Image

ബിനോയ് കോടിയേരിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

Published on 21 June, 2019
ബിനോയ് കോടിയേരിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും

തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കായി മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും.

ഒളിവിലുള്ള ബിനോയിക്കായി കേരളത്തിലും മുംബൈയിലും മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ തിരുവനന്തപുരത്തും കണ്ണൂരുമായാണ് അന്വേഷണം നടത്തുന്നത്. അതേസമയം മുംബൈ സെഷന്‍സ് കോടതിയില്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ ബിനോയിയുടെ തലശേരി തിരുവങ്ങാട്ടേയും മൂഴിക്കരയിലേയും വീട്ടില്‍ പൊലീസെത്തിയെങ്കിലും അദ്ദേഹത്തെ കാണാനായിരുന്നില്ല. ബിനോയിയുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം ബിനോയിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്ന തലശേരിയിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.തലശേരി തിരുവങ്ങാട്ടെ വീട്ടില്‍ എത്തിയാണ് മുംബൈ പൊലീസ് നോട്ടീസ് കൈമാറിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്.പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്.

കേസില്‍ സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് ശേഖരിച്ചുവരികയാണ്. വേണമെങ്കില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും ഓഷിവാര പൊലീസ് അറിയിച്ചു.

കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മില്‍ 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് ഇടപാടുകളുടെ സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയവ ഓഷിവാര പൊലീസിന് യുവതി സമര്‍പ്പിച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്.

ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34-കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്.

അതേസമയം, യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്.പി, ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം.

എന്നാല്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാനുള്ള തന്ത്രമാണ് ഇതെന്നും പരാതിക്കാരിയെ തനിക്ക് അറിയാമെന്നുമാണ് ബിനോയ് കോടിയേരി നേരത്തെ പ്രതികരിച്ചത്.

താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക