Image

ഉത്തമ സാഹിത്യത്തിന്റെ ഉള്‍വഴികളിലൂടെ (മണ്ണിക്കരോട്ട്)

Published on 30 June, 2019
ഉത്തമ സാഹിത്യത്തിന്റെ ഉള്‍വഴികളിലൂടെ (മണ്ണിക്കരോട്ട്)
അനുഭവങ്ങള്‍ എഴുത്തുകാര്‍ക്ക് ആശയ സ്രോതസാണ്. ആനുഭവങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള ആശയങ്ങള്‍ ഭാവനയില്‍ വികസിക്കണം. അക്ഷരങ്ങളില്‍ വിരിയണം. അത് പാലില്‍നിന്ന് വെണ്ണ ഉല്‍പാദിപ്പിക്കുന്നതുപോലെയാണ്. പാല്‍ തൈരാക്കി കടയുമ്പോള്‍, അതിന്റെ സത്ത, വെണ്ണ വേര്‍പെടുന്നു. പാലിനു പല വിധമായ സ്ഥിതിഭേദങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമെ ഈ സത്ത കയ്യെത്താന്‍ കഴിയുകയുള്ളു. ഇതുതന്നെയാണ് നല്ല എഴുത്തുകാര്‍ക്കും വേണ്ടത്. അതായത് അനുഭവങ്ങളില്‍ ഗോചരീഭിവിക്കുന്ന ആശയങ്ങള്‍ ചിന്തയുടെയും ഭാവനയുടെയും മൂശയില്‍ അവസ്ഥാന്തരം പ്രാപിക്കുമ്പോള്‍ സത്തയായ സാഹിത്യം രൂപപ്പെടുന്നു. അതിന്റെ ഗുണമേന്മയും വ്യത്യസ്തതയും കൈകാര്യം ചെയ്യുന്നവരുടെ നൈസര്‍ഗ്ഗിക വാസനയിലും സര്‍ഗ്ഗശക്തിയിലും നിക്ഷിപ്തമാണ്.
   
വ്യത്യസ്തയാണ് വ്യക്തിത്വം. ഇതുതന്നെയാണ് ഒരാളെ മറ്റൊരാളില്‍നിന്ന് വിഭിന്നമാക്കുന്ന ആന്തരികശക്തിയും. വ്യത്യസ്തത വ്യക്തിത്വത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതുപോലെയാണ് സാഹിത്യത്തിലും. നല്ല വ്യക്തിത്വമുള്ള വ്യക്തികള്‍ ശ്രദ്ധിക്കപ്പെടുന്നതുപോലെ വ്യത്യസ്തതയുള്ള സാഹിത്യവും ശ്രദ്ധിക്കപ്പെടും. (പലപ്പോഴും നല്ലകൃതിയായാലും അവഗണിക്കപ്പെടുന്നുണ്ട് എന്ന സത്യം മറക്കുന്നില്ല. പണവും പ്രതാപവും പിന്നെ സ്വാധീനവും സാഹിത്യത്തിന്മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ എന്തും സംഭവിക്കാം. അത് അങ്ങനെ നില്‍ക്കട്ടെ. അതല്ലെല്ലോ ഇവിടെ വിഷയം).
   
വ്യത്യസ്തതയ്ക്കും വ്യത്യാസങ്ങളുണ്ട്. പത്തുപേര്‍ ഒരു സംഭവം വിവരിക്കുന്നത് പത്തു വിധത്തിലായിരിക്കുമല്ലോ. നല്ല എഴുത്തുകാരാണെങ്കില്‍ അവരുടെ ചിന്തയ്ക്കും ഭാവനയ്ക്കും വ്യത്യാസമുണ്ടാകം. സംഭവം കേവലം ഒരു ബിംബമാക്കിക്കൊണ്ട് ഭാവനയില്‍ മറ്റൊരു ആശയം രൂപപ്പെടുത്തും. കാണുന്നത് അതുപോലെ പകര്‍ത്തുന്നത് സാഹിത്യമല്ല. കാണുന്നതില്‍നിന്ന് കാണാത്ത മറ്റൊരു ലോകത്തേക്ക് അനുവാചകരെ ആനയിക്കാന്‍ കഴിയണം. അവിടെയാണ് അനുവാചകര്‍ര്‍ക്ക് കൂടുതല്‍ ചിന്തിക്കാനും പഠിക്കാനും മനസ്സിലാക്കാനുമുള്ളത്. അതായത് സാധാരണ കാര്യത്തെ അസാധാരണമാക്കി എന്നാല്‍ സംഭവ്യമാകത്തക്ക പാകത്തിലാക്കി അവതരിപ്പിക്കാന്‍ എഴുത്തുകാര്‍ക്ക് കഴിയണം.
   
സംഭവ്യമായ അസംഭവ്യതയാണ് കാല്‍പനികസാഹിത്യം പ്രത്യേകിച്ച് കഥാസാഹിത്യം. അതായത് ഒന്നിനെ വളരെ അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ചാലും അത് സംഭവ്യമാണെന്ന് അനുവാചകര്‍ക്ക് തോന്നണം. ഈ സിദ്ധിയുടെ അടിസ്ഥാനശില നൈസര്‍ഗ്ഗിക വാസനയും സര്‍ഗ്ഗശക്തിയുമാകുമ്പോള്‍ പരന്നവായനയും വിപുലവും വ്യാപകവുമായ പരിശീലനവും പരിജ്ഞാനവും അതിന് മാറ്റുകൂട്ടുന്നു.
   
പാടിപ്പതിഞ്ഞ പാട്ടുപോലെ കേട്ടും കണ്ടും മടുത്ത വിഷയംതന്നെ അത്യല്പമായ മാറ്റം വരുത്തി  ആവര്‍ത്തിക്കുന്നത് ഉത്തമ സാഹിത്യമാകുന്നില്ല. പുതുമയും വ്യത്യസ്തതയും ഉണ്ടായെങ്കില്‍ മാത്രമേ സാഹിത്യത്തില്‍ തനതു വ്യക്തിത്വം നേടിയെടുക്കാന്‍ കഴിയുകയുള്ളു. മെച്ചപ്പെട്ട ഏത് കൃതി നോക്കിയാലും അവിടെ പുതുമയുടെയും വ്യത്യസ്തതയുടെയും ഒരു മായാപ്രപഞ്ചം പ്രതിഫലിക്കുന്നുണ്ടാവും. ഭാഷയുടെ മഹത്വം വിളിച്ചറിയിക്കുന്ന അത്തരം കൃതികളുടെ കൂമ്പാരമാണ് നമ്മുടെ ഭാഷ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പ്രസിദ്ധീകൃതമായ വളരെ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രം വായനക്കാര്‍ക്ക്  ഉണര്‍ത്തുപാട്ടായി ഇവിടെ എടുത്തുകാണിക്കുകയാണ്. അതിലെ വ്യത്യസ്തതകളെക്കുറിച്ച് കുറച്ചെങ്കിലും മനസിലാക്കാന്‍ കഴിഞ്ഞാല്‍ അതൊക്കെ എഴുത്തിന്റെ വഴികളില്‍ പ്രകാശം പരത്തുമെന്നുള്ളതിന് സംശയമില്ല.

    നോവല്‍ സാഹിത്യത്തില്‍ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോക്കാം. 1969-ല്‍ ഈ കൃതി പ്രസിദ്ധമായതോടെ മലയാള നോവല്‍ സാഹിത്യത്തില്‍ ഒരു വലിയ മാറ്റമാണുണ്ടാക്കിയത്. അതുപോലെതന്നെ 1990-ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും അതേ വര്‍ഷംതന്നെ കേന്ദ്ര സാഹിത്യ അവാര്‍ഡും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഗുരുസാഗരവും. കേശവദേവിന്റെ ഓടയില്‍നിന്നും തകഴിയുടെ ഒട്ടുമിക്ക കൃതികളും. ചെറുകഥകളില്‍ പഴയകാല രചനകള്‍ നോക്കിയാല്‍ ഒ.വി. വിജയന്റെ കടല്‍ത്തീരത്ത്, പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ, തകഴിയുടെ പൂവന്‍പഴം, പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി; പട്ടിക നീളുന്നു (അങ്ങനെ വ്യത്യസ്തതകൊണ്ടും ആശയംകൊണ്ടും മലയാള സാഹിത്യത്തെ ധന്യമാക്കിയ കൃതികളുടെ പട്ടിക ഒരു ലേഖനത്തില്‍ ഒതുങ്ങുന്നതല്ലെല്ലോ. വിസ്താരം വിവരണത്തിന് വിരാമമാകുകയാണ്).
   
കവിതാസാഹിത്യത്തിലെ വളരെ ചുരുക്കം ചില ഉദാഹരണങ്ങള്‍ കൂടി നോക്കാം. മഹാകവി കുമാരനാശാന്റ ഭക്തിനിര്‍ഭരമായ കവിതകള്‍ വ്യത്യസ്തമായ ആദ്ധ്യാത്മികദര്‍ശനത്തിന്റെ പര്യായങ്ങളാണ്. അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ ഏറിയപങ്കും അത്തരത്തിലുള്ളതായിരുന്നു.

    “സചേതനാചേതനമിപ്രപഞ്ചം
    സര്‍വ്വം വിളക്കുന്ന കെടാവിളക്കേ,
    സമസ്തഭവ്യങ്ങളുമുള്ളിലാഴ്ത്തും
    സ്‌നേഹപ്പരപ്പിന്‍ കടലേ, തൊഴുന്നേന്‍”.   

    അദ്ദേഹത്തിന്റെ ‘വീണപൂവ്’ ആശയവും ഭാവനയും എല്ലാം ഒരുപോലെ ഒത്തിണങ്ങിയ വ്യത്യസ്തമായ ഒരു കാവ്യശില്പമാണ്. ഇതിവൃത്തം വെറും നിസാരം. രാവിലെ വിടര്‍ന്ന പൂവ് വൈകിട്ട് വാടുന്നു. പിന്നെ നിലത്തുവീഴുന്നു. ഒരുവിധത്തില്‍ നോക്കിയാല്‍ അതില്‍ പുതുതായിട്ട് ഒന്നുമില്ല. വെറും ഒരു സാധാരണ സംഭവം. എന്നാല്‍ അത് കുമാരനാശാന്റെ ചിന്താമണ്ഡലത്തില്‍, മാനുഷിക ജീവിതത്തിന്റെ നാനാമുഖങ്ങളും പുനര്‍ജന്മംവരെയും പുനര്‍ജ്ജനിക്കുകയായിരുന്നു. ആ പുനര്‍ജ്ജനിയുടെ പ്രകാശധാരയാണ് വീണപൂവില്‍ ജ്വലിച്ച് തേജസുറ്റതാക്കുന്നത്.

    “ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
    ലുല്പന്നശോഭമുദയാദ്രിയിലെത്തിടുമ്പോള്‍
    സല്‍പുഷ്പമേ, യിവിടെമാഞ്ഞു സുമേരുവിന്മേല്‍
    കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ”.   

    ഒരു ക്രാന്തദര്‍ശിയുടെ ഇന്ദ്രിയങ്ങള്‍ക്കതീതമായ ആന്തരിക ദര്‍ശനത്തിന്റെ പ്രകാശബിന്ദുക്കളാണ് വീണപൂവിലെ ഓരോ വരിയും.

    ചങ്ങമ്പുഴയുടെ കവിതകളിലെ ലാളിത്യവും വ്യത്യസ്തതയുടെ വേറിട്ട മാര്‍ഗ്ഗവുമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. സാധാരണക്കാരെപ്പോലും ആകര്‍ഷിക്കത്തക്കതും അതുവരെ ഉണ്ടാകത്തതുമായ, ലളിതവും സരളവുമായ ശൈലികൊണ്ട് അദ്ദേഹം മലയാളികളുടെ ഹൃദയം കവര്‍ന്നു. അദ്ദേഹത്തെ ജനങ്ങള്‍ ഹൃദയത്തിലേറ്റി പ്രതിഷ്ഠിച്ചു. ഉദാഹരണങ്ങളൊന്നും എടുത്തു പറയേണ്ടതില്ല. എല്ലാം എല്ലാവര്‍ക്കും അറിയാവുന്നതുതന്നെ. എങ്കിലും രണ്ടു ചെറിയ വരികള്‍ മാത്രം ഇവിടെ ഉദ്ധരിക്കട്ടേ. വെറും ആറു ചെറിയ വാക്കുകള്‍ മാത്രം. അതുകൊണ്ട് അദ്ദേഹം മൈക്കിള്‍ ആഞ്ജലൊയുടെ ചിത്രരചനപോലെ ഒരു വലിയ ചിത്രം വരച്ചിട്ടിരിക്കുന്നതു ശ്രദ്ധിക്കൂ-

    “മദനനും തോഴനും തോളുരുമ്മി-
    വഴിനീളെ പാട്ടുകള്‍ മൂളിമൂളി”

    കണ്ടില്ലേ ആ സുഹൃത്തുക്കള്‍ എവിടെ നിന്നോ വന്ന്, തോളോടു തോള്‍ചേര്‍ന്ന് മുട്ടിയുരുമ്മി മൂളിപ്പാട്ടുംപാടി നടന്നുപോകുന്ന ചിത്രം. നാടന്‍ സുഹൃത്തുക്കളുടെ നാനാമുഖങ്ങളാണ് അവിടെ ചിത്രീകൃതമായിരിക്കുന്നത്.

    1975-ല്‍ കേവലം 47-ാമത്തെ വയസ്സില്‍ അന്തരിച്ച നമ്മുടെ പ്രിയപ്പെട്ട കവി വയലാര്‍ സമൂഹത്തെ നോക്കി പാടിയതാണ്-                
    “സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ                                     സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.”
    അതുപോലെ അനീതിയുടെയും അക്രമത്തിന്റെയും നീരാളിപ്പിടിത്തത്തില്‍പ്പെട്ടു നട്ടംതിരിയുന്ന സമൂഹത്തെ നോക്കി അദ്ദേഹം വിളിച്ചുപറഞ്ഞു. 

    “ദൈവത്തിന്റെ കൈക്കുടന്നയില്‍നിന്നു
    പെറ്റുവീഴുന്നു യേശുദേവന്മാര്‍ യുഗങ്ങളില്‍
    അവരെ ജൂഡാസുകളാക്കി ഈ ജയിലറക്കകത്തു
    തളച്ചാലെ സംതൃപ്തനാവു കാലം.”

    വിവര്‍ത്തനവും, പുതുമയും വ്യത്യസ്തതയുംകൊണ്ട് വേറിട്ട അനുഭവവും ആസ്വാദനസുഖവും പകര്‍ന്നുതരും. ഒരു ഉദാഹരണം മാത്രം നോക്കാം. രവീന്ദ്രനാഥ ടോഗോറിന്റെ സുപ്രസിദ്ധമായ ഗീതാഞ്ജലിയുടെ താഴെപ്പറയുന്ന ഭാഗം (ഡബ്ല്യു. ബി. യെയ്റ്റ്‌സിന്റെ (ണ.ആ. ഥലമെേ) ഇംഗ്ലീഷ് വിവര്‍ത്തനം)

    “I know not how thou singest, my master!
    I ever listen in silent amazement
    The light of thy music illuminates the world.
    The life breath of thy music runs from sky to sky.
    The holy stream of thy music breaks through all stony obstacles and rushes on.”

ഇത് മഹാകവി ജി. ശങ്കരക്കുറുപ്പ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍-

    “ഞാനറിവീല ഭവാന്റെ മോഹന ഗാനാലപന ശൈലി,
    നിഭൃതം ഞാനതുകേള്‍പ്പു സതതം നിതാന്ത വിസ്മയശാലി,
    ഉദയഗാനപ്രകാശകലയാല്‍ ഉജ്വലശോഭം ഭുവനം
    അലതല്ലീടുകയാണ് അതിഗഗനം വായുവിലീ സ്വരചലനം
    അലിയിക്കുന്നു സിരകളെ ഈ സ്വരഗംഗാസരപസഗമനം.”

    വ്യത്യസ്തതയെക്കുറിച്ച് ഒരു അമേരിക്കന്‍ കവി വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. അമേരിക്കയില്‍ അടുത്ത കാലത്ത് ജീവിച്ചിരുന്ന സുപ്രസിദ്ധനായ റോബര്‍ട്ട് ഫ്രോസ്റ്റ് (ബ്രിട്ടീഷുകാരനായ പ്രസിദ്ധ ജേണലിസ്റ്റ്, ഡേവിഡ് ഫ്രോസ്റ്റ് അല്ല ഇദ്ദേഹം), അദ്ദേഹത്തിന്റെ ‘ഠവല ഞീമറ ിീ േമേസലി’ എന്ന കവിതിയുടെ അവസാനത്തെ ചില വരികള്‍ ഇവിടെ ഉദ്ധരിക്കട്ടേ. അതിങ്ങനെ പോകുന്നു-

    “Two roads diverged in a wood and I-
    I took the one less traveled by,
    And that has made all the difference.”

    ചുരുക്കത്തില്‍ വ്യത്യസ്തത ഉണ്ടാകണമെങ്കില്‍ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ ആരുംതന്നെ സഞ്ചരിച്ചിട്ടില്ലാത്ത മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കണം. വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. അത് ഇതിവൃത്തത്തിലാകാം, അശയത്തിലാകാം, ശൈലിയിലാകാം, ഘടനയിലാകാം, ഭാഷയുടെ പ്രയോഗത്തിലാകാം. ഈ സവിശേഷതകള്‍ ഒത്തിണങ്ങുമ്പോള്‍ ഉത്തമ സാഹിത്യം രൂപപ്പെടുന്നു. വ്യത്യസ്തതയിലുള്ള വ്യത്യാസംകൊണ്ട് ചിലതെങ്കിലും അപൂര്‍വ്വമൊ അതുല്യമൊ ആയി മാറുകയും ചെയ്യുന്നു.

മണ്ണിക്കരോട്ട് (www.mannickarottu.net)

Join WhatsApp News
Sudhir Panikkaveetil 2019-07-01 10:22:51
ക്ലാസിക് കൃതികളെ ഉദ്ധരിച്ചുകൊണ്ട് ഒരു നല്ല 
ആശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അനുഗ്രഹീത എഴുത്തുകാരനും അമേരിക്കൻ 
മലയാള സാഹിത്യത്തിലെ കുലപതിയുമായ 
ശ്രീ മണ്ണിക്കരോട് സാറിനു അഭിനന്ദനം. 
George K. Mannickarottu 2019-07-01 19:34:22
Thank you very much Sri. Sudhir Panikkaveetil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക