Image

വാത്സിംഗ്ഹാം മഹാ തീര്‍ത്ഥാടനം ജൂലൈ 20 ന്

Published on 22 June, 2019
വാത്സിംഗ്ഹാം മഹാ തീര്‍ത്ഥാടനം ജൂലൈ 20 ന്


വാത്സിംഗ്ഹാം, ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന യു കെ യിലെ ഏറ്റവും വലിയ തിരുനാള്‍ ആഘോഷമായ വാത്സിംഗ്ഹാം മരിയന്‍ പുണ്യ തീര്‍ഥാടനത്തിന് ഇത്തവണ യുകെ യിലെ സമസ്ത മേഖലകളിലും നിന്നുമായി ആയിരങ്ങള്‍ അണിചേരും. മധ്യസ്ഥ പ്രാര്‍ഥനയും ഒരുക്കങ്ങളും ആയി തീര്‍ഥാടകര്‍ക്ക് അനുഗ്രഹപൂരിതവും സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാന്‍ ആവേശ പൂര്‍വമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി കോള്‍ചെസ്റ്റര്‍ കമ്യൂണിറ്റി അറിയിച്ചു.

ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.തോമസ് പാറക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ 20 ന് (ശനി) മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ച് മാതൃ രൂപവും ഏന്തിക്കൊണ്ടു മരിയ ഭക്തര്‍ ആഘോഷമായ തീര്‍ഥാടനം നടത്തും. തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം, തീര്‍ഥാടന സന്ദേശം, കുട്ടികളെ അടിമ വയ്ക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞു 2.45 നു ആഘോഷമായ തിരുനാള്‍ സമൂഹ ബലിയില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാര്‍ വൈദികര്‍ സഹ കാര്‍മികരായിരിക്കും. 

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏവരെയും തീര്‍ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക