Image

ആഴത്തിലുള്ള ചിന്തകള്‍: ശ്രീ ബ്ലസന്‍, ഹൂസ്റ്റണ്‍ - ഇമലയാളി ലേഖനംഅവാര്‍ഡ് 2018

Published on 23 June, 2019
ആഴത്തിലുള്ള ചിന്തകള്‍: ശ്രീ ബ്ലസന്‍, ഹൂസ്റ്റണ്‍ - ഇമലയാളി ലേഖനംഅവാര്‍ഡ് 2018
(അവാര്‍ഡുകള്‍ അടുത്ത ഞായറാഴ്ച (ജൂണ്‍ 30) 3 മുതല്‍ ന്യു യോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. മുഖ്യാതിഥി: പ്രൊഫ. എം.എന്‍. കാരശേരി. ഏവര്‍ക്കും സ്വാഗതം. രജിസ്‌ട്രേഷന്‍ ആവശ്യമില്ല. 'മാറുന്ന ഇന്ത്യയില്‍ സാഹിത്യവും മാധ്യമ പ്രവര്‍ത്തനവും' എന്ന വിഷയത്തെപറ്റി ചര്‍ച്ചയോടേ തുടക്കം)

1. അവാര്‍ഡ് ജേതാവിനു അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നോ? അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരം.

1. ഇ-മലയാളിയുടെ ഈ പുരസ്‌ക്കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്‌ക്കാരത്തിന്റെ മഹിമ തന്നെ. ഇതിനു മുമ്പ് പുരസ്‌ക്കാരം ലഭിച്ചവരൊക്കെ എന്നെക്കാള്‍ എത്രയോ പ്രഗല്‍ഭരായിരുന്നു. അതില്‍ ഒരാളാകുമെന്ന് കരുതാത്തതായിരുന്നു അതിനു കാരണം.

അവാര്‍ഡ് ലഭിച്ചുയെന്ന് അറിഞ്ഞപ്പോള്‍ അതിയായ സന്തോഷം മനസ്സില്‍ ഉണ്ടായി. കാരണം അമേരിക്കയില്‍ ഒരു മലയാളം പത്രം എഴുത്തുകാര്‍ക്ക് അവാര്‍ഡ് നല്‍കുന്നത് ഇ-മലയാളി മാത്രമാണ്. അതും വായനക്കാരെയും പ്രഗല്‍ഭരായ എഴുത്തുകാരെ ഉള്‍പ്പെടുത്തിയുള്ള അവാര്‍ഡ് കമ്മിറ്റിയുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള അവാര്‍ഡ് അത് ഒരു വലിയ അംഗീകാരം തന്നെയാണ്.

2. അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെഎങ്ങനെ സഹായിക്കും.

അമേരിക്കന്‍ മലയാള സാഹിത്യം എങ്ങനെ വിലയിരുത്തുന്നുവെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. സാഹിത്യസംഘടനകള്‍ ധാരാളമുണ്ട്. പക്ഷെ അതില്‍ എത്ര പേരുണ്ട് എന്ന് ചോദിച്ചാല്‍ വളരെ കുറവായിരിക്കും. എഴുത്തുകാര്‍ തന്നെ കുറയുന്നതാണ് സ്ഥിതി.
എന്നാല്‍ വായനക്കാരില്‍ ആ കുറവ് ഉണ്ടോയെന്ന് സംശയമാണ്. ചെറുപ്പക്കാര്‍ രചനകള്‍ വായിച്ചിട്ട്ഈമെയിലില്‍ കൂടി അഭിപ്രായം പറയാറുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തിനുവേണ്ടി എഴുതിയിട്ടില്ല. ദൈവം തന്ന കഴിവില്‍ നിന്നുകൊണ്ട് രചനകള്‍ നടത്തുന്നു. വായനക്കാരാണ് എഴുത്തുകാരെ വിലയിരുത്തുന്നത്.

3. നിങ്ങള്‍ആദ്യമെഴുതിയ സ്രുഷ്ടി ഏതു, എപ്പോള്‍. അതേക്കുറിച്ച് ചുരുക്കമായി പറയുക.ഒരു എഴുത്തുകാരനാകാന്‍നിങ്ങള്‍ക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

കലാലയ ജീവിതത്തിലാണ് ആദ്യമായി എഴുതി തുടങ്ങിയത്. ഉപന്യാസമാണ് ആദ്യം എഴുതിയത്. വിവിധ മാധ്യമങ്ങളില്‍ കൂടി അഞ്ഞൂറില്‍പ്പരം ലേഖനങ്ങളും ഇരുപത്തിയഞ്ചില്‍ പരം കവിതകളും ഏതാനും കഥകളും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരനാകുകയെന്നത് സ്‌ക്കൂള്‍ വിദ്യാഭ്യാസം തൊട്ടുള്ള ആഗ്രഹമായിരുന്നു. പത്രങ്ങളില്‍ ലേഖനത്തിനൊപ്പം പേരുകൂടി വന്നപ്പോള്‍ ഉണ്ടായ സന്തോഷം വളരെയേറെയായിരുന്നു.

4. ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ മലയാളിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ.

ഇ-മലയാളിയുടെ സ്ഥിരം വായനക്കാരനാണ്. വ്യത്യസ്തമായ രീതിയില്‍ മടുപ്പില്ലാതെ വായിക്കാന്‍ കഴിയുന്ന പത്രമാണ് ഇ-മലയാളി. എഡിറ്റോറിയല്‍ ബോര്‍ഡ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. മാറ്റങ്ങള്‍ വരുത്തുന്നുമുണ്ട്.

5. ഇ-മലയാളിയുടെ വായനക്കാരന്‍ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.

പേരെടുക്കാന്‍ വേണ്ടിയെഴുതുന്നവരുണ്ട്. ഇമലയാളിയില്‍ കൂടി പ്രസിദ്ധീകരിച്ചാല്‍ പ്രശസ്തി കിട്ടുമെന്ന ധാരാണയാകാം. പ്രത്യേകിച്ച് കവിതകള്‍ ഗദ്യമാണോ പദ്യമാണോയെന്നു പോലും തിരിച്ചറിയാനാകാത്ത വിധത്തില്‍ കവിതകള്‍ വന്നിട്ടുണ്ട്. അതിനൊരു നിയന്ത്രണം വേണം. കവിതകള്‍ മാത്രമല്ല കഥകളും. അത് ഇ-മലയാളി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

6.ലേഖനംകൂടാതെ നിങ്ങള്‍ എഴുതുന്ന രചനകള്‍ എന്തൊക്കെ? എന്തുകൊണ്ട് ലേഖനങ്ങളില്‍ നിങ്ങള്‍ തുടരുന്നു.

ലേഖനങ്ങളാണ് എന്റെ ഇഷ്ട വിഷയം. അതില്‍ തന്നെ ചരിത്രപരമായത്. രാഷ്ട്രീയ ലേഖനങ്ങളും അനുദിന സംഭവങ്ങളും ഇഷ്ടവിഷയം തന്നെ.

7. എഴുതാന്‍ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരന്‍ ആര്?. എന്തുകൊണ്ട് ആ സ്വാധീനംനിങ്ങളില്‍ ഉണ്ടായി. ഇപ്പോള്‍ ആ സ്വാധീനത്തില്‍ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ?

തകഴിയെപ്പോലെയുള്ള എഴുത്തുകാര്‍ എന്നും പ്രചോദനമായിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ആരെന്നു ചോദിച്ചാല്‍ കണ്ണടച്ചു പറയാം മലയാറ്റൂര്‍. മലയാറ്റൂരിന്റെ വേരുകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാണ്. എത്രപ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് യാതൊരു പിടിയുമില്ല. അത്രയ്ക്ക് ഇഷ്ടമായിരുന്നു വേരുകള്‍. പിന്നീടുള്ളത് പി.കേശവദേവ്.

8. നിങ്ങളുടെ നിരീക്ഷണത്തില്‍ അമേരിക്കന്‍ മലയാള സാഹിത്യം നാട്ടിലെ മുഖ്യധാര സാഹിത്യവുമായി കിടപിടിക്കുന്നോ?

നാട്ടിലെ സാഹിത്യം അമേരിക്കന്‍ സാഹിത്യത്തെ അംഗീകരിക്കുന്നുണ്ടോയെന്ന് സംശയം. സംഘടനകള്‍ കെട്ടിയെഴുന്നെള്ളിച്ച് അവരുടെ കണ്‍വന്‍ഷനുകളില്‍ നാട്ടില്‍ നിന്ന് സാഹിത്യകാരന്‍മാരെ കൊണ്ടുവരുമ്പോള്‍ തന്നെ അതില്‍ വിവേചനമില്ലെ.
അപ്പോള്‍ പിന്നെ എങ്ങനെ അവര്‍ ഇവിടെയുള്ള എഴുത്തുകാരെ മുഖ്യധാരയായി കരുതും. ഇവിടെയും നല്ല എഴുത്തുകാരും കവകളും ഉണ്ടെന്നതാണ് സത്യം. അത് അംഗീകരിക്കാന്‍ അമേരിക്കയിലെ സംഘടനകളോ ആസ്വാദകരോ തയ്യാറല്ലെന്നതാണ് കാരണം.

9. ഇ-മലയാളിയുടെ വായനക്കാരന്‍ എന്ന നിലക്ക് നിങ്ങള്‍ ഇ- മലയാളിയില്‍ വായിച്ച ഏറ്റവും നല്ല രചന ഏതു. ഒരു ദിവസത്തെ ആയുസ്സില്‍ അവയെല്ലാം വിസ്മരിക്കപ്പെട്ടു പോകാതെ എങ്ങനെ അവയെ അമേരിക്കന്‍ മലയാള സാഹിത്യ ഭണ്ഡരത്തില്‍ സൂക്ഷിക്കാം.

ഇ-മലയാളിയില്‍ വരുന്ന രചനകള്‍ എല്ലാം തന്നെ വായിക്കാറുണ്ട്. എടുത്തു പറയാവുന്നവര്‍ സുധീര്‍ പണിക്കവീട്ടില്‍, കോരസ്സണ്‍ വര്‍ഗീസ്, ജോര്‍ജ് തുമ്പയില്‍ എന്നിവരുടെ രചനകള്‍ നിലവാരം പുലര്‍ത്തുന്നവയായിട്ടാണ് തോന്നിയിട്ടുള്ളത്. എന്നു കരുതി മറ്റുള്ളവ മോശമെന്നല്ല. അവരൊക്കെ എന്റെ എതിരാളികള്‍ കൂടിയാണ് എന്നും പറയാം. ഈ മൂവര്‍ക്കും വിരോധം എന്നോട് തോന്നരുത്. സുധീര്‍ പണിക്കവീട്ടിലിന്റെ സൃഷ്ടികള്‍ ഇപ്പോള്‍ അധികം കാണുന്നില്ല. എന്നിരുന്നാലും ഈ മൂവര്‍ എഴുതുന്നത് ഇ്ഷ്്ടമാണ്. എ.സി.ജോര്‍ജിന്റെ നര്‍മം ചാലിച്ച കവിതകള്‍ മറ്റൊരിഷ്ടമാണ്. അവരോട് ഒരപേക്ഷ-മടി പിടിയ്ക്കരുതെന്നു മാത്രം.

10. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കഥകളെ എങ്ങനെ വിലയിരുത്തുന്നു. അവാര്‍ഡ് ജേതാവ് എന്ന നിലക്ക് അവര്‍ക്കായി എന്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും.

കഥകളെക്കാള്‍ കൂടുതല്‍ കവിതകളാണ് അമേരിക്കന്‍ എഴുത്തുകളില്‍ കാണുന്നത്. കഥകള്‍ക്ക് ശക്തമായ സംഭാവനയുണ്ടാകണം.
തമ്പി ആന്റണി തെക്കെക്കൂറ്റിനെപ്പോലെ ശക്തവും ഈടുറ്റതുമായ കഥകള്‍ എഴുതുന്നവര്‍ കുറയുന്നുയെന്ന് സംശയം. കൂടുതല്‍ പേര്‍ രംഗത്തുവന്ന് മുന്‍നിര എഴുത്തുകാര്‍ക്ക് വെല്ലുവിളിയാകണമെന്നാണ് അഭിപ്രായം.

11. നിങ്ങള്‍ എത്ര പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിവരിക്കുക.

പുസ്തകങ്ങള്‍ എഴുതിയിട്ടില്ല. ലേഖനങ്ങളുടെ സമാഹാരം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ഉണ്ട്. പ്രത്യേകിച്ച് ഏതാനും നാളുകള്‍ക്ക് മുമ്പ് എഴുതിയ കേരള രാഷ്ട്രീയവും സംസ്ഥാന മന്ത്രിസഭകളെ കുറിച്ചും കാലതാമസമില്ലാതെ ഉണ്ടാകും.

12. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടോ?അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

തീര്‍ച്ചയായും, നേരിട്ടും ഈമെയിലിലും പ്രതികരണത്തിലും. ഈ മലയാളിയുടെ പ്രതികരണത്തില്‍ നിന്ന് എഴുത്തുകാരനും വായനക്കാര്‍ക്കും അത് കാണാം.

13. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ? ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകള്‍ അതിനു നിങ്ങള്‍ക്ക് സഹായകമായോ?

ഒരിക്കലും എഴുത്തുകാരന്‍ ആകാന്‍ കഴിയുമെന്ന് ചിന്തിച്ചിട്ടില്ല. എന്നാല്‍ ആഗ്രഹം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. ഏറെക്കുറെ ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ എഴുത്തുകാരന്‍ എന്ന് അഭിസംബോധന ചെയ്യുമ്പോള്‍. ഇത്രയും പ്രശസ്തി ഉണ്ടാകാന്‍ ഒരു പരിധിവരെ ഇ-മലയാളിയില്‍ കൂടി സാധിച്ചിട്ടുണ്ട്.

14. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ എഴുതണം. എങ്കില്‍ മാത്രമേ സാഹിത്യത്തില്‍ ഒരു സ്ഥാനം ലഭിക്കുവെന്നചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നോ ?

 അങ്ങനെ ഒരു ചിന്തയില്ല. അഭിപ്രായവുമില്ല. ലോകം വളരുന്നത് സാങ്കേതിക വിദ്യയില്‍ കൂടിയാണ്. ലോകത്തെവിടെ ഇരുന്ന് എഴുതിയാലും അത് മറ്റുള്ളവരില്‍ എത്തിയ്ക്കാന്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയും. നാട്ടിലെ പ്രസിദ്ധീകരണങ്ങളില്‍ ഇരുന്ന് എഴുതിയതിനെക്കാള്‍ ജനശ്രദ്ധ ഇന്ന് കിട്ടുന്നുണ്ട്.

15. ഒരു എഴുത്തുകാരന്റെ വളര്‍ച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനില്‍ക്കണമെന്നു പറയാറുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ നിര്‍ദ്ദയം പുഛിക്കുന്ന അമേരിക്കന്‍ മലയാളി സമൂഹം എഴുത്തുകാര്‍ക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

തീര്‍ച്ചയായും കുടുംബത്തിന്റെ പിന്തുണയും സമൂഹത്തിന്റെ അംഗീകാരവും കൂടുതല്‍ എഴുതാന്‍ പ്രചോദനമാണ് എന്നതിന് സംശയമില്ല. അമേരിക്കന്‍ മലയാളി എഴുത്തുകാരെ പുച്ഛിക്കുന്ന സമൂഹം നമുക്ക് ചുറ്റുമുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെ പുച്ഛിച്ച ഒരനുഭവം ഇതുവരെയുണ്ടായിട്ടില്ല.
ഈ മലയാളി നല്‍കിയ ഈ അവാര്‍ഡിന് അങ്ങേയറ്റം നന്ദി ഈ മലയാളി പത്രാധിപസമിതിയോടും വായനക്കാരോടും ഈ അവസരത്തില്‍ അറിയിക്കുന്നു. ക്രിയാത്മക വിമര്‍ശനത്തിനും നിര്‍ദ്ദേശത്തിനും എന്നും പരിഗണന നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക