Image

മുത്തലാഖ്‌ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം

Published on 21 June, 2019
മുത്തലാഖ്‌ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം


ദില്ലി: മുത്തലാഖ്‌ ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ്‌ ബില്‍ വീണ്ടും ലോക്‌സഭയില്‍ എത്തിയത്‌. മുത്തലാഖ്‌ നിരോധനം ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്ന്‌ പ്രതിപക്ഷം വാദിച്ചു. ഒറ്റയടിക്കുള്ള മുത്തലാഖ്‌ നിരോധിക്കുന്നത്‌ ലക്ഷ്യം വെച്ചുള്ള ബില്‍ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദാണ്‌ സഭയില്‍ അവതരിപ്പിച്ചത്‌.

പതിനേഴാമത്‌ ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാര്‍ ആദ്യം അവതരിപ്പിച്ച ബില്ലാണിത്‌. കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാസായിരുന്നെങ്കിലും രാജ്യസഭയില്‍ പരാജയപ്പെടുകയായിരുന്നു.

 ഇത്‌ മതപരമായ കാര്യമല്ലെന്നും ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. സ്‌ത്രീകളുടെ സംരക്ഷണമാണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുത്തലാഖിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന്‌ കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍ പറഞ്ഞു. ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമനിര്‍മാണമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി. 

സമൂഹത്തില്‍ ഒന്നാകെ നടപ്പിലാക്കാന്‍ സാധിക്കുന്നത്‌ പോലൊരു നിയമനിര്‍മാണമാണ്‌ നടപ്പിലാക്കേണ്ടത്‌, എല്ലാ സമുദായത്തിലും ഭാര്യമാരെ ഉപേക്ഷിക്കുന്ന സംഭവം നടക്കുന്നുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ബില്ലിനെതിരെ എഐഎംഐഎം നേതാവ്‌ അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. ബിജെപിക്ക്‌ എന്തുകൊണ്ടാണ്‌ മുസ്ലീം സ്‌ത്രീകളോട്‌ ഇത്രയധികം സ്‌നേഹം, ഹിന്ദുക്കളായ സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശിക്കാന്‍ എന്തുകൊണ്ടാണ്‌ നിങ്ങള്‍ അനുവാദം നല്‍കാത്തതെന്ന്‌ ഒവൈസി ചോദിച്ചു. 
ബില്‍ നടപ്പിലായാല്‍ മുസ്ലീ പുരുഷന്‌ 3 വര്‍ഷം തടവ്‌ ശിക്ഷ ലഭിക്കുമ്‌ബോള്‍ സമാനമായ കുറ്റം ചെയ്‌ത അന്യമതത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക്‌ ഒരു വര്‍ഷം മാത്രമാണ്‌ ശിക്ഷ ലഭിക്കുന്നത്‌. ഇത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ഒവൈസി ആരോപിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക