തു നിര്‍ത്തിയിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎസും ഇറാനുമായി ഒരേപോലെ ബന്ധമുള്ള രാജ്യമെന്ന നിലയ്ക്ക് സായുധപോരാട്ടം ഒഴിവാക്കാനാണു ശ്രമമെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറയുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആബേയ്‌ക്കൊപ്പമുണ്ട്. പരസ്യമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇന്ത്യ ശ്രമിക്കുന്നില്ലെങ്കിലും അനുരഞ്ജനമെന്ന നിലപാടിനെ പിന്തുണയ്ക്കാന്‍ മോദിയും കാര്യമായി ശ്രമിക്കുന്നുണ്ട്.

യുഎസ് ഇറാന്‍ പ്രകോപനങ്ങള്‍ യുദ്ധമായി മാറാന്‍ സാധ്യതയുണ്ടെന്നതാണു പല ഭാഗത്തു നിന്നുമുള്ള മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയില്‍ പലേടത്തും അതു കൊണ്ടു തന്നെ കാര്യമായ വാണിജ്യബന്ധങ്ങള്‍ നിലകൊള്ളുന്നുമില്ല. വീണ്ടുമൊരു ഗള്‍ഫ് യുദ്ധമെന്നതു പേര്‍ഷ്യന്‍ ഗള്‍ഫിലും മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും പ്രതിധ്വനികള്‍ ഉണ്ടാക്കും. അമേരിക്കയ്‌ക്കൊപ്പം നിലകൊള്ളുന്ന സൗദി ഇറാനെതിരേയാണ്. ഗള്‍ഫ് ഉച്ചകോടിയില്‍ അവര്‍ പരസ്യമായ ഇറാനെതിരേ നിലപാടു സ്വീകരിക്കുകയും ചെയ്തു.

സൗദി അറേബ്യയിലെ അബ്ബാ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി സഖ്യസേന കരുതുന്നു. അത്യാധുനിക ശേഷിയുള്ള ഈ ക്രൂസ് മിസൈല്‍ അമേരിക്കയേയും ഭയപ്പെടുത്തുന്നുണ്ട്. 2,000 മുതല്‍ 3,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സുമാര്‍ ക്രൂസ് മിസൈലിനെതിരേ യുഎസ് രംഗത്തു വന്നിരുന്നു. ഇത്രയും പരിധിയുള്ള മിസൈലിന് ഇസ്രയേല്‍, സമീപ രാജ്യങ്ങളിലെ അമേരിക്കന്‍ ക്യാംപുകളെ വരെ ആക്രമിക്കാനാവും. ബാലസ്റ്റിക് മിസൈലിനേക്കാള്‍ താഴ്ന്ന് പറന്ന്, ശത്രുക്കളെ കണ്ണുവെട്ടിച്ച് കുതിക്കാന്‍ ഇറാന്റെ ക്രൂസ് മിസൈലിനു സാധിക്കും. അതു കൊണ്ടു തന്നെ കടുത്ത ഉപരോധത്തിനു പുറമേ, ക്രൂസ് മിസൈല്‍ പരീക്ഷണത്തിനും ഇറാനു മേല്‍ നിയന്ത്രണമുണ്ട്. ഏതു വിധേനയും അന്താരാഷ്ട്ര തലത്തില്‍ ഇറാനെ ഒറ്റപ്പെടുത്താനാണ് യുഎസ് നീക്കം.

സോവിയറ്റ് കാലത്ത് ഉപയോഗിച്ചിരുന്ന കെഎച്ച്55 മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇറാന്റെ സുമാര്‍ ക്രൂസ് മിസൈല്‍. 2001 ല്‍ യുക്രയ്‌നില്‍ നിന്ന് സ്വന്തമാക്കിയ കെഎച്ച്55 മിസൈല്‍ ഇറാനിലെ എന്‍ജിനീയര്‍മാര്‍ റിവേഴ്‌സ് എന്‍ജിനീയറിങ്ങിലൂടെ പരിഷ്കരിച്ച് അവതരിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. അമേരിക്കയുടെ ഈ വാദം ഏതാണ്ട് ശരിയാണു താനും.. എന്തായാലും അമേരിക്കയും ഇറാനും യുദ്ധത്തിനു കോപ്പ് കൂട്ടുമ്പോള്‍ ഭയപ്പെടാതെ തരമില്ല. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫില്‍ ഇനിയൊരു സംഘര്‍ഷം കൂടി താങ്ങാന്‍ നമ്മുടെ രാജ്യത്തിനു കഴിയില്ല. കുതിച്ചുയരുന്ന ക്രൂഡ് ഓയില്‍ വില മാത്രമല്ല, കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യത്തിന്റെ വരവിനെയും ഇതു ബാധിച്ചേക്കും. അതു കൊണ്ടു തന്നെ ഏതു വിധേനയും യുദ്ധമൊഴിവാക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക