Image

വരവേല്‍ക്കുന്ന ചുവപ്പുനാടകള്‍..! (മുരളി തുമ്മാരുകുടി)

Published on 23 June, 2019
വരവേല്‍ക്കുന്ന ചുവപ്പുനാടകള്‍..! (മുരളി തുമ്മാരുകുടി)
ആന്തൂരില്‍ പുതിയതായി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിനാല്‍ അതിന്‍റെ ഉടമ ആത്മഹത്യ ചെയ്ത സംഭവം ‘ഒറ്റപ്പെട്ട’താണെന്ന് മന്ത്രി. നാലുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരാല്‍ ഏതെങ്കിലും തരത്തില്‍ ദ്രോഹിക്കപ്പെടുന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നതിന് തര്‍ക്കമില്ല. എന്നാല്‍ ഏതെങ്കിലും ആവശ്യത്തിനായി കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നത് ഒരു ദിവസത്തില്‍ ആയിരക്കണക്കിന് തവണ സംഭവിക്കുന്ന കാര്യമാണ്. ഏതെങ്കിലും കാലത്ത് ഏതെങ്കിലും തരത്തില്‍ ഒരു സര്‍ക്കാര്‍ സംവിധാനത്താല്‍ ബുദ്ധിമുട്ടിക്കപ്പെടാത്ത ആരെങ്കിലും കേരളത്തിലുണ്ടോ? അവരൊന്നും ആത്മഹത്യ ചെയ്തില്ലെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ ഒറ്റപ്പെട്ടത് തന്നെയാണ്. അതുകൊണ്ടു തന്നെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്ത് തീര്‍ക്കാവുന്നതോ, തീര്‍ക്കേണ്ടതോ ആയ കേസല്ല ഇത്.

ഇതിന്റെ അര്‍ഥം സര്‍ക്കാര്‍ സംവിധാനത്തില്‍ എല്ലാവരും കുഴപ്പക്കാരോ ആളുകളെ ബുദ്ധിമുട്ടിക്കുന്നവരോ ആണെന്നല്ല. നമ്മുടെ ഇപ്പോഴത്തെ നിയമങ്ങള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കാനുള്ള വിവേചനാധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഈ സംഭവത്തില്‍ നിന്നും എന്തെങ്കിലും പഠിക്കാന്‍ നമ്മള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് നിയമങ്ങള്‍ കൂടുതല്‍ കൃത്യത ഉള്ളതാക്കുകയും ആളുകളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ പോന്ന വിവേചനാധികാരങ്ങള്‍ എടുത്തു കളയുകയും ആണ്.

ഏത് നാട്ടില്‍ എന്ത് ബിസിനസ്സ് തുടങ്ങിയാലും അത് ആ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തര്‍ക്കം തുടങ്ങുന്നത് ‘ഏതൊക്കെ നിയമങ്ങളാണ് അനുസരിക്കേണ്ടത്’ എന്ന അടിസ്ഥാനമായ ചോദ്യത്തില്‍ നിന്നാണ്. ഇതിന് പോലും ശരിയായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

വെങ്ങോലയിലെ പ്രധാന വ്യവസായം പ്ലൈവുഡ് ആണ്. വെങ്ങോലയിലെ പ്ലൈവുഡ് കന്പനികളെ പറ്റി സുപ്രീം കോടതി നിയമിച്ച കമ്മീഷന്‍ ഒരു പഠനം നടത്തിയിട്ടുണ്ട്. ഒരു പ്ലൈവുഡ് കന്പനി നടത്താന്‍ എത്ര അനുമതികള്‍ വേണം, അതെല്ലാം കന്പനികള്‍ക്ക് ഉണ്ടായിരുന്നോ എന്നെല്ലാം അതില്‍ വിശദീകരിച്ചിട്ടുണ്ട്. വായിച്ചാല്‍ വിഷമിച്ചു പോകും.

ഒരു പ്ലൈവുഡ് കന്പനി നടത്താന്‍ എത്ര അനുമതികള്‍ വേണം?

1. പഞ്ചായത്തിന്റെ
2. വ്യവസായ വകുപ്പിന്റെ
3. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ
4. തൊഴില്‍ വകുപ്പിന്റെ
5. വനം വകുപ്പിന്റെ
6. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ
7. രാസ വസ്തുക്കള്‍ ഉണ്ടെങ്കില്‍ അതിന് വേറെ
8. ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്റെ

എന്നിങ്ങനെ നീണ്ടു നീണ്ടു പോകും ഈ ലിസ്റ്റ്. ഒരു പാറമട നടത്താന്‍ പതിനഞ്ച് ലൈസന്‍സുകള്‍ വേണമെന്ന് വായിച്ചിട്ടുണ്ട്. ഇതില്‍ പലതും ഒരു വര്‍ഷത്തേക്കുള്ള അനുമതി ആയിരിക്കും. അതോരോന്നും പുതുക്കി കിട്ടാന്‍ മാസങ്ങള്‍ പിന്നെയും എടുക്കും. ഇതുകൊണ്ട് ഏത് സമയത്തും കേരളത്തിലെ ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ഏതെങ്കിലും ‘അനുമതി’ ഇല്ലാതെയും ഉള്ള അനുമതികളുടെ സമയം കഴിഞ്ഞും ആയിരിക്കും അത് പ്രവര്‍ത്തിക്കുന്നത്.

ഈ സാഹചര്യം ബിസിനസ്സ് തുടങ്ങുന്നവര്‍ക്ക് ഒഴിച്ച് മറ്റെല്ലാവര്‍ക്കും ഗുണകരമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അനുമതികള്‍ നീട്ടിയും ഇല്ലാത്ത കാര്യം പറഞ്ഞു പേടിപ്പിച്ചും കൈക്കൂലി മേടിക്കാം. എപ്പോഴും ഉദ്യോഗസ്ഥരെ കൊണ്ട് പറഞ്ഞ് കാര്യങ്ങള്‍ ചെയ്യിക്കേണ്ടിവരുന്നതിനാല്‍ രാഷ്ട്രീയക്കാരോട് ബിസിനസ്സുകാര്‍ നയത്തിലേ പെരുമാറൂ. രാഷ്ട്രീയക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ പിരിവു നടത്താം, അത്യാഗ്രഹം ഉള്ളവരാണെങ്കില്‍ അതിലപ്പുറവും വാങ്ങാം. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ഒരപകടം ഉണ്ടായാല്‍ ‘അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ചതാണെന്ന്’ പറഞ്ഞ് പ്രസ്ഥാനം ഉടന്‍ പൂട്ടിക്കെട്ടാം (ഒരാഴ്ച കഴിഞ്ഞ് ആളുകളുടെ ഒച്ചപപ്പാടെല്ലാം കഴിയുന്‌പോള്‍ വീണ്ടും തുറക്കാമല്ലോ).

ഇതിന്റെ പരിണത ഫലം നാട് നന്നാവുന്നതോ നിയമങ്ങള്‍ കൂടുതല്‍ അനുസരിക്കപ്പെടുന്നതോ അല്ല. മറിച്ച് നിയമം അനുസരിച്ചു ബിസിനസ്സ് നടത്താന്‍ കഴിവുള്ളവര്‍, നിയമം അറിഞ്ഞു ബിസിനസ്സ് നടത്താന്‍ താല്പര്യമുളളവര്‍, ഇവരൊന്നും ഇവിടെ ഒരു ബിസിനസ്സിനും ഇറങ്ങി പുറപ്പെടില്ല എന്നതാണ്. ഇത് കഷ്ടമാണ്. സ്കൂള്‍ തൊട്ട് ബസ് സര്‍വീസ് വരെ, മാര്‍ജിന്‍ ഫ്രീ തൊട്ട് തട്ടുകട വരെ, വിമാനത്താവളം തൊട്ട് ഹൗസ്‌ബോട്ട് വരെ വലിയ പ്രസ്ഥാനങ്ങളാക്കി നടത്തി വിജയിപ്പിച്ചെടുത്ത പാരന്പര്യമുള്ള ആളുകളാണ് മലയാളികള്‍. പുറത്തു നിന്ന് വരുന്നതും മണ്ണിലും സ്വര്‍ണ്ണത്തിലും കുഴിച്ചിടുന്നതും ആയി മൂലധനവും ഏറെയുണ്ട്. അഭ്യസ്തവിദ്യരായ ആളുകളും ധാരാളം. അങ്ങനെ ലക്ഷക്കണക്കിന് തൊഴില്‍ സംരംഭത്തിന് സാധ്യതയുള്ള സ്ഥലമായ കേരളത്തെ ഒരു മിഡില്‍ ഇന്‍കം രാജ്യമാക്കി ഉയര്‍ത്താനുള്ള എല്ലാ ചേരുവയും ഇവിടെയുണ്ട്. പക്ഷെ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് ബിസിനസ്സ് ചെയ്യാന്‍ വരുന്നവരെ ഏതൊക്കെ തരത്തില്‍ ബുദ്ധിമുട്ടിക്കാം എന്ന് ഗവേഷണം ചെയ്യുന്ന ഔദ്യോഗിക സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ഇത്തരം നിയമങ്ങളുടെ നൂലാമാലകളെ തരികിട കൊണ്ട് നേരിടുന്നവര്‍, വേണമെങ്കില്‍ നിയമത്തിന് പുറത്തു കാര്യങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്തവര്‍, ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ ഇവര്‍ക്കൊക്കെ മാത്രമേ സ്വന്തം പണം ഇറക്കി കേരളത്തില്‍ ബിസിനസ്സ് ചെയ്യാന്‍ ധൈര്യമുണ്ടാകൂ. അല്ലാത്തവര്‍ ആ പണിക്കിറങ്ങിയാല്‍ പണി പാളും, കാശ് ആദ്യമേ പോകും, ചിലപ്പോള്‍ ജീവനും.

‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്’ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുക എന്നതാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയം. ബിസിനസ്സ് തുടങ്ങാന്‍ സംരംഭകര്‍ക്കായി ‘സിംഗിള്‍ വിന്‍ഡോ ക്‌ളിയറന്‍സ്’ നടപ്പാക്കും എന്ന് കേരളത്തിലെ എത്രയോ നയപ്രഖ്യാപനം നമ്മള്‍ കേട്ടിരിക്കുന്നു. എന്നാലും ഏറ്റവും നിസ്സാരമായ ഒരു പ്രസ്ഥാനമെങ്കിലും നടത്താനുള്ള സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍കൈ എടുത്തു ചെയ്യാറുണ്ടോ?

ഒരു ചെറിയ ഉദാഹരണം പറയാം. കേരളത്തില്‍ ലക്ഷക്കണക്കിന് വീടുകളും ഫ്‌ളാറ്റുകളും വെറുതെ കിടക്കുകയാണ്. അതേ സമയം ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ചെലവ് കുറഞ്ഞ താമസ സ്ഥലങ്ങള്‍ ലഭ്യമല്ല താനും. വീടുകള്‍ ഹോം സ്‌റ്റേ ആക്കാനുള്ള നിയമങ്ങള്‍ എളുപ്പമാക്കിയാല്‍ ആളുകള്‍ക്ക് വരുമാനമാകും, കൂടുതല്‍ ടൂറിസ്റ്റുകള്‍ വരും, അതോടനുബന്ധിച്ച് വേറെയും അനവധി സാന്പത്തിക അവസരങ്ങളുണ്ടാകും. ജനീവയില്‍ ഹോംസ്‌റ്റേ പോലുള്ള എയര്‍ ബി ആന്‍ഡ് ബി തുടങ്ങണം എങ്കില്‍ ഒരു ദിവസത്തെ പണിയേ ഉള്ളൂ. എനിക്ക് ഒരിക്കല്‍ ഈ കാര്യത്തില്‍ താല്പര്യമുണ്ടായപ്പോള്‍ അല്പം ഗവേഷണം നടത്തി കണ്ടെത്തിയതാണ്. പക്ഷെ കേരളത്തില്‍ ഒരു വീട് നിയമപരമായി ഹോം സ്‌റ്റേ ആക്കണമെങ്കിലുള്ള പേപ്പര്‍ വര്‍ക്ക് നമ്മെ അന്പരപ്പിക്കും. പഞ്ചായത്ത് മുതല്‍ പോലീസ് വരെ മാസങ്ങളെടുക്കും മിനിമം പേപ്പര്‍ വര്‍ക്ക് സംഘടിപ്പിക്കാന്‍. ഇതിനിടയില്‍ പല തരത്തിലുള്ള ആളുകളെ നമ്മള്‍ കാണണം, കൈകാര്യം ചെയ്യണം. സത്യത്തില്‍ ഒരു ഹോം സ്‌റ്റേ ഉണ്ടാക്കാന്‍ ഏതൊക്കെ നിയമങ്ങള്‍ അനുസരിക്കണമെന്ന് പോലും ആര്‍ക്കും അറിയില്ല. കേരളത്തില്‍ എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിച്ച ഏതെങ്കിലും ഒരു ഹോംസ്‌റ്റേ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിയമങ്ങളുടെ ആധിക്യം കൊണ്ടും സര്‍ക്കാര്‍ സംവിധാനവുമായി നേരിടാനുള്ള പേടി കൊണ്ടും ബഹുപൂരിപക്ഷം ആളുകളും ഹോം സ്‌റ്റേ ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കാറു കൂടിയില്ല. ഒരു ദിവസം കൊണ്ട് അനുമതി കിട്ടും എന്ന് വന്നാല്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം ഹോം സ്‌റ്റേ കേരളത്തിലുണ്ടാകും, ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയാകും, നമ്മുടെ സന്പദ് വ്യവസ്ഥയെ അത് മേലോട്ട് കുതിപ്പിക്കും.

ഇതിനൊരു പരിഹാരമായി പ്രസ്ഥാനങ്ങള്‍ കൊണ്ടുവരിക എന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കണം. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നല്‍കുന്ന പണമാണ് പഞ്ചായത്തിന്റെയും കോര്‍പ്പറേഷന്റെയും വലിയ വരുമാന സ്രോതസ്സ്. ഒരു പഞ്ചായത്തില്‍ പുതിയ പ്രസ്ഥാനങ്ങള്‍ വരുന്‌പോളാണ് ആ പഞ്ചായത്തിന് കൂടുതല്‍ വരുമാനമുണ്ടാകുന്നത് എന്നുള്ള കോമണ്‍ സെന്‍സു കൊണ്ടൊന്നും പഞ്ചായത്തുകള്‍ ബിസിനസ്സുകാരെ സഹായിക്കുന്നില്ല എന്ന് അടുത്ത കാലത്തെ അനുഭവങ്ങളില്‍ നിന്നും അറിയാമല്ലോ. പക്ഷെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന വിഹിതം തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയതായി വരുന്ന മൂല ധന നിക്ഷേപത്തിന് ആനുപാതികമാക്കണം. വരുമാനമില്ലാത്ത പഞ്ചായത്തുകളിലെ സ്റ്റാഫിനെ വീട്ടില്‍ പറഞ്ഞു വിടണം. അപ്പോള്‍ എന്തെങ്കിലും പ്രസ്ഥാനം നടത്താന്‍ വരുന്നവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഈ സാറമ്മാര്‍ ഒക്കെ, “സാര്‍, ഞങ്ങളുടെ പഞ്ചായത്തില്‍ എന്തെങ്കിലും ഒരു പുതിയ സ്ഥാപനം തുടങ്ങൂ" എന്നും പറഞ്ഞു നാട്ടുകാരുടെ പുറകേ വരും.

അതാണ് ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം..!



Join WhatsApp News
Sudhir Panikkaveetil 2019-06-23 16:22:55
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നു വിശ്വസിച്ച് 
നടക്കുന്ന  ജനങ്ങളോട് രാഷ്ട്രീയക്കാരും സർക്കാർ 
ജീവനക്കാരും പറയുന്നത്. അത്രക്ക് മോഹിക്കേണ്ട
മക്കളെ നിങ്ങൾ ഞങ്ങളുടെ മുന്നിൽ ഓച്ഛാനിച്ച് 
നില്ക്കു കാൽക്കൽ കാണിക്ക വയ്‌ക്കു എന്നാണു.
അവർ രാജാക്കന്മാരും ജനം പ്രജയുമാണ്. വർഷകാലത്ത് 
തവളകൾ ശബ്ദം വയ്ക്കുന്ന മാതിരി ജനം 
പത്രത്തിലും കവലകളിലും നിന്നും പ്രസംഗിക്കും.
എന്ത് ഫലം. കൈക്കൂലി വാങ്ങാൻ സൗകര്യത്തിൽ 
നിയമം ഉണ്ടാക്കിയരെ തൂക്കിലേറ്റാൻ ജനാധിപത്യത്തിന് 
കഴിവില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യുക, 
അധ്വാനിച്ച കാശു വല്ലവനും കൊടുക്കുക. ജയ് ഹിന്ദ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക