Image

ജസീക്ക വീണ്ടും തിരിച്ചുവരുമോ? (അശ്വതി ശങ്കര്‍)

Published on 22 June, 2019
ജസീക്ക വീണ്ടും തിരിച്ചുവരുമോ? (അശ്വതി ശങ്കര്‍)
മലനിരകള്‍ക്ക് താഴെയുള്ള ചെറിയൊരു വീടും വിശാലമായ സ്ഥലവും...എത്ര രസകരമായിരുന്നു ബാല്യം..ധാരാളം പക്ഷികള്‍ വന്നുപോവുന്നതും നോക്കി എത്ര നേരം വേണമെങ്കിലും ജനാലയ്ക്കല്‍ ഇരിക്കാമായിരുന്നു.അമ്മയുടെ ഭാഷ്യത്തില്‍ ദൈവത്തിന്റെ പൂന്തോട്ടത്തില്‍ നിന്ന് ശാപം കിട്ടി ഭൂമിയില്‍ വന്നവരാണവര്‍.അതിനാല്‍ ജസീക്കയ്ക്ക് സ്കൂളില്‍ പോവാന്‍ സാധ്യമല്ലായിരുന്നു.അമ്മ പറഞ്ഞ നിറമില്ലാത്ത നുണക്കഥകള്‍ക്ക് മുന്നില്‍ സ്കൂളില്‍ പോവാന്‍ വാശി പിടിച്ച കുഞ്ഞു ജസീക്കയെ അമ്മ വീട്ടിലിരുത്തി നാട്ടുഭാഷ ദാരിയും ഇംഗ്ലീഷും പഠിപ്പിച്ചു.പെട്ടെന്നൊരു ദിവസം കരഞ്ഞുകൊണ്ടോടി വന്ന് തന്നെ ചേര്‍ത്ത്പിടിക്കുന്ന അച്ഛനെ അവള്‍ അമ്പരപ്പോടെ നോക്കി.എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ അമ്മ അവളെ പുതുവസ്ത്രം ധരിപ്പിച്ച് പഴയൊരു പുസ്തകമിട്ട തുണിസഞ്ചി അവളുടെ കൈയില്‍ വെച്ചു കൊടുത്തു.തലമുറയുടെ രഹസ്യമടങ്ങിയ ആ പുസ്തകം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന താക്കീതോടെ പിറകിലെ വാതിലിലൂടെ അവളോട് ഓടിരക്ഷപ്പെടാന്‍ പറഞ്ഞു.പുസ്തകം നെഞ്ചോട് ചേര്‍ത്ത് കരഞ്ഞുകൊണ്ടോടിയ ഒമ്പതുവയസുകാരിക്ക് പിന്നില്‍ വീടും മാതാപിതാക്കളും തീഗോളമായി മാറിയിരുന്നു.

ജസീക്ക ഓടിക്കൊണ്ടേയിരുന്നു..ചതിയില്‍പ്പെട്ട ജസീക്കയ്ക്ക് മുമ്പില്‍ ആദ്യം ദൈവമായി അവതരിച്ച മനുഷ്യന്‍ ഒമര്‍ ആയിരുന്നു..സ്വന്തം മകളായി ,വീട്ടുകാരിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഒമര്‍ തന്റെ സിനിമാസ്റ്റുഡിയോയില്‍ അവളെ പാര്‍പ്പിച്ചു.ഒമറിന്റെ ചുമരില്‍ ഒരു ഒമ്പതുവയസുകാരിയുടെ ചിത്രമായി അവശേഷിച്ച് ജസീക്ക ലണ്ടനില്‍ എത്തുന്നു.മേരിയും ജോണും ജസീക്കയെ ദത്തെടുക്കുന്നു ..പക്ഷേ എന്നും ജസീക്ക,ജസീക്ക ഒമര്‍ മാത്രമായിരുന്നു.

മേരിയുടെയും ജോണിന്റെയും കൈപിടിച്ചു നടന്ന വഴികളിലൂടെയെല്ലാം ഇപ്പോള്‍ ജസീക്ക ഒറ്റയ്ക്കാണ് യാത്ര.അവരുടെ ശൂന്യതയിലേക്ക് നീണ്ടിടതൂര്‍ന്ന മുടിയും വിടര്‍ന്ന കണ്ണുകളും കൈയില്‍ പുസ്തകസഞ്ചിയുമായി കയറിവന്നവളാണ് ജസീക്ക ..കാലം മുന്നോട്ട് പോയപ്പൊ ആ പുസ്തകത്തെ അവള്‍ മറന്നുതുടങ്ങി..

മഞ്ഞു കാലം ആരംഭിച്ചു.രാത്രിയുടെ ദൈര്‍ഘ്യം കൂടുകയും പകല്‍വെളിച്ചം കുറയുകയും ചെയ്യുന്ന മഞ്ഞുകാലം ജസീക്കയില്‍ കടുത്ത ഏകാന്തത സൃഷ്ടിച്ചു.വായന കാത്ത് പുസ്തകങ്ങള്‍ അവള്‍ക്ക് ചുറ്റും കിടന്നു..ഒന്നിലും താല്‍പര്യമില്ലാതെ ജസീക്ക മനോനിര്‍മ്മിതിയായ ഏകാന്തതയിലാണ്.ഒരു മാറ്റം അനിവാര്യമായി അവള്‍ക്ക് തോന്നി.. ഒരു യാത്ര ....എങ്ങോട്ട്?
ജീവിതവും ജീവിതത്തിലേക്ക് കയറി വരുന്നവരും സംഭവങ്ങളും അപ്രതീക്ഷിതങ്ങളാണല്ലൊ

ഒരു നിമിത്തം പോലെ അല്ല ഒരു നിയോഗം പോലെ
ആബിദ് എന്ന സഹറാവിയിലൂടെ പടിഞ്ഞാറന്‍
സഹറാവികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെ കേട്ടു.. കണ്ടു..
വിന്റര്‍ബ്ലൂസില്‍ നിന്ന് രക്ഷപ്പെടാന്‍ ,സന്തോഷിക്കാന്‍,സഹറാവികളുടെ ജീവിതമറിയാന്‍,തന്റെ ചാനലിനു വേണ്ടി സ്വതന്ത്ര സംവിധായികയാവാന്‍,പ്രിയപ്പെട്ട ബസ്മയെ കാണാന്‍ ജെസിക്ക പടിഞ്ഞാറന്‍ സഹാറയെ അധിനിവേശിച്ച മൊറോക്കോയിലേക്ക് യാത്ര തിരിച്ചു.മൊറോക്കോയിലെ കാസാബ്ലാങ്കയില്‍ ബസ്മയ്‌ക്കൊപ്പം യാത്ര തുടങ്ങിയ നാള്‍ മുതല്‍ ജസീക്ക പോലീസിന്റെ നോട്ടപ്പുള്ളിയായി.ഒന്നും അവളെ ബാധിച്ചില്ല.ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍.ആ വാശിയില്‍ ബസ്മയും സയിദും മറ്റു പലരും അവളില്‍ നിന്നകന്നു.
ഉസ്താദ് എന്ന വിളിപ്പേരുള്ള മിസ്റ്റിക്മനുഷ്യന്‍..കവിയും ആക്ടിവിസ്റ്റുമായ ബ്രാഹിം മുസ്തഫയും ഒരു മുജ്ജന്മബന്ധം പോലെ ചേര്‍ത്തുപിടിച്ച അമിനതൗ ,എഴുത്തും വായനയുമറിയാത്ത സഹറാവികളുടെ സ്വന്തം കവയിത്രി കദ്രഉമ്മുവും ഒമറിനു ശേഷം ജസീക്കയ്ക്കു മുന്നില്‍ അവതരിച്ച മനുഷ്യദൈവങ്ങളായിരുന്നു .

സഹറാവികളുടെ ദുരിതജീവിതം പുറംലോകത്തെ അറിയിക്കണമെന്ന വാശി യാത്രയ്ക്കിടയില്‍ എപ്പഴാണ് അവള്‍ക്ക് കൈമോശം വന്നത്?ജസീക്ക
വീണ്ടും തിരിച്ചുവരുമോ?
കാത്തിരിക്കുന്നു.
സഹറാവീയം
ജുനൈദ് അബൂബക്കര്‍
ഡി.സി ബുക്‌സ്
വില :?380

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക