Image

പരീക്ഷിത്ത്(കവിത : ജമീല മേരി)

ജമീല മേരി Published on 25 June, 2019
പരീക്ഷിത്ത്(കവിത :  ജമീല മേരി)

പിറക്കുംമുമ്പേ മരണത്തെ
തൊട്ടറിഞ്ഞവൻ.
പിതൃക്കൾ പോരാടി നേടിയ
സാമ്രാജ്യത്തെ
പരിപാലിക്കുന്നവൻ.

ഏകസ്തംഭാഗ്രത്തിൽ,
ദുരാരോഹശില്പപ്രാസാദത്തിൽ,
സിദ്ധൗഷധങ്ങളും കാകോളനാശന-
മന്ത്രയന്ത്രങ്ങളും മൃത്യുഞ്ജയക്രിയാ-
സന്നാഹങ്ങളും ഒരുക്കി
കാത്തിരിക്കുന്ന പരീക്ഷിത്ത്.

തക്ഷകദംശം ഒഴിവാക്കുക,
ഏഴാം നാൾ മറികടക്കുക.

മുനീന്ദ്രമന്ത്രങ്ങൾ
ഉയർന്നുകൊണ്ടിരുന്നു,
മഹാദാനങ്ങൾ
തുടർന്നുകൊണ്ടിരുന്നു.

തേജോമയനായ ശ്രീശുക-
മഹർഷിയുടെ ആത്മീയ-
സാരകഥകൾ ഏഴുനാൾ
ശ്രവിച്ച്, മരണഭയമകന്ന
പരീക്ഷിത്ത് ഭക്ഷിക്കാനെടുത്ത
പഴത്തിൽക്കണ്ട ചുവന്ന കൃമിയെ
“തക്ഷകൻ” എന്നു
വിളിക്കുമ്പോൾ,
ആ വിളിപ്പേരിൻെറ കടി-
യേറ്റുവാങ്ങുന്നത്
ശാപനിവൃത്തിയാകുമെന്ന
ചിന്തയെ പിന്താങ്ങുന്നവർ
അറിയുന്നില്ല സർപ്പപ്രവരൻതന്നെ
അതെന്ന യാഥാർത്ഥ്യം !

ഹാലാഹലാഗ്നിയെ ഉള്ളി-
ലൊതുക്കാൻ കുഞ്ഞു-
കീഡത്തിൻെറ രൂപമേ
കൊടിയ സർപ്പത്തിനു
വേണ്ടതുള്ളൂ.


പരീക്ഷിത്ത്(കവിത :  ജമീല മേരി)
Join WhatsApp News
Vikatan 2019-06-25 17:07:43
മനോഹരം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക