Image

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

Published on 21 June, 2019
  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍  കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍


തിരുവനന്തപുരം: സുരക്ഷാ കാരണങ്ങളാല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വാഹന പാര്‍ക്കിങ്‌, വിഡിയോ റിക്കോര്‍ഡിങ്‌, പൊതു ചടങ്ങുകള്‍ തുടങ്ങിയവയ്‌ക്ക്‌ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്ര സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുള്ള പൊലീസ്‌ ഉദ്യോഗസ്ഥരെ നിയന്ത്രണത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

 ക്ഷേത്ര സുരക്ഷയെ ബാധിക്കുമെന്നു ബോധ്യപ്പെട്ടാല്‍ അത്തരക്കാരെ ക്ഷേത്ര ദര്‍ശനത്തിന്‌ അനുവദിക്കില്ല. ഇവരെ ക്ഷേത്ര പരിസരത്തോ സമീപത്തെ കെട്ടിടങ്ങളിലോ താമസിക്കാനും അനുവദിക്കില്ല.

ഫോര്‍ട്ട്‌ വാര്‍ഡിന്റെയും വഞ്ചിയൂര്‍ വില്ലേജ്‌ ഓഫിസിന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണു നിയന്ത്രണം.

 രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഭവന്‍ റോഡ്‌, ട്രാന്‍സ്‌പോര്‍ട്ട്‌ ഭവന്‍ വാഴപ്പള്ളി ജംക്ഷന്‍ റോഡ്‌, വാഴപ്പള്ളി ജംക്ഷന്‍ സുന്ദരവിലാസം കൊട്ടാരം റോഡ്‌, സുന്ദരവിലാസം കൊട്ടാരം രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സ്‌ റോഡ്‌ എന്നിവിടങ്ങളെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച്‌ ആഭ്യന്തര വകുപ്പ്‌ ഉത്തരവിറക്കി.

ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ പൊതു ചടങ്ങുകള്‍ നടത്തണമെങ്കില്‍ 15 ദിവസം മുന്‍പു ജില്ലാ പൊലീസ്‌ മേധാവിയില്‍ നിന്ന്‌ അനുമതി വാങ്ങണം. ആയുധങ്ങള്‍, തീപിടിത്തത്തിനു കാരണമാകുന്ന വസ്‌തുക്കള്‍ തുടങ്ങിയവ ക്ഷേത്ര പരിസരം വഴി കൊണ്ടു പോകാന്‍ അനുവദിക്കില്ല. 

സുരക്ഷയെ ബാധിക്കുമെന്നു ബോധ്യമായാല്‍ ക്ഷേത്ര പരിസരത്തെ ഹോട്ടലുകള്‍, ലോഡ്‌ജുകള്‍, വസ്‌ത്ര വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്താനുള്ള അധികാരവും പൊലീസിന്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക