Image

കണ്ണൂര്‍ ലോബിയില്‍ ഭിന്നത, എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു, ജയരാജനെ തിരുത്തി സി.പി.എം

Published on 26 June, 2019
കണ്ണൂര്‍ ലോബിയില്‍ ഭിന്നത, എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു, ജയരാജനെ തിരുത്തി സി.പി.എം

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ ചൊല്ലി സി.പി.എം സംസ്ഥാനസമിതിയില്‍ തുറന്ന വിമര്‍ശനം. ആന്തൂര്‍ വിഷയത്തില്‍ എം.വി ഗോവിന്ദന്‍ ഇടപെട്ടുവെന്ന് ജെയിംസ് മാത്യു എം.എല്‍.എ തുറന്നടിച്ചു. വ്യവസായിക്ക് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി ലഭിച്ചപ്പോള്‍ തന്നെ സ്ഥലം എം.എല്‍.എയായ താന്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു.

അന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ.ടി ജലീലിനെ വിളിച്ച്‌ ഇതേക്കുറിച്ച്‌ താന്‍ പരാതി നല്‍കി. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ നഗരസഭാ സെക്രട്ടറി പി.കെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എം.വി ഗോവിന്ദന്‍ കെ.ടി ജലീലിന്റെ പി.എയെ വിളിച്ച്‌ സംസാരിച്ചു. ഇത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതിയോഗത്തില്‍ ചോദിച്ചു.അതേസമയം, ജെയിംസ് മാത്യുവിന്റെ ആരോപണത്തില്‍ എം.വി ഗോവിന്ദന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും പി.ജയരാജന്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറയാന്‍ പാടില്ലായിരുന്നെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും പറയാനുള്ളത് പാര്‍ട്ടിഫോറത്തിലാണ് പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനസമിതിയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് ആരുടെയും പേരുപറയാതെ കോടിയേരി വിമര്‍ശിച്ചത്. ഇതോടെ സി.പി.എം കണ്ണൂര്‍ ഘടകത്തില്‍ കടുത്ത ഭിന്നതയുണ്ടെന്ന് വ്യക്തമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക