Image

അന്‍സാരിയുടെയും സഞ്ജീവ് ഭട്ടിന്റെയും കഥകള്‍- (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 28 June, 2019
  അന്‍സാരിയുടെയും സഞ്ജീവ് ഭട്ടിന്റെയും കഥകള്‍-  (ഡല്‍ഹികത്ത്  : പി.വി.തോമസ് )
മതവെറിയും രാഷ്ട്രീയപകയും ഒരു രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനില്‍പിന് അപകടകരം ആണ്. മനുഷ്യാവകാശ ധ്വംസനവും നീതിനിഷേധവും നടമാടുന്ന ഒരു ഭരണവ്യവസ്ഥ എന്ത് പുരോഗതി വാഗ്ദാനം ചെയ്താലും അത് ഫാസിസം ആണ്.
തീവ്രദേശീയത കൊട്ടിഘോഷിക്കുന്നവരെപോലെ അല്ലെങ്കിലും സാധാരണ ഇന്‍ഡ്യാക്കാരന്‍ ദേശസ്‌നേഹി ആണ്. തീവ്രദേശീയത രാഷ്ട്രീയ കാപട്യം ആണ്. ഫാസിസം ആണ്. തബ്രേസ് അന്‍സാരി എന്ന മുസ്ലീം യുവാവിനും സഞ്ജീവ് ഭട്ട് എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനും എന്തുകൊണ്ട് നീതിനിഷേധിച്ചു? അന്‍സാരിയെ തീവ്രഹിന്ദുത്വയുടെ അനുയായികള്‍ കൊന്നു. അത് ആള്‍ക്കൂട്ടകൊല ആയിരുന്നു. ഭട്ടിനെ രാഷട്രീയ പകപോക്കലിനായി ജീവപര്യന്തം തടവിലും ആക്കി.

ഇനി കഥയിലേക്ക് കടക്കാം. രണ്ട് സംഭവും നടക്കുന്നത് ജൂണ്‍ മാസത്തിന്റെ അവസാനദിവസങ്ങളില്‍ ആണ്. 24 വയസ്സുള്ള അന്‍സാരി ഝാര്‍ഖണ്ഡുകാരന്‍ ആണ്. കൃത്യമായി പറഞ്ഞാല്‍ സരെയ്കിലാകര്‍സാവന്‍. അദ്ദേഹത്തെയും രണ്ട് മുസ്ലീം സുഹൃത്തുക്കളയും ജൂണ്‍  പതിനേഴാം തീയതി രാത്രി ഒരു സംഘം ആള്‍ക്കാര്‍ വളഞ്ഞു പിടിച്ചു. അവര്‍ ഹിന്ദുത്വ തീവ്രസംഘടനകളുടെ പ്രവര്‍ത്തകര്‍ ആയിരുന്നു. ഈ മൂന്ന് മുസ്ലീം യുവാക്കന്മാരുടെ പേരിലുള്ള കുറ്റം അവര്‍ മോഷ്ണം നടത്തി എന്നതായിരുന്നു. മറ്റ് രണ്ട് പേര്‍ രക്ഷപ്പെട്ട് ഓടി. അന്‍സാരി അകപ്പെട്ടുപോയി. അന്‍സാരിയോട് അക്രമികള്‍ പേര് ചോദിച്ചു. അത് പറഞ്ഞതോടെ അന്‍സാരിയുടെ കഥയും കഴിഞ്ഞു. 12 മണിക്കൂറാണ് ഒരു വൈദ്യുത വിളക്കിന്റെ തൂണില്‍ കെട്ടിയിട്ട് അക്രമികള്‍ അന്‍സാരിയെ മര്‍ദ്ദിച്ചത്. അതിന്റെ എല്ലാം ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ കാണിക്കുകയും ഉണ്ടായി. അന്‍സാരിയുടെ നിസഹായമായ മുഖം 2002-ലെ ഗുജറാത്ത് വംശഹത്യയിലെ അതേ പേരുകാരനായ അന്‍സാരിയുടെ കൈകൂപ്പികേഴുന്ന മുഖം പോലെ ആകെയും എന്നും വേട്ടയാടും. ക്രൂരത അവിടെ തീര്‍ന്നില്ല. അന്‍സാരിയെ കൊണ്ട് നിര്‍ബ്ബന്ധിതമായി ആകാപാലികന്മാര്‍ ജയ്ശ്രീരാം, 'ജയ് ഹനുമാന്‍' വിളിക്കുവാന്‍ പറഞ്ഞു. അന്‍സാരി അത് അനുസരിച്ചു കരഞ്ഞുകൊണ്ട്. ഇതിന്റെ ഒക്കെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണുമ്പോള്‍ അവരുടെയും മനസാക്ഷി ക്ഷോഭിക്കും. ചോരതിളക്കും. അതുണ്ടായില്ലെങ്കില്‍ മനുഷത്വം മരിച്ചു എന്ന് കരുതികൊള്ളുക.

അത് അവിടെ തീര്‍ന്നില്ല. കരഞ്ഞുകൊണ്ട് കൈകൂപ്പി ജീവനായി യാചിക്കുന്ന ആ യുവാവിനെ 12 മണിക്കൂര്‍ അടിച്ചും ചവിട്ടിയും ഉപദ്രവിച്ചു ആ പൈശാചികര്‍ അയാള്‍ ബോധം കെട്ടു വീണപ്പോള്‍ ആ മൃതപ്രായനെ അവിടെ ഉപേക്ഷിച്ചു. പോലീസ് വന്നു. സ്‌റ്റേഷനില്‍ കൊണ്ടുപോയി. കേസ് എടുത്തു. വൈദ്യസഹായം നല്‍കിയില്ല. അവസാനം അന്‍സാരിയുടെ നില അതീവ ഗുരുതരം ആയപ്പോള്‍ ആശുപത്രിയില്‍ എത്തിച്ചും ആശുപത്രി അധികൃതര്‍ അന്‍സാരിയെ മരണത്തിനുശേഷം കൊണ്ടുവന്നതായി രേഖപ്പെടുത്തി.

ആരാണ് അന്‍സാരിയെ കൊന്നത്? ചിലരെയെല്ലാം പോലീസ് മാധ്യമ റിപ്പോര്‍ട്ടിനും പൊതുജനസമ്മര്‍ദത്തിനും ശേഷം അറസ്റ്റു ചെയ്തിട്ടുണ്ട്. ചില പോലീസുകാര്‍ക്കെതിരെ നടപടിയും എടുത്തിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ട് ഒന്നും ആയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യസഭയില്‍ അദ്ദേഹത്തിന് വേദന ഉണ്ടായതായി വിലപിച്ചു. പക്ഷേ, അദ്ദേഹം അന്‍സാരിയെ കൊണ്ട് നിര്‍ബന്ധിതമായി 'ജയ് ശ്രീരാം' 'ജയ് ഹനുമാന്‍' എന്ന് വിളിപ്പിച്ചതിനെകുറിച്ച് ഒരു അക്ഷരം ഉരിയാടിയില്ല. ഇത് കാപട്യം ആണ്. അന്‍സാരിയെ ഇന്നത്തെ ഇന്‍ഡ്യ ക്രൂരമായി വധിച്ചത് ആണ്, മതനിന്ദ നടത്തിയതിന് ശേഷം. അത് ഒറ്റപ്പെട്ട ഒരു സംഭവം അല്ല. ഇന്നത്തെ ഭരണപ്രത്യയ ശാസ്ത്രത്തിന്റെ പ്രതീകം ആണ് അന്‍സാരി. മോഡി അതിന്റെ സൃഷ്ടി ആണ്. അന്‍സാരി ഇരയും. ഈ അക്രമികളായ ഹിന്ദു തീവ്രവാദികള്‍ക്ക് ആര് ഈ ബലം നല്‍കി. മോഡിയും സംഘപരിവാറും അല്ലേ? എന്നിട്ടും മോഡി പാര്‍ലിമെന്റില്‍ കേഴുന്നു. മുതലകണ്ണുനീര്‍ ഒഴുക്കുന്നു. എത്രയോ മുസ്ലീങ്ങള്‍ ഇങ്ങനെ കൊല്ലപ്പെട്ടു? രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും മദ്ധ്യപ്രദേശിലും അവരുടെ സംഖ്യ നിരവധിയാണ്. ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം ഝാര്‍ഖണ്ഡില്‍ മാത്രം ഈ വിധം കൊല്ലപ്പെട്ട മുസ്ലീങ്ങളുടെ സംഖ്യ ചുരുങ്ങിയത് 18 ആണ്. ഇതിന്റെ എല്ലാം കാരണം കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രവും അതിന്റെ സംരക്ഷണവും ആണ്. എന്നിട്ടും അവരെ തന്നെ എന്തുകൊണ്ട് വീണ്ടും അധികാരത്തില്‍ തെരഞ്ഞെടുത്തുകൊണ്ടുവരുന്നുവെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഇന്‍ഡ്യ മാറുകയാണ്. ആള്‍ക്കൂട്ടകൊലയും മത അസഹിഷ്ണുതയും വെറിയും വെറുപ്പും ഇവിടെ നിത്യസംഭവം ആയിരിക്കുന്നു. ആരുണ്ട് ചോദിക്കുവാന്‍? മോഡിയുടെ രാജ്യസഭയിലെ പ്രസ്താവന വെറും വ്യാജം ആണ്. അത് സംഘപരിവാറിന്റെ കപടതന്ത്രത്തിന്റെ ഒരു ഭാഗം മാത്രം ആണ്.

ഇന്‍ഡ്യയിലെ ന്യൂനപക്ഷത്തിന്റെ പീഡനത്തെക്കുറിച്ച് ഇന്‍ഡ്യ ഇപ്പോള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെ സ്‌റ്റെയ്റ്റ് സെക്രട്ടറി മൈക്കല്‍ പോംമ്പിയോ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ റി്‌പ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് വിമര്‍ശിച്ചപ്പോള്‍ മോഡിയുടെ ഗവണ്‍മെന്റിന്റെ വക്താക്കള്‍ പറഞ്ഞത് ഇന്‍ഡ്യയുടെ മതന്യൂനപക്ഷങ്ങള്‍ ഭരണഘടനാനുസൃതമായി സംരക്ഷിക്കപ്പെട്ടവര്‍ ആണെന്നാണ്. പക്ഷേ, അന്‍സാരി അത് പറയുകയില്ല. പെഹലുഖാനും മുഹമ്മദ് അഖലാക്കും അത് പറയുകയില്ല. കാരണം അവര്‍ ഈ ആക്രമണത്തിന്റെ ഇരകളായി കൊല്ലപ്പെട്ടുപോയിരിക്കുന്നു.

അടുത്തത് സഞ്ജീഭട്ട് എന്ന ഒരു ഐ.പി.എസ്. പോലീസ് ഓഫീസറുടെ കഥയാണ്. അദ്ദേഹത്തെ ഒരു പോലീസ് കസ്റ്റഡി കേസില്‍ പ്രതിയാക്കി ജീവപര്യന്തം തടവിന് ഒരു ഗുജറാത്ത് കോടതി ശിക്ഷിച്ചിരിക്കുകയാണ്. 30 വര്‍ഷം പഴക്കം ഉള്ള ഒരു കേസ് ആണ് ഇത്. പക്ഷേ സഞ്ജീവ് ഭട്ട് എന്ന ധൈര്യശാലിയായ പോലീസ് ഓഫീസറുടെ തെറ്റ് കസ്റ്റോഡിയല്‍ കൊല അല്ല. അദ്ദേഹം ഗുജറാത്തു മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോഡിയെ 2002-ലെ വംശഹത്യയില്‍ കുറ്റാരോപിതന്‍ ആക്കി. ഗോദ്ര തീവണ്ടി കൊലക്ക് ശേഷം മോഡി ഗുജറാത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കു ഭൂരപക്ഷസമുദായം ായ ഹിന്ദുക്കള്‍ക്ക് അവരുടെ അരിശം തീര്‍ക്കുവാന്‍ അവസരം കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചതായി ആരോപിച്ചു. ഇത് അദ്ദേഹം സുപ്രീം കോടതിയിലും ഒരു സത്യവാഗ് പ്രസ്താവന മൂലം ആവര്‍ത്തിച്ചു. ഭട്ട് മോഡിയുടെയും ഷായുടെയും കണ്ണിലെ കരടായിട്ട് വളരെ നാളുകള്‍ ആയി. അദ്ദേഹത്തെ ആണ് ഒരു ഗുജറാത്ത് കോടതി കഴിഞ്ഞ ആഴ്ച കസ്‌റ്റോഡിയല്‍ കൊലാരോപിതനാക്കി ജീപര്യന്തം ശിക്ഷിച്ചിരിക്കുന്നത്. 1557 കസ്റ്റോഡിയല്‍ കൊലകള്‍ ആണ് 2001-നും 2016-നും ഇടയില്‍ ഇന്‍്ഡ്യയില്‍ ഉണ്ടായിട്ടുള്ളത് ഔദ്യോഗിക കണക്ക് പ്രകാരം. പക്ഷേ ഇങ്ങനെ ഒരു ശിക്ഷ, അതും ഒരു ഉന്നത ഉദ്യോഗസ്ഥന് ഇതുവരെ ജുഡീഷറിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കാരണം മോഡിയും ഷായും പരമോന്നതര്‍ ആണ്. ഭട്ട് ഒരു സാധാരണ ഐ.പി.എസ്. ഉദ്യോഗസ്ഥനും. മോഡിയെയും ഷായെയും ചോദ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സാരം.

അന്‍സാരിയുടെയും ഭട്ടിന്റെയും കഥ ഇന്നത്തെ ഇന്‍്ഡ്യയുടെ കഥ ആണ്. ഇതാണ് മോഡിയുടെയും ഷായുടെയും പുതിയ ഇന്‍ഡ്യ. ഈ ഇന്‍ഡ്യയില്‍ മതന്യൂനപക്ഷങ്ങള്‍ കൊല ചെയ്യപ്പോട്ടേക്കാം. അവരെകൊണ്ട് നിര്‍ബ്ബന്ധിതമായി 'ജയ് ശ്രീരാം' 'ജയ് ഹനുമാന്‍' മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചേക്കാം. അതിനെതിരെ ഭരണാധികാരികള്‍ കാര്യമായ ഒരു നടപടിയും എടുത്തെന്നിരിക്കില്ല. ഇത് എഴുതിക്കൊണ്ടിരിക്കുമ്പോഴും ഹരിയാനയില്‍ നിന്നും ഗോഹട്ടിയില്‍ നിന്നും കൊല്‍ക്കട്ടയില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരുന്നുണ്ട്.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല. ഇന്ന് ഇന്‍ഡ്യ ഭരിക്കുന്ന വെറുപ്പിന്റെ അസഹിഷ്ണുതയുടെ പ്രത്യശാസ്ത്രത്തിന്റെ സൃഷ്ടികള്‍ ആണ്. ഹരിയാനയിലും ഝാര്‍ഖണ്ടിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരുവാന്‍ പോവുകയാണ് ഈ വര്‍ഷം തന്നെ. ഒപ്പം മഹാരാഷ്ട്രയിലും. കൂടുതല്‍ ന്യൂനപക്ഷാക്രമണങ്ങള്‍ ഉണ്ടായെന്നിരിക്കും ഇവിടങ്ങളില്‍. രാഷ്ട്രീയം ദയനീയമായ പരാക്രമങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പക്ഷേ, ഈ പരാക്രമികള്‍ വിജയിക്കുകയും ചെയ്യുന്നു.

അന്‍സാരിയുടെ കഥ മതവെറിയുടേതാണ്. ഭട്ടിന്റേത് രാഷ്ട്രീയ പകപോക്കലിന്റെയും. അന്‍സാരി കൊല്ലപ്പെട്ടു. അന്‍സാരിയുടെ പീഡനത്തിന്റെയും 'ജയ് ശ്രീരാം' വിളിയുടെയും ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് ഉറക്കം ലഭിക്കുകയില്ല, മനസാക്ഷി എന്ന് ഒന്ന് ഉണ്ടെങ്കില്‍ ഭട്ട് ജീവിച്ചിരിക്കുന്നു. തടവറയില്‍. ജീവപര്യന്തം. അദ്ദേഹത്തിന് നീതി ഉറപ്പ് വരുത്തേണ്ടത് സ്വതന്ത്ര ജനാധിപത്യ ഇന്‍ഡ്യയുടെ ആത്മാവിന്റെ വെല്ലുവിളി ആണ്.

  അന്‍സാരിയുടെയും സഞ്ജീവ് ഭട്ടിന്റെയും കഥകള്‍-  (ഡല്‍ഹികത്ത്  : പി.വി.തോമസ് )
Join WhatsApp News
josecheripuram 2019-06-28 19:51:44
Our prime minister is a very good actor/He cries&Humble himself,that's called a corn artist.
josecheripuram 2019-06-28 20:04:18
Who started this religious fanatics?I think it was the minorities,Who started accusing other major religions.Jesus said peace with you&Where he was born, there is no peace.
correction 2019-06-28 20:28:15
Con artist, my friend; not CORN artist !
josecheripuram 2019-06-28 21:05:43
Thank your for correction.That shows some one is reading what I write.Sunday are you Guys coming to Tyson Ave to celebrate "E MALAYALAE".
Jack Daniel 2019-06-28 21:17:43
I make mistake when get too spiritual. It is ok bro.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക