Image

സ്വപ്‌നങ്ങള്‍ അപഹരിക്കുന്നവര്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 July, 2019
സ്വപ്‌നങ്ങള്‍ അപഹരിക്കുന്നവര്‍ (ഏബ്രഹാം തോമസ്)
സിയുഡാഡ് മെക്‌സിക്കോയില്‍ റിയോഗ്രാന്‍ഡ് നദിക്കരയിലൂടെ തന്ത്രപരമായി മറച്ച ഒരു പിക്ക് അപ്പില്‍ നാഷ്ണല്‍ ഗാര്‍ഡുകള്‍ തങ്ങളുടെ ഇരകളായ ഒരു സംഘം കുടിയേറ്റക്കാരെ പിന്തുടര്‍ന്നു. പിക്കപ്പിന് പിന്‍ഭാഗത്ത് ഒരു യന്ത്രത്തോക്കിന്റെ ട്രിഗറില്‍ വിരലുകള്‍ ഉറപ്പിച്ച് മറ്റൊരു ഗാര്‍ഡ് നിലയുറപ്പിച്ചിരുന്നു.

പലായനം ചെയ്യുന്ന രണ്ട് സ്ത്രീകളും അവരുടെ കുട്ടികളും ഓട്ടം മതിയാക്കി നിന്നു. യു.എസ്. അതിര്‍ത്തിക്ക് ഏതാനും വാര അകലെ അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നു. യു.എസ്. ഏജന്റുമാര്‍ നദിയുടെ മറുകരയില്‍ നിന്ന് സംഭവിക്കുന്നത് സസൂക്്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. മെക്‌സിക്കന്‍ അധികാരികള്‍ റേഡിയോ സന്ദേശത്തിലൂടെ ഗാര്‍ഡുമാരോട് കുടിയേറ്റക്കാരെ പിടികൂടാന്‍ നിര്‍ദേശിച്ചുകൊണ്ടിരുന്നു.
സ്ത്രീകളില്‍ ഒരുവള്‍ തങ്ങള്‍ ഹോണ്ടുരാസില്‍ നിന്നുള്ള അമ്മമാരാണെന്ന് പറഞ്ഞു. എരിപൊരിയുന്ന ചൂടില്‍ പിടിക്കപ്പെട്ട അവര്‍ തങ്ങളെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ വിസമ്മതിച്ചു. നദിക്ക് ഇവിടെ വീതി കുറവാണ്. ഒരു കരയില്‍ ഹുവാരസും മറു കരയില്‍ അമേരിക്കന്‍ നഗരം അല്‍ പാസോയും.
ഒരമ്മ വിലപിക്കുവാന്‍ തുടങ്ങി: ഇങ്ങനെയല്ല, ഇങ്ങനെയല്ല(സംഭവിക്കേണ്ടിയിരുന്നത്). രണ്ട് സൈനികര്‍- ഒരു പുരുഷനും ഒരു സ്ത്രീയും ഭയചകിതരായ കുട്ടികളോട് എല്ലാം ശരിയാവും എന്ന് ഉറപ്പു നല്‍കി. ഒരു സൈനികന്‍ ഒരു കുട്ടിയെ കാല്‍മുട്ടുകളിലിരുത്തി.
തടവിലാക്കിയ കുടുംബങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് സെര്‍ഗിയോ ഉരിബര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സൈനികന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ഇവര്‍ പിടികൂടപ്പെട്ടില്ല. തടവിലാക്കപ്പെടുകയും ചെയ്തില്ല. ഇവരെ രക്ഷപ്പെടുത്തുക മാത്രമാണ് ചെയ്തത്. തറയിലെ മണ്ണ് കാല് കൊണ്ട്  തട്ടിമാറ്റി അയാള്‍ തുടര്‍ന്നു: എനിക്ക്  തോന്നുന്നത്, ഞങ്ങള്‍ അവരുടെ സ്വപ്‌നങ്ങള്‍ അപഹരിച്ചു എന്നാണ്. ഇത്തരം സംഭവങ്ങള്‍ റിയോ ഗ്രാന്‍ഡ് തീരത്ത് സ്ഥിരമായി അരങ്ങേറുകയാണ്. അതിനാല്‍ യു.എസ്. അതിര്‍ത്തി ഭാഗത്ത് കീഴടങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ മെയ് യിലുണ്ടായ 1,44,000 പിടികൂടലിന്റെ 25% കുറവേ ഉണ്ടായിട്ടുള്ളൂ എന്നാണ് നിഗമനം. ഇതിന് ഒരു കാരണം വേനല്‍ചൂടാണ്. മെക്‌സിക്കന്‍ നാഷ്ണല്‍ ഗാര്‍ഡിന്റെ പ്രവര്‍ത്തനവും വലിയതോതില്‍ സഹായിച്ചു.
മെക്‌സിക്കോയില്‍ യു.എസുമായുള്ള അതിര്‍ത്തിയിലും രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ഗോട്ടിമാലയുമായുള്ള അതിര്‍ത്തിയിലും മനുഷ്യകവചം സൃഷ്ടിച്ചിരിക്കുകയാണ്. വടക്കന്‍ അതിര്‍ത്തിയില്‍ 15,000 വും തെക്കന്‍ അതിര്‍ത്തിയില്‍ 6,000 ഗോട്ടിമാലക്കാരെ മെക്‌സിക്കോ നിയോഗിച്ചിട്ടുണ്ട്.

മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ ഫലം കാണുകയാണെന്ന് പറയാം. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ വാണിജ്യതാരീഫ് മുന്നറിയിപ്പനുസരിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെ മാനുവല്‍ ലോപസ് ഒബ്രഡോര്‍ കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇടതുപക്ഷചിന്താഗതിക്കാരനായ ഒബ്രഡോറില്‍ നിന്നു ഇങ്ങനെ ഒരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിമര്‍ശകര്‍ പരാതിപ്പെടുന്നു. ഏപ്രില്‍ 2018 ല്‍ തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് മെക്‌സിക്കോ വിദേശഗവണ്‍മെന്റുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കില്ല എന്ന് ഒബ്രഡോര്‍ പറഞ്ഞിരുന്നു. അതിര്‍ത്തി മതിലിന്റെ നിര്‍മ്മാണച്ചെലവ് മെക്‌സിക്കോയെ കൊണ്ട് വഹിപ്പിക്കുമെന്ന് ട്രമ്പ് പറഞ്ഞിരുന്നു.

ട്രമ്പിന്റെ ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഒബ്രഡോറിന്റെ ഉയര്‍ന്ന ജനപിന്തുണയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. മെക്‌സിക്കന്‍ പത്രം അല്‍ഫിനാന്‍സിയോറോ ഈയിടെ നടത്തിയ അഭിപ്രായ സര്‍വേയില്‍ 65% പേര്‍ മതിയായ രേഖകളില്ലാതെ മെക്‌സിക്കോയില്‍ കടക്കുന്നവരെ തടയുന്നത് അനുകൂലിച്ചും 68% പേര്‍ ഇതിന് നാഷ്ണല്‍ ഗാര്‍ഡിനെ ഉപയോഗിക്കുന്നതും ്അനകൂലിച്ചു. മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രിമാര്‍ സെലോ എബ്രാര്‍ഡ് യു.എസുമായുള്ള താരീഫ് യുദ്ധം 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താല്‍ സാധ്യത ഉണ്ടായിരുന്നതായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക