Image

പ്രേക്ഷക ഹൃദയങ്ങളില്‍ ഓസ്കാര്‍ നേടി ഇസഹാക്ക്

Published on 28 June, 2019
പ്രേക്ഷക ഹൃദയങ്ങളില്‍ ഓസ്കാര്‍ നേടി ഇസഹാക്ക്
ആദാമിന്റെ മകന്‍ അബു, പത്തേമാരി  എന്നീ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകന് മികച്ചൊരു ദൃശ്യാനുഭവം നല്‍കിയ സംവിധായകനാണ് സലിം അഹമ്മദ്. ഇക്കുറി വീണ്ടും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടു കൂടിയ ഒരു ചലച്ചിത്രം ഏറ്റവും മികച്ച അവതരണഭംഗിയോ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുകയാണ് "ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു' എന്ന ചിത്രത്തിലൂടെ.

സിനിമയ്ക്കുള്ളിലെ സിനിമ പല സിനിമകളിലൂടെയും മലയാളികള്‍ കണ്ടിട്ടുണ്ട്. ഈ ചിത്രത്തിന്റെ പ്രമേയവും അതു തന്നെ. എന്നാല്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയും അതിന്റെ പരിണാമവുമെല്ലാം അതീവ മനോഹാരിതയോടെ ചേര്‍ത്തു വച്ചുകൊണ്ടാണ് സംവിധായകന്‍ ഈ സിനിമ പ്രേക്ഷകര്‍ക്കായി മുന്നോട്ടു വയ്ക്കുന്നത്. ഇസഹാക്ക് ഇബ്രാഹിം എന്ന ചെരുപ്പക്കാരനാണ് കഥയിലെ നായകന്‍. സിനിമയെന്ന സ്വപ്നവും അതിനോടുള്ള തീവ്രമായ അഭിലാഷവും രക്തത്തില്‍ പോലും കലര്‍ന്നിരിക്കുന്ന ഒരു ചെറുപ്പകാരന്‍. സമാന സ്വപനവുമായി അലയുന്ന നൂറു കണക്കിനു ചെറുപ്പക്കാരുടെ പ്രതിനിധിയാണ് അയാള്‍. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇസഹാക്ക് നടത്തുന്ന പരിശ്രമങ്ങളും അതിനിടയില്‍ അയാള്‍ക്കു നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിനെ മറി കടക്കാന്‍ അയാള്‍ നടത്തുന്ന പോരാട്ടങ്ങളുമാണ് കഥയില്‍ തികഞ്ഞ കൈയ്യടക്കത്തോടെ സംവിധായകന്‍ സലിം അഹമ്മദ് പറയുന്നത്. ഒരു പരിധി വരെ ആത്മകഥാംശമുള്ള കഥയാണ് ഈചിത്രത്തിന്റേത് എന്നും പറയാം.

കണ്ണൂരിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഇസഹാക്ക് ഇബ്രാഹിം എന്ന ചെറുപ്പക്കാരന്‍ ജനിക്കുന്നത്. പിറന്നു വീണ ഇസഹാക്കിന്റെ കാതില്‍ ആദ്യമെത്തിയത് വീടിനടുത്തുള്ള സിനിമാ തിയേറ്ററിലെ ശബ്ദമാണ്. അതു കൊണ്ടാകണം വളരുന്തോറും അവനില്‍ സിനിമ എന്നത് ഒരു ലഹരിയും ഭ്രാന്തു പോലെയും ആയി തീര്‍ന്നത്. സംവിധായകന്‍ ആവുക എന്ന സ്വപ്നവുമായി കൊച്ചിയെന്ന മഹാനഗരത്തില്‍ അയാള്‍ വര്‍ഷങ്ങളോളം അലഞ്ഞു. പക്ഷേ അയാള്‍ നിര്‍ഭാഗ്യവാനായിരുന്നു. ഒടുവില്‍ തനിക്ക് വീതമായി കിട്ടിയ സ്വത്തുക്കള്‍ പണയം വച്ച് താന്‍ സ്വപ്നം കണ്ട സിനിമയുടെ നിര്‍മ്മാണം അയാള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. എന്നാല്‍ സിനിമാ#ാ മേഖലയില്‍ ഒരു തുടക്കക്കാരന് നേരിടാവുന്ന എല്ലാ പ്രതിസന്ധികളും ഇസഹാക്കിന് അനുഭവിക്കേണ്ടി വരുന്നു. നിര്‍മ്മാവിനെ വിശ്വാസത്തിലെടുക്കാനും താരങ്ങളുടെഡേറ്റ് കിട്ടാനും കഥ പറഞ്ഞ് ബോധ്യപ്പെടുത്താനുമെല്ലാം കന്നി സംവിധായകര്‍ ചിലപ്പോള്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. സംവിധായകന്‍ സലിം അഹമ്മദ് തന്നെയും ഒര പക്ഷേ ഇത്തരം പരീക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ടാവാം. സിനിമാ രംഗത്ത് അതുമായി ബന്ധപ്പെട്ട ആളുകള്‍ തന്നെ നടത്തുന്ന പല തട്ടിപ്പുകളും നെറികേടുകളും ഈ ചിത്രം സത്യസന്ധമായി കാട്ടി തരുന്നു. പക്ഷേ അപാരമായ നിശ്ചയദാര്‍ഡ്യം കൊണ്ട് ഇസഹാക്ക് തന്റെ ചിത്രം പൂര്‍ത്തിയാക്കുന്നു. ദേശീയ പുരസ്കാരങ്ങള്‍ക്കപ്പുറം ഓസ്കാറിലേക്കും ചിത്രം പരിഗണിക്കപ്പെടുന്നു. തന്റെ ചിരകാല മോഹം പൂവണിയുന്ന നിമിഷമായെന്ന് ഇസഹാക്ക് സ്വപ്നം കാണുന്നു.  ഒടുവില്‍ ഓസ്കാര്‍ അവാര്‍ഡ് സ്വപ്നം കണ്ട് വീണ്ടും കടം വാങ്ങിയ പണവുമായി ഇസഹാഖ് അമേരിക്കയില്‍ പോകുന്നു. എന്നാല്‍ അവിടെയും ഇസഹാഖിന് തടസങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ആ തടസങ്ങളെയും അതിജീവിക്കുകയാണ് അയാള്‍.

സിനിമാ മോഹവുമായി നടക്കുന്ന ഇസഹാക്ക് എന്ന ചെറുപ്പക്കാരന്‍ ടൊവീനോയുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞു. മിതത്വമുള്ള അഭിനയശൈലി കൊണ്ട് അനു സിത്താരയും തിളങ്ങി. മൊയ്തീന്‍ എന്ന കഥാപാത്രമായി സലിം കുമാര്‍, സിദ്ദിഖ്, ശ്രീനിവാസന്‍, വിജയരാഘവന്‍, മാലാ പാര്‍വതി,  അപ്പാനി ശരത്, അമേരിക്കന്‍ നടി നിക്കി കുളൗസ്കി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും ബിജിപാലിന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ചിത്രത്തിന്റെ സാങ്കേതിക മികവും ദൃശ്യാനുഭവത്തിന്റെ മനോഹാരിതയും വര്‍ദ്ധിപ്പിക്കുന്നു. കോടികള്‍ മുതല്‍ മുടക്കുള്ള വ്യവസായമാണ് സിനിമ. അത് ഒരുല്‍പന്നവുമാണ്. പണം മുടക്കുന്നവന് അത് തിരികെ കിട്ടണം.വാണിജ്യ ചേരുവകള്‍ ചേര്‍ത്തു തന്നെയാണ് സലിം അഹമ്മദ് ഈ സിനിമ എടുത്തിട്ടുള്ളത്. എന്നാല്‍ അതിന്റെ കലാമൂല്യം ഒട്ടും ചോര്‍ന്നു പോവാതെ അദ്ദേഹം ഇതിന്റെ അവസാന രംഗം വരെ ചിത്രീകരിച്ചിരിക്കുന്നു. കഥയാണെങ്കിലും സ്വജീവിതത്തിലെ അനുഭവങ്ങളുടെ ചൂടും ചൂരുമാകാം ഇത്ര മനോഹരമായ രീതിയില്‍ ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു എടുക്കാന്‍ സലിം അഹമ്മദിന് പ്രചോദനമാകുന്നതും. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ ചിത്രം കാണാതിരിക്കാന്‍ കഴിയില്ല. 

പ്രേക്ഷക ഹൃദയങ്ങളില്‍ ഓസ്കാര്‍ നേടി ഇസഹാക്ക്പ്രേക്ഷക ഹൃദയങ്ങളില്‍ ഓസ്കാര്‍ നേടി ഇസഹാക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക