Image

സലാലയുടെ മറ്റൊരു മുഖം (സലാലക്കാഴ്ചകള്‍ 4:മിനി വിശ്വനാഥന്‍)

Published on 30 June, 2019
സലാലയുടെ മറ്റൊരു മുഖം (സലാലക്കാഴ്ചകള്‍ 4:മിനി വിശ്വനാഥന്‍)
നാട് വിടുന്നതോടെ കിലോമീറ്ററിന്റെ അളവില്‍ വല്യ വ്യത്യാസം വരുമെന്ന് തിരിച്ചറിയാനൊരു അവസരവുമായി അവിടെ ഭക്ഷണത്തിന് കയറിയത്.ആ കടയുടമസ്ഥന്‍ ഞങ്ങള്‍ക്ക് ഇനിയങ്ങോട്ടുള്ള കാഴ്ചകളും വഴിയും  കടയില്‍ സാന്‍വിച്ച് പൊതിയുന്ന ബട്ടര്‍ പേപ്പറില്‍ വരച്ച് തന്നു. മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞാല്‍ "തവി അതീര്‍"എന്നൊരു സൈന്‍ ബോര്‍ഡ് കാണാമെന്നും അവിടെ നിന്ന് ആദ്യത്തെ വലത് വശത്തേക്ക് തിരിയണമെന്നും നിര്‍ദേശിച്ചു. വണ്ടി നീങ്ങുമ്പോള്‍ ഒരു തവണ കൂടി ഓര്‍മ്മിപ്പിച്ചു .. മൂന്ന് കിലോമീറ്ററാണേ, ഓര്‍മ്മിക്കണേ എന്ന്. മൂന്ന് കിലോമീറ്ററുകള്‍ ഏറെക്കഴിഞ്ഞിട്ടും, അയാള്‍ പറഞ്ഞതുപോലെ ഒരു  ബോര്‍ഡോ വലത്തോട്ടൊരു വഴിയോ വന്നില്ല. വീടുകളും കുറഞ്ഞ് വരുന്നു. ചെറുതായി പേടി തോന്നിയ ഞാന്‍ ആ ലൈനിലെ അവസാന വീടെത്തിയപ്പോള്‍  ഉണ്ണിയോട് അവിടെയിറങ്ങി വഴി ചോദിക്കാമെന്ന് നിര്‍ബന്ധിച്ചു. രണ്ട് സ്ത്രീകളുടെ മിന്നായം കണ്ടിരുന്നു അവിടെ. ഉണ്ണിക്കൊരു ധൈര്യത്തിന് ഞാനും കൂടെയിറങ്ങി. "മാമാ " എന്ന് വിളിച്ചു കൊണ്ട് ഞങ്ങള്‍ ഗേറ്റ് കടന്നു. "മാമ " (കാരണവ സ്ത്രീ) ക്ക് പകരം ചെറുപ്പക്കാരിയായ മകള്‍ പുറത്തിറങ്ങി വന്നു വഴി വ്യക്തമാക്കി. ഈ മൂന്ന് കിലോമീറ്റര്‍ കഴിഞ്ഞുള്ള റൈറ്റും സൈന്‍ബോര്‍ഡും അനന്തമായി നീണ്ടു കിടക്കുന്ന റോഡിന് അങ്ങേയറ്റത്താണെന്ന് അവള്‍ പറഞ്ഞു മനസ്സിലാക്കിത്തന്നു. ഉണ്ണി നന്ദി പറയുന്ന കൂട്ടത്തിന്‍ ഞാനും വെറുതെയാക്കിയില്ല." ശുക്രന്‍ "
എന്നൊരു അറബിക്ക് നന്ദി വാക്ക് അതിനിടെ പ്രയോഗിച്ചു മിടുക്കിയായി.
ഉണ്ണിയും മീനയും മലയാളത്തേക്കാള്‍ നന്നായി അറബിക്ക് സംസാരിക്കുമെന്ന് തോന്നിയിരുന്നു എനിക്ക്.

മരുഭൂമിയിലൂടെയുള്ള യാത്ര തുടര്‍ന്നു. ഒട്ടകങ്ങളും ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നെന്ന് തോന്നി മടി പിടിച്ചുള്ള അവരുടെ നില്പ് കണ്ടപ്പോള്‍. സലാലയിലെ മരുഭൂമിയുടെ നടുവിലൂടെ യാത്ര ചെയ്യുന്നതിനിടെ കാണാനാവുന്ന മറ്റൊരു കാഴ്ചയായ നിത്യഹരിത താഴ് വാരമായ വാദി ദര്‍ബാത്ത് (Wadi Darbat) സമയക്കുറവ് കാരണം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു. ചെറിയ ഒരു അരുവിയും മുന്നൂറ്ററുപത് ദിവസവും പച്ചപുതച്ച പ്രകൃതിയുമായിരുന്നു ഇവിടത്തെ പ്രത്യേകത. കേരളത്തില്‍ കാണാത്തയിടങ്ങള്‍ തേടി യാത്ര തുടരാം എന്ന ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ച് അടുത്ത ലക്ഷ്യമായ 'തവി അതീര്‍ സിംക് ഹോള്‍' (Tawi ateer sink hole) ലക്ഷ്യമാക്കി  ഞങ്ങള്‍ നീങ്ങി.

1977 ല്‍ സ്ലോവേനിയന്‍ പര്യവേക്ഷകരാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംക് ഹോളുകളിലൊന്നായ ഇത് കണ്ടു പിടിച്ചത്. ജൈവ വൈവിദ്ധ്യത്തിന് പ്രശസ്തമായ ദോഫാര്‍ (Dhofar) പ്രവിശ്യയിലാണ് ഈ അത്ഭുതക്കാഴ്ച. വിവിധയിനം ജീവജാലങ്ങളും വൃക്ഷപ്പടര്‍പ്പുകളും ഇവിടത്തെ വാദികളേയും താഴ്വാരങ്ങളേയും സമ്പന്നമാക്കി. സീസണില്‍ ടൂറിസ്റ്റുകളുടെ പറുദീസയാണ് ഇവിടം.

കഴിഞ്ഞ വര്‍ഷം ഒമാനിനു നേരെയുണ്ടായ മേക്കുനു സൈക്ലോണിന്റെ ഭീകരമായ ആക്രമണത്തിന്റെ കാഴ്ചകള്‍ പോവുന്ന വഴിയിലെവിടെയും ഉണ്ടായിരുന്നു. തകര്‍ന്നു കിടക്കുന്ന റോഡുകള്‍ ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. സമാന്തരമായി ഉണ്ടാക്കിയ താത്കാലിക വഴിയിലൂടെ ഞങ്ങള്‍ ലക്ഷ്യത്തിലേക്കെത്തി. പലപ്പോഴും പേടിപ്പിക്കുന്ന യാത്രയായിരുന്നു അത്. മറ്റ് വാഹനങ്ങളൊന്നും ഇവിടെയെത്തുന്നത് വരെ ഞങ്ങളെ കടന്നു പോയില്ലെന്നതും ഉള്ളില്‍ ഭീതിയുണര്‍ത്തി. ജൂണ്‍ ജൂലായി മാസങ്ങളില്‍ നേരിയ ചാറ്റല്‍ മഴയും മഞ്ഞ് വീഴ്ചയുമുണ്ടാവുന്നത് കൊണ്ട് ആ സമയത്ത് െ്രെഡവിങ്ങ്  അപകടകരമാവുമെന്നും ഉണ്ണി പറഞ്ഞു.കേരളവുമായി ഒരു തരത്തിലും താരതമ്യപ്പെടുത്താനാവാത്ത സലാലയുടെ മറ്റൊരു മുഖം ഞങ്ങള്‍ കണ്ടു.

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാണ് സലാലയുടെ ഈ ഭാഗത്തെ കാഴ്ചകള്‍ വ്യത്യസ്തമാക്കുന്നത്.

'സിംക്‌ഹോളുകള്‍ ' എന്നാല്‍  പ്രകൃതിയിലുണ്ടാവുന്ന ചില പ്രതിഭാസങ്ങള്‍  കാരണം ഭൂമിയുടെ മേല്‍മണ്ണ് നഷ്ടമായി  ഉടലെടുക്കുന്ന വന്‍ ഗര്‍ത്തങ്ങളാണ്. ഉല്‍ക്കാശില പതിച്ചത് കൊണ്ടാണ് ഈ ഗര്‍ത്തമുണ്ടായത് എന്നാണ് ഇവിടത്തെ നാട്ടുകാര്‍ വിശ്വസിക്കുന്നത്. 'ഹയ്യിയത് നജാം' (falling star ) എന്നാണത്രെ ആ ഉല്‍ക്കയുടെ പേര് .

മഴക്കാലത്ത് ഈ ഗര്‍ത്തങ്ങളില്‍ മഴവെള്ളം നിറയും. വാദികളില്‍ നിന്നുള്ള നീരൊഴുക്കും ഈ പ്രദേശത്തെ ജലസമൃദ്ധമാക്കും. ഇതിനോട് ചേര്‍ന്നു തന്നെയാണ് തീക്വ് (Teeq) ഗുഹയും സ്ഥിതി ചെയ്യുന്നത്.

ഇവിടത്തെ ഗുഹകളും ഗര്‍ത്തങ്ങളും കണ്ടപ്പോള്‍  അന്യഗ്രഹത്തില്‍ എത്തിപ്പെട്ട പ്രതീതിയാണ് ഉണ്ടായത്. പരന്നു കിടക്കുന്ന മരുഭൂമികള്‍ക്കിടയില്‍ വലിയ കുന്നുകളും ഗുഹകളും വിശാലമായ ഗര്‍ത്തങ്ങളും കൗതുക കാഴ്ചകളൊരുക്കി.

സിംക് ഹോള്‍ കാണാനായി മുള്‍ച്ചെടികള്‍ നിറഞ്ഞ ഒറ്റവരി പാതയിലൂടെ താഴോട്ടിറങ്ങി. തീര്‍ത്തും വിജനമായിരുന്നു അവിടം. അപകടകരമായ ആ ഗര്‍ത്തത്തിന് ചുറ്റും സുരക്ഷാവേലികളും സന്ദര്‍ശകര്‍ക്ക് കാഴ്ചകള്‍ കാണാനും ഫോട്ടോയെടുക്കാനുമായി പ്ലാറ്റ്‌ഫോമുകളും കെട്ടിയുണ്ടാക്കിയിരുന്നു.

താഴെയെത്തിയപ്പോള്‍ സിംക് ഹോളിനേക്കാള്‍ എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ച ഏറെ പഴുത്ത് പാകമായ ഏതാനും പേരക്കകള്‍ നിരത്തിവെച്ച് വില്പനയ്ക്കിരിക്കുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടേതാണ്. ഒരു പാത്രം കുടി വെള്ളവുമുണ്ട് അവന്റെ മുന്നില്‍.

കടന്നു വന്ന വഴിയിലൊന്നും ആള്‍ പാര്‍പ്പുള്ളതായി തോന്നിയിരുന്നില്ല. പക്ഷേ വീടണയാനുള്ള വ്യഗ്രതയോടെ നീട്ടി വലിച്ച് നടക്കുന്ന കന്നുകാലിക്കൂട്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അവിടെയെവിടെയെങ്കിലുമാവും ഇവന്റെയും താവളം.

വിറ്റുപോവാത്ത പേരക്കകളെക്കുറിച്ച് അവന് വല്യ വേലലാതിയൊന്നും ഉള്ളതായി തോന്നിയില്ല. നാട്ടിലുള്ള അവന്റെ കുഞ്ഞിനോട് വാട്‌സാപ്പ് വഴി കൊഞ്ചുകയാണ് അവന്‍. ബാഹര്‍ ഗാവില്‍ അവന് വേണ്ടി കാത്തിരിക്കാന്‍ ആരോ ഉണ്ടെന്ന തോന്നലാവണം ഈ ഏകാന്ത ജീവിതത്തില്‍  അവന്റെയും ധൈര്യം. ഇതുപോലുള്ള പ്രവാസക്കാഴ്ചകള്‍ പലപ്പോഴും കണ്ണ് നനയിച്ചിട്ടേ ഉള്ളൂ.

ഏതായാലും തിരിച്ചു വരുന്ന വഴി വിലപേശാതെ ഒരു പാക്കറ്റ് പേരക്ക വാങ്ങാന്‍ മറന്നില്ല ഞാന്‍.

"ഇതിന് മധുരമൊന്നുമുണ്ടാവില്ല എന്ന് " കൂട്ടത്തില്‍ നിന്നുയര്‍ന്ന അശരീരി കേട്ടില്ലെന്ന് നടിച്ച് പേരക്കകള്‍ നിറച്ച കവറുമായി ഞാന്‍ പടികള്‍ കയറി.

മേഘങ്ങള്‍ താണിറങ്ങി വന്ന് നമ്മെ ഉമ്മ വെക്കുന്ന ജബല്‍സംഹാന്‍ കാഴ്ചകള്‍ തേടി യാത്ര തുടര്‍ന്നു.

സലാലയുടെ മറ്റൊരു മുഖം (സലാലക്കാഴ്ചകള്‍ 4:മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക