Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 14: ജയന്‍ വര്‍ഗീസ്)

Published on 23 June, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  14: ജയന്‍ വര്‍ഗീസ്)
ആയിടെ ഞാനൊരു നാല്‍പ്പത്തി മൂന്നര സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഒരു മലയുടെ മുകളില്‍ വലിയ പാറക്കല്ലുകള്‍ ഒക്കെ നിറഞ്ഞു കിടക്കുന്ന ഒരു ഭൂമി. തീറാധാരം ഇല്ലാത്തതും, കുത്തകപ്പാട്ട വ്യവസ്ഥയില്‍ കൈവശ അനുഭവം ഉള്ളതുമായ ഈ ഭൂമി ഉടമസ്ഥനായ പാലിയത്ത് പാപ്പച്ചന്‍ ചേട്ടന്‍ എന്റെ തലയില്‍ കെട്ടി ഏല്‍പ്പിക്കുകയായിരുന്നു. ഇടക്ക് പുറത്തു പോയി അല്‍പ്പം വട്ടചിലവൊക്കെ നടത്തിയിരുന്ന അവിവാഹിതനായ കക്ഷി അത്തരം ആവശ്യങ്ങള്‍ക്കായി കുടുംബ സ്വത്തായിക്കിട്ടിയ ഭൂമിയില്‍ നിന്ന് തരിശായിക്കിടന്ന ഈ ഭാഗം വില്‍ക്കുകയായിരുന്നു. ഭൂമി വാങ്ങാന്‍ എന്റെ കൈയില്‍ കാശില്ലെന്നും, എനിക്ക് വേണ്ടെന്നും ഞാന്‍ പറഞ്ഞെങ്കിലും, " ഇപ്പോള്‍ പകുതി വില തന്നാല്‍ മതി "  എന്നും," ബാക്കി നിന്റെ കയ്യിലുണ്ടാവുന്‌പോള്‍ കുറേശ്ശെ തന്നാല്‍ മതി " എന്നും പറഞ്ഞാണ് എഴുന്നൂറ് രൂപാ വില സമ്മതിച്ചു ഭൂമിഎനിക്ക് തന്നതും, പകുതിയായ മുന്നൂറ്റന്പത്  രൂപാ കൈയോടെ കൈപ്പറ്റിയതും.

' വാക്കൊക്കെ വെറും ചാക്കല്ലേ ' എന്ന് തെളിയിച്ചു കൊണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പാപ്പച്ചന്‍ ചേട്ടന്‍ ബാക്കി പണത്തിനു  വന്നു. കുറച്ചുകൂടി കഴിയാതെ നിവൃത്തിയില്ല എന്ന എന്റെ വാക്കുകള്‍ പുള്ളിയെ ചൊടിപ്പിക്കുകയാണുണ്ടായത്. താന്‍ വെറുതെ ചോദിക്കുകയല്ലെന്നും, ഒന്നാന്തരം സ്ഥലം തന്നിട്ടാണ് പണം ചോദിക്കുന്നതെന്നുമായി ഭാഷ്യം. പ്രശ്‌നത്തില്‍ അപ്പന്‍ ഇടപെടുകയും, എങ്ങിനെയോ ഒരാഴ്ചക്കകം പണം കൊടുത്ത് ഇടപാട് തീര്‍ക്കുകയും ചെയ്തു.

ഈ സ്ഥലം റബര്‍ കൃഷിക്ക് അനുയോജ്യം ആണെന്ന് അറിഞ്ഞതിനാല്‍  വിത്ത് അന്വേഷിച്ചു കുറെ നടന്നു. മലയാളം പ്ലാന്റേഷന്‍സിന്റെ വകയായ കാളിയാര്‍  എസ്‌റ്റേറ്റില്‍ ' മലയന്‍ ജാവാ ' എന്ന അത്യുല്‍പ്പാദന ശേഷിയുള്ള ഇനമാണ് കൃഷി ചെയ്തിയ്യുള്ളത് എന്നും,  ഒരു പ്രത്യേക സമയത്തു പൂക്കുന്നതിനാല്‍ മറ്റ് ഇനങ്ങളുമായി പരാഗണ സാധ്യതയില്ലാത്തതു കൊണ്ട് മാതൃ വൃക്ഷത്തിന്റെ തനി സ്വഭാവം കാണിക്കുന്ന അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകളാണ് ഉണ്ടാവുക എന്നും മനസ്സിലാക്കി. ' പുഞ്ചക്കായ'എന്ന പേരിലറിയപ്പെടുന്ന ഈ കായകള്‍ ശേഖരിച്ചു നട്ട് തൈകളാക്കി വില്‍പ്പന നടത്തുന്നത് എസ്‌റ്റേറ്റ് തൊഴിലാളികളുടെ ഒരു രഹസ്യ ബിസിനസ് ആയിരുന്നു. അങ്ങിനെയുള്ള ഒരാളെ കണ്ടു പിടിക്കുന്നതിനായി ഞാന്‍ കാളിയാറിലേക്ക് ബസ്സില്‍ പോകുന്‌പോളാണ്, എന്റെ ഭാര്യയായിത്തീര്‍ന്ന മേരിക്കുട്ടിയെ ഞാനാദ്യം കാണുന്നത്.

വണ്ണപ്പുറത്തെ പ്രമുഖ വ്യാപാരിയായിരുന്നു കക്കാടന്‍ മൂത്താപ്ലയുടെ ജൗളിക്കടയിലെ തയ്യല്‍ക്കാരായിരുന്നു മേരിക്കുട്ടിയും അവളുടെ അനുജത്തിയായ ചിന്നമ്മയും. ( പിതൃ നിര്‍വിശേഷമായ വാത്സല്യത്തോടെയാണ് മൂത്താപ്ല ഇവരെ സംരക്ഷിച്ചിരുന്നത് എന്ന് പിന്നീട് പലപ്പോഴും എനിക്ക് മനസ്സിലായിട്ടുണ്ട്. ) എന്റെ തൊഴില്‍ ചെയ്യുന്ന രണ്ടു പെണ്‍കുട്ടികള്‍ എന്ന നിലയിലാണ് അവരെ വെറുതെ ശ്രദ്ധിച്ചു പോയത്. എങ്കിലും, മേരിക്കുട്ടി എന്റെ മനസ്സില്‍ തങ്ങുകയും, വണ്ണപ്പുറത്ത് തന്നെ താമസക്കാരനായ എന്റെ ഒരു ബന്ധു മുഖാന്തിരം അവരെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചറിയുവാനും ഇടയായി.

പത്തു മക്കളുള്ള ഒരു വലിയ കുടുംബത്തിലെ ആറാമത്തെ അംഗമാണ് മേരിക്കുട്ടി. ഒരു ജന്മിയുടെ സ്ഥലത്തു നിന്ന് ക്രൂരമായി കുടിയിറക്കപ്പെട്ട് ദാരിദ്രാവസ്ഥയില്‍ കഴിഞ്ഞു കൂടുന്ന ഒരു കുടുംബമാണ് അവരുടേത്. ആറ് പെണ്‍മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞിട്ടേയുള്ളു. ഇനിയുള്ളതില്‍ രണ്ടാമത്തെ മൂത്തവളായതിനെയാണ് ഞാന്‍ നോട്ടമിട്ടിരിക്കുന്നത് എന്നതിനാലും, കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതച്ചിലവിന്റെ ഭൂരി ഭാഗവും ഈ പെണ്‍കുട്ടികളുടെ തയ്യലില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് നടന്നു പോകുന്നത് എന്നതിനാലും, തല്‍ക്കാലം ആരുടെ വിവാഹത്തിനും പ്ലാനില്ലാ എന്നും മറ്റുകുള്ള വിവരങ്ങള്‍ എന്റെ ബന്ധു എന്നെ അറിയിച്ചു.

പിന്നീട് പല ആവശ്യങ്ങള്‍ക്കുമായി ഞാന്‍ വണ്ണപ്പുറത്ത് കൂടി പോയി. ആര്‍. എസ് . തീയറ്റേഴ്‌സ് അരങ്ങിലെത്തിച്ച ' ഒരു മനുഷ്യന്റെ കഥ ' എന്ന എന്റെ നാടകത്തിന്റെ അനൗണ്‍സ് മെന്റുമായി പോകുന്‌പോളും, റബര്‍ തൈയുടെ കാര്യത്തിനായി കാളിയാറില്‍  പോകുന്‌പോളും ഒക്കെയായി ദൂരെ നിന്നാണെങ്കിലും പല തവണ ഞാന്‍ അവളെ കണ്ടിരുന്നു. ഒരു നാടകക്കാരന്‍ എന്ന പേരില്‍ ഇവിടെയും എന്നെ തള്ളിക്കളയുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. സത്യങ്ങള്‍ അവളെ അറിയിച്ചു കൊണ്ടല്ലാതെ മുന്നോട്ടു പോകുന്നത് ശരിയല്ലാ എന്നെനിക്കു തോന്നി.

ഈ പെണ്‍കുട്ടികള്‍ കൊണ്ട് പോകുന്ന ഉച്ചയൂണ് അടുത്തുള്ള ഒരു വീട്ടില്‍ വച്ചായിരുന്നു പതിവായി കഴിച്ചിരുന്നത്. ' തോപ്പില്‍ ' എന്നായിരുന്നു ആ വീട്ടു പേര്. അദ്യാപകനായ ഗൃഹനാഥനും, കുട്ടികളും സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ ഗൃഹനാഥയായ ' തോപ്പിലെ ചേച്ചി ' മാത്രമേ ആ വീട്ടിലുള്ളു എന്നതിനാലാണ് ഇവര്‍ അവിടെ വച്ച് ഉണ്ണാന്‍ പോകുന്നത് എന്ന് ഞാന്‍ മനസിലാക്കി.

 ഒരു ദിവസം ഉച്ചക്ക് തൊട്ടു മുന്‍പ് ഞാന്‍ തോപ്പിലെ വീട്ടിലെത്തി സ്വയം പരിചയപ്പെടുത്തി. " ഇവിടെ ഉണ്ണാന്‍ വരുന്ന മേരിക്കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് " ഞാനെന്നും " അവളോട് ഒരു മിനിട്ടു സംസാരിക്കാന്‍ അനുവദിക്കണ" മെന്നും ഉള്ള എന്റെ അഭ്യര്‍ത്ഥന ചേച്ചി അനുവദിച്ചു. ചേച്ചിയുടെ അനുജത്തിയായ ത്രേസ്യാക്കുട്ടി ടീച്ചര്‍ എന്റെ അയല്‍ക്കാരിയാണ് എന്ന് കൂടി അറിഞ്ഞപ്പോള്‍ ചേച്ചിക്ക്  കുറേക്കൂടി വിശ്വാസമായി. എന്നെക്കുറിച്ചുള്ള കുറച്ചു വിവരങ്ങളും, ഞാന്‍ ഒരു വിവാഹാലോചനയുമായി വരുന്നുണ്ട് എന്ന വിവരവും എന്റെ ബന്ധുവില്‍ നിന്ന് മേരിക്കുട്ടിയും അറിഞ്ഞിരുന്നു.

പെണ്‍കുട്ടികള്‍ വന്നപ്പോള്‍ അവരുടെ അടുത്തെത്തി ഞാന്‍ പരിചയപ്പെടുത്തി. " എനിക്ക് മേരിക്കുട്ടിയെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും, എന്റെ സാന്പത്തിക നില വളരെ മോശമാണെന്നും,  ഇപ്പോള്‍ ഈ കാണുന്നതല്ലാതെ എനിക്കൊന്നുമില്ലെന്നും, നാടകവുമായി ബന്ധമുണ്ടെന്നും, ഇതില്‍ ഏതെങ്കിലും ഇഷ്ടമല്ലെങ്കില്‍ ഇപ്പോള്‍ പറയണമെന്നും, അതറിഞ്ഞ ശേഷമേ വിവാഹാലോചനയുമായി വരികയുള്ളു എന്നും "  ഞാന്‍ ഏവരും കേള്‍ക്കെ പറഞ്ഞു.

ഒരു ഉത്തരത്തിനായി കാത്തു നിന്ന എനിക്ക് " നമുക്ക് കുഴപ്പമില്ല " എന്ന എന്ന വാക്കുകളാണ് ഉത്തരമായി ലഭിച്ചത്. അതിനര്‍ത്ഥം, അവളുടെ വീട്ടുകാരുടെ കൂടി സമ്മതം ഉണ്ടെങ്കില്‍ മുന്നോട്ടു പോകാം എന്നാണെന്ന്  മനസ്സിലാക്കിയ ഞാന്‍ വിവാഹാലോചനയുമായി ഞങ്ങളുടെ പള്ളിയിലെ കപ്യാര്‍ നറുക്കിയില്‍ കുര്യാക്കോ ചേട്ടനെ പെണ്‍ വീട്ടില്‍ അയച്ചെങ്കിലും,  ' അഞ്ചു വര്‍ഷത്തിനിപ്പുറം ആരെയും കെട്ടിക്കാന്‍ പ്‌ളാനില്ലെ' ന്നും, ' ഈ ആവശ്യത്തിനായി ഇനി ഇങ്ങോട്ട് വന്നേക്കരുത് ' എന്ന അറിയിപ്പുമായി കപ്യാര്‍ മടങ്ങിയെത്തി.

അല്‍പ്പം നിരാശയൊക്കെ തോന്നി. എങ്കിലും, ഓ! സാരമില്ല എന്ന് സ്വയം ആശ്വസിച്ചു. ഇതിനിടയില്‍ ആരുമറിയാതെ കാലം എന്ന കലാകാരന്‍ എനിക്ക് വേണ്ടി ചില കളികള്‍ കളിക്കുന്നുണ്ടായിരുന്നു. വണ്ണപ്പുറത്തെ തോപ്പിലെ വീട്ടില്‍ വച്ച് ഞാന്‍ മേരിക്കുട്ടിയെ കണ്ട വിവരം കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഇതൊരു പതിവ് പരിപാടിയാണെന്നും, പല തവണയും വണ്ണപ്പുറം   കാളിയാര്‍ പ്രദേശത്തു വച്ച് ഇയാളെ  അതായത് എന്നെ   പലരും കണ്ടിട്ടുണ്ടെന്നും,  ഇയാളുമായി മേരിക്കുട്ടി പ്രേമത്തിലാണെന്നും, മേരിക്കുട്ടിയെ കാണാനാണ് പല ദിവസങ്ങളിലും ഇയാള്‍ വന്നു പോകുന്നതെന്നും, വേണ്ടി വന്നാല്‍ ഒരു ഒളിച്ചോട്ടത്തിനു വരെ തയാറായിട്ടാണ് നില്‍പ്പ് എന്നും  മറ്റുമുള്ള വാര്‍ത്തകളാണ് പെണ്‍ വീട്ടില്‍ എത്തിച്ചേര്‍ന്നത്. ( ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ പിന്നീട്  ഞാന്‍ പരിചയപ്പെട്ടു. പിന്നാലെ  വിശദീകരിക്കുന്നുണ്ട്.)

പെണ്ണിന്റെ അപ്പന്‍ ക്രൂരമായി ഇടഞ്ഞു. അടിയും, ബഹളവുമൊക്കെ ഉണ്ടായി.  ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികള്‍ പറഞ്ഞ സത്യങ്ങളൊന്നും കാരണവര്‍ക്ക് വിശ്വാസമായില്ല. താന്‍ കൂട്ടിലിട്ടു വളര്‍ത്തിയ കുഞ്ഞാടുകളിലൊന്നിനെ  റാഞ്ചാന്‍ വന്ന ഈ കുറുക്കന്‍  ആരാണെന്ന് കണ്ടു പിടിച്ചിട്ടേയുള്ളു കാര്യം എന്ന വാശിയില്‍ കാരണവര്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് എന്നെപ്പറ്റി ഒരു രഹസ്യ അന്വേഷണം നടത്തുന്നു.

അക്കാലത്ത് പുതിയിടത്തു മത്തായി എന്ന എന്റെ അയല്‍ക്കാരനുമായി ചേര്‍ന്ന് ഞങ്ങള്‍  നനവാഴയുടെ ഒരു കൃഷി നടത്തിയിരുന്നു. സ്വന്തമായി ഭൂമി ഇല്ലാഞ്ഞതിനാല്‍ വെങ്ങാച്ചോട്ടില്‍ അപ്പാപ്പന്‍ എന്നയാളുടെ ഭൂമി പാട്ട വ്യവസ്ഥയില്‍ എടുത്തിട്ടാണ് കൃഷി ചെയ്തിരുന്നത്.

ദിവസവും വൈകുന്നേരങ്ങളില്‍ തോടിനോട് ചേര്‍ന്നുള്ള കുളത്തില്‍ നിന്ന് ' ത്‌ലാവ് ' ( ജല സേചനത്തിനുള്ള യാന്ത്രിക പന്പുകള്‍ നിലവില്‍ വരുന്നതിനു മുന്‍പ് കൃഷിക്കാര്‍ സ്വയം നിര്‍മ്മിക്കുന്ന ഇത്തരം നാടന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടാണ് ചില സ്ഥലങ്ങളില്‍ എങ്കിലും നെല്‍കൃഷി പോലും നടത്തിയിരുന്നത്. തേക്ക് പാട്ടും, താള ചലനങ്ങളിലൂടെയുള്ള ശാരീരിക വ്യായാമവും ഇഴ ചേര്‍ന്ന അന്നത്തെ വൈകുന്നേരങ്ങള്‍ ഗ്രാമീണ കേരളത്തിന്റെ ഗൃഹാതുര ചിത്രങ്ങളായി വൃദ്ധ മനസുകളില്‍ ഇന്നും നില നില്‍ക്കുന്നുണ്ട്. ബോഡി ബില്‍ഡിങ് സെന്ററുകളില്‍ മണിക്കൂറുകള്‍ വിയര്‍പ്പൊഴുക്കുന്ന യുവ ജനങ്ങള്‍ക്ക് കൃഷിത്തോട്ടങ്ങളില്‍ ഇപ്രകാരം വിയര്‍പ്പൊഴുക്കിയാല്‍ ഒരു പൈസ പോലും ചെലവഴിക്കാതെ  തങ്ങളുടെ ബോഡികള്‍ അതി മനോഹരമായി ബില്‍ഡ് ചെയ്‌തെടുക്കാവുന്നതാണ് ) ഉപയോഗിച്ച് തേവി നനച്ചിട്ടാണ് വാഴകള്‍ വളര്‍ത്തിയിരുന്നത്.

വാഴകള്‍ വളര്‍ന്നു മുറ്റി കുലക്കാറായി നില്‍ക്കുകയാണ്. ഏതൊരു കൃഷിക്കാരനെയും കോരിത്തരിപ്പിക്കുന്ന ദൃശ്യം. നാനൂറിലധികം വാഴകളുള്ള ഈ തോട്ടത്തില്‍ നിന്നും എന്റെ വീതമായി കിട്ടാവുന്ന പകുതി കൊണ്ട് മാത്രം അക്കാലത്ത് ഒരേക്കര്‍ കൃഷി സ്ഥലം വാങ്ങുന്നതിന് സാധിക്കുമായിരുന്നു.

എന്നെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു രഹസ്യമായി എത്തിയ മേരിക്കുട്ടിയുടെ പിതാവ് ഈ വാഴത്തോട്ടത്തിനരികിലൂടെയുള്ള കുറുക്കു വഴിയിലൂടെയാണ് മടങ്ങിപ്പോകുന്നത്. നാട്ടില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെങ്കിലും, ഈ തോട്ടം കണ്ടതോടെ ഞാനൊരു അദ്ധ്വാന ശീലനായ കൃഷിക്കാരനാണെന്ന് മനസ്സിലാക്കുകയും, തന്റെ മകള്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കണക്കു കൂട്ടുകയും ചെയ്തതിനാലാവണം ഞാനുമായുള്ള വിവാഹത്തിന് വിരോധമില്ല എന്നുള്ള വിവരം എന്റെ ബന്ധു മുഖാന്തിരം വീട്ടില്‍ അറിയിച്ചു.

പിന്നെ കാര്യങ്ങള്‍ അതി വേഗത്തിലായിരുന്നു.  കഞ്ഞി കുടിക്കാനില്ലെങ്കിലും നല്ല നിലയില്‍ ആദര്‍ശം തലക്ക് പിടിച്ചിരുന്നത് കൊണ്ട്  ' സ്ത്രീധനം ചോദിക്കരുത് ' എന്ന എന്റെ നിലപാട് സാന്പത്തിക പരിമിതികള്‍ ഉണ്ടായിരുന്ന വധുവിന്റെ കുടുംബത്തിന് വളരെ ആശ്വാസമായി. അക്കാലത്ത് വധുവിന്റെ വീട്ടില്‍ നിന്ന് കിട്ടുന്ന സ്ത്രീധനമെന്ന സഹായവും കൂടി ചേര്‍ത്തിട്ടാണ് എന്റെ സാഹചര്യത്തിലുള്ള വിവാഹിതര്‍ അല്‍പ്പം സ്ഥലമൊക്കെ വാങ്ങി അതില്‍ ഒരു കുടിലൊക്കെ വച്ച് കൂട്ട് കുടുംബത്തില്‍ നിന്ന് മാറി പുതിയ കുടുംബമായി ജീവിതം തുടങ്ങിയിരുന്നത് എന്നതിനാല്‍ എന്റെ അപ്പന് ആശങ്കള്‍ ഉണ്ടായിരുന്നുവെങ്കിലും, എന്നോടുള്ള അമിതമായ വാത്സല്യം നിമിത്തമായി എന്റെ തീരുമാനങ്ങള്‍ക്കൊന്നും ഒരെതിര്‍പ്പും പ്രകടിപ്പിച്ചതേയില്ല.

വിവാഹം നിശ്ചയിക്കപ്പെട്ടു. സ്വന്തമായി ഒരു മന്ത്രകോടി വാങ്ങാനുള്ള പണം പോലും എന്റെ കൈയില്‍ ഉണ്ടായിരുന്നില്ല. എല്ലാം അപ്പന്‍ നടത്തിക്കോളും എന്ന് കണക്കു കൂട്ടിയ ഒരു മുടിയനായ പുത്രനായിരുന്നു ഞാന്‍. എനിക്കൊരു കുടുംബം ഉണ്ടാകുമല്ലോ എന്ന ചാരിതാര്‍ഥ്യത്തോടെ ഈ വലിയ ഭാരവും കൂടി എന്റെ പ്രിയപ്പെട്ട അപ്പന്‍ പരിഭവങ്ങളില്ലാതെ സ്വന്തം ചുമലില്‍ ഏറ്റെടുത്തു.

വിവാഹത്തിന് ഒന്നര മാസം കൂടിയുണ്ട്. ജ്വാലയുടെ ലൈബ്രറി സംബന്ധമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ റോഡില്‍ നില്‍ക്കുകയാണ്. സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെയൊക്കെ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ പെട്ടെന്ന് ഞങ്ങള്‍ക്കിടയിലേക്കു വന്ന് എന്റെ പേര് പറഞ്ഞു എന്നെ തിരക്കി. ആള്‍ ഞാനാണെന്ന് ചൂണ്ടി കൂട്ടുകാര്‍ കാര്യം അന്വേഷിച്ചു. അപ്പോള്‍ അയാള്‍ പറയുകയാണ് : " അയാള്‍ വണ്ണപ്പുറം സ്വദേശിയാണ്, റബ്ബര്‍ കൃഷി പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ വണ്ണപ്പുറത്ത് നടപ്പിലാക്കിയിട്ടുള്ള പ്ലാന്റേഷന്‍ ഏരിയായില്‍ മൂന്നര ഏക്കര്‍ റബ്ബര്‍ തോട്ടത്തിന് ഉടമയാണ്, അയാള്‍ പ്രേമിച്ചിരിക്കുന്ന പെണ്‍കുട്ടിയാണ് മേരിക്കുട്ടി, അയാള്‍ അവളെ വിവാഹം കഴിക്കാന്‍ പോവുകയാണ്, അവളെ മറ്റാരും വിവാഹം കഴിക്കുന്നത് അയാള്‍ക്കിഷ്ടമല്ല, അതുകൊണ്ട് നിശ്ചയിച്ചിരിക്കുന്ന വിവാഹത്തില്‍ നിന്നും ഞാന്‍ പിന്മാറണം, അല്ലെങ്കില്‍ അയാള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കും " ഇതാണ് മെസ്സേജ്.

എന്റെ കൂട്ടുകാര്‍ ശരിക്കും ഞെട്ടി. ഇത്തരത്തിലുള്ള ഒരു പെണ്ണിനെയാണല്ലോ ഞാന്‍ കെട്ടാന്‍ പോകുന്നത് എന്ന് ചിലരെങ്കിലും സഹതപിക്കുകയും, ചീത്തപ്പേരുള്ള ഒരുത്തിയാണല്ലോ എന്റെ തലയില്‍ വീഴാന്‍ പോകുന്നത് എന്ന് ചിലര്‍ സന്തോഷിക്കുകയും ചെയ്തിരിക്കണം. ആര്‍ക്കും ഒരക്ഷരം പറയാന്‍ സാധിക്കുന്നില്ല. എന്റെ വായില്‍ നിന്ന് വീഴുന്ന ഒരുത്തരത്തിനായി വന്നയാള്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്നു. അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ മറ്റൊരാള്‍ അവകാശം ഉന്നയിക്കുന്ന ഒരു പെണ്ണിനെ കെട്ടാന്‍ എന്നെപ്പോലുള്ള ഒരാള്‍ തയാറാവുകയുമില്ല. ഒളിഞ്ഞും, തെളിഞ്ഞുമായി എന്റെ മുഖത്തേക്ക് തന്നെയാണ് എല്ലാവരുടെയും നോട്ടം. കനം തൂങ്ങിയ നിമിഷങ്ങള്‍ കൊഴിയുകയാണ് ....

അവസാനം ഞാന്‍ വായ് തുറന്നു. അയാളുടെ തോളത്തു തട്ടി സൗമ്യനായി ഞാന്‍ പറഞ്ഞു : " മിസ്റ്റര്‍ മാത്യു, നിങ്ങള്‍ ഈ വിവരം എന്നെ അറിയിച്ചതിന് നന്ദി. നിശ്ചയിക്കപ്പെട്ട എന്റെ വിവാഹത്തിന് ഇനി നാല്‍പ്പത്തി അഞ്ചു ദിവസം കൂടിയുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ക്ക് അവളെ കെട്ടുകയോ, ഒളിച്ചോടുകയോ സ്വന്തമാക്കുകയോ ഒക്കെ ചെയ്യാം. ഒന്നിനും ഞാന്‍ തടസ്സമാവുകയില്ല. ഇന്നേക്ക് നാല്പത്തഞ്ചാം ദിവസം അവള്‍ അവിടെ ഉണ്ടെങ്കില്‍ ഞാന്‍ അവളെ കെട്ടിയിരിക്കും, താങ്കള്‍ക്കു പോകാം."

( ഇരുപത്തി അഞ്ചു വയസ് പോലും തികഞ്ഞിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനായ ഞാന്‍ ഇത്തരം ഒരു പ്രതിസന്ധിയില്‍ അന്ന് പറഞ്ഞ ആ ഡയലോഗ് നട്ടെല്ലുള്ള ഏതൊരു ചെറുപ്പക്കാരനും എന്നും, എക്കാലത്തും പറയാന്‍ കൊള്ളാവുന്ന ഒന്നായിരുന്നു എന്ന് പില്‍ക്കാലത്ത് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ എഴുത്തുകളില്‍ ഉള്‍പ്പടെ ജീവിതത്തിലെ ഏതൊരു നിര്‍ണ്ണായക ഘട്ടങ്ങളിലും എന്നില്‍ വന്നു നിറയാറുള്ള ആ പ്രത്യേക ഊര്‍ജ്ജം എന്നില്‍ സ്ഥിരമായി ഉള്ളതല്ലെന്നും, അനിവാര്യമായ അവസരങ്ങളില്‍ അത് എന്നിലേക്ക് ഒഴുകി വരികയാണെന്നും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ട് ജീവിതത്തിലെ ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഇത് സംഭവിച്ചിട്ടുണ്ട് എന്ന് നന്ദിപൂര്‍വം ഇവിടെ അനുസ്മരിച്ചു  കൊള്ളുന്നു. (  മേരിക്കുട്ടിയെ   വിവാഹം കഴിക്കണമെന്ന് ഇയാള്‍ കലശലായി ആഗ്രഹിച്ചിരുന്നുവെന്നും, അന്വേഷണത്തില്‍  അത്   നടക്കില്ലെന്നു മനസിലാക്കിയിട്ടുമാണ്, ' വെടക്കാക്കി തനിക്കാക്കുക ' എന്ന തന്ത്ര പ്രയോഗത്തിന്റെ ഭാഗമായി  ഇയാള്‍ അപവാദ  പ്രചാരണം  എന്ന തന്ത്രം പ്രയോഗിച്ചത് എന്നും പിന്നീടറിഞ്ഞു.)

ഒന്നും സംഭവിച്ചില്ല. തികച്ചും അനാര്‍ഭാടമായി ഞങ്ങളുടെ വിവാഹം നടന്നു. സ്ത്രീധന വിരോധിയായ എന്നെ ഒരു വിഡ്ഢിയായിക്കണ്ടു  മനസാ പുച്ഛിച്ചു കൊണ്ടായിരിക്കണം, ഒരു താലിമാലയും, ഏതാനും വളകളും,ഒരു മോതിരവും കൊടുത്ത് ഭാര്യാ പിതാവ് മകളെ പടിയിറക്കി. ഒരു വിവാഹ മോതിരം സ്വന്തമായി വാങ്ങാന്‍ നിവര്‍ത്തിയില്ലാതിരുന്ന എനിക്ക് അതും എന്റെ പാവം അപ്പന്‍ തന്നെ വാങ്ങിത്തരികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക