Image

മരുഭൂമിയുടെ നടുവില്‍ ഒരു പൊട്ടു പോലെ (സലാലക്കാഴ്ചകള്‍ (3: മിനി വിശ്വനാഥന്‍)

Published on 23 June, 2019
മരുഭൂമിയുടെ നടുവില്‍ ഒരു പൊട്ടു പോലെ (സലാലക്കാഴ്ചകള്‍ (3: മിനി വിശ്വനാഥന്‍)
ഐന്‍ റസാത്തില്‍ നിന്ന് ഞങ്ങളുടെ യാത്ര മദീനത് അല്‍ ഹഖ് എന്ന സ്ഥലത്തേക്കായിരുന്നു. വിശ്വേട്ടനോട് ഇനി ഉയര്‍ന്ന സ്ഥലങ്ങളിലേക്കാണ് യാത്ര എന്ന് ഉണ്ണി സൂചിപ്പിച്ചപ്പോള്‍ വയനാടന്‍ ചുരം പല തവണ കയറിയവനാ ഈ കെ കെ ജോസഫ് എന്ന് വീമ്പിളക്കി െ്രെഡവിങ്ങ് തുടര്‍ന്നു. താഴ്‌വാരങ്ങള്‍ വിട്ട് മുന്നോട്ട്  നീങ്ങി, കയറ്റം കയറിത്തുടങ്ങി. ഇരുവശത്തും അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിക്കാഴ്ചകള്‍ മാത്രം. പേടിപ്പിക്കുന്ന രണ്ടു വരി പാതയാണ് മുന്നില്‍ കണ്ണെത്താ ദൂരത്തോളം. ഒരു വശത്ത് മലനിരകളാണെങ്കില്‍ മറുവശത്ത് അഗാധഗര്‍ത്തങ്ങളും കുഴികളും നിറഞ്ഞ മണല്‍പ്പരപ്പ്. മറ്റ് വാഹനങ്ങളോ, റോഡരികില്‍ കെട്ടിടങ്ങളോ ഇല്ല. മനുഷ്യവാസത്തിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ റോഡ് ഉച്ചച്ചൂടില്‍ അലസയായി നീണ്ടു നിവര്‍ന്നു കിടന്നു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായ വന്‍ പ്രകൃതിദുരന്തം സമ്മാനിച്ച മുറിപ്പാടുകളാവാം ഭൂമി ശാസ്ത്രപരമായ ഈ വൈചിത്ര്യങ്ങള്‍ക്ക്  കാരണം. ദുബായി ബോര്‍ഡറിലുള്ള ഒമാന്റെ ഭാഗമായ മുസണ്ടത്തിന്റെയും പ്രത്യേകത ചുണ്ണാമ്പ് പാറകളാണ്. പക്ഷേ സലാലയിലെ ഈ ഭാഗത്ത് ചുണ്ണാമ്പുപാറകള്‍ കാണാനില്ലായിരുന്നു. പരന്നു കിടക്കുന്ന മരുഭൂമി മാത്രം. ഒട്ടകങ്ങള്‍ കൂട്ടമായി അലഞ്ഞ് നടക്കുന്ന മരുപ്രദേശങ്ങള്‍ ഞാനാദ്യമായി കാണുകയായിരുന്നു, പത്തിരുപത്തിമൂന്ന് വര്‍ഷം ജീവിച്ച് തീര്‍ത്തത് മണല്‍ക്കാട്ടിലായിട്ടു പോലും.

ഉണങ്ങി വരണ്ട കാട്ടുചെടികള്‍ കടിച്ച് പറിച്ച് ചവക്കുന്നതിനിടയില്‍ ഒട്ടകങ്ങള്‍ കടന്ന് പോവുന്ന വാഹനത്തെ നിസ്സംഗമായി നോക്കി. ഇവിടെ റോഡരികില്‍ കമ്പിവേലികളോ മറ്റ് തടസ്സങ്ങളോ ഇല്ല. അപ്രതീക്ഷിതമായ സമയങ്ങളില്‍ ഒട്ടകക്കൂട്ടങ്ങള്‍ റോഡിലിറങ്ങും. യാതൊരു തിടുക്കവും ഇല്ലാതെ വളരെ സാവധാനം റോഡ് നടന്ന് കയറും. അവിടങ്ങളിലെ വാഹനാപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണത്രെ ഇത്. ഒട്ടകത്തെ തട്ടിയാല്‍  ഉയരമുള്ള മൃഗമായതുകൊണ്ട് വാഹനത്തിന്റെ കണ്‍ട്രോള്‍ പോവാനും മറിയാനും സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രി സമയത്ത്. റോഡ് സൈഡില്‍ അപകടത്തില്‍ പെട്ട ഒട്ടകങ്ങളുടെ ശരീരം അനാഥമായി കിട്ടുന്നതും വല്ലാത്തൊരു കാഴ്ചയായിരുന്നു.

വയനാടന്‍ ചുരം കയറുമ്പോള്‍ കടന്നു വരുന്ന കാട്ടാനക്കൂട്ടങ്ങളുടെ പേടിപ്പിക്കുന്ന ഓര്‍മ്മയില്‍ ഞങ്ങള്‍ നീങ്ങി.  വഴികാട്ടികളോ അടയാള ബോര്‍ഡുകളോ ഒന്നും സഹായത്തിനില്ലാതെ നീണ്ടു പരന്നു കിടക്കുന്ന റോഡുകളും ഗര്‍ത്തങ്ങളും മണല്‍പ്പരപ്പും ഇടകലര്‍ന്ന മരുഭൂമിയുടെ കാഴ്ചയും എന്നെ കുറച്ച് പേടിപ്പിച്ചു. ഐന്‍ റസാത്തില്‍ നിന്ന് നോക്കുമ്പോള്‍ ഞങ്ങളുടെ മുന്നില്‍ തലയുയര്‍ത്തി നിന്ന ആ വലിയ മലയയുടെ മുകള്‍ത്തട്ടിലേക്ക് ഞങ്ങള്‍ എത്തിയെന്ന് ഉണ്ണി പറഞ്ഞു.ഈ ഒരു െ്രെഡവ് ശരിക്കും അനുഭവിക്കേണ്ടതു തന്നെ.

പിന്നെയുള്ള കാഴ്ചകളില്‍ പശുക്കൂട്ടങ്ങളും ഇടകലര്‍ന്ന് തുടങ്ങി. അകിട് നിറയെ പാലുമായി നടന്നു നീങ്ങുന്ന പശുക്കളും കൂട്ടത്തിലുണ്ടായിരുന്നു .സ്വകാര്യ ഫാമുടമകള്‍ക്ക് പാലിനേക്കാള്‍ പ്രാധാന്യം മാംസ വില്പനയാണത്രെ. രാവിലെ അഴിച്ചുവിടുന്ന പശുക്കള്‍ വൈകീട്ട് കൂട്ടമായി തിരിച്ച് പോവുന്നതും കാഴ്ചകളില്‍ ഉള്‍പ്പെട്ടു.

മരുഭൂമിയിലിടെക്കിടെ കാണുന്ന ഒറ്റമരങ്ങള്‍ വല്ലാത്തൊരു സങ്കടം മനസ്സിലുണര്‍ത്തി. കഴിഞ്ഞു പോയ വസന്തത്തിന്റെ സാക്ഷിയായി ,അതിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഒറ്റ മരങ്ങള്‍. അവരിങ്ങനെ മരുഭൂമിയ്ക് കുടയായി വിരിഞ്ഞു നിന്നു.

പുറത്തിറങ്ങിയപ്പോള്‍ വെയിലുണ്ടെങ്കിലും സുഖമുള്ള തണുത്ത കാറ്റ് വീശിയടിച്ചു. ഇവിടെ ഏതു കാലത്തും മിതശീതോഷ്ണമായിരിക്കും.. അതു കൊണ്ട് തന്നെ സ്വദേശികള്‍ക്ക് പ്രിയപ്പെട്ട സ്ഥലവുമാണത്. അവരുടെ സുഖവാസകേന്ദ്രം.

മരുഭൂമിയുടെ നടുവില്‍ ഒരു പൊട്ടു പോലെയൊരു ഗ്രാമമായിരുന്നു അത്. ആഢംബരമായി ഒരു പെട്രോള്‍ പമ്പ് മാത്രം. പിന്നെ ഒരു ചെറിയ ടീ ഷോപ്പ്. ഇന്ത്യന്‍, ചൈനീസ് ,കോണ്ടിനെന്റല്‍ വിഭവങ്ങളുടെ പരസ്യവുമായി. അതിനടിയില്‍ മലയാളത്തില്‍ നാടന്‍ ചോറ് എന്നും എഴുതി വെച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പിലെ ആള്‍ മുന്നറിയിപ്പ് തന്നിരുന്നു.  നിങ്ങളുദ്ദേശിക്കുന്ന പിസയും  കെന്റക്കിയുമൊന്നും കിട്ടില്ല ഇവിടെ, ആ കാണുന്ന മലയാളിക്കട വിട്ടാല്‍ നിങ്ങള്‍ പെടും എന്ന്. തൊട്ടടുത്ത് തന്നെയുള്ള പാക്കിസ്ഥാനി ബിരിയാണിയെ ഒഴിവാക്കി ഞങ്ങള്‍ അവിടെ കയറി. ഞങ്ങളുടെ അയല്‍നാടായ വടകരക്കാരനായിരുന്നു കടയുടെ മുതലാളി. ആതിഥ്യമര്യാദക്ക് ഒരു കുറവും വരുത്താതെ അയാള്‍ ഞങ്ങളെ സത്കരിച്ചു. ചൂട് ഗോതമ്പ പ റാത്തകളും ദാലും, വെജ് കുറുമയും സമയമെടുത്ത് തന്നെ മുന്നിലെത്തി.
കടയുടെ കാഴ്ചയില്‍ കാര്യമില്ല എന്ന് തെളിയിക്കുന്ന രുചികരമായ ഭക്ഷണം.

അയാളുടെ നിര്‍ദ്ദേശപ്രകാരമുള്ള എളുപ്പവഴിയിലൂടെ വാദി,തവാത്തീര്‍ ,ബിമ്മ സിംക്‌ഹോള്‍ ജബല്‍ സംഹാല്‍, ഗ്രാവിറ്റി പോയിന്റ് മിര്‍ ബാത്ത് റോക്ക് ബീച്ച് എന്നിവിടങ്ങളിലേക്ക് ഞങ്ങള്‍ യാത്ര
തുടര്‍ന്നു.



മരുഭൂമിയുടെ നടുവില്‍ ഒരു പൊട്ടു പോലെ (സലാലക്കാഴ്ചകള്‍ (3: മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക